കൊച്ചി: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരേ ഗുരുതര ആരോപണവുമായി കെ. ബാബു. കേസിലേക്ക് തന്റെ പേര് വലിച്ചിഴയ്‌ക്കാനും സര്‍ക്കാരിനെ താഴെയിറക്കാനും വി. ശിവന്‍കുട്ടി എംഎല്‍എയുടെ വീട്ടില്‍ ഗൂഢാലോചന നടന്നതായി കെ. ബാബു ആരോപിച്ചു. മന്ത്രിസ്ഥാനം രാജിവെച്ചത് അറിയിക്കാന്‍ എറണാകുളം പ്രസ് ക്ലബ്ബില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിനിടെയാണ് കെ. ബാബു സിപിഎമ്മും ബാറുടമകളുമായുള്ള രഹസ്യബന്ധത്തിന്റെ തെളിവുകള്‍ നിരത്തിയത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഗൂഢാലോചനയില്‍ പങ്കെടുത്തതായി കെ. ബാബു ആരോപിച്ചു. കഴിഞ്ഞ ഡിസംബര്‍ 15 ന് വൈകിട്ട് 7 മണിക്കായിരുന്നു യോഗം ചേര്‍ന്നത്. ബിജു രമേശിന്റെ നേതൃത്വത്തില്‍ ഏതാനും ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. സര്‍ക്കാരിനെ വലിച്ചു താഴെയിടണം സഖാവെ എന്നായിരുന്നു ബിജു രമേശ് യോഗത്തില്‍ ആവശ്യപ്പെട്ടത്. സര്‍ക്കാരിനെ താഴെയിറക്കണമെങ്കില്‍ ഒരു മന്ത്രിക്കെതിരേ മാത്രം ആരോപണം ഉന്നയിച്ചാല്‍ പോരെന്നും രണ്ടോ മൂന്നോ മന്ത്രിമാര്‍ക്കെതിരേ കൂടി ആരോപണം വേണമെന്നുമായിരുന്നു സിപിഎം നേതാക്കള്‍ പറഞ്ഞത്. കോടിയേരി ബാലകൃഷ്ണനാണ് തന്റെ പേരും പറയണമെന്ന് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജു രമേശ് തന്റെ പേര് വലിച്ചിഴച്ചത്.
താന്‍ പറഞ്ഞത് ശരിയാണോയെന്ന് അറിയണമെങ്കില്‍ ഡിസംബര്‍ പതിനഞ്ചിന് വൈകിട്ട ഏഴ് മണിക്ക് ഈ നേതാക്കളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ എവിടെയായിരുന്നുവെന്ന് പരിശോധിച്ചാല്‍ മതിയെന്നും കെ. ബാബു പറഞ്ഞു. തന്റെ മാന്യത കാരണമാണ് ഇതുവരെ ഈ പേരുകള്‍ വെളിപ്പെടുത്താതിരുന്നതെന്നും കെ. ബാബു പറഞ്ഞു. സിപിഎം നേതാക്കളും ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളും യോഗം ചേര്‍ന്നിരുന്നതായി നേരത്തെ കെ. ബാബു വെളിപ്പെടുത്തിയിരുന്നു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുകയാണെങ്കില്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് പ്രകടന പത്രികയില്‍ പറയാന്‍ സിപിഎം തയ്യാറാകുമോയെന്നും കെ. ബാബു വെല്ലുവിളിച്ചു. അധികാരത്തിലെത്തിയാല്‍ കുറച്ചു ബാറുകള്‍ തുറക്കാമെന്ന് ബാര്‍ അസോസിയേഷന്‍ നേതാക്കളും സിപിഎമ്മുമായി ഇതിനോടകം ധാരണയിലെത്തിയിട്ടുണ്ടെന്നും കെ. ബാബു പറഞ്ഞു. ചില ബാറുടമകള്‍ സിപിഎമ്മുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ രക്തസാക്ഷിയാണ് താനെന്ന് പറഞ്ഞുകൊണ്ടായിരുന്നു കെ. ബാബു വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.