ടുണിസ്: ടുണീഷ്യയിലെ ടുണിസ്-കാര്‍ത്തേജ് രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ മോശം കാലാവസ്ഥയെ തുടര്‍ന്ന് ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ വിമാനം ശക്തമായ ആകാശച്ചുഴിയില്‍പ്പെട്ട് ആടിയുലഞ്ഞു. TK 661 വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് ആശങ്ക സൃഷ്ടിച്ച സംഭവത്തിന് പിന്നാലെ വിമാനം മറ്റൊരു വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. തുടര്‍ന്ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ടുണിസ്-കാര്‍ത്തേജ് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനം ശക്തമായ കാറ്റിലും ആകാശച്ചുഴിയിലുംപ്പെട്ടത്. ലാന്‍ഡിങ്ങിനായി പൈലറ്റ് പലതവണ ശ്രമിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് സാഹചര്യം വെല്ലുവിളിയായി.
വിമാനത്തിനുള്ളിലെ ദൃശ്യങ്ങള്‍ യാത്രക്കാരിയായ മരീന മൈസ്കായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിമാനം ശക്തമായി കുലുങ്ങുന്നതിനിടെ യാത്രക്കാര്‍ സീറ്റുകളില്‍ മുറുകെ പിടിച്ചിരിക്കുന്നതും ആശങ്ക പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പ്രതികൂല കാലാവസ്ഥ തുടരുന്നതിനിടെ വിമാനം ടുണിസ്-കാര്‍ത്തേജ് വിമാനത്താവളത്തില്‍ ഇറക്കുന്നതിന് പകരം എന്‍ഫിദ-ഹമാമെറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. ടുണിസില്‍ നിന്ന് ഏകദേശം 60 മൈല്‍ തെക്കാണ് എന്‍ഫിദ വിമാനത്താവളം.
അവിടെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതോടെ യാത്രക്കാരുടെ ആശങ്കയ്ക്ക് വിരാമമായി. ടര്‍ക്കിഷ് എയര്‍ലൈന്‍സ് പൈലറ്റുമാരുടെ ഇടപെടലാണ് സുരക്ഷിതമായി തിരിച്ചിറങ്ങാന്‍ സഹായിച്ചതെന്ന് യാത്രക്കാരി മരീന മൈസ്കായ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സംഭവത്തില്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.















