കൊല്ലം: ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ച് അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കൊട്ടിയം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നാട്ടിലും വിദേശത്തുമായി ദമ്പതികൾ താമസിച്ചിരുന്ന സ്ഥലങ്ങളിൽ കിടപ്പുമുറിയിലെ സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് ചിത്രീകരിച്ചെന്നാണ് യുവതിയുടെ പരാതി. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്ക് കൊല്ലത്തെ വിവാദമായ പങ്കാളി കൈമാറ്റ കേസുമായി ബന്ധപ്പെട്ട ദമ്പതികളുമായി ബന്ധമുണ്ടായിരുന്നുവെന്നും പരാതിയിൽ ആരോപണമുണ്ട്.
നാല് വയസുകാരിയായ മകളുടെ മുന്നിൽ ലൈംഗിക വൈകൃതം കാട്ടിയെന്നും അമ്മയുടെയും മറ്റ് സ്ത്രീകളുടെയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടിക്ക് കൗൺസിലിംഗ് നൽകുമെന്ന് പൊലീസ് അറിയിച്ചു.
ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ നൽകിയിട്ടും ആദ്യം പോക്സോ വകുപ്പ് ചുമത്താൻ പൊലീസ് തയ്യാറായിരുന്നില്ല. തുടർന്ന് സംസ്ഥാന പൊലീസ് മേധാവിയെയും യുവതി സമീപിച്ചിരുന്നു. കുട്ടിയുടെ കൗൺസിലിംഗ് പൂർത്തിയാക്കി മൊഴി രേഖപ്പെടുത്തിയ ശേഷമേ പോക്സോ വകുപ്പ് പരിഗണിക്കൂ എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്. പിന്നീട് പോക്സോ വകുപ്പ് ചുമത്തുകയായിരുന്നു. ഇതിനിടെ പരാതിക്കാരി ഭർത്താവിനെതിരെ വിവാഹമോചന ഹർജിയും നൽകിയിട്ടുണ്ട്.















