നാഗർകോവിൽ: തമിഴ്നാട്ടിലെ നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കന്യാകുമാരി സ്വദേശി അയ്യപ്പൻ (31) ആണ് അറസ്റ്റിലായത്. ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം അഞ്ച് ദിവസത്തോളം ട്രെയിൻ കമ്പാർട്ടുമെന്റിലെ സീറ്റിനടിയിൽ കിടന്നിട്ടും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
നവംബർ 18നാണ് നാഗർകോവിൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരത്തുനിന്ന് നവംബർ 11ന് നാഗർകോവിലിലെത്തിയ ട്രെയിനിൽ ബ്രേക്ക് തകരാർ കണ്ടെത്തിയതിനെത്തുടർന്ന് അറ്റകുറ്റപ്പണികൾക്കായി യാർഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. പിന്നീട് ഈ കോച്ച് കോട്ടയത്തേക്കുള്ള സർവീസിനായി തയ്യാറാക്കുന്നതിനിടെ ശുചീകരണ തൊഴിലാളികൾക്ക് ദുർഗന്ധം അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭിന്നശേഷിക്കാർക്കായി നീക്കിവച്ചിരുന്ന കോച്ചിലെ സീറ്റിനടിയിൽ മൃതദേഹം കണ്ടെത്തിയത്.
മുഖം തിരിച്ചറിയാൻ കഴിയാത്തവിധം അഴുകിയ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് ആശാരിപ്പള്ളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടത്തി. യുവതി ക്രൂരമായ ബലാത്സംഗത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്ന് പരിശോധനയിൽ വ്യക്തമായി. പെൽവിക് എല്ലുകൾക്കും വാരിയെല്ലുകൾക്കും പൊട്ടലുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.
സിസിടിവിയിൽ കുടുങ്ങി പ്രതി
റെയിൽവേ പോലീസ് ഇൻസ്പെക്ടർ കാതറിൻ സുജാതയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. നാഗർകോവിൽ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് നിർണായക സൂചന ലഭിച്ചത്. നവംബർ 14ന് രാവിലെ എട്ടുമണിയോടെ സംശയാസ്പദമായ സാഹചര്യത്തിൽ വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാൾ ട്രെയിൻ കോച്ചിൽനിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്ലാറ്റ്ഫോമിൽനിന്ന് ബലമായി കോച്ചിലേക്ക്
നവംബർ 14ന് പുലർച്ചെ 12.30ഓടെ അഞ്ചാം പ്ലാറ്റ്ഫോമിന് സമീപമാണ് സംഭവം നടന്നത്. പ്ലാറ്റ്ഫോമിന് സമീപം നിന്നിരുന്ന യുവതിയെ പ്രതി ബലമായി ഒഴിഞ്ഞുകിടന്നിരുന്ന കോച്ചിനുള്ളിലേക്ക് വലിച്ചിഴയ്ക്കുകയുമായിരുന്നു. തുടർന്ന് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ശേഷം ക്രൂരമായി മർദിച്ചു. ഗുരുതര പരിക്കുകളാണ് മരണത്തിന് കാരണമായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മരണം ഉറപ്പായതോടെ മൃതദേഹം സീറ്റിനടിയിലേക്ക് തള്ളിവെച്ച് പ്രതി കടന്നുകളഞ്ഞു.
കുറ്റകൃത്യത്തിന് ശേഷം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവയും അന്വേഷണത്തിന്റെ ഭാഗമായി കണ്ടെടുത്തു.
ആരാണ് കൊല്ലപ്പെട്ട യുവതി?
പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. യുവതിക്ക് ഏകദേശം 50 വയസ് പ്രായമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇവർ ഉത്തരേന്ത്യൻ സ്വദേശിയായിരിക്കാമെന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്. യുവതിയുടെ കൈവശമുണ്ടായിരുന്ന സ്വർണമോതിരത്തിലെ ഹാൾമാർക്ക് പരിശോധിച്ചപ്പോൾ ഗുജറാത്തിലെ രാജ്കോട്ടുമായി ബന്ധമുള്ള സൂചനകൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
യുവതിയുടെ ബന്ധുക്കളെ കണ്ടെത്തുന്നതിനും മൃതദേഹം തിരിച്ചറിയുന്നതിനുമുള്ള അന്വേഷണം തുടരുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.















