Columns

നിയതി എന്നും ധർമ്മത്തിനൊപ്പം

വായുജിത്


ബ്രിട്ടീഷ് ചരിത്രകാരനും മാർക്സിസ്റ്റ് ചിന്തകനുമായ എറിക് ഹോബ്സ്ബാമിന്റെ മൊഴികൾ മാനവികതയ്ക്ക് താങ്ങായി തരാതരം എടുത്തുദ്ധരിക്കാൻ കമ്യൂണിസ്റ്റുകൾ മിനക്കെട്ടു കാണാറുണ്ട് . ഇതേ ഹോബ്സ്ബാം തന്നെയാണ് ജനലക്ഷങ്ങളെ കൂട്ടക്കൊല ചെയ്ത സ്റ്റാലിന്റെ ഭരണത്തെ കണക്കറ്റ് പുകഴ്ത്തിയത്. മുപ്പത് ശതമാനം തീയത് ചെയ്തെങ്കിലും എഴുപത് ശതമാനം സ്റ്റാലിൻ നല്ലത് ചെയ്തില്ലേ എന്നായിരുന്നു ഹോബ്സ്ബാമിന്റെ ചോദ്യം ..

ഈ മുപ്പത് ശതമാനത്തിൽ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകൾ, കൊലപാതകങ്ങൾ , വംശോന്മൂലനങ്ങൾ , എഴുത്തിനേയും കഴുത്തിനേയും ഒരുപോലെ ഞെരുക്കിയ സംഭവങ്ങൾ എല്ലാം ഉൾപ്പെടുന്നുവെന്ന് ചിന്തകൻ സൗകര്യപൂർവ്വം മറക്കുന്നു . സോവിയറ്റെന്നൊരു നാടുണ്ടത്രെ പോകാൻ കഴിഞ്ഞെങ്കിലെന്ത് ഭാഗ്യം എന്ന് ആവർത്തിച്ച് പാടി നടന്നിരുന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയും അതിന്റെ പിൽക്കാല രൂപങ്ങളിലൊന്നായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റും ഇതൊക്കെ തന്നെയായിരുന്നു ഇവിടെയും നടപ്പാക്കിയത്.

images

തങ്ങൾക്ക് ഭൂരിപക്ഷമുള്ളിടത്ത് എതിർ ശബ്ദങ്ങളെ നിഷ്കരുണം അടിച്ചമർത്തുന്ന പാർട്ടി ലൈനൊപ്പം അതിനെ ന്യായീകരിക്കുന്ന സാംസ്കാരിക നായകന്മാരേയും പാർട്ടി ഇവിടെ വളർത്തിയെടുത്തു. കൊലയെ അലക്കി വെളുപ്പിക്കാൻ സദാ ജാഗരൂകരായിരുന്ന സാംസ്കാരിക നായകന്മാർക്ക് അല്ലറ ചില്ലറ എല്ലിൻ കഷണങ്ങൾ ഇട്ടുകൊടുത്ത് കൂടെ നിർത്തുകയും ചെയ്തു. പിന്നെ എല്ലാം എളുപ്പമായിരുന്നു . തലക്കടിച്ച നുണകൾ പറയാൻ തൂലിക കൊണ്ട് ഉപജീവനം കഴിക്കുന്നവരും കൊന്നു തള്ളാൻ പാർട്ടി ഗുണ്ടകളും.

സിപിഎമ്മിന്റെ ഫാസിസം അനുഭവിക്കാത്ത ഒരു പാർട്ടിയും ഇന്ന് കേരളത്തിലില്ല . കൂടെ നിൽക്കുന്ന സിപിഐക്കാർക്ക് പോലും അതിൽ നിന്ന് രക്ഷയുണ്ടായിട്ടില്ല . ക്ഷമിച്ചും സഹിച്ചും മടുത്തപ്പോൾ പ്രതികരിച്ചു തുടങ്ങിയ ആർ.എസ്.എസാണ് ഒരു പരിധി വരെ സിപിഎമ്മിന്റെ അപ്രമാദിത്വത്തിന് കേരളത്തിൽ തടയിട്ടത് . അധികാരത്തിന്റെയും സമ്പത്തിന്റെയും ഹുങ്കിൽ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സംഘപ്രസ്ഥാനങ്ങളെ തകർക്കാൻ സിപിഎമ്മിന് കഴിഞ്ഞില്ല.

പച്ചനുണകൾ പാർട്ടിപത്രത്തിലൂടെയും ചാനലിലൂടെയും ആവർത്തിച്ച് പറഞ്ഞിട്ടും പ്രചരിപ്പിച്ചിട്ടും കേരളത്തിൽ സംഘം മുന്നോട്ട് തന്നെ പോയി . കൊന്നാലും കൊലവിളിച്ചാലും കുതറിമാറി മുന്നോട്ടു പോകാൻ കഴിഞ്ഞത് നേരിന്റെയും നന്മയുടേയും പിന്തുണ കൊണ്ട് തന്നെയായിരുന്നു .ഏതൊക്കെ രീതിയിൽ അടിച്ചമർത്തിയാലും തളരാതെ തകരാതെ സംഘപഥത്തിൽ ചരിക്കാൻ പതിനായിരങ്ങൾ തന്നെ മുന്നോട്ടു വന്നു. അതിലൊരാളെയായിരുന്നു നാലു വർഷം മുൻപ് ഇതുപോലൊരു സെപ്റ്റംബർ ഒന്നിന് സിപിഎം ഭീകരർ കൊലക്കത്തിക്കിരയാക്കിയത്.

kathiroor manoj

കണ്ണൂരിന്റെ ഭരണഘടന തീരുമാനിക്കുന്നത് മാർക്സിസ്റ്റ് തമ്പ്രാക്കന്മാരായിരിക്കുമെന്ന തിട്ടൂരത്തിന് പുല്ലുവില കൽപ്പിച്ചാണ് കതിരൂർ മനോജ് പ്രവർത്തനം തുടങ്ങുന്നത് തന്നെ. മാർക്സിസ്റ്റ് കോട്ടയിൽ നമസ്തേ സദാ വത്സലേ ചൊല്ലിത്തുടങ്ങിയ അദ്ദേഹത്തിന് നേരേ ആക്രമണങ്ങളുടെ പരമ്പര തന്നെയുണ്ടായി. പി ജയരാജനെന്ന കിരീടം വയ്ക്കാത്ത രാജാവിന്റെ ആജ്ഞ പാലിക്കാൻ കൊലവിളി മുഴക്കിയെത്തിയ അനുചര വൃന്ദത്തിൽ നിന്ന് അദ്ദേഹം പലപ്പോഴും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് . അദ്ദേഹത്തെ ആക്രമിക്കുന്നതിനിടെ കൂടെയുള്ള ആളെത്തന്നെ ഒരിക്കൽ മാർക്സിസ്റ്റ് ഗുണ്ടകൾ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

ഒടുവിൽ പി ജയരാജന്റെ മകൻ ജെയിൻ രാജ് പറഞ്ഞത് പോലെ സിപിഎം കാത്തിരുന്ന വാർത്ത എത്തിയത് 2014 സെപ്റ്റംബർ ഒന്നിനാണ് . കതിരൂർ മനോജിനെ മൃഗീയമായി സിപിഎം ഭീകരർ കൊലപ്പെടുത്തി . കൊലയ്ക്കൊപ്പം നുണകളുടെ പരമ്പര തന്നെ ദേശാഭിമാനിയിലും പാർട്ടി ചാനലിലും എഴുതി നിറച്ചു. മനോജ് സ്വയം വെട്ടിമരിച്ചു എന്നു കൂടിയേ പറയാനുണ്ടായിരുന്നുള്ളൂ. ആരെയെങ്കിലുമൊക്കെ പ്രതികളാക്കി ബുദ്ധികേന്ദ്രത്തെ രക്ഷപ്പെടുത്തുന്ന സിപിഎം അടവ് പക്ഷേ ഈ കേസിൽ നടന്നില്ല . രാഷ്ട്രീയ ഗൂഢാലോചനയുടെ അന്വേഷണം ഏറ്റെടുത്ത സിബിഐ ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതിയാക്കി. അറസ്റ്റൊഴിവാക്കാൻ നാണം കെട്ട കളികൾ കളിച്ച് ജയരാജൻ പരിഹാസപാത്രവുമായി.

image

അധികാരമില്ലാത്തപ്പോഴും അറുകൊലയ്ക്ക് മടിക്കാത്തവർ പിണറായി ഭരണത്തിൻ കീഴിൽ അഴിഞ്ഞാടുകയായിരുന്നു . തെരഞ്ഞെടുപ്പ് ജയിച്ചതിന്റെ ആഹ്ളാദപ്രകടനത്തിടെ തുടങ്ങിവച്ച അക്രമങ്ങൾ തുടർക്കഥയാവുകയായിരുന്നു . മാർക്സിസ്റ്റ് അക്രമമില്ലാത്ത ഒരു ദിനം പോലും ഉണ്ടായിരുന്നില്ല. സിപിഐക്കാർക്ക് പോലും കിടക്കപ്പൊറുതിയില്ല . ഇന്ത്യയിലെ തന്നെ ഒരേയൊരു മാർക്സിസ്റ്റ് ജില്ലയായ കണ്ണൂരിലാകട്ടെ മനുഷ്യന് പോയിട്ട് മൃഗങ്ങൾക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയായിരുന്നു. ഞങ്ങളല്ലാത്തവർ ഒന്നുകിൽ ഞങ്ങളാകുക അല്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കാൻ തയ്യാരായിക്കൊള്ളുക എന്നാണ് ലൈൻ.

കൊലക്കത്തി താഴെ വയ്ക്കാൻ സിപിഎം ഇനിയും തയ്യാറായിട്ടില്ല. പിറവിയിൽ തന്നെ കൂടെ കിട്ടുന്ന ഇത്തരം സ്വഭാവങ്ങൾ മാറ്റി വയ്ക്കാൻ പാർട്ടിക്കാവില്ല എന്നതാണ് സത്യം . മൂന്ന് പതിറ്റാണ്ടോളം വംഗനാടിനെ പൊറുതിമുട്ടിച്ച സിപിഎമ്മിനെ അവിടുത്തുകാർ വലിച്ചു താഴെയിട്ടിട്ട് അധിക നാളായില്ല .ത്രിപുരസുന്ദരി ഹരിത കുങ്കുമ പതാകയെ ചേർത്ത് പിടിച്ചു ചുടുനിണത്തിന്റെ കറ പറ്റിയ കൊടി വലിച്ചെറിഞ്ഞതും നാം കണ്ടു. വീഴ്ചയുടെ ആഘാതത്തിൽ നിന്ന് എണീക്കാൻ അന്നാട്ടുകാർ സിപിഎമ്മിനെ അനുവദിച്ചിട്ടുമില്ല .  മാനവികതയുടെ മുഖം മൂടി കണ്ട് മയങ്ങിയിരിക്കുന്ന മലയാളികളും പതിയെ സത്യം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. കരയെടുത്തു പോകുന്ന കടലിനും തലയെടുക്കുന്ന ചെകുത്താനുമിടയിലായതിന്റെ പ്രശ്നമുണ്ടെങ്കിലും..

കളികളേറെ കളിച്ചെങ്കിലും ചതിയുടെ പരമ്പരകൾ തന്നെ നടത്തിയിട്ടും ദുര്യോധന പക്ഷം ഒടുവിൽ തോറ്റമ്പിയ ചരിത്രമാണ് നാം പഠിച്ചിട്ടുള്ളത് . അഭിമന്യു വീണിട്ടും ഒടുവിൽ ജയിച്ചത് ധർമ്മ പക്ഷം തന്നെയായിരുന്നു. ആധുനിക കാലത്തും നിയതി ധർമ്മത്തിനൊപ്പം തന്നെയായിരിക്കും . ദ്വൈപായനഹ്രദത്തിനരികെ സ്യമന്തപഞ്ചകത്തിൽ വച്ച് ഭീമസേനന്റെ ഗദാപ്രഹരത്താൽ തുടയെല്ല് തകർന്ന് വീണ ദുര്യോധന ചരിത്രവും നമ്മെ ഓർമ്മിപ്പിക്കുന്നത് അത് തന്നെയാണ് ..

884 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close