നിസാമാബാദ്: ഗർഭിണിയായ സഹോദരിയുടെ മരണത്തിന് പ്രതികാരം ചെയ്യാൻ 19 കാരൻ സഹോദരിയുടെ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി. തെലങ്കാനയിലെ നിസാമാബാദിൽ വ്യാഴാഴ്ച വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവം. യൂട്യൂബർ സി. വൈഷ്ണവിയുടെ ഭർത്താവ് സി. ഹരിബാബു (20) ആണ് കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ സഹോദരൻ ജി. സന്തോഷ് (19) ആണ് കൊലപാതകം നടത്തിയത്.
നിസാമാബാദ് ടൗണിലെ ശിവാജിനഗറിലായിരുന്നു ആക്രമണം. പാനിപൂരി വിൽപ്പന നടത്തുന്ന സ്ഥലത്തിന് സമീപം നിൽക്കുകയായിരുന്ന ഹരിബാബുവിനെ കാറിലെത്തിയ സന്തോഷ് വാളുമായി ആക്രമിക്കുകയായിരുന്നു. തലയിലും കഴുത്തിലും ഗുരുതരമായി വെട്ടേറ്റ യുവാവ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ആക്രമണത്തിന് പിന്നാലെ സന്തോഷ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കായി അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നിർണായകമായ സെൽഫി വീഡിയോ പുറത്തുവന്നത്.
‘സഹോദരിയുടെ മരണത്തിന് പ്രതികാരം ചെയ്തു’; സെൽഫി വീഡിയോ
കൊലപാതകത്തിന് മണിക്കൂറുകൾക്കകം സന്തോഷ് സമൂഹമാധ്യമങ്ങളിലൂടെ സെൽഫി വീഡിയോ പുറത്തുവിട്ടു. ഹരിബാബുവിനെ കൊലപ്പെടുത്തിയതായും സഹോദരിയുടെ മരണത്തിന് പ്രതികാരം ചെയ്തതായും വീഡിയോയിൽ സന്തോഷ് പറയുന്നുണ്ട്.
നീണ്ട നാളായി കാത്തിരുന്നിട്ടും സഹോദരിക്ക് നീതി ലഭിച്ചില്ലെന്നും അതിനാലാണ് പ്രതികാരം ചെയ്തതെന്നും ഇയാൾ വീഡിയോയിൽ വ്യക്തമാക്കുന്നു. പൊലീസിന് മുന്നിൽ കീഴടങ്ങുമെന്നും സന്തോഷ് അറിയിച്ചിരുന്നു.
ഒരു വർഷം മുമ്പായിരുന്നു വിവാഹം
ഹരിബാബുവും വൈഷ്ണവിയും ഒരു വർഷം മുമ്പാണ് വിവാഹിതരായത്. വിവാഹശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഹരിബാബു വൈഷ്ണവിയെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.
തുടർന്ന് ഭർത്താവിന്റെ വീട്ടിൽനിന്ന് മടങ്ങിയ വൈഷ്ണവി ജഗ്തിയാൽ ജില്ലയിലെ സ്വന്തം വീട്ടിലായിരുന്നു താമസം. കഴിഞ്ഞ മാർച്ച് 17ന് താൻ ഗർഭിണിയാണെന്ന വിവരം വെളിപ്പെടുത്തി വൈഷ്ണവി യൂട്യൂബിൽ വീഡിയോ പങ്കുവെച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നതിൽ വൈഷ്ണവിയുടെ അവസാന വീഡിയോയായിരുന്നു ഇത്.
വീഡിയോ പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ വൈഷ്ണവിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കഴുത്തിൽ ഞെരിച്ചതിന്റെയും നെഞ്ചിലും കഴുത്തിലും മുറിവുകളുടെയും പാടുകൾ ശരീരത്തിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി.
ഭർത്താവിനെതിരെ നേരത്തെ കേസെടുത്തിരുന്നു
വൈഷ്ണവിയുടെ മരണത്തിൽ ഹരിബാബുവിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ജൂലൈയിൽ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചു. തുടർന്ന് ജയിൽ മോചിതനായ ഹരിബാബു നിസാമാബാദിൽ പാനിപൂരിയും ചോളവും വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്.
ഹരിബാബു പുറത്തിറങ്ങി സ്വതന്ത്രമായി കഴിയുന്നതിൽ സന്തോഷിന് കടുത്ത അമർഷമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
വൈഷ്ണവിക്ക് സമൂഹമാധ്യമങ്ങളിൽ ലഭിച്ചിരുന്ന ജനപ്രീതിയിൽ ഹരിബാബുവിന് അസൂയയുണ്ടായിരുന്നുവെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനമാണ് കൊലപാതകത്തിന് പിന്നിലെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.















