ന്യൂഡല്‍ഹി: ബ്രിക്സ് അധ്യക്ഷപദവിയില്‍ ഇന്ത്യ മുന്നോട്ടുവച്ച നാല് പ്രധാന മുന്‍ഗണനകള്‍ വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരതഎന്നിവയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ ബ്രിക്സ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയതെന്ന് 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിവസം മോദി പറഞ്ഞു. ആഗോള വെല്ലുവിളികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബ്രിക്സ് രാജ്യങ്ങള്‍ പ്രതിസന്ധികളെ നേരിടാനുള്ള ശേഷി ശക്തിപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു. അംഗരാജ്യങ്ങളുടെ പിന്തുണയോടെ പൊതുവായ കാഴ്ചപ്പാടുകളെ പ്രായോഗിക സഹകരണത്തിലേക്കും ‘വിന്‍-വിന്‍’ നേട്ടങ്ങളിലേക്കും മാറ്റാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ലോകത്ത് സംഘര്‍ഷങ്ങളും പ്രതിസന്ധികളും തുടര്‍ച്ചയായി വര്‍ധിക്കുകയാണെന്നും ഇത് സാധാരണക്കാരുടെ ജീവിതത്തെ വലിയ തോതില്‍ ബാധിക്കുന്നുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. മഹാമാരികള്‍, കാലാവസ്ഥാ ദുരന്തങ്ങള്‍, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ എന്നിവ ആഗോള പരസ്പരാശ്രിതത്വത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രദേശത്തെ പ്രതിസന്ധി മറ്റ് മേഖലകളിലേക്കും വ്യാപിക്കാമെന്ന് തെളിയിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി പകര്‍ച്ചവ്യാധികള്‍ നേരിടുന്നതിനായി ബ്രിക്സ് ഇന്റഗ്രേറ്റഡ് ഏര്‍ലി വാണിങ് സിസ്റ്റം രൂപീകരിക്കുന്നതില്‍ ധാരണയായതായി മോദി അറിയിച്ചു. ദുരന്തനിവാരണത്തിനായി ഏര്‍ലി വാണിങ് ഡാറ്റ ഇന്റഗ്രേഷന്‍ മാര്‍ഗനിര്‍ദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
സുസ്ഥിര വികസനത്തെക്കുറിച്ച് സംസാരിച്ച മോദി, വികസനവും പരിസ്ഥിതി സംരക്ഷണവും പരസ്പരം വിരുദ്ധമായ ആശയങ്ങളല്ലെന്ന് വ്യക്തമാക്കി. പ്രകൃതിയെ മാതാവായി കാണുന്ന ഇന്ത്യന്‍ പാരമ്പര്യമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ശുദ്ധ ഊര്‍ജ സംവിധാനങ്ങളെ കൂടുതല്‍ വിശ്വസനീയവും കാര്യക്ഷമവും എല്ലാവര്‍ക്കും ലഭ്യവുമാക്കാന്‍ ബ്രിക്സ് ഡിജിറ്റല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ സ്മാര്‍ട്ട് ഗ്രിഡ്‌സ് ആന്‍ഡ് എനര്‍ജി സ്റ്റോറേജ് സഹായിക്കുമെന്ന് മോദി പറഞ്ഞു.
കാര്‍ഷിക മേഖലയില്‍ പരിസ്ഥിതി സൗഹൃദ കൃഷിരീതികളും പുനരുജ്ജീവന കൃഷിയും പ്രോത്സാഹിപ്പിക്കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സുകള്‍ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്. പരമ്പരാഗത അറിവും ആധുനിക ശാസ്ത്രവും സംയോജിപ്പിക്കുകയാണ് ലക്ഷ്യം.















