ന്യൂഡല്‍ഹി: യുഎന്‍ പൊതുസഭയില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ നടത്തിയ ജമ്മു കശ്മീര്‍ പരാമര്‍ശത്തിനെതിരെ ഇന്ത്യ. കശ്മീര്‍ ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയും പരമാധികാരവും സംബന്ധിച്ച വിഷയമാണെന്നും ഇക്കാര്യത്തില്‍ പുറത്തുനിന്നുള്ള ഒരു കക്ഷിക്കും ഇടപെടാന്‍ അവകാശമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ യുഎന്‍ പൊതുസഭയുടെ ഭാഗമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തിയതായും ജയ്സ്വാള്‍ പറഞ്ഞു.
തുടര്‍ന്ന് മൂന്ന് രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കി. സാമ്പത്തിക, വികസന, രാഷ്‌ട്രീയ വിഷയങ്ങളിലെ പൊതുനിലപാടുകളാണ് പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് ദ്വിരാഷ്‌ട്ര പരിഹാരത്തെ പിന്തുണയ്‌ക്കുന്നതാണെന്നും ജയ്സ്വാള്‍ പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ആഗോളതലത്തില്‍ വലിയ ആശങ്കയാണെന്നും ഇതിനെതിരെ രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കിയതായി ജയ്സ്വാള്‍ പറഞ്ഞു. റഷ്യയുമായും ഇറാനുമായും ബന്ധപ്പെട്ട പുതിയ യുഎസ് ഉപരോധ നിയമമായ Sanctioning Russia and Iran Act (SRIA) സംബന്ധിച്ച ആശങ്കകളും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
യുഎസ് കോണ്‍ഗ്രസ് പ്രതിനിധി സംഘവുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അടുത്തിടെ ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തെയും അന്താരാഷ്‌ട്ര ഊര്‍ജവിപണിയെയും നിയമം എങ്ങനെ ബാധിക്കുമെന്നതിലുള്ള ആശങ്ക ഇന്ത്യ ഉന്നയിച്ചതായി ജയ്സ്വാള്‍ പറഞ്ഞു. പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഇന്ത്യയുടെ പതാകയുള്ള ആറ് വാണിജ്യ കപ്പലുകള്‍ നിലവിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലേക്ക് ചരക്കുമായി പോകുന്ന വിദേശ പതാകയുള്ള ആറ് കപ്പലുകളും മേഖലയിലുണ്ട്. ഇവയിലായി ഏകദേശം 163 ഇന്ത്യന്‍ നാവികരുണ്ട്. ഇതിന് പുറമെ മേഖലയില്‍ സര്‍വീസ് നടത്തുന്ന വിവിധ വാണിജ്യ കപ്പലുകളിലായി 4,500-ലധികം ഇന്ത്യന്‍ നാവികരുണ്ടെന്നും ജയ്സ്വാള്‍ വ്യക്തമാക്കി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
കപ്പലുകളുടെ നീക്കവും നാവികരുടെ സുരക്ഷയും ഷിപ്പിങ് മന്ത്രാലയം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ബംഗ്ലാദേശ് ഗംഗാ ജലകരാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇരു രാജ്യങ്ങളുടെയും സംയുക്ത നദീ കമ്മീഷനില്‍ ചര്‍ച്ച ചെയ്യുമെന്ന് ജയ്സ്വാള്‍ വ്യക്തമാക്കി. സാങ്കേതികതലത്തില്‍ ഗംഗാ ജലകരാറുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.















