KeralaColumns

പ്രിയപ്പെട്ട അഭിലാഷ് മോഹൻ : സ്വാതന്ത്ര്യ സമരത്തെ ഒറ്റിയത് നിങ്ങളുടെ കമ്യൂണിസ്റ്റ് പാർട്ടിയാണ്

വായുജിത്

സ്വാതന്ത്ര്യ സമരവും ആർ.എസ്.എസും എന്ന വിഷയത്തിൽ ചർച്ചകൾ നടക്കുകയാണല്ലോ . സംഘം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തില്ല എന്നൊക്കെയുള്ള വാദങ്ങൾക്ക് താമസിയാതെ മറ്റൊരു ലേഖനത്തിൽ മറുപടി തരാം . എന്നാൽ പ്രമുഖ മാദ്ധ്യമ പ്രവർത്തകനായ അഭിലാഷ് മോഹന് അറിവില്ലാത്തതോ അതോ അറിവില്ലെന്ന് നടിക്കുന്നതോ ആയ ഒരു കാര്യമാണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത് . എല്ലാം കൃത്യമായ രേഖകളുടെ പിൻബലത്തിലാണ് .

പ്രിയപ്പെട്ട അഭിലാഷ് മോഹൻ ! സ്വാതന്ത്ര്യ സമരത്തെ ഒറ്റിയത് നിങ്ങളുടെ കമ്യൂണിസ്റ്റ് പാർട്ടിയാണ്

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യമുയർത്തി അർദ്ധ നഗ്നനായ ഫക്കീറിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമരഭടന്മാർ സൂര്യനസ്തമിക്കാത്ത സാമ്രാജ്യ ശക്തിയോട് പുറത്തു പോകാൻ ആവശ്യപ്പെട്ട ദിനമായിരുന്നു ആഗസ്റ്റ് 9 . രാഷ്ട്രത്തിലെ എല്ലാ മുക്കിലും മൂലയിലും ബ്രിട്ടീഷുകാർ ഇന്ത്യ വിടുക എന്ന മുദ്രാവാക്യം ഉയർന്നു പൊങ്ങിയപ്പോൾ അന്ധമായ സോവിയറ്റ് ദാസ്യത്തിന്റെ പേരിൽ മാതൃഭൂമിയെ ഒറ്റുകൊടുക്കാൻ ബ്രിട്ടീഷുകാർക്ക് കങ്കാണിപ്പണി ചെയ്യുകയായിരുന്നു കമ്യൂണിസ്റ്റുകൾ..

സ്വന്തം മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ലക്ഷങ്ങൾ തെരുവിലിറങ്ങുമ്പോൾ , ജയിലഴികളെണ്ണുമ്പോൾ ആ സമരത്തെ ഒറ്റു കൊടുത്ത് ബ്രിട്ടീഷുകാരന്റെ പാദസേവ ചെയ്യാൻ കമ്യൂണിസ്റ്റ് പാർട്ടിയെ പ്രേരിപ്പിച്ചതെന്താണ് ? കഴിവിന്റെയും കരുത്തിന്റെയും അഭാവത്തിൽ എന്റെ മാതൃഭൂമി സ്വതന്ത്രമാവണേ എന്ന പ്രാർത്ഥനയോടെ അമ്മയുടെ കാൽക്കൽ ഒരു പുഷ്പം  മാത്രം  അർപ്പിക്കാൻ കഴിവുള്ളവർ പോലും ഞാൻ മുൻപേ എന്ന് മത്സരിച്ചപ്പോൾ അതിനെ പുശ്ചിക്കാനും ദേശീയ നേതാക്കളെ അപമാനിക്കാനും കമ്യൂണിസ്റ്റ് പാർട്ടിക്ക് തോന്നിയതെന്തു കൊണ്ടാണ് ?

സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ നിർണായക ഘട്ടങ്ങളിൽ സ്വന്തം മാതൃഭൂമിയെ വഞ്ചിക്കുക, തങ്ങളുടെ ലക്ഷ്യം സാധിക്കുവാൻ വിദേശ രാഷ്ട്രങ്ങളിൽ നിന്ന് പണം കൈപ്പറ്റുക , അവരുടെ പാദസേവകരാവുക , അവർക്ക് വേണ്ടി പ്രചാരവേല നടത്തുക .. ബ്രിട്ടീഷ് പട്ടാളത്തിന്റെ റിക്രൂട്ടിംഗ് ഏജന്റായി പ്രവർത്തിക്കുക.

എന്തുകൊണ്ടാണ് കമ്യൂണിസ്റ്റ് പാർട്ടി സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തത് ?

ഈ ചോദ്യങ്ങൾക്കെല്ലാം ചരിത്രം നൽകുന്നത് ഒരേയൊരുത്തരമാണ് .

മാതൃഭൂമിയായ ഭാരതത്തേക്കാൾ അവർക്ക് കൂറ് പിതൃഭൂമിയായ സോവിയറ്റ് യൂണിയനോടായിരുന്നു .സോവിയറ്റെന്നൊരു നാടുണ്ടത്രെ പോകാൻ കഴിഞ്ഞെങ്കിലെന്ത് ഭാഗ്യം  എന്നതായിരുന്നു കമ്യൂണിസ്റ്റുകളുടെ പ്രധാന മുദ്രാവാക്യം.

Bundesarchiv_Bild_183-R80329,_Josef_Stalin

1920 കളുടെ മദ്ധ്യത്തിൽ ഭാരതത്തിലാരംഭിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനം പിന്നെയും ഒരു പതിറ്റാണ്ടിനു ശേഷമാണ് ശക്തിപ്പെടുന്നത് . സോവിയറ്റ് ഇന്റർനാഷണലിന്റെ തീരുമാനമനുസരിച്ച് മാത്രം ആടാൻ വിധിക്കപ്പെട്ട പാർട്ടി ദേശീയ സമരത്തോട് പുറം തിരിഞ്ഞു നിന്നത് വളർച്ചയെ തടസ്സപ്പെടുത്തി . മനുഷ്യന് മനസ്സിലാകാത്ത നയങ്ങളുടെ രൂപീകരണവും ഇരുട്ടിവെളുക്കുന്നതിനു മുൻപേ അതിൽ നിന്നുള്ള ചുവടുമാറ്റവും വളർച്ചയെ ബാധിച്ചു.

സോവിയറ്റ് യൂണിയനിൽ നിന്ന് കൂട്ട വധശിക്ഷകളുടെ വാർത്തകൾ പുറത്ത് വന്നു കൊണ്ടിരുന്ന 1934 -39 കാലഘട്ടത്തിൽ ഈ എം എസും , എ കെ ഗോപാലനും കെ ദാമോദരനും പി കൃഷ്ണപിള്ളയും അടക്കമുള്ളവരായിരുന്നു കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കൾ . പോളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് പോലും സ്റ്റാലിൻ ഭരണത്തിൽ ജീവൻ നഷ്ടപ്പെട്ട കാലം. തനിക്ക് സംശയം തോന്നുന്നവരെയെല്ലാം വർഗ്ഗശത്രുവെന്ന് മുദ്രകുത്തി സ്റ്റാലിൻ അവസാനിപ്പിച്ചു . പതിനേഴാം പാർട്ടി കോൺഗ്രസിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ എഴുപത് ശതമാനത്തോളം പേർ കൂട്ടക്കൊല ചെയ്യപ്പെട്ടു .

മനുഷ്യാവകാശ ധ്വംസനങ്ങളുടെ എണ്ണമറ്റ സംഭവങ്ങൾ സോവിയറ്റ് യൂണിയനിൽ അരങ്ങേറുമ്പോഴും ഇന്ത്യൻ കമ്യൂണിസ്റ്റുകൾക്ക് സ്റ്റാലിൻ മഹത്തായ ആചാര്യനായിരുന്നു. വഴികാട്ടുന്ന നക്ഷത്രവും ലോക സോഷ്യലിസത്തിന്റെ നേതാവുമായിരുന്നു . ഈ സോവിയറ്റ് ദാസ്യമാണ് ക്വിറ്റിന്ത്യാ സമരത്തെ ഒറ്റുകൊടുക്കുന്നതിലേക്ക് കമ്യൂണിസ്റ്റുകളെ നയിച്ചത് .

TN

1936 – 38 കാലഘട്ടത്തിൽ കമ്യൂണിസ്റ്റ്കാരുടെ ഒന്നാം നമ്പർ ശത്രു ഫാസിസ്റ്റുകളായിരുന്നു. സോവിയറ്റ് യൂണിയനെ തകർക്കാൻ ശ്രമിക്കുന്നുവെന്നതായിരുന്നു ഫാസിസ്റ്റുകളുടെ മേൽ ആരോപിക്കപ്പെട്ട പ്രധാന കുറ്റം .

എന്നാൽ രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്നതിനു തൊട്ടു മുൻപ് സോവിയറ്റ് യൂണിയനും ജർമ്മനിയും അനാക്രമണ സന്ധിയിൽ ഒപ്പുവച്ചത് കാര്യങ്ങൾ മാറ്റി മറിച്ചു . 1939 ആഗസ്റ്റ് 23 ന് മോളോടോവ് – റിബ്ബൻ ട്രോപ്പ് സന്ധി പ്രകാരം ഇരു രാജ്യങ്ങളും പരസ്പരം ആക്രമിക്കുകയില്ലെന്ന് മാത്രമല്ല ഒരാൾ മറ്റൊരാളുടെ ശത്രുവിനെ സഹായിക്കുകയുമില്ലെന്ന് തീരുമാനിക്കപ്പെട്ടു . ഈ കരാറിന് മറ്റൊരു രഹസ്യമുഖവുമുണ്ടായിരുന്നു .

റൊമാനിയ , പോളണ്ട് , ലിത്വാനിയ, ലാത്വിയ, എസ്റ്റോണിയ , ഫിൻലാൻഡ് എന്നീ രാജ്യങ്ങളെ പങ്കിട്ടെടുക്കാനുള്ള രഹസ്യ തീരുമാനവും സ്റ്റാലിനും ഹിറ്റ്ലറും അംഗീകരിച്ച കരാറിലുണ്ടായിരുന്നു . സോവിയറ്റ് നോക്കികളായ ഇന്ത്യൻ കമ്യൂണിസ്റ്റുകൾ വീണ്ടും പ്രതിസന്ധിയിലായി . ഫാസിസ്റ്റുകൾ തങ്ങളുടെ പിതൃഭൂമിയോട് സഖ്യത്തിലെത്തിയതോടെ ഒന്നാം നമ്പർ ശത്രുവായി ഇക്കുറി സാമ്രാജ്യത്വം അവരോധിക്കപ്പെട്ടു .

കമ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ യുദ്ധകാലത്തെ നയത്തിൽ ഫ്രാൻസും ഇംഗ്ലണ്ടും ലോക സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയുയർത്തുന്ന രാജ്യങ്ങളായി മാറി . സ്റ്റാലിനോട് സഖ്യമുണ്ടാക്കിയ ഹിറ്റ്ലർ വേണ്ടപ്പെട്ടവനുമായി. രക്തരൂക്ഷിതമായ നീക്കത്തിലൂടെ ജർമ്മനി പോളണ്ടിനെ വിഭജിച്ചെടുത്തതും കമ്യൂണിസ്റ്റ് പാർട്ടി ന്യായീകരിച്ചു . സോവിയറ്റ് യൂണിയന്റെ താത്പര്യമാണ് മനുഷ്യവംശത്തിന്റെ താത്പര്യമെന്ന് അവർ താത്വിക വിശദീകരണങ്ങൾ നൽകി . 1939 ൽ സോവിയറ്റ് റഷ്യ ഫിൻലൻഡിനെ ആക്രമിച്ചതിനേയും ഇന്ത്യൻ കമ്യൂണിസ്റ്റുകൾ ഉളുപ്പില്ലാതെ ന്യായീകരിച്ചു.

Davidlowrendezvous

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് നിർദ്ദേശങ്ങൾ കിട്ടിയിരുന്നത് മോസ്കോയിൽ നിന്നാണെങ്കിലും അത് വരുന്നത് ബ്രിട്ടൻ വഴിയായിരുന്നു. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് ഹാരി പോളിറ്റ് വഴിയായിരുന്നു നിർദ്ദേശങ്ങൾ ഇന്ത്യയിലെത്തിയിരുന്നത് .

1939 ആഗസ്റ്റിൽ കോൺഗ്രസ് അംഗീകരിച്ച പ്രമേയം യുദ്ധത്തിൽ ആക്രമണത്തിനിരയായ രാഷ്ട്രങ്ങളോട് സഹാനുഭൂതി പ്രകടിപ്പിച്ചു . എങ്കിലും ഫാസിസ്റ്റുകളെ തടയാൻ സഹായിക്കണമെങ്കിൽ ആദ്യം ഭാരതത്തിന് സ്വാതന്ത്ര്യം നൽകണമെന്നായിരുന്നു പ്രമേയത്തിലെ ആവശ്യം . എതാനും ആഴ്ചകൾ കഴിഞ്ഞ് യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഗാന്ധിജി ഈ ആവശ്യം ആവർത്തിച്ചു . മാത്രമല്ല അഹിംസാധിഷ്ടിതമായ സ്വാതന്ത്ര്യസമരം തുടരുമെന്നും എന്നാൽ ബ്രിട്ടന്റെ യുദ്ധ ശ്രമങ്ങളെ എതിർക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി..

സോവിയറ്റ് യൂണിയൻ ജർമ്മനിയുമായി സഖ്യത്തിലായത് കൊണ്ട് മാത്രം ബ്രിട്ടൻ ഇന്ത്യൻ കമ്യൂണിസ്റ്റുകളുടെ കടുത്ത ശത്രുവായി . ബ്രിട്ടനും ഫ്രാൻസും ഒരു ഭാഗത്തും ജർമ്മനി മറുഭാഗത്തുമായി നടത്തുന്ന യുദ്ധം സാമ്രാജ്യത്വ യുദ്ധമാണെന്ന് കമ്യൂണിസ്റ്റുകൾ വ്യക്തമാക്കി. ഈ അവസരം ഉപയോഗപ്പെടുത്തി ബ്രിട്ടീഷുകാരുടെ യുദ്ധശ്രമങ്ങളെ തടസ്സപ്പെടുത്തുകയാണ് വേണ്ടതെന്ന് അവർ വാദിച്ചു . അങ്ങനെ ചെയ്യുമ്പോൾ ഇന്ത്യയുടെ സ്വാതന്ത്ര്യമാണ് അവരുടെ ലക്ഷ്യമെന്ന് കരുതിയാൽ തെറ്റി . പിതൃഭൂമിയായ സോവിയറ്റ് റഷ്യയുടെ താത്പര്യമായിരുന്നു പ്രധാനം

ഗാന്ധിജിയുടെ സമരനയങ്ങളെ കടന്നാക്രമിച്ച് കൊണ്ട് കമ്യൂണിസ്റ്റ് പാർട്ടി ലഘുലേഖകൾ ഇറക്കി . കോൺഗ്രസ് ബൂർഷ്വകളുടെ പാർട്ടിയാണെന്നും ഗാന്ധിജി ബൂർഷ്വാ നേതാവാണെന്നുമായിരുന്നു ആരോപണം. സുഭാഷ് ബോസിനെ അവർ കുരുടൻ മിശിഹായെന്നു വിളിച്ചു . യുദ്ധകാര്യങ്ങളിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യുന്നുവെന്നും ഈ പരിപാടി കൊണ്ട് സ്വാതന്ത്ര്യം ലഭിക്കില്ലെന്നും കമൂണിസ്റ്റുകൾ പ്രഖ്യാപിച്ചു .

84945144-23-12-2013-21-29-07

1941 ആയപ്പോഴേക്കും ഗാന്ധിജിക്കെതിരെയുള്ള പരിഹാസം അങ്ങേയറ്റമെത്തി ..അപ്രസക്തനായ നിന്ദകാ വായടയ്ക്കൂ എന്നാണ് ഗാന്ധിജിയോട് കമ്യൂണിസ്റ്റുകൾ ആവശ്യപ്പെട്ടത്.ഗാന്ധിസം തകർച്ചയിലെത്തിയിരിക്കുന്നു . ഇത് അഹിംസാത്മക ആത്മഹത്യയാണ് ..കോൺഗ്രസ് പടുത്തുയർത്തുന്നതെല്ലാം ഗാന്ധിസത്തിന്റെ കീഴിൽ വിനാശമടയും . എന്ന് അവർ പ്രഖ്യാപിച്ചു.

റഷ്യയുടെ സഖ്യകക്ഷിയായ ജർമ്മനിയുടെ എതിരാളിയാണ് ബ്രിട്ടൻ എന്നതല്ലാതെ സ്വാതന്ത്ര്യ ദാഹമൊന്നുമായിരുന്നില്ല ഈ നിലപാടിന് പിന്നിൽ . ഗാന്ധിയൻ നയങ്ങളെ തോൽപ്പിക്കാൻ ഗാന്ധിയൻ തത്വങ്ങൾ പോരാ എന്നുറച്ച് പാർട്ടി അക്രമാത്മക സമരത്തിനാഹ്വാനം ചെയ്തു . കേരളത്തിൽ പലയിടത്തും കോൺഗ്രസ് നേതാക്കളെ തടഞ്ഞു . കെ കേളപ്പനുൾപ്പെടെയുള്ള നേതാക്കളുടെ പരിപാടി പോലും തടസ്സപ്പെടുത്തി . സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമായതോടെ പോലീസും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടലുകളും നടന്നു . 1941 മാർച്ച് 27 ന് സുബ്ബരായൻ എന്ന പോലീസുകാരനെ കൊലപ്പെടുത്തുന്നതിലേക്കെത്തിയ കയ്യൂർ സമരം നടന്നതും ഈ പ്രക്ഷോഭങ്ങളുടെ ഭാഗമായായിരുന്നു .

സോവിയറ്റ് യൂണിയനെ സഹായിക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യമെങ്കിലും ബ്രിട്ടീഷ് വിരുദ്ധ നിലപാട് ജനപിന്തുണ ഉയർത്താൻ കമ്യൂണിസ്റ്റ് പാർട്ടിയെ സഹായിച്ചു . പക്ഷേ കാര്യങ്ങൾ മാറി മറിഞ്ഞത് പെട്ടെന്നായിരുന്നു ..

1941 ജൂൺ 22 ന് അനാക്രമണ സന്ധിയിൽ നിന്ന് പിന്മാറിയ ജർമ്മനി റഷ്യയെ ആക്രമിച്ചു .

ഇന്ത്യൻ കമ്യൂണിസ്റ്റുകൾക്ക് നിർദ്ദേശങ്ങളെത്തിക്കുന്ന ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി സ്വരം മാറ്റി .ഇനി മുതൽ കമ്യൂണിസ്റ്റുകൾ ബ്രിട്ടന്റെ യുദ്ധശ്രമങ്ങളെ പിന്തുണയ്ക്കണമെന്ന് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ഹാരി പോളിറ്റ് ആഹ്വാനം ചെയ്തു.. ഹാരി പോളിറ്റിന്റെ നയം മാറ്റം മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും അത് സാമ്രാജ്യത്വ ഗൂഢാലോചനയാണെന്നായിരുന്നു ഇന്ത്യൻ കമ്യൂണിസ്റ്റുകളുടെ അവകാശ വാദം. ഇതിനിടയിൽ പുതിയ താത്വിക വിശദീകരണം ഇറക്കാനും അവർ മടിച്ചില്ല

ബ്രിട്ടനും ജർമ്മനിയും നടത്തുന്ന യുദ്ധം ഇപ്പോഴും സാമ്രാജ്യത്വ യുദ്ധം തന്നെയാണ് . എന്നാൽ സോവിയറ്റ് യൂണിയൻ നടത്തുന്നത് ആത്മരക്ഷയ്ക്കുള്ള വിപ്ലവ യുദ്ധമാണ് .

സോവിയറ്റ് യൂണിയനും ബ്രിട്ടനും സഖ്യകക്ഷികളായതോടെ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ താത്വിക വൈഭവം കാര്യമായി പരീക്ഷിക്കപ്പെട്ടു . ഒടുവിൽ രണ്ട് യുദ്ധങ്ങളാണ് നടക്കുന്നതെന്ന രസകരമായ വാദത്തിലെത്തി അവർ .പാശ്ചാത്യ നിരയിൽ സാമ്രാജ്യത്വ യുദ്ധവും പൗരസ്ത്യ നിരയിൽ ജനകീയ യുദ്ധവും. അതായത് റഷ്യയും ജർമ്മനിയും തമ്മിൽ നടക്കുന്നത് ജനകീയ യുദ്ധം . ബ്രിട്ടനും ജർമ്മനിയും തമ്മിൽ നടക്കുന്നത് സാമ്രാജ്യത്വ യുദ്ധം .

(പി സി ജോഷി )

ഈ അസംബന്ധവാദം അധികം നീണ്ടുനിന്നില്ല . റഷ്യയിൽ നിന്ന് കല്ലേപിളർക്കുന്ന കൽപ്പന ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ചു .

യുദ്ധം അവിഭാജ്യമാണ് .. !

കമ്യൂണിസ്റ്റ് പാർട്ടി മാസങ്ങളായി അനുഭവിച്ച അനിശ്ചിതത്വത്തിന് ശമനമായി . സാമ്രാജ്യത്വ യുദ്ധം ഒറ്റയടിക്ക് ജനകീയ യുദ്ധമായി . ഇന്ത്യക്ക് സ്വാതന്ത്ര്യം തന്നാൽ ഫാസിസ്റ്റുകൾക്കെതിരായ യുദ്ധത്തെ പിന്തുണയ്ക്കാമെന്ന് ബ്രിട്ടനോട് കോൺഗ്രസ് പറഞ്ഞതിനെ നിശിതമായി എതിർത്ത പാർട്ടി ബ്രിട്ടന് നിരുപാധികം പിന്തുണ നൽകാൻ തയ്യാറായി ..

അതിനവർ പറഞ്ഞ ന്യായമായിരുന്നു ബഹുകേമം ..

നമുക്ക് സൈദ്ധാന്തികമായ നിലപാടുണ്ട് . അതിനാൽ സഹായം നിരുപാധികമായിരിക്കും ..

അതേ സമയം കോൺഗ്രസിനെ അടിച്ചമർത്തുന്ന ബ്രിട്ടീഷ് നയം കൂടുതൽ ശക്തമായി . ജനകീയ യുദ്ധത്തിന് നിരുപാധിക പിന്തുണ നൽകിയ കമ്യൂണിസ്റ്റുകളോട് ബ്രിട്ടനുള്ള സ്നേഹം വർദ്ധിക്കുകയും ചെയ്തു . മാത്രമല്ല ബ്രിട്ടീഷ് സർക്കാരും കമ്യൂണിസ്റ്റ് പാർട്ടിയും സഹകരിച്ച് പ്രവർത്തിക്കാനുമാരംഭിച്ചു .

ഈ രഹസ്യബാന്ധവത്തിനുള്ള തീരുമാനം പാർട്ടിയെടുത്തത് `1941 നവംബറിലാണ് . ബ്രിട്ടീഷ് സർക്കാരിന്റെ യുദ്ധശ്രമങ്ങൾക്ക് നിരുപാധിക പിന്തുണ നൽകാൻ തയ്യാറാണെന്ന് കാണിച്ചു കൊണ്ട് കമ്യൂണിസ്റ്റ് പാർട്ടിയുടെ ദൂതൻ , വൈസ്രോയി കൗൺസിലിലെ ആഭ്യന്തര കാര്യങ്ങളുടെ ചുമതലയുള്ള സർ റജിനാൾഡ് മാക്സ് വെല്ലിനെ സമീപിച്ചു. തടവിൽ കഴിയുന്ന മുഴുവൻ കമ്യൂണിസ്റ്റ് കാരേയും വിട്ടയക്കണമെന്ന് അപേക്ഷിച്ചു .

യുദ്ധശ്രമങ്ങളോടുള്ള കാഴ്ചപ്പാട് മാറിയെന്നും ഇപ്പോൾ നടക്കുന്ന യുദ്ധം ജനകീയ യുദ്ധമാണെന്ന് തിരിച്ചറിഞ്ഞെന്നും യുദ്ധത്തെ സഹായിക്കണമെങ്കിൽ ജയിലിൽ നിന്ന് പുറത്ത് വരണമെന്നും എഴുതിക്കൊടുത്തത് അനുസരിച്ച് കമ്യൂണിസ്റ്റ് നേതാക്കളെയെല്ലാം സർക്കാർ വിട്ടയച്ചു . സുനിൽ മുഖർജി , രാഹുൽ സംകൃത്യായൻ , എസ് വി ഘാട്ടെ , എസ് എ ഡാങ്കെ , ബി ടി രണദിവേ , ഡി എൻ മജുംദാർ തുടങ്ങിയ നേതാക്കൾ മോചിതരായി .

danke-ghatte-ems

ബ്രിട്ടൻ പങ്കെടുത്തുകൊണ്ടിരിക്കുന്ന യുദ്ധം ജനകീയ യുദ്ധമായി തങ്ങൾ കാണുന്നുവെന്നും ഇതിൽ സർക്കാരിനെ സഹായിക്കാൻ ജയിലിനകത്തും പുറത്തുമുള്ള സഖാക്കൾ ഉൽക്കടമായ അഭിലാഷം കൊണ്ട് ജ്വലിക്കുകയാണെന്നും ഇത് സാദ്ധ്യമാക്കാൻ എല്ലാ കമ്യൂണിസ്റ്റ് തടവുകാരേയും നിരുപാധികം വിട്ടയയ്ക്കണമെന്നും രഹസ്യ രേഖയിൽ പാർട്ടി അറിയിച്ചു .

പുതിയ പ്രസിദ്ധീകരണങ്ങൾ ആരംഭിക്കാൻ അനുവദിക്കണമെന്നും നിലവിൽ നിരോധിക്കപ്പെട്ടവ പുനസ്ഥാപിക്കണമെന്നും പാർട്ടി ബ്രിട്ടനോട് അപേക്ഷിച്ചു . അങ്ങനെ ചെയ്യുന്ന പക്ഷം സർക്കാരിന്റെ യുദ്ധശ്രമങ്ങളെ പിന്തുണയ്ക്കാൻ വ്യാപകമായ പ്രചാരണം അഴിച്ചു വിടാമെന്ന് അവർ സർക്കാരിന് ഉറപ്പ് നൽകി .

അതിന് തയ്യാറാക്കി നൽകിയ കർമ്മ പദ്ധതിയാകട്ടെ അവിശ്വസനീയമാം വിധം രാജ്യവിരുദ്ധവും സ്വാതന്ത്ര്യസമരത്തെ ഒറ്റു കൊടുക്കുന്നതുമായിരുന്നു

രാജ്യമെങ്ങും ഫാസിസ്റ്റ്യ് വിരുദ്ധറാലികൾ സംഘടിപ്പിക്കുന്നതിനും ബ്രിട്ടന്റെ യുദ്ധശ്രമങ്ങളെ പിന്തുണയ്ക്കാൻ ജനങ്ങളെ ബോധവത്കരിക്കുന്നതിനുമായി ജയിൽ വിമോചിതരായ നേതാക്കളെ എല്ലായിടത്തും അയയ്ക്കും. രണ്ടാം ഘട്ടത്തിൽ പൊരുതുന്ന സൈന്യത്തിന്റെ വിവിധ വിഭാഗങ്ങളിലേക്ക് ആളെ റിക്രൂട്ട് ചെയ്യാനും തയ്യാറാണെന്ന് പാർട്ടി വാക്കു നൽകി .മാത്രമല്ല ചാവേറ്റു പടകൾ രൂപീകരിച്ച് ഗറില്ലാ യുദ്ധത്തിന് സ്വന്തം സഖാക്കളേയും വിദ്യാർത്ഥികളേയും കർഷകരേയും തയ്യാറാക്കുമെന്നും അറിയിച്ചു . എന്തിനേറെ പട്ടാളക്കാർക്ക് വിനോദത്തിനായി വിദ്യാർത്ഥി – വിദ്യാർത്ഥിനികളുടെ സംഗീത നൃത്ത പരിപാടികൾ സംഘടിപ്പിക്കാൻ തയ്യാറാണെന്നു പോലും എഴുതി നൽകാൻ പാർട്ടി മടിച്ചില്ല .

യുദ്ധത്തിൽ രക്തം ചിന്താൻ മാത്രമല്ല ആവശ്യമായ മേഖലകളിൽ ഉത്പാദനം തടസ്സപ്പെടാതെ നോക്കാനും തങ്ങൾ തയ്യാറാണെന്ന് രഹസ്യ രേഖയിൽ പാർട്ടി അറിയിച്ചു . ഈ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കാൻ പാർട്ടിയുടെ സമുന്നത നേതാക്കളായ പി സി ജോഷി , പി സുന്ദരയ്യ , ഈ എം എസ് തുടങ്ങിയവർക്കെതിരേയുള്ള വാറന്റുകളും മറ്റ് ഉത്തരവുകളും പിൻ വലിക്കണമെന്നും പാർട്ടി രഹസ്യ രേഖയിൽ ആവശ്യപ്പെട്ടു . 1942 ഏപ്രിൽ 23 ന് നൽകിയ രഹസ്യ രേഖയ്ക്കനുസരിച്ച് ഏപ്രിൽ 30 ന് പി സി ജോഷിക്കെതിരെയുള്ള എല്ലാ അറസ്റ്റ് വാറന്റുകളും ബ്രിട്ടീഷ് സർക്കാർ പിൻ വലിച്ചു .

കമ്യൂണിസ്റ്റ് പാർട്ടിയുടെ വഞ്ചനാപരമായ നിലപാടുകൾ അണിയറയിൽ  തയ്യാറാകുന്നതിനിടെയായിരുന്നു 1942 മാർച്ച് 11 ന് സർ സ്റ്റാഫോർഡ് ക്രിപ്സിന്റെ കീഴിൽ ഒരു ദൗത്യ സംഘത്തെ ബ്രിട്ടൻ ഭാരതത്തിലേക്കയച്ചത് . രണ്ടാം ലോക മഹായുദ്ധത്തിൽ ഇന്ത്യൻ പിന്തുണ ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം . എന്നാൽ അനിശ്ചിതത്വം നിറഞ്ഞ വാഗ്ദാനങ്ങളിൽ വീഴാൻ കോൺഗ്രസ് തയ്യാറല്ലായിരുന്നു . ക്രിപ്സിന്റെ നിർദ്ദേശങ്ങൾ ഏപ്രിൽ 10 , 12 തീയതികളിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി തള്ളിക്കളഞ്ഞു. തുടർന്ന് ജൂലൈ 6 മുതൽ 14 വരെ വാർദ്ധയിൽ നടന്ന പ്രവർത്തക സമിതി യോഗത്തിൽ ക്വിറ്റ് ഇന്ത്യാ പ്രമേയം പിറവിയെടുത്തു . ആഗസ്റ്റ് 8 ന് എ ഐ സി സി ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കി ..

അതേ സമയം കമ്യൂണിസ്റ്റ്കാർക്കെതിരെ പുറപ്പെടുവിച്ച എല്ലാ വാറന്റുകളും 1942 ഏപ്രിലിൽ സർക്കാർ റദ്ദാക്കി . പാർട്ടിക്കും പാർട്ടി പ്രസിദ്ധീകരണങ്ങൾക്കും ഏർപ്പെടുത്തിയ നിരോധനം പിൻ വലിച്ചു . തടവിൽ കഴിഞ്ഞിരുന്ന കമ്യൂണിസ്റ്റ് നേതാക്കളെ വിട്ടയച്ചു . 1942 ജൂലൈ 22 ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനം സർക്കാർ നീക്കിയപ്പോൾ അതേ വർഷം ജൂലൈ 24 ന് കയ്യൂർ സമരത്തിന്റെ വിധി വന്നു . സാമ്രാജ്യത്വ യുദ്ധം ജനകീയ യുദ്ധമായി മാറിയപ്പോൾ , കയ്യൂർ സഖാക്കൾക്ക് പക്ഷേ കോടതി വിധിച്ചത് കഴുമരമാണ് . സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭം നടത്തി ജയിലിലായ അവർ സത്യത്തിൽ വഞ്ചിക്കപ്പെടുകയായിരുന്നു.

(ബ്രിട്ടീഷുകാരുടെ കൂടെ നിന്ന് യുദ്ധത്തെ സഹായിക്കാമെന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉറപ്പുകൊടുത്തതുമൂലം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരെ ജയില്‍ മോചിതരാക്കാന്‍ പ്രവിശ്യാ സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്ന ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ അന്നത്തെ അഡീഷണല്‍ സെക്രട്ടറി സര്‍ റിച്ചാര്‍ഡ് ടോട്ടന്‍ഹാം. രേഖകൾ നാഷണൽ ആർക്കൈവ്സിൽ നിന്ന് . കടപ്പാട് – കേരളീയം ഫേസ്ബുക്ക് പേജ് )

ബ്രിട്ടീഷുകാർക്ക് നൽകിയ രഹസ്യ രേഖയിൽ പറഞ്ഞതുപോലെ കോൺഗ്രസിനേയും നേതാക്കളേയും ക്വിറ്റ് ഇന്ത്യാ സമരത്തേയും പീപ്പിൾസ് വാർ എന്ന തങ്ങളുടെ പ്രസിദ്ധീകരണത്തിലൂടെ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി പരിഹസിച്ചു . മുൻപ് ഗാന്ധിജിയേയും ദേശീയ പ്രസ്ഥാനങ്ങളേയും അപലപിച്ചത് ബ്രിട്ടീഷ് യുദ്ധശ്രമങ്ങളെ തടസ്സപ്പെടുത്താത്തതിനാണെങ്കിൽ ഇപ്പോൾ ബ്രിട്ടനെ യുദ്ധത്തിൽ പിന്തുണയ്ക്കാത്തതിനായിരുന്നു ആക്ഷേപം .

ഇല്ലാത്ത ജാപ്പനീസ് ആക്രമണത്തിന്റെ പേരു പറഞ്ഞ് നേതാജി സുഭാഷ് ചന്ദ്രബോസിനെ നിന്ദിക്കാനും പരിഹസിക്കാനും അവർ തയ്യാറായി. കേരളത്തിലെ അവസ്ഥയും മറ്റൊന്നായിരുന്നില്ല . 1942 ഒക്ടോബർ 4 ന്റെ ദേശാഭിമാനിയിൽ പി കൃഷ്ണപിള്ള സുഭാഷ് ബോസിനെ നിന്ദ്യനായ വഞ്ചകൻ എന്ന് വിശേഷിപ്പിച്ചു . സുഭാഷ് ബോസിനെ ജപ്പാന്റെ കാൽ നക്കിയായും അഞ്ചാം പത്തിയായും ഫാസിസ്റ്റായും മുദ്രകുത്തി .

479

നേതാജി സുഭാഷ് ചന്ദ്രബോസിനെതിരെ കേരളത്തിലെ കമ്യൂണിസ്റ്റുകൾ വിളിച്ച മുദ്രാവാക്യങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് ഇങ്ങനെയായിരുന്നു ..

ഞങ്ങടെ നേതാവല്ലീ ചെറ്റ
ജപ്പാൻ കാരുടെ കാൽ നക്കി

ക്വിറ്റിന്ത്യാ സമരത്തെ തകർക്കാൻ തങ്ങളുടെ സംഘടനാ സംവിധാനം ഉപയോഗിച്ചതെങ്ങനെയെന്ന് വിശദീകരിച്ച് 1943 മാർച്ച് 15 ന് 120 പേജ് വരുന്ന പ്രവർത്തന റിപ്പോർട്ട് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പി സി ജോഷി റെജിനാൾഡ് മാക്സ് വെല്ലിന്റെ മുന്നിൽ സമർപ്പിച്ചു .

സമരത്തെത്തുടർന്ന് അടച്ച ഫാക്ടറികൾ തുറപ്പിച്ചു . തൊഴിലാളി വർഗ്ഗങ്ങളെ സമരം ചെയ്യുന്നതിൽ നിന്ന് തടഞ്ഞു . ക്ലാസ് ബഹിഷ്കരിച്ച വിദ്യാർത്ഥികളെ അതിൽ നിന്ന് പിന്തിരിപ്പിച്ചു. പലയിടത്തും നടന്ന അട്ടിമറി ശ്രമങ്ങൾ തടഞ്ഞു . കോൺഗ്രസ് നേതാക്കളെ തെറ്റായി നയിക്കപ്പെട്ട ദേശീയവാദികളായി പരിഹസിച്ചു . സുഭാഷ് ബോസുൾപ്പെടെയുള്ള ഐ എൻ എ സമര ഭടന്മാർ അഞ്ചാം പത്തികളാണെന്ന് പ്രചരിപ്പിച്ചു .

( കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി – പിസി ജോഷി – റെജിനാൾഡ് മാക്സ്വെല്ലിനയച്ച കത്ത് – ബ്രിട്ടീഷ് ലൈബ്രറി -നാഷണൽ ആർക്കൈവ്സ് )  കടപ്പാട് കേരളീയം ഫേസ്ബുക്ക് പേജ്

1943 മേയ് 23 മുതൽ ജൂൺ 1 വരെ ബോംബെയിൽ വച്ച് ബ്രിട്ടീഷ് സർക്കാരിന്റെ അനുമതിയോടെ കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് നടത്തപ്പെട്ടു . ദേശീയ നേതാക്കളേയും സായുധ വിപ്ലവകാരികളേയും നിശിതമായി വിമർശിക്കാനും പരിഹസിക്കാനും ഈ അവസരം പാർട്ടി ഉപയോഗപ്പെടുത്തി . സുഭാഷ് ബോസിനെ വഞ്ചകനെന്നും രാഷ്ട്രീയ മാരക വ്യാധിയെന്നും മുറിച്ച് മാറ്റേണ്ട കേടു ബാധിച്ച അവയവമെന്നും വിശേഷിപ്പിച്ചു . ഗാന്ധിജിയെ കണക്കിന് പരിഹസിച്ചു . യുദ്ധകാലത്ത് ബ്രിട്ടീഷ് സർക്കാരിനെ ക്ഷാമം ബാധിക്കാതിരിക്കാൻ ഭക്ഷ്യ വിഭവങ്ങളുടെ ഉത്പാദനം വർദ്ധിപ്പിച്ച കർഷക സഖാക്കളുടെ പ്രവർത്തനത്തിൽ അഭിമാനം കൊണ്ടു .

ബ്രിട്ടീഷുകാർക്ക് അനുകൂലമായി പ്രൊപ്പഗൻഡ മെഷീനറി പ്രവർത്തിച്ചത് ചൂണ്ടിക്കാണിച്ചു കൊണ്ട്  പ്രസിദ്ധീകരണങ്ങൾ കൂടുതൽ അടിച്ചിറക്കാൻ ബ്രിട്ടീഷുകാരോട് പൈസ ചോദിച്ചു കമ്യൂണിസ്റ്റ് പാർട്ടി . അതിന്റെ രേഖകൾ

( ബ്രിട്ടീഷുകാരെ ജനങ്ങൾ ആക്രമിക്കാതിരിക്കാൻ ഊർജ്ജ സ്വലതയോടെ നിന്ന ഒറ്റ പാർട്ടി കമ്യൂണിസ്റ്റ് പാർട്ടിയാണെന്ന് സമ്മതിക്കുന്ന രേഖ – നാഷണൽ ആർക്കൈവ്സിൽ നിന്ന് –  കടപ്പാട് – കേരളീയം ഫേസ്ബുക്ക് പേജ് – )

1944 മാർച്ച് 6 ന് ഗാന്ധിജി വിട്ടയയ്ക്കപ്പെട്ടു . കമ്യൂണിസ്റ്റുകാർ കാണിച്ച വഞ്ചനയെപ്പറ്റി മനസ്സിലാക്കിയ ഗാന്ധിജി പി സി ജോഷിയുമായി കത്തിടപാടുകൾ ആരംഭിച്ചു . മുൻപ് ഗാന്ധിജിയെ അപ്രസക്തനായ നിന്ദകനെന്നും വഞ്ചകനായ ബൂർഷ്വാസിയെന്നും വിളിച്ച അതേ നാവു കൊണ്ട് നമ്മുടെ ജനതയുടെ മഹാനായ നേതാവ് എന്ന് വിളിക്കാൻ പാർട്ടിക്ക് മടിയുണ്ടായില്ല . എന്നാൽ ഈ മുഖസ്തുതികളിൽ ഗാന്ധിജി വീണില്ല എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു . ബ്രിട്ടനാകട്ടെ യുദ്ധത്തിനു ശേഷം ആവശ്യം കഴിഞ്ഞപ്പോൾ വലിച്ചെറിയേണ്ട കറിവേപ്പിലയായി മാത്രമാണ് കമ്യൂണിസ്റ്റ് പാർട്ടിയെ കണ്ടത് . സ്വന്തം ജനതയെ വഞ്ചിച്ച് പാർട്ടിക്ക് കാര്യമായി ഒന്നും നേടാൻ കഴിഞ്ഞതുമില്ലെന്ന് പിൽക്കാല ചരിത്രം സാക്ഷ്യപ്പെടുത്തുന്നു .

( ഗാന്ധിജി പിസി ജോഷിക്ക് അയച്ച കത്ത് )

ക്വിറ്റിന്ത്യാ സമരം പൊളിച്ചതിന്റെ മുഴുവൻ മഹത്വവും അവകാശപ്പെട്ടു കൊണ്ട് പി സി ജോഷി 1942 മാർച്ച് 15 ന് സമർപ്പിച്ച ആ റിപ്പോർട്ട് ഒരർത്ഥത്തിൽ ബ്രിട്ടീഷ് പാദസേവയുടെ യഥാർത്ഥ നയരേഖ തന്നെയായിരുന്നു . വിരോധാഭാസമെന്ന് പറയട്ടെ ഈ നയരേഖയും റിപ്പോർട്ടുകളും കൈമാറി പതിനാലാമത്തെ ദിവസം കയ്യൂർ സമര സഖാക്കൾ തൂക്കിലേറ്റപ്പെട്ടു . സർക്കാരിന്റെ മുന്നിൽ വിശ്വാസ്യത തെളിയിക്കാനുള്ള നെട്ടോട്ടത്തിനിടെ സാമ്രാജ്യത്വയുദ്ധ സമയത്ത് ജയിലിലായ സ്വന്തം സഖാക്കളെ കമ്യൂണിസ്റ്റുകൾ മറന്ന് പോയിരുന്നു ..എന്തിനു വേണ്ടിയാണോ പോരാടിയത് അതിന്റെ നേരേ വിപരീത ദിശയിൽ പാർട്ടി എത്തി നിൽക്കുമ്പോഴാണ് അവർക്ക് ജീവൻ വെടിയേണ്ടി വന്നത് . അതും ബ്രിട്ടന്റെ സഖ്യകക്ഷിയെന്ന പോലെ പ്രവർത്തിക്കുമ്പോഴാണത് സംഭവിച്ചതും .

ജന്മമെടുത്ത് ഒൻപത് പതിറ്റാണ്ടുകളായെങ്കിലും ഭാരതത്തിൽ നിർണായക ശക്തിയാകാൻ ഇന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല . നിലവിലുള്ള സ്വാധീനം പോലും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു . ഗീബൽസിനെപ്പോലും തോൽപ്പിക്കുന്ന ബൗദ്ധിക വായ്ത്താരികൾ വെറും വാചാടോപങ്ങളായാണ് പരിഗണിക്കപ്പെടുന്നത് . ജന ഹൃദയങ്ങൾ പിടിച്ചെടുക്കാനുള്ള വേദികളിൽ അമ്പേ പരാജയപ്പെടുന്നു .ഭാരതമൊട്ടുക്കും ക്വിറ്റ് ഇന്ത്യാസമരത്തെ ഒറ്റുകൊടുക്കാൻ പോരാടിയ പാർട്ടി ഇന്ന് വിരലിലെണ്ണാവുന്ന കേന്ദ്രങ്ങളിൽ മാത്രമായി ചുരുങ്ങുന്നു ….

അതെ ..

അന്ധമായ സോവിയറ്റ് ദാസ്യത്തിന്റെ പേരിൽ ജന്മനാടിനെയും പ്രവർത്തകരേയും ഒറ്റു കൊടുത്തതിന് കാലം കാത്തുവച്ച മറുപടി . !

വായുജിത്

ചീഫ് സബ്‌ എഡിറ്റർ – ജനം ടിവി

Facebook

സ്വാതന്ത്ര്യ സമരവും കമ്യൂണിസ്റ്റ് വഞ്ചനയും – ഭാഗം 1

സ്വാതന്ത്ര്യ സമരവും കമ്യൂണിസ്റ്റ് വഞ്ചനയും – ഭാഗം 2

8K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close