ചെന്നൈ: ശവസംസ്കാര ചടങ്ങിനിടെ ഫ്രീസർ ബോക്സിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 65കാരിക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തിരുത്തണിയിലാണ് സംഭവം. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. നഗരസഭ സൗജന്യമായി നൽകിയ ഫ്രീസർ ബോക്സിൽ നിന്നാണ് വൈദ്യുതാഘാതമേറ്റതെന്നാണ് പ്രാഥമിക വിവരം.
കാശിനാഥപുരം സ്വദേശിനിയായ ദേവകിയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ഷൺമുഖത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ചത് തിരുത്തണി നഗരസഭ നൽകിയ ഫ്രീസർ ബോക്സിലായിരുന്നു. നെഹ്റു നഗറിലെ വീട്ടിൽ സംസ്കാര ചടങ്ങുകൾക്കായി ആളുകൾ ഒത്തുകൂടിയപ്പോഴാണ് അപകടമുണ്ടായത്.
ഫ്രീസർ ബോക്സിൽ സ്പർശിച്ചവർക്കാണ് വൈദ്യുതാഘാതമേറ്റത്. ഉടൻ തന്നെ എല്ലാവരെയും തിരുത്തണി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദേവകിയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സുരേഷ്, സെൽവി, സാമുണ്ടീശ്വരി, ഹേമലത, പഞ്ചാമൃതം, ധനലക്ഷ്മി എന്നിവർ ചികിത്സയിലാണ്.
സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ചിറ്റൂർ റോഡ് ഉപരോധിച്ചു. നഗരസഭയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പൊലീസ് ഇടപെട്ട് ചർച്ച നടത്തിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
ഫ്രീസർ ബോക്സിന്റെ തകരാർ നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ഉപയോഗം തടയാൻ രണ്ട് വയറുകൾ വിച്ഛേദിച്ച് സീൽ ചെയ്തിരുന്നുവെന്നും നഗരസഭാ കമ്മീഷണർ കണ്ണിയപ്പൻ പറഞ്ഞു. എന്നാൽ വീട്ടുകാർ വയറുകൾ വീണ്ടും ബന്ധിപ്പിച്ചതാണ് വൈദ്യുതപ്രവാഹത്തിന് കാരണമായതെന്നാണ് നഗരസഭയുടെ വിശദീകരണം. സംഭവത്തിൽ ൽ തിരുത്തണി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















