ഗ്രേറ്റര്‍ നോയിഡ: ആഗോള തലത്തിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാന സമ്പദ്വ്യവസ്ഥകളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി ഇന്ത്യ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രേറ്റര്‍ നോയിഡയില്‍ യുപി ഇന്റര്‍നാഷണല്‍ ട്രേഡ് ഷോയുടെ നാലാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകളെ അന്താരാഷ്‌ട്ര റേറ്റിങ് ഏജന്‍സികളുടെ വിലയിരുത്തലുകളും പിന്തുണയ്‌ക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. മൂഡീസ് ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തിയതും ജപ്പാനിലെ ജെസിആര്‍ ഇന്ത്യയുടെ സോവറീന്‍ റേറ്റിങ് മെച്ചപ്പെടുത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. 2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം മുന്നേറുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.
കയറ്റുമതിയില്‍ വലിയ വര്‍ധനയുണ്ടായെന്നും സെമികണ്ടക്ടര്‍ മേഖലയിലും വേഗത്തിലുള്ള മുന്നേറ്റമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ ഉല്‍പ്പാദന മേഖലയിലും ഉത്തര്‍പ്രദേശ് പ്രധാന കേന്ദ്രമായി മാറുകയാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വ്യവസായ നയങ്ങളെയും അമിത് ഷാ പരാമര്‍ശിച്ചു. ശക്തമായ ക്രമസമാധാന നില, വ്യവസായ സൗഹൃദ നയങ്ങള്‍, സജീവമായ ഭരണനടപടികള്‍ എന്നിവ സംസ്ഥാനത്തെ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. പ്രതിരോധ ഇടനാഴിയിലൂടെ സംസ്ഥാനത്തേക്ക് നിക്ഷേപങ്ങള്‍ എത്തുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
സംസ്ഥാനത്ത് നിര്‍മിക്കുന്ന ബ്രഹ്‌മോസ് മിസൈല്‍ സംവിധാനവും അമേഠിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന എകെ-203 റൈഫിളുകളും പ്രതിരോധ ഉല്‍പ്പാദന രംഗത്തെ ഉത്തര്‍പ്രദേശിന്റെ പുതിയ പങ്ക് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നോയിഡ വിമാനത്താവളം, എക്‌സ്പ്രസ് വേകള്‍, മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങള്‍ എന്നിവ സംസ്ഥാനത്തിന്റെ മാറുന്ന വ്യവസായ ഭൂപടത്തിന്റെ സൂചനകളാണെന്നും അമിത് ഷാ പറഞ്ഞു. നിക്ഷേപം, വ്യവസായം, ഉല്‍പ്പാദനം തുടങ്ങിയ മേഖലകളില്‍ മുന്നേറുന്ന ഉത്തര്‍പ്രദേശ് ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.















