ലിസ്ബണ്‍: മുന്‍ ഫോര്‍മുല 1 മേധാവി ബെര്‍ണി എക്ലെസ്റ്റോണിനെ പോര്‍ച്ചുഗല്‍ വിമാനത്താവളത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആവശ്യമായ രേഖകളില്ലാതെ ഷോട്ട്ഗണ്‍ കൈവശം വച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 95കാരനായ എക്ലെസ്റ്റോണിനെ വിമാനത്താവള അധികൃതര്‍ തടഞ്ഞത്. ഏകദേശം ഒരു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ വിട്ടയച്ചു. തിങ്കളാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് ലിസ്ബണിന് സമീപമുള്ള ടയേഴ്‌സ് എയറോഡ്രോമില്‍ എത്തിയപ്പോഴാണ് സംഭവം. വിമാനത്താവള പോലീസും കസ്റ്റംസ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് തോക്ക് കണ്ടെത്തിയത്.
തോക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായ ‘ബ്ലൂ ബുക്ക്’ എന്ന രേഖ ഹാജരാക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും അത് കൈവശമില്ലായിരുന്നെന്ന് എക്ലെസ്റ്റോണ്‍ പറഞ്ഞു. തുടര്‍ന്ന് ഷോട്ട്ഗണ്‍ അധികൃതര്‍ക്ക് കൈമാറി. തന്നെ അറസ്റ്റ് ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ എക്ലെസ്റ്റോണ്‍ നിഷേധിച്ചു. സംഭവത്തില്‍ പോര്‍ച്ചുഗല്‍ ഉദ്യോഗസ്ഥര്‍ വളരെ സഹായകരമായാണ് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. പോര്‍ച്ചുഗലില്‍ നടക്കുന്ന ക്ലേ പിജിയണ്‍ ഷൂട്ടിങ് മത്സരത്തില്‍ പങ്കെടുക്കാനാണ് തോക്ക് കൊണ്ടുവന്നതെന്നും എക്ലെസ്റ്റോണ്‍ വിശദീകരിച്ചു. നേരത്തെ ഇംഗ്ലണ്ടില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് തോക്ക് കൊണ്ടുപോയിരുന്നെന്നും അതിനാല്‍ പോര്‍ച്ചുഗലിലേക്ക് കൊണ്ടുവരുമ്പോള്‍ പ്രശ്‌നമുണ്ടാകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ആവശ്യമായ രേഖകളില്ലാത്തതിനാല്‍ തോക്ക് പോര്‍ച്ചുഗലിലേക്ക് നിയമപരമായി കൊണ്ടുവരാന്‍ കഴിയില്ലെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവളത്തില്‍ തോക്കുമായി ബന്ധപ്പെട്ട് എക്ലെസ്റ്റോണിനെതിരെ നടപടി ഉണ്ടാകുന്നത് ഇതാദ്യമല്ല. 2022 മേയില്‍ ബ്രസീലിലെ വിരാകോപോസ് വിമാനത്താവളത്തിലും അദ്ദേഹത്തെ തടഞ്ഞിരുന്നു. സ്വകാര്യ വിമാനത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകുന്നതിനിടെ തോക്ക് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. തുടര്‍ന്ന് 6,000 ബ്രസീലിയന്‍ റിയാല്‍ പിഴ അടയ്‌ക്കാന്‍ നിര്‍ദേശിച്ച ശേഷം അദ്ദേഹത്തെ വിട്ടയച്ചു.















