Columns

ശ്രുതിമോൾക്ക് വിശന്നിട്ടില്ല : കേരള മോഡലിൽ പട്ടിണി മരണവുമില്ല

അഡ്വ. ശങ്കു ടി ദാസ്


എത്ര പെട്ടെന്നാണ് അന്വേഷണം പൂർത്തിയായതെന്ന് കണ്ടില്ലേ? വിശപ്പ്‌ മൂലം ഒരു ആദിവാസി പെൺകുട്ടി ആത്മഹത്യ ചെയ്തതായി രാവിലെ വാർത്ത വരുന്നു.
സന്ധ്യക്ക് മുൻപ് മാധ്യമങ്ങളും പോലീസും ഒക്കെ കൂടി അന്വേഷിച്ച് അത് പട്ടിണി മരണമേ അല്ലെന്ന് സ്ഥിരീകരിക്കുന്നു.

കേസ് ക്ലോസ്ഡ്‌.

മൂന്ന് മാസമായി രോഹിത് വെമുള ആത്മഹത്യ ചെയ്തിട്ട്.

257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്ഫോടനങ്ങളുടെ സൂത്രധാരരിൽ ഒരാൾ എന്ന് കണ്ടെത്തി രാജ്യത്തെ പരമോന്നത കോടതി വധശിക്ഷയ്ക്ക് വിധിച്ച യാക്കൂബ് മേമൻ എന്ന ഭീകരവാദിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തിയതിനും, അതിന്റെ പേരിൽ അവരെ ഒരു ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ വിമർശിച്ച നന്ദനം സുശീൽകുമാർ എന്ന എ.ബി.വി.പി നേതാവിനെ കൂട്ടാളികളെയും കൂട്ടി രാത്രി ഹോസ്റ്റൽ റൂമിൽ കയറിച്ചെന്ന് കയ്യേറ്റം ചെയ്തതിനുമാണ് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിന്ന് വെമുളയും മറ്റു നാല് വിദ്യാർഥികളും സസ്പെന്റ് ചെയ്യപ്പെടുന്നത്.

സെപ്തംബറിൽ പ്രഖ്യാപിച്ച സസ്പെൻഷൻ വിശദമായ അന്വേഷണത്തിനൊടുവിൽ ഡിസംബറിൽ സ്ഥിരീകരിക്കപ്പെട്ടു.ഇതിനെതിരായി നടത്തിവന്ന റിലേ നിരാഹാര സമരം തുടരുന്നതിനിടേ, തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല എന്നവസാനിക്കുന്നൊരു കുറിപ്പെഴുതി വെച്ച്, ജനുവരി 17ന് രോഹിത് ആത്മഹത്യ ചെയ്തു.അതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ ഇപ്പോഴും തുടരുകയാണ്.

രോഹിത് വെമുളയുടെ ആത്മഹത്യ, ദളിത്‌ ആത്മഹത്യയായി. പിന്നെയത്, ഭരണകൂടത്തിന്റെ ഒത്താശയോടെ നടന്ന കൊലപാതകമായി. സസ്പെൻഷൻ നടപടി പോലും ദളിത്‌ പീഡനമായി. രോഹിത് വെമുള, ഭരണവർഗ്ഗം പീഡിപ്പിക്കുന്ന ദളിത സമുദായത്തിന്റെ പ്രതീകമായി. രോഹിത് ദളിതനല്ല, ഓ.ബി.സി വിഭാഗത്തിൽ പെടുന്ന വഡേര സമുദായാംഗമാണ് എന്ന് അയാളുടെ പിതാവായ മണികുമാർ വെമുള തന്നെ നേരിട്ട് സാക്ഷ്യപ്പെടുത്തി.

rahul-gandhi-in-hyderabad_ac772f0e-c7e0-11e5-a1d8-82aab0d3e6eb

രോഹിതിന്റെ സഹോദരനായ രാജ്കുമാർ ചൈതന്യയുടെ ജാതി സർട്ടിഫിക്കറ്റിൽ അയാളുടെ സമുദായം ‘വഡേര’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന വസ്തുത രേഖകൾ സഹിതം പുറത്ത് വന്നു.രോഹിത് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിക്കാനായി കൃത്രിമ ജാതി സർട്ടിഫിക്കറ്റ് സംഘടിപ്പിക്കുകയായിരുന്നു എന്ന് തെലങ്കാന പോലീസ് നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.രോഹിത് ദളിതനല്ല എന്ന് തെലങ്കാന ആഭ്യന്തരമന്ത്രി നയനി നരസിംഹ റെഡ്ഢി നിയമസഭയിൽ പ്രസ്താവിച്ചു.

ഇതിനൊക്കെ ശേഷവും ദളിതനല്ലാത്ത രോഹിത് വെമുളയുടെ മരണം നമ്മുടെ മാധ്യമങ്ങൾക്കിപ്പോഴും ദളിത്‌ ആത്മഹത്യയാണ്.പ്രതിഷേധങ്ങൾ മൂന്ന് മാസങ്ങൽക്കിപ്പുറവുംതുടരുക തന്നെയാണ്.

പക്ഷേ, ശ്രുതിമോളുടെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്ക് ഒരു പകലിന്റെ ആയുസ്സ് മാത്രമാണുണ്ടായത്.അത് പട്ടിണി മരണമല്ലെന്ന് സ്ഥാപിക്കാൻ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ വല്ലാത്തൊരു വ്യഗ്രത തന്നെ കാണിച്ചില്ലേ എന്നാരെങ്കിലും സംശയിച്ചു പോയാൽ തെറ്റുപറയാൻ പറ്റില്ല.അത്ര സമർപ്പിതമായ പരിശ്രമമാണ് ഈ വാർത്തയുടെ നിജസ്ഥിതി പുറത്തു കൊണ്ട് വരാൻ അവർ കാഴ്ച്ച വെച്ചത്.വാർത്താവതരണത്തിന്റെ പരമ്പരാഗത രീതികളും ശൈലികളും ഉപേക്ഷിച്ച ചാനലുകളിൽ ചീഫ് എഡിറ്റർമാർ നേരിട്ട് വന്നു പ്രേക്ഷകരോട് സംസാരിക്കുന്ന കൗതുകം നമ്മൾ കണ്ടു.
മകൾ മരിച്ചു മണിക്കൂർകൾക്കകം അച്ഛൻ ഇന്റർവ്യൂ ചെയ്യപ്പെടുന്ന പുതുമ നമ്മൾ കണ്ടു.

മരണം നടന്ന വീട്ടിന്റെ അടുക്കളയിൽ കേറി അരിയുടെയും ഉപ്പിന്റെയും അളവെടുക്കുന്ന നിലയിലെത്തിയ അന്വേഷണാത്മക പത്രപ്രവർത്തനവും കണ്ടു. ഇതൊരു പട്ടിണി മരണമാണെന്ന് ഒരാൾ പോലും വിശ്വസിച്ചു പോവരുതെന്നു അത്രമേൽ ഇവർക്ക് നിർബന്ധമുണ്ടാവാൻ എന്തായിരിക്കാം കാരണം? ജനങ്ങളെ സത്യം അറിയിക്കുക എന്ന മാധ്യമ ധർമമാണോ?എങ്കിലത് രോഹിത് വെമുളയുടെ ആത്മഹത്യാ വിഷയത്തിൽ എന്തേ ഉണ്ടായിരുന്നില്ല? അവിടെയിവർ ബോധപൂർവ്വം സത്യങ്ങൾ മൂടിവെയ്ക്കുകയും അസത്യങ്ങൾ പ്രചരിപ്പിക്കുകയുമല്ലേ ചെയ്തത്?

കാരണം രോഹിത് വെമുള കേന്ദ്ര സർക്കാരിനെ ആക്രമിക്കാനുള്ള ആയുധമായിരുന്നു.പക്ഷെ ശ്രുതിമോളുടെ കാര്യത്തിൽ പ്രതിസ്ഥാനത്ത് വരിക കേരളം ഇക്കാലമത്രയും മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികളാണ്.അതിനാൽ ദളിതനല്ലാത്ത വെമുളയുടെ മരണം, ദളിത്‌ മരണമായി തന്നെ തുടരേണ്ടതുണ്ട്.ആദിവാസിയായ ശ്രുതിമോളുടെ മരണം, അവളുടെ സ്വത്വത്തെയും സമുദായത്തെയും പറ്റി ഒരു ചർച്ചയുമുയർത്താത്ത വെറുമൊരു കൗമാരചാപല്യം മാത്രമാവേണ്ടതുമുണ്ട്.

‘എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന്’ എഴുതി വെച്ച് മരിച്ച വെമുളയുടെ ആത്മഹത്യക്ക് സ്മൃതി ഇറാനിയെ തന്നെ നേരിട്ട് ഉത്തരവാദിയാക്കേണ്ടതുണ്ട്.‘ഇനിയും വിശപ്പ്‌ സഹിക്കാൻ പറ്റില്ല’ എന്നെഴുതി വെച്ച് മരിച്ച ശ്രുതിമോളുടെ ആത്മഹത്യക്ക് വിശപ്പൊരു കാരണമേ അല്ല എന്ന് സ്ഥാപിക്കേണ്ടതുണ്ട്.എന്തെന്നാൽ വെമുളയുടെ മരണം സ്വന്തം പ്രവൃത്തികൾ മൂലം സസ്പെൻഡ് ചെയ്യപ്പെട്ടതിലെ നിരാശയോടുള്ള അതിവൈകാരികവും ബുദ്ധിശൂന്യവുമായ പ്രതികരണമായിരുന്നു എന്ന് സമ്മതിച്ചാൽ നഷ്ട്ടപ്പെടുന്നത്, മോഡി സർക്കാരിനെ താഴെയിറക്കുന്നതിനായി രാജ്യത്തെ ക്യാമ്പസുകളെ കലാപഭൂമികളാക്കി മാറ്റാനുളള അവസരമാണ്.

ശ്രുതിമോളുടെ മരണം പട്ടിണി മരണമായിരുന്നു എന്ന് വന്നാലത് തെളിയിക്കുന്നത്, ഇന്നാട്ടിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ തുടരെ തുടരെ ഭരണം കയ്യാളിയവർ പരാജയപ്പെട്ടിരിക്കുന്നുവെന്നും, അതിനാൽ തന്നെ ഇവിടെയൊരു രാഷ്ട്രീയ മാറ്റം അനിവാര്യമാണെന്നുമുള്ള വസ്തുതയാണ്.

കേരള മോഡൽ വികസനം എന്നൊരു മിത്തുണ്ടിവിടെ. ഇടതു വലതു മുന്നണികൾ സംയുക്തമായി സൃഷ്ട്ടിച്ചൊരു കെട്ടുകഥ. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ഗുജറാത്തിലുണ്ടായതും, ഇപ്പോൾ ഭാരതം ഒട്ടാകെ ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ വികസനത്തിന്റെ വാർത്തകൾക്കെല്ലാം എതിരെ പ്രയോഗിക്കാനുള്ള വജ്രായുധമാണത്‌.

“ഗുജറാത്തിലെ വികസനമൊക്കെ എന്ത് വികസനം, അത് വെറും കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള വികസനമല്ലേ? യഥാർത്ഥ വികസനമെന്നാൽ ഞങ്ങൾ സൃഷ്ട്ടിച്ച വികസനമാണ്. കരുതലോട് കൂടിയ വികസനം.. വിദേശനിക്ഷേപങ്ങളുടെ പറുദീസയാവുമ്പോളും സാമൂഹ്യ സുരക്ഷയിൽ വിട്ടുവീഴ്ച്ച ചെയ്യാത്ത വികസനം.. മനുഷ്യ മുഖമുള്ള കേരള മോഡൽ വികസനം.”

ആ പെരും നുണയുടെ കടയ്ക്കൽ തന്നെയാണ് ശ്രുതിമോളെ പോലുള്ള കുട്ടികൾ ആഞ്ഞു വെട്ടുന്നത്. കാരണം ശ്രുതിമോളുടേത് പട്ടിണി മരണമാണെങ്കിൽ തകരുന്നത്, കേരള മോഡൽ വികസനം എന്ന കെട്ടുകഥ തന്നെയാണ്.60 കൊല്ലം നിങ്ങൾ മാറി മാറി ഭരിച്ചിട്ടും ഇവിടെയിപ്പോഴും വിശപ്പ്‌ സഹിക്കാനാവാതെ ജീവനൊടുക്കുന്ന കുഞ്ഞുങ്ങളുണ്ടെങ്കിൽ, നിങ്ങളീ പറയുന്ന കേരള മോഡൽ ഒരു പരാജയമാണ് എന്ന് ജനങ്ങൾ പറഞ്ഞേക്കും.

26TV_ATTAPPADY_1631420f

അവർ മാറി ചിന്തിച്ചു തുടങ്ങിയേക്കും.അത് തടയണമെങ്കിൽ എന്ത് വില കൊടുത്തും ഈ ആത്മഹത്യ പട്ടിണി മരണമല്ലെന്ന് സ്ഥാപിച്ചേ മതിയാകൂ. അതിനായി കൈമെയ് മറന്നു പ്രവർത്തിക്കാൻ ഇരുമുന്നണികളും അവരുടെ ദാസ്യവൃന്ദവും ബാധ്യസ്ഥരാണ്. അപ്പോൾ അരിച്ചാക്ക് പ്രത്യക്ഷപ്പെടും. അയ്യായിരത്തിന്റെ സൈക്കിൾ എവിടെ നിന്നെങ്കിലും ഉരുണ്ട് വരും.3 ഏക്കർ സ്ഥലം കടലിൽ നിന്ന് പൊന്തി വരും.

തങ്ങൾക്ക് ദാരിദ്ര്യമേ ഇല്ലെന്ന് അച്ഛനും അമ്മയും, വേണ്ടി വന്നാൽ കുഴിയിൽ കിടക്കുന്ന മുതുമുത്തച്ഛനും വരെ സാക്ഷി പറയും. മരണ കാരണം വിശപ്പേ അല്ലെന്ന് തെളിയും.വിശപ്പ് സഹിക്കാതെ തൂങ്ങി മരിക്കുന്ന കുട്ടി നമ്മളെ വല്ലാതെ ആലോസരപ്പെടുത്തുന്നതിനാലും, മറ്റെന്തെങ്കിലുമായിരുന്നു മരണ കാരണം എന്ന് വിശ്വസിക്കാനാണ് നമുക്കും ഇഷ്ട്ടം എന്നതിനാലും നമ്മളതൊക്കെ വെള്ളം തൊടാതെ വിഴുങ്ങും.

തുടരന്വേഷണങ്ങളില്ലാതെ, തുടർചർച്ചകളില്ലാതെ, പ്രതിഷേധങ്ങൾക്കോ പുനർവിചിന്തനങ്ങൾക്കോ പഴുത് നൽകാതെ ആ വിഷയം അവസാനിക്കും. ശ്രുതിമോൾ മരിച്ചത് വിശന്നിട്ടുമല്ല, വിശക്കുന്ന കുട്ടികൾ ഈ നാട്ടിലുമില്ല. ആദിവാസികളെല്ലാം സുഖിച്ച് കഴിയുകയാണ്. കേരള മോഡൽ വികസനം മഹാവിജയം തന്നെ.ചില സത്യങ്ങളെ കുഴിച്ചു മൂടാതെ കെട്ടുകഥകൾക്ക് നിലനിൽക്കാൻ സാധ്യമല്ലല്ലോ.

പക്ഷെ അൽപം യാഥാർത്ഥ്യബോധത്തോടെ ചിന്തിച്ചു നോക്കൂ. സത്യത്തിൽ ശ്രുതിമോൾ മരിച്ചത് വിശപ്പ്‌ മൂലം തന്നെയാണോ അല്ലയോ എന്നത് തീർത്തും അപ്രസക്തമാണ്. കാരണം ശ്രുതിമോൾ ഒരു വ്യക്തിയല്ല. അവളൊരു പ്രതീകം മാത്രമാണ്. ഇന്നാട്ടിലെ വിശക്കുന്ന ആദിവാസി കുഞ്ഞുങ്ങളുടെ പ്രതീകം.

അനശ്വര പ്രണയത്തിന്റെ മഹാ പ്രതീകമായ താജ്മഹൽ തന്നെ തകർന്നു വീണാലും, പ്രണയം ഭൂമിയിൽ നിലനിക്കുക തന്നെ ചെയ്യും എന്നത് പോലെ ശ്രുതിമോൾ മരിച്ചത് വിശപ്പ് കൊണ്ടല്ലെന്ന് തെളിഞ്ഞാലും വിശക്കുന്ന ആദിവാസി കുഞ്ഞുങ്ങളുണ്ടിവിടെ എന്നതൊരു സത്യം തന്നെയായി അവശേഷിക്കും. അവരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് വേണ്ട നടപടികളെന്തെന്നൊരു ചർച്ച പൊതുസമൂഹത്തിൽ ഉരുത്തിരിയാനുള്ള നിമിത്തമാകേണ്ടിയിരുന്നു യഥാർത്ഥത്തിൽ ഈ ആത്മഹത്യ.

ദളിത്‌ ജനതയുടെ ശാക്തീകണത്തെ പറ്റി ഒരക്ഷരം മിണ്ടാതെ, ഏതെങ്കിലുമൊരാളെ കൊണ്ട് രാജിവെപ്പിക്കുക എന്നത് മാത്രം ലക്ഷ്യമായി നിശ്ചയിക്കപ്പെട്ട, പ്രതികാര സ്വഭാവത്തിലുള്ള രോഹിത് വെമുള പ്രതിഷേധത്തിനല്ല,നിരന്തരമായി അവഗണിക്കപ്പെടുന്ന ഒരു ചെറു വിഭാഗത്തിന്റെ ജീവിതസാഹചര്യങ്ങളെ പറ്റിയുള്ള ചർച്ചയായി മാറുന്ന, പോസിറ്റീവ് സ്വഭാവമുള്ളോരു പ്രതിഷേധത്തിന് കാരണമാകേണ്ടതായിരുന്നു അത്.
CfWM_5FUEAAOl3d

പക്ഷേ ഇടതിനെയും വലതിനേയും വഞ്ചകരെന്ന് വിളിച്ചു സി.കെ. ജാനുവടക്കമുള്ളവർ ബി.ജെ.പി ചേരിയിലേക്ക് വന്നു കഴിഞ്ഞ സാഹചര്യത്തിൽ, ആദിവാസികൾ ഉൾപ്പെടെയുള്ള പാർശ്വവൽകൃത സമൂഹങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെങ്കിൽ ഒരു മൂന്നാം രാഷ്ട്രീയം വിടെയുണ്ടാവേണ്ടിയിരിക്കുന്നു എന്ന പൊതു ബോധം ഇവിടെ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നതിനാൽ, ഇത് ഇപ്പോൾ ഭരിക്കുന്നവരുടെ മാത്രം കുറ്റമാണെന്ന് ആരോപിച്ച്, ജയലക്ഷ്മിയും ഉമ്മൻ ചാണ്ടിയും രാജിവെയ്ക്കുക എന്ന് പറഞ്ഞൊരു പതിവ് സമര കലാപരിപാടിയിലൂടെ ആദിവാസി സമൂഹത്തെ വീണ്ടും കൂടെ കൂട്ടാം എന്ന ധരിച്ച ദേശാഭിമാനിക്ക്,

ഇവിടെയൊരു ബദൽ ബോധം ജനിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് സോഷ്യൽ മീഡിയ നിമിഷങ്ങൾക്കകം ബോധ്യപ്പെടുത്തി കൊടുക്കുക പോലും ചെയ്ത അവസ്ഥയിൽ.. ഇനിയങ്ങനെയൊരു ചർച്ചയ്ക്കു പോലും അവർ ഒരുക്കമല്ല. ആദിവാസികളുടെ ദുരവസ്ഥയെ പറ്റിയുള്ള ചർച്ചകൾ നിലവിൽ ബി.ജെ.പിയെ ആണ് സഹായിക്കുക എന്നതിനാൽ, ആദിവാസികളെ പറ്റി ചർച്ചയേ വേണ്ട എന്നാണവരുടെ പക്ഷം.

ഒരു മൂന്നാം ബദൽ വെല്ലുവിളിയായി നിൽക്കുന്നിടത്തോളം കാലം, കേരളത്തെ ഞങ്ങൾ മാറി മാറി പരിപോഷിപ്പിക്കുകയായിരുന്നു എന്ന് സമർത്ഥിക്കുന്ന കേരള മോഡൽ വികസനം എന്ന മിത്തിനെ അവർക്ക് നിലനിർത്തിയേ മതിയാകൂ. കേരള മോഡൽ വികസനം എന്ന് മിത്ത് നിലനിൽക്കണമെങ്കിൽ ശ്രുതിമോളുടെത് ഉൾപ്പെടെയുള്ള ആത്മഹത്യകൾ പട്ടിണി മരണമല്ലെന്ന് സ്ഥാപിച്ചേ മതിയാകൂ. 

അതുകൊണ്ട് ശ്രുതിമോൾ മരിച്ചത് വിശന്നിട്ടുമല്ല,

വിശക്കുന്ന കുട്ടികൾ ഈ നാട്ടിലുമില്ല.

ആദിവാസികളെല്ലാം സുഖിച്ച് കഴിയുകയാണ്.

കേസ് ക്ലോസ്ഡ്‌.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close