തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, മുൻമന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം നടത്തിയ അന്വേഷണത്തിൽ ലഭിച്ച തെളിവുകൾ ഉൾപ്പെടുത്തി 25 പേജുള്ള റിപ്പോർട്ടാണ് ഇ.ഡി ഡിജിപിക്ക് കൈമാറിയതെന്നാണ് റിപ്പോർട്ട്.
സിഎംആർഎല്ലിൽ നിന്ന് പിണറായി വിജയന് 3.28 കോടി രൂപ കൈക്കൂലിയായി ലഭിച്ചെന്ന് ഇ.ഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സിഎംആർഎൽ മുൻ സിഎഫ്ഒ പി. സുരേഷ് കുമാറിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് തുക സംബന്ധിച്ച കണ്ടെത്തൽ. സിഎംആർഎൽ എംഡി എസ്.എൻ. ശശിധരൻ കർത്തയാണ് പണം നൽകിയത്. ഇടപാടിന് പി. സുരേഷ് കുമാർ കൂട്ടുനിന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
പണം കൈമാറിയത് കമ്പനികൾ വഴി
എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴിയാണ് കൈക്കൂലി പണം കൈമാറിയത്. പണം കൈമാറ്റത്തിൽ ടി. വീണയെയും മുഹമ്മദ് റിയാസിനെയും സഹായിച്ചുവെന്ന് ആരോപിക്കുന്നവരുടെ പേരുകളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
മുഹമ്മദ് റിയാസിന് കൈക്കൂലി ലഭിച്ചതായും ഈ പണം വീണയും ചില സുഹൃത്തുക്കളും വഴി ദുബായിലേക്ക് അയച്ചതായും ഇ.ഡി റിപ്പോർട്ടിലുണ്ട്. കൈക്കൂലി സ്വീകരിക്കുന്നതിനും പണം കൈമാറുന്നതിനും പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും സഹായിച്ചത് വീണയാണ്. ഷൈജൽ മുഹമ്മദ്, പി. നിഖിൽ, ഹസൻ വാരിസ്, വി.പി. ഫൈജാസ്, എം. നന്ദുലാൽ തുടങ്ങിയവരും പണം കൈമാറ്റത്തിൽ സഹായിച്ചെന്നാണ് ഇ.ഡി റിപ്പോർട്ടിലെ പരാമർശം.
പരിശോധനകളിൽ നിർണായക രേഖകൾ
കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. പിണറായി വിജയന്റെ വസതിയിലും മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ഉൾപ്പെടെ നടത്തിയ പരിശോധനയിൽ നിർണായക രേഖകൾ ലഭിച്ചതായി ഇ.ഡി വ്യക്തമാക്കിയിരുന്നു. കോടികളുടെ ഹവാല ഇടപാട് നടന്നതായും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ടി. വീണ എഴുതിയ കുറിപ്പിൽ നിന്ന് ലഭിച്ചതായും അന്വേഷണ ഏജൻസി നേരത്തെ അറിയിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ 66(2) വകുപ്പ് പ്രകാരം സമാഹരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.















