ഹൈദരാബാദ്: തെലങ്കാനയിലെ കൗകൂറില്‍ കാണാതായ അഞ്ചുവയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബം താമസിക്കുന്ന റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലെ ക്ലബ്ഹൗസിന് സമീപത്തെ കിണറ്റിലാണ് ഔറേലി മോസസ് ഫെര്‍ണാണ്ടസ് എന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ തട്ടിക്കൊണ്ടുപോകലും കൊലപാതകവും ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. ശനിയാഴ്ച വൈകുന്നേരം വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. പിന്നാലെ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി അവകാശപ്പെട്ട് അജ്ഞാത നമ്പറില്‍നിന്ന് കുട്ടിയുടെ മുത്തച്ഛന് ഫോണ്‍കോള്‍ ലഭിച്ചു.
20 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. കുടുംബം പണം നല്‍കാമെന്ന് അറിയിച്ചതിനു പിന്നാലെ വിളിച്ചയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. തുടര്‍ന്ന് കുടുംബം ബെല്ലാരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ തിരച്ചിലിനിടെ രാത്രി ഒന്‍പതോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൈകാലുകള്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നാണ് റിപ്പോര്‍ട്ട്. റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലെ സുരക്ഷാ ജീവനക്കാരനായിരുന്ന വിക്രം കുട്ടിയെ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിന് മുന്‍പുള്ള രണ്ട് ദിവസങ്ങളില്‍ ഇയാള്‍ പരിസരത്ത് സംശയാസ്പദമായ രീതിയില്‍ ചുറ്റിനടന്നതായി താമസക്കാരും ആരോപിക്കുന്നു.
എന്നാല്‍ കുട്ടിയുടെ മരണത്തില്‍ ഇയാളുടെ പങ്ക് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മോശം പെരുമാറ്റത്തെത്തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് ഇയാളെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഇയാളെ പിരിച്ചുവിടാന്‍ തീരുമാനിച്ച സമിതിയില്‍ കുട്ടിയുടെ മുത്തച്ഛനും അംഗമായിരുന്നു. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണോ സംഭവത്തിനു പിന്നിലെന്ന് പൊലീസ് പരിശോധിക്കുന്നതായാണ് വിവരം. പ്രതിയെ കണ്ടെത്താന്‍ പത്ത് പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന് സമീപം ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ട്രെയിനില്‍ കയറി ഇയാള്‍ കടന്നുകളഞ്ഞിരിക്കാമെന്നും പൊലീസ് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരാന്‍ വിശദമായ അന്വേഷണം തുടരുകയാണ്. കുട്ടിയുടെ മരണത്തിന് പിന്നിലെ സാഹചര്യങ്ങളും മോചനദ്രവ്യം ആവശ്യപ്പെട്ട ഫോണ്‍വിളിയുടെ ഉറവിടവും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.















