ന്യൂഡൽഹി: തമിഴ്‌നാട്ടിലെ തിരുപ്പറൻകുണ്ഡ്രം മലമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാത്ത സംഭവത്തിൽ തമിഴ്‌നാട് സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളാൽ ദീപം തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് മധുര ജില്ലാ കളക്ടർ നിഷാന്ത് കൃഷ്ണ കോടതിയെ അറിയിച്ചത്. അതേസമയം, സുപ്രീം കോടതി ഉത്തരവ് ലംഘിച്ചെന്നാരോപിച്ച് കോടതിയലക്ഷ്യ ഹർജി നൽകാൻ ഹർജിക്കാരോട് കോടതി നിർദേശിച്ചു.
ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ദീപത്തൂണിൽ വിളക്ക് തെളിയിക്കാത്ത വിവരം കളക്ടർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനാണ് കോടതിയെ അറിയിച്ചത്. സംഭവിച്ച കാര്യങ്ങൾ വിശദീകരിക്കുന്ന സ്റ്റാറ്റസ് റിപ്പോർട്ടും സമർപ്പിച്ചു.
നവംബർ 20-നായിരുന്നു നവംബർ 24-ന് കാർത്തിക ദീപത്തോടനുബന്ധിച്ച് തിരുപ്പറൻകുണ്ഡ്രം മലയിലെ വിവാദ ദീപത്തൂണിൽ ഒരുതവണ ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയത്. ക്ഷേത്ര ദേവസ്ഥാനത്തിന്റെ അംഗീകാരമുള്ള പരിമിതമായ സംഘത്തിനായിരുന്നു അനുമതി. ജില്ലാ കളക്ടർ ഏകോപന ചുമതല നിർവഹിക്കണമെന്നും ക്ഷേത്ര ഭരണസമിതി, പുരാവസ്തു വകുപ്പ്, പോലീസ് എന്നിവരുമായി ചേർന്ന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
എന്നാൽ, നവംബർ 24-ന് വൈകിട്ട് ദീപത്തൂണിൽ വിളക്ക് തെളിയിച്ചില്ല. പകരം പതിവുപോലെ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള ദീപമണ്ഡപത്തിലാണ് കാർത്തിക ദീപം തെളിയിച്ചത്. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുമെന്ന് മദ്രാസ് ഹൈക്കോടതിയിൽ ജില്ലാ കളക്ടർ ഉറപ്പുനൽകിയതിന് പിന്നാലെയായിരുന്നു ഈ മാറ്റം.
ദീപം തെളിയിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നിരീക്ഷിക്കാൻ ക്ഷേത്ര ഭരണാധികാരികൾ, ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ, അസിസ്റ്റന്റ് പോലീസ് കമ്മീഷണർ, ജില്ലാ റവന്യൂ ഓഫീസർ എന്നിവരടങ്ങുന്ന മോണിറ്ററിംഗ് സംവിധാനം ഒരുക്കിയിരുന്നുവെന്നാണ് കളക്ടറുടെ വിശദീകരണം. എന്നാൽ, അവസാന നിമിഷം ക്ഷേത്ര ഭരണസമിതി ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ വിസമ്മതിച്ചതിനാൽ ഉത്തരവ് നടപ്പാക്കാനായില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഇതിനിടെ, സുപ്രീം കോടതി ഉത്തരവ് മനഃപൂർവം അട്ടിമറിച്ചതാണെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. ദീപം തെളിയിക്കേണ്ടിയിരുന്ന സ്ഥലത്ത് തെളിയിക്കാതെ പതിവ് സ്ഥലത്ത് മാത്രം ചടങ്ങ് നടത്തിയതിലൂടെ കോടതി ഉത്തരവ് ലംഘിച്ചുവെന്നും അവർ ചൂണ്ടിക്കാട്ടി. ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിലെ ദീപമണ്ഡപത്തിൽ തെളിയിച്ച ദീപം ദീപത്തൂണിലേക്ക് മാറ്റി തെളിയിക്കാൻ അനുവദിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.
സംഭവത്തിൽ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നു. എന്നാൽ, സ്വമേധയാ നടപടി സ്വീകരിക്കാൻ വിസമ്മതിച്ച ബെഞ്ച്, ഇതിനായി പ്രത്യേക കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാൻ നിർദേശിച്ചു. ഹർജി ലഭിച്ചശേഷം ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാമെന്നും ജസ്റ്റിസ് അരവിന്ദ് കുമാർ വ്യക്തമാക്കി.
ദീപത്തൂണിൽ വിളക്ക് തെളിയിക്കാത്തതിനെതിരെ തിരുപ്പറൻകുണ്ഡ്രത്തിൽ ശക്തമായ പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. കൂടാതെ നിരവധി ഭക്തരെ പൊലീസ് മർദ്ദിക്കുകയും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെയും ക്ഷേത്ര ഭരണസമിതിയുടെയും നിലപാടുകൾ വീണ്ടും നിയമപോരാട്ടത്തിന് വഴിതുറക്കുകയാണ്. ശക്തമായി മുന്നോട്ട് പോകാനാണ് ഹൈന്ദവ സംഘടനകളുടെ തീരുമാനം.















