കൊച്ചി: പാലക്കാട് ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പിഎഫ്ഐ ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. യുഎപിഎ നിയമ പ്രകാരം പ്രതികൾക്കെതിരായ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, മുരളീകൃഷ്ണ എസ്. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി.
പിഎഫ്ഐ ദേശീയ നേതാവായിരുന്ന അഷ്റഫ് എന്ന അഷ്റഫ് മൗലവി(56), അബ്ദുൽ ഖാദർ (36), ഫിറോസ് (37) എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. കേസിൽ രണ്ടാം പ്രതിയായ അഷ്റഫ് മൗലവി തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ വൈസ് പ്രസിഡനറ് കൂടിയാണ് ഇയാൾ. പ്രതികൾ നാല് വർഷത്തോളം കസ്റ്റഡിയിൽ കഴിഞ്ഞു എന്നത് ജാമ്യം അനുവദിക്കാൻ മതിയായ കാരണമല്ലെന്ന് കോടതി പറഞ്ഞു.
2022 ഏപ്രിൽ 16നാണ് പാലക്കാട് മേലാമുറിയിലെ കടയിൽ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. വ്യക്തിവൈരാഗ്യമല്ല കൊലപാതകത്തിന് പിന്നിലെന്നും ഹിന്ദു സമൂഹത്തിലും പൊതുജനങ്ങളിലും ഭീതി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു കൊലപാതകമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
അഷ്റഫ് മൗലവിക്കെതിരായ കേസിൽ അന്വേഷണ സംഘം ശേഖരിച്ച ഡിജിറ്റൽ തെളിവുകളും കോടതി പരിഗണിച്ചു. ആർഎസ്എസ് ഉൾപ്പെടെയുള്ള ഹിന്ദു സംഘടനകളുടെ നേതാക്കളുടെ പേരുകൾ അടങ്ങിയ പട്ടികയും കൈയെഴുത്ത് കുറിപ്പുകളും ഉൾപ്പെട്ട പെൻഡ്രൈവ് അന്വേഷണ സംഘത്തിന് ലഭിച്ചതായി കോടതി ചൂണ്ടിക്കാട്ടി.
കത്തികൾ, വാളുകൾ, ഇരുമ്പുവടികൾ, ബോംബുകൾ തുടങ്ങിയ ആയുധങ്ങൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കുറിപ്പുകളും ഇതിൽ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വിവിധ കൊലക്കേസുകളിലെ പ്രതികളുമായി അഷ്റഫിന്റെ മൊബൈൽ ഫോണിൽ വാട്സ്ആപ്പ് ആശയവിനിമയങ്ങൾ ഉണ്ടായിരുന്നതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
അഷ്റഫിന് ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ 2025 ജൂലൈയിൽ സുപ്രീം കോടതിയും വിസമ്മതിച്ചിരുന്നു. പിഎഫ്ഐ ദേശീയ നേതാവായിരുന്ന അഷ്റഫ് വിദ്വേഷ പ്രസംഗങ്ങളിലും ഐഎസ് ആശയപ്രചാരണത്തിലും ഏർപ്പെട്ടിരുന്നുവെന്ന ആരോപണവും അന്ന് പരിഗണിച്ചിരുന്നു.
ആയുധ പരിശീലനം നേടിയെന്ന ആരോപണം
അബ്ദുൽ ഖാദറിനും ഫിറോസിനുമെതിരായ കേസിലും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇരുവരും സജീവ പിഎഫ്ഐ പ്രവർത്തകരായിരുന്നുവെന്നും പാലക്കാട്ടെ ഫലാഹ് മസ്ജിദിൽ ആയുധ പരിശീലനം നേടിയിരുന്നുവെന്നും കൊലപാതകത്തിന് മുമ്പുള്ള ഗൂഢാലോചനാ യോഗങ്ങളിൽ പങ്കെടുത്തിരുന്നുവെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നു.
ജാമ്യം ലഭിച്ച സഹപ്രതികളുമായി തങ്ങളെ താരതമ്യം ചെയ്യണമെന്ന പ്രതികളുടെ വാദവും കോടതി അംഗീകരിച്ചില്ല. ഓരോ പ്രതിക്കും ആരോപിക്കപ്പെടുന്ന പ്രത്യേക പങ്ക് നിർണായകമാണെന്നും സമാനതയുടെ അടിസ്ഥാനത്തിൽ മാത്രം ജാമ്യം അനുവദിക്കാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങളും ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട ആരോപണങ്ങളും നിലനിൽക്കുന്ന കേസിൽ ജീവപര്യന്തം തടവോ വധശിക്ഷയോ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
എറണാകുളത്ത് രണ്ട് പ്രത്യേക എൻഐഎ കോടതികൾക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും വിചാരണ വേഗത്തിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളിയത്.















