തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരാന്‍ സാധ്യതയെന്ന് കെ.എസ്.ഇ.ബി. പവര്‍ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്തതും ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്നതുമായ സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുന്നതെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. ബുധനാഴ്ച വൈകിട്ട് 6.15 മുതല്‍ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കും. സംസ്ഥാനത്തെ ഉയര്‍ന്ന വൈദ്യുതി ഉപഭോഗം കാരണം മുന്‍ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് 700 മുതല്‍ 900 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. മധ്യപ്രദേശില്‍നിന്ന് സ്വാപ്പ് വ്യവസ്ഥയില്‍ ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭിക്കില്ല. ഇതോടെ 200 മെഗാവാട്ടിന്റെ അധിക കുറവും സംസ്ഥാനത്ത് നേരിടേണ്ടിവരും.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വലിയ തോതില്‍ വര്‍ധിച്ചതോടെ പവര്‍ എക്സ്ചേഞ്ച് വഴി ലഭിക്കുന്ന വൈദ്യുതിയുടെ അളവില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ദേശീയ തലത്തില്‍ 12,000 മെഗാവാട്ടിന്റെ കുറവ് പൂര്‍ണമായി പരിഹരിക്കാത്ത സാഹചര്യവും തുടരുകയാണ്. ഇതിനുപുറമെ, സെന്‍ട്രല്‍ ജനറേറ്റിങ് സ്റ്റേഷനുകളില്‍നിന്നുള്ള വൈദ്യുതി ലഭ്യതയിലും അപ്രതീക്ഷിത കുറവ് അനുഭവപ്പെടുന്നുണ്ട്. കാറ്റാടി നിലയങ്ങളില്‍നിന്നുള്ള വൈദ്യുതി ഉത്പാദനം ദേശീയതലത്തില്‍ ഗണ്യമായി കുറഞ്ഞതും വൈദ്യുതി ആവശ്യകത ഉയര്‍ന്നതും ലഭ്യതയെ ബാധിക്കാനിടയുണ്ട്. ഇക്കാര്യത്തില്‍ ദേശീയ ലോഡ് ഡെസ്പാച്ച് സെന്ററും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
സംസ്ഥാനത്തെ ഉയര്‍ന്ന വൈദ്യുതി ഉപഭോഗത്തിന് എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയര്‍ന്നുനില്‍ക്കുന്നതും കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ പീക്ക് ഡിമാന്‍ഡ് സാധാരണ വേനല്‍ക്കാലത്ത് രേഖപ്പെടുത്തുന്ന നിരക്കിന് തുല്യമാണ്. മുന്‍ വര്‍ഷങ്ങളിലെ സെപ്റ്റംബര്‍ മാസത്തെ വൈദ്യുതി ആവശ്യകതയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ഏകദേശം 1,100 മെഗാവാട്ട് വരെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ടെന്നും കെ.എസ്.ഇ.ബി. വ്യക്തമാക്കി.















