കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി രണ്ടിന് കോഴിക്കോട് എത്തും. ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി കോഴിക്കോട്ടെത്തുന്നത്. മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷാവലയത്തിലാണ് കോഴിക്കോട് നഗരം.
സ്വപ്നനഗരിയിലാണ് പരിപാടി.
നാളെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ഉച്ചയ്ക്ക് 12.5 നു വെസ്റ്റ്ഹില്‍ മൈതാനത്തിറങ്ങും. അവിടെ നിന്നു കാറില്‍ സ്വപ്നനഗരിയിലേക്ക് തിരിക്കും. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ട്രയല്‍ റണ്‍ ഇന്ന് നടക്കുന്നതിനാല്‍ രാവിലെ 11 മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
സുരക്ഷയുടെ ഭാഗമായി ബോംബ്-ഡോഗ് സ്ക്വാഡുകള്‍ നഗരത്തില്‍ പരിശോധന നടത്തി. കേന്ദ്ര രഹസ്യാന്വേഷണവിഭാഗം, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയവയുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വാഹനപരിശോധന കര്‍ശനമാക്കാനും ഹോട്ടലുകളിലും മാളുകളിലും കര്‍ശന പരിശോധനയും ഇന്ന് നടക്കും. ഡി.ഐ.ജി സേവാങ് നംഗ്യാലിന്റെ നേതൃത്വത്തിലുള്ള 40 അംഗ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനു പുറമേ നാല് എസ്.പിമാരുള്‍പ്പെടെ 1314 പോലീസ് ഉദ്യോഗസ്ഥരേയും പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി വിന്യസിപ്പിക്കും.
ബുള്ളറ്റ് പ്രൂഫ് കാര്‍, മൊബൈല്‍ സിഗ്നലുകള്‍ നിഷ്ക്രിയമാക്കുന്ന ജാമര്‍ കാര്‍, വാണിങ് പൈലറ്റ് വാഹനം, പൈലറ്റ് വാഹനം, എസ്.പി.ജി. വാഹനം, രണ്ട് അകമ്പടി വാഹനങ്ങള്‍, പൊലീസ് വാഹനങ്ങള്‍ എന്നിവയാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടാവുക.