ന്യൂഡൽഹി: ഇന്ത്യൻ രീതിയിൽ കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിനെ പരിഹസിച്ചുള്ള സോഷ്യൽ മീഡിയ പ്രതികരണങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാൽ. ഭക്ഷണം കൈകൊണ്ട് തൊടാൻ കഴിയുന്നില്ലെങ്കിൽ കഴിക്കുന്നത് എങ്ങനെ എന്ന് ചിന്തിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ദക്ഷിണേന്ത്യൻ വിവാഹച്ചടങ്ങിനിടെ ദമ്പതികൾ കൈകൊണ്ട് പരമ്പരാഗത ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് ഫ്ലോറിഡ സ്വദേശിയായ അക്ക എന്ന സോഷ്യൽ മീഡിയ ഉപയോക്താവ് പങ്കുവെച്ചത്. “എന്തുകൊണ്ടാണ് ഇവരെല്ലാം കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത്?” എന്നായിരുന്നു വീഡിയോയ്‌ക്കൊപ്പമുള്ള ചോദ്യം.
ഇതിന് മറുപടിയായി സന്യാൽ എക്സിൽ കുറിച്ചത്: “ഇത് ലളിതമായൊരു പരീക്ഷണമാണ്. ഭക്ഷണത്തിൽ തൊടാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, സ്പൂൺ വേണമെങ്കിൽ, അത് വായിൽ ഇടുന്നത് നല്ല കാര്യമാണോ എന്ന് ചിന്തിക്കണം.”
തുടർന്നുള്ള പ്രതികരണത്തിൽ പാശ്ചാത്യ രാജ്യങ്ങളിലെ ഇരട്ടത്താപ്പും അദ്ദേഹം ചൂണ്ടിക്കാട്ടി. പിസ, ഡോനട്ട്, ബർഗർ, ബ്രെഡ്, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയ ഭക്ഷണങ്ങൾ പലരും കൈകൊണ്ടാണ് കഴിക്കുന്നത്. ഭക്ഷണത്തിന് മുമ്പ് കൈ കഴുകുന്നത് സ്പൂണോ ഫോർക്കോ ഉപയോഗിക്കുന്നതുപോലെ തന്നെ എളുപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ രീതിയിൽ കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് ശുചിത്വമില്ലായ്മയുടെയോ പിന്നാക്കാവസ്ഥയുടെയോ അടയാളമല്ലെന്നും സന്യാലിന്റെ പ്രതികരണം വ്യക്തമാക്കുന്നു. ഭക്ഷണത്തിന്റെ ചൂടും ഘടനയും മനസ്സിലാക്കുന്നതിനും ഭക്ഷണം ശരിയായ അളവിൽ കൂട്ടിക്കുഴച്ച് കഴിക്കുന്നതിനും കൈകൾ ഉപയോഗിക്കുന്നതാണ് ഇന്ത്യൻ ഭക്ഷണരീതിയുടെ പ്രത്യേകത. വിഷയം ഭക്ഷണശീലത്തിനപ്പുറം സാംസ്കാരിക സ്വത്വവും കൊളോണിയൽ മനോഭാവവും സംബന്ധിച്ച ചർച്ചയായി മാറുകയാണ്.















