ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ ആത്മനിര്‍ഭരതയ്‌ക്ക് കൂടുതല്‍ കരുത്തുപകരാന്‍ ഇന്ത്യ. ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററായ പ്രചണ്ഡിനും രുദ്ര ഹെലികോപ്റ്ററിനും ഉപയോഗിക്കാവുന്ന തദ്ദേശീയ 20 എംഎം വ്യോമ പീരങ്കിയും ടററ്റ് സംവിധാനവും വികസിപ്പിക്കാന്‍ രണ്ട് ഇന്ത്യന്‍ കമ്പനികളെ തിരഞ്ഞെടുത്തു. പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡിആര്‍ഡിഒ) കീഴിലുള്ള ആര്‍മമെന്റ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റാണ് (എആര്‍ഡിഇ) എസ്എസ്എസ് ഡിഫന്‍സിനെയും കല്യാണി ഗ്രൂപ്പിനെയും പദ്ധതിക്കായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്തത്.
വിദേശ നിര്‍മിത ആയുധ സംവിധാനങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കുകയും സൈനിക ഹെലികോപ്റ്ററുകളുടെ ആയുധങ്ങളില്‍ തദ്ദേശീയ ഘടകങ്ങളുടെ പങ്ക് വര്‍ധിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇടത്തരം കാലിബറിലുള്ള വ്യോമ പീരങ്കി ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്ത് വികസിപ്പിക്കാനുള്ള ആദ്യ ശ്രമമാണിത്. പീരങ്കിയുടെയും ടററ്റ് സംവിധാനത്തിന്റെയും വികസനത്തിന് ഏകദേശം രണ്ട് വര്‍ഷം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് ആവശ്യമായ പരീക്ഷണങ്ങളും അംഗീകാര നടപടികളും പൂര്‍ത്തിയാക്കി ഉല്‍പ്പാദന ഓര്‍ഡറുകള്‍ നല്‍കും. ഓര്‍ഡറിന്റെ 60 ശതമാനം ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തുന്ന കമ്പനിക്കും ശേഷിക്കുന്ന 40 ശതമാനം രണ്ടാമത്തെ കമ്പനിക്കും നല്‍കുന്ന രീതിയാണ് പരിഗണിക്കുന്നത്.
പദ്ധതിയില്‍ സഹകരിക്കുന്നതിനായി എആര്‍ഡിഇയും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡും (എച്ച്എഎല്‍) കഴിഞ്ഞ വര്‍ഷം ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു. കരസേനയുടെയും വ്യോമസേനയുടെയും ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന രണ്ട് ഹെലികോപ്റ്ററുകളിലും പുതിയ പീരങ്കി സംവിധാനം നിര്‍ണായകമാകും. എച്ച്എഎല്‍ വികസിപ്പിച്ച അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററിന്റെ എംകെ- പതിപ്പായ രുദ്രയ്‌ക്കും ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററായ പ്രചണ്ഡിനുമാണ് ഇത് ഉദ്ദേശിക്കുന്നത്. ശത്രുവിന്റെ കരസേനാ ലക്ഷ്യങ്ങള്‍ ആക്രമിക്കാനും സൈനികര്‍ക്ക് വ്യോമപിന്തുണ നല്‍കാനും ശേഷിയുള്ള ഈ ഹെലികോപ്റ്ററുകള്‍ പീരങ്കികള്‍, റോക്കറ്റുകള്‍, മിസൈലുകള്‍ എന്നിവ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
20 എംഎം ടററ്റ് പീരങ്കി, 70 എംഎം റോക്കറ്റ് പോഡുകള്‍, മിസൈലുകള്‍ എന്നിവ വഹിക്കാന്‍ രുദ്രയ്‌ക്ക് കഴിയും. പ്രചണ്ഡിന്റെ ആയുധശേഖരത്തിലും 20 എംഎം പീരങ്കി, റോക്കറ്റുകള്‍, ടാങ്ക് വേധ ഗൈഡഡ് മിസൈലുകള്‍ എന്നിവ ഉള്‍പ്പെടുന്നു. പ്രചണ്ഡിന്റെ ടററ്റ് പീരങ്കി സംവിധാനം ഉപയോഗിച്ച് ഇന്ത്യന്‍ കരസേന പകലും രാത്രിയും വെടിവെപ്പ് പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. നിലവില്‍ യൂറോപ്യന്‍ പ്രതിരോധ കമ്പനിയായ കെഎന്‍ഡിഎസ് നിര്‍മിക്കുന്ന 126 THL20 ടററ്റ് സംവിധാനമാണ് പ്രചണ്ഡില്‍ ഉപയോഗിക്കുന്നത്. ഇന്ത്യയുടെ പുതിയ പ്രചണ്ഡ് ഹെലികോപ്റ്റര്‍ നിരയ്‌ക്കായി പുതുതായി നിര്‍മിച്ച 126 THL20 ടററ്റുകള്‍ വിതരണം ചെയ്യുമെന്ന് കമ്പനി കഴിഞ്ഞ സെപ്റ്റംബറില്‍ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യന്‍ വ്യോമസേന ഉപയോഗിക്കുന്ന അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ക്കായി 136 ടററ്റുകളും കെഎന്‍ഡിഎസ് നേരത്തെ വിതരണം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തദ്ദേശീയ പീരങ്കി സംവിധാനം വികസിപ്പിക്കുന്നത് ഇറക്കുമതി ചെയ്യുന്ന ആയുധ സംവിധാനങ്ങള്‍ക്ക് ഇന്ത്യന്‍ ബദല്‍ ഒരുക്കാന്‍ സഹായിക്കും. ആഭ്യന്തര പ്രതിരോധ ഉല്‍പ്പാദനം ശക്തിപ്പെടുത്താന്‍ സഹായിക്കും. പീരങ്കി വികസനത്തിനൊപ്പം ഹെലികോപ്റ്ററുകള്‍ക്കായുള്ള മറ്റ് ആയുധ സംവിധാനങ്ങളും തദ്ദേശീയമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നാഗ് മിസൈല്‍ പദ്ധതിയില്‍നിന്ന് വികസിപ്പിച്ച ഹെലിന , ധ്രുവാസ്ത്ര ടാങ്ക് വേധ ഗൈഡഡ് മിസൈലുകളാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഹെലിന കരസേനയുടെ ഹെലികോപ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ക്കും ധ്രുവാസ്ത്ര വ്യോമസേനയുടെ ആവശ്യങ്ങള്‍ക്കുമാണ് ഉദ്ദേശിച്ചിരിക്കുന്നത്.
ഹെലിന മിസൈല്‍ ലോഞ്ചറുകള്‍ക്കും അനുബന്ധ ലൈന്‍ റീപ്ലേസബിള്‍ യൂണിറ്റുകള്‍ക്കുമായി എച്ച്എഎല്ലില്‍നിന്ന് ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡിന് (ബിഡിഎല്‍) ജൂണില്‍ 1,109.37 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചിരുന്നു. പ്രതിരോധ സംവിധാനങ്ങളുടെ ഭാഗമായ കൗണ്ടര്‍മെഷര്‍ ഡിസ്‌പെന്‍സിങ് സിസ്റ്റത്തിന്റെ ലൈന്‍ റീപ്ലേസബിള്‍ യൂണിറ്റുകള്‍ക്കായി 238.34 കോടി രൂപയുടെ മറ്റൊരു കരാറും ലഭിച്ചു. 24 മുതല്‍ 60 മാസം വരെയുള്ള കാലയളവിലാണ് കരാറുകള്‍ നടപ്പാക്കേണ്ടത്. 70 എംഎം റോക്കറ്റുകളുടെ ആഭ്യന്തര നിര്‍മാണത്തിനും ഇന്ത്യ തയ്യാറെടുക്കുകയാണ്. കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസും താലെസ് ബെല്‍ജിയവും തമ്മിലുള്ള സഹകരണത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. താലെസിന്റെ സാങ്കേതിക വൈദഗ്ധ്യവും കല്യാണിയുടെ നിര്‍മാണ-പരീക്ഷണ സൗകര്യങ്ങളും സംയോജിപ്പിക്കുന്ന കരാര്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് പ്രഖ്യാപിച്ചത്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഇന്ത്യയില്‍ പൂര്‍ണമായി അസംബിള്‍ ചെയ്യുന്ന ആദ്യ റോക്കറ്റ് 2027ന്റെ തുടക്കത്തില്‍ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനങ്ങള്‍, കരയിലെ പ്ലാറ്റ്ഫോമുകള്‍, നാവിക സംവിധാനങ്ങള്‍ എന്നിവയില്‍നിന്ന് വിക്ഷേപിക്കാവുന്നവയാണ് ഈ റോക്കറ്റുകള്‍. പീരങ്കി, മിസൈല്‍, റോക്കറ്റ് പദ്ധതികള്‍ ഒരുമിച്ച് മുന്നേറുന്നതോടെ രുദ്ര, പ്രചണ്ഡ് ഹെലികോപ്റ്ററുകളുടെ ആയുധ സംവിധാനങ്ങളില്‍ തദ്ദേശീയ നിര്‍മാണത്തിന്റെ പങ്ക് വര്‍ധിക്കും. പുതിയ പീരങ്കി സംവിധാനം വികസന ഘട്ടത്തിലാണ്. മിസൈല്‍, റോക്കറ്റ് പദ്ധതികള്‍ക്ക് അവയുടേതായ ഉല്‍പ്പാദന-വിതരണ സമയക്രമങ്ങളുമുണ്ട്. പ്രതിരോധ രംഗത്തെ ഇറക്കുമതി ആശ്രിതത്വം കുറയ്‌ക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ ഈ പദ്ധതികള്‍ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്.















