വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിനെ ‘ട്രംപ് സ്ട്രെയിറ്റ്’ എന്ന് രേഖപ്പെടുത്തിയ മാപ്പ് സമൂഹമാധ്യമമായ Truth Social-ൽ പങ്കുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഏഴ് ദിവസത്തെ വെടിനിർത്തലിനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും മുന്നോട്ടുവെച്ച നിർദേശത്തിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പോസ്റ്റ്. ഇറാൻ, യുഎഇ, ഒമാൻ എന്നിവയ്ക്കിടയിലുള്ള തന്ത്രപ്രധാനമായ കടലിടുക്കാണ് മാപ്പിൽ ‘TRUMP STRAIT’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കൻ ഉപരോധവും സൈനിക സമ്മർദവും കുറയ്ക്കുന്ന സാഹചര്യത്തിൽ ഏഴ് ദിവസത്തിനകം ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാമെന്നാണ് ഇറാൻ അറിയിച്ചത്. യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയാണ് നിർദേശം സംബന്ധിച്ച് വിശദീകരിച്ചത്.
അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കുക, എണ്ണ ഉപരോധത്തിൽ ഇളവ് നൽകുക, വെടിനിർത്തൽ നടപ്പാക്കുക തുടങ്ങിയ നിബന്ധനകളോടെയാണ് നിർദേശം മുന്നോട്ടുവെച്ചതെന്നാണ് റിപ്പോർട്ട്. ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കിയാൽ ഏഴ് ദിവസത്തിനുള്ളിൽ കടലിടുക്കിലൂടെയുള്ള സാധാരണ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാമെന്നാണ് ഇറാന്റെ നിലപാട്.
ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. യുദ്ധത്തിന് മുമ്പ് ആഗോള എണ്ണ, എൽഎൻജി വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഈ പാതയിലൂടെയായിരുന്നു കടന്നുപോയിരുന്നത്. നിലവിലെ സംഘർഷത്തെ തുടർന്ന് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.















