Special

കയ്യൂരിലെ ഹതഭാഗ്യർ – സ്വാതന്ത്ര്യ സമരവും കമ്യൂണിസ്റ്റ് വഞ്ചനയും ഭാഗം-01

1943 മാർച്ച് 29

സുബ്ബരായനെന്ന പോലീസുകാരനെ കൊലപ്പെടുത്തിയതിന്റെ പേരിൽ കമ്യൂണിസ്റ്റ് പ്രവർത്തകരായ നാല് ചെറുപ്പക്കാരെ ഭരണകൂടം തൂക്കിലേറ്റിയത് അന്നാണ് . മഠത്തിൽ അപ്പു , ചിരുകണ്ടൻ, കുഞ്ഞമ്പു നായർ , അബൂബേക്കർ എന്നിവരായിരുന്നു ആ ഹതഭാഗ്യർ. കമ്യൂണിസ്റ്റ്കാർ ഇപ്പോഴും എപ്പോഴും അഭിമാനിക്കുന്ന,  ഐതിഹാസികമെന്ന് അവർ തന്നെ വിശേഷിപ്പിക്കുന്ന ഒരൂ  സമരത്തിന്റെ ദുരന്തപൂർണമായ അവസാനമായിരുന്നു അത്.

ജന്മിത്വത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുമെതിരെ പോരാടിയതിന്റെ കണക്കു പുസ്തകത്തിൽ രേഖപ്പെടുത്തി മഹത്വവൽക്കരിക്കുന്ന ആ സമരത്തിന് ചരിത്രപുസ്തകങ്ങൾ നൽകിയ പേര് കയ്യൂർ സമരമെന്നായിരുന്നു  .ഇങ്ങനെയുള്ള സമര പോരാട്ടങ്ങളെപ്പറ്റിയും രക്തസാക്ഷികളെപ്പറ്റിയും എഴുതിയും പറഞ്ഞും പ്രചരിപ്പിച്ചുമാണ് കേരളത്തിൽ നിർണായക ശക്തിയായി കമ്യൂണിസ്റ്റുകൾ മാറിയത് .

എന്നാൽ സ്വന്തം രക്തസാക്ഷികളെ മാത്രമല്ല രാജ്യത്തെ തന്നെ വഞ്ചിച്ചു കൊണ്ടിരിക്കുകയായിരുന്നു അന്ന് കമ്യൂണിസ്റ്റ് പാർട്ടി. 1943 മാർച്ച് 29 ലെ തണുത്ത പ്രഭാതത്തിൽ അപ്പുവും ചിരുകണ്ടനും കുഞ്ഞമ്പു നായരും അബൂബേക്കറും തൂക്കിലേറ്റപ്പെടുമ്പോൾ പാർട്ടി ക്വിറ്റിന്ത്യാസമരത്തെ ഒറ്റു കൊടുത്ത് ബ്രിട്ടീഷുകാരനൊപ്പം ചേർന്ന് ജനകീയ യുദ്ധം നടത്തുകയായിരുന്നു . കയ്യൂർ സഖാക്കളെ വഞ്ചിക്കുകയായിരുന്നു .

അതെ .. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുക്കുകയായിരുന്നു …. !, ബ്രിട്ടീഷുകാരന്റെ നുകം കഴുത്തിലേറിയിട്ടും അതിനെതിരെ ആത്മവിശ്വാസത്തോടെ പൊരുതിയ ഏറ്റവും സാധാരണക്കാരനെപ്പോലും ചതിക്കുകയായിരുന്നു അന്നവർ.

സ്വന്തം മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ലക്ഷങ്ങൾ തെരുവിലിറങ്ങുമ്പോൾ , ജയിലഴികളെണ്ണുമ്പോൾ ആ സമരത്തെ ഒറ്റു കൊടുത്ത് ബ്രിട്ടീഷുകാരന്റെ പാദസേവ ചെയ്യാൻ കമ്യൂണിസ്റ്റ് പാർട്ടിയെ പ്രേരിപ്പിച്ചതെന്താണ് ? കഴിവിന്റെയും കരുത്തിന്റെയും അഭാവത്തിൽ എന്റെ മാതൃഭൂമി സ്വതന്ത്രമാവണേ എന്ന പ്രാർത്ഥനയോടെ അമ്മയുടെ കാൽക്കൽ ഒരു പുഷ്പം  മാത്രം  അർപ്പിക്കാൻ കഴിവുള്ളവർ പോലും ഞാൻ മുൻപേ എന്ന് മത്സരിച്ചപ്പോൾ അതിനെ പുശ്ചിക്കാനും ദേശീയ നേതാക്കളെ അപമാനിക്കാനും കമ്യൂണിസ്റ്റ് പാർട്ടിക്ക് തോന്നിയതെന്തു കൊണ്ടാണ് ?

സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ നിർണായക ഘട്ടങ്ങളിൽ സ്വന്തം മാതൃഭൂമിയെ വഞ്ചിക്കുക, തങ്ങളുടെ ലക്ഷ്യം സാധിക്കുവാൻ വിദേശ രാഷ്ട്രങ്ങളിൽ നിന്ന് പണം കൈപ്പറ്റുക , അവരുടെ പാദസേവകരാവുക , അവർക്ക് വേണ്ടി പ്രചാരവേല നടത്തുക .. ബ്രിട്ടീഷ് പട്ടാളത്തിന്റെ റിക്രൂട്ടിംഗ് ഏജന്റായി പ്രവർത്തിക്കുക.

എന്തുകൊണ്ടാണ് കമ്യൂണിസ്റ്റ് പാർട്ടി സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തത് ?

ഈ ചോദ്യങ്ങൾക്കെല്ലാം ചരിത്രം നൽകുന്നത് ഒരേയൊരുത്തരമാണ് .

മാതൃഭൂമിയായ ഭാരതത്തേക്കാൾ അവർക്ക് കൂറ് പിതൃഭൂമിയായ സോവിയറ്റ് യൂണിയനോടായിരുന്നു .സോവിയറ്റെന്നൊരു നാടുണ്ടത്രെ പോകാൻ കഴിഞ്ഞെങ്കിലെന്ത് ഭാഗ്യം  എന്നതായിരുന്നു കമ്യൂണിസ്റ്റുകളുടെ പ്രധാന മുദ്രാവാക്യം.

25 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close