NewsSpecial

പിണങ്ങും പിണറായി; ഇനിയും നോവിക്കരുതീ പാവത്തിനെ

മുഖ്യമന്ത്രിയായതിൽപ്പിന്നെ ഉള്ള ചങ്കു രണ്ടിലും പിണറായി സഖാവിനു നിർമ്മലവികാരങ്ങളാണ്. ഗൗരവക്കാരൻ സഖാവു വെളുക്കെ ചിരിക്കാൻ തുടങ്ങിയതു മുതൽ ആ മാറ്റം മലയാളികൾ കണ്ടു കോരിത്തരിക്കാൻ തുടങ്ങിയതാണ്. ഭക്തിയും കുറേശ്ശെ മനസ്സിനെ മഥിച്ചു തുടങ്ങിയോ എന്ന് കർപ്പൂര ആരതിയുഴിഞ്ഞ് കൈകൂപ്പി നിൽക്കുന്ന മുഖ്യനെ നോക്കി കേരളം മൂക്കത്തു വിരൽ വച്ചിട്ട് അധികനാളായില്ല.

ഇപ്പോഴിതാ മുഖ്യമന്ത്രിക്ക് ചെറുതല്ലാത്ത പരിഭവങ്ങളും, പിണക്കങ്ങളും. ഇത് അതു തന്നെ… നിർമ്മലവികാരത്തിന്റെ അലയൊലികൾ… സംഭവം മുഖ്യന്റെ സ്വന്തം വകുപ്പായ പൊലീസിൽ. കൊച്ചി സിറ്റി പൊലീസിന്റെ പിങ്ക് പട്രോളിംഗ് ഫ്ലാഗ് ഓഫ് ചെയ്യാനെത്തിയ പിണറായിയാണ് പിണങ്ങിപ്പോയത്. സംഭവമിങ്ങനെ;

സ്ത്രീസുരക്ഷയ്ക്കായുളള പിങ്ക് പട്രോളിംഗിന്റെ ഫ്ലാഗ് ഓഫും, കാവലാൾ എന്ന പേരിൽ കൊച്ചി സിറ്റി പൊലീസ് തയ്യാറാക്കിയ ഹ്രസ്വചിത്രവും ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രി മാത്രമാണ് ചടങ്ങിലെ പ്രാസംഗികനെന്ന് സംഘാടകർ ആദ്യമറിയിച്ചിരുന്നെങ്കിലും, സ്ത്രീകൾക്കു വേണ്ടിയുളള പദ്ധതിയാകുമ്പോൾ സ്ത്രീയില്ലാതെങ്ങനെ എന്ന ചിന്തയിൽ ചില പ്രമുഖ സ്ത്രീകളെ സംഘാടകർ ചടങ്ങിലേക്കു ക്ഷണിച്ചു.

അതിഥികളായെത്തുന്നവർക്ക് ഓരോ ചുമതലകളും നൽകി. പിങ്ക് പട്രോളിംഗ് കൺട്രോൾ റൂം നമ്പർ പ്രകാശനം നടി ഷീലയ്ക്കും, ഹ്രസ്വചിത്ര പ്രകാശനകർമ്മം മേയർ സൗമിനി ജയിനും, പിങ്ക് പട്രോളിംഗ് പദ്ധതിയെ പരിചയപ്പെടുത്താനുളള ചുമതല എ.ഡി.ജി.പി ബി.സന്ധ്യയ്ക്കും നൽകി. പരിപാടിയിൽ മാറ്റം വരുത്തിയ വിവരങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നെന്നാണ് വിവരം.

തകർപ്പനൊരു പ്രസംഗവും, കേന്ദ്രസർക്കാരിനെ നാലു ചീത്തയും, ഗംഭീരമായ ഫ്ലാഗ് ഓഫ് കർമ്മവും… ചുമതല ചില്ലറയൊന്നുമല്ല. പക്ഷേ മുഖ്യമന്ത്രിയുടെ ഇരട്ടച്ചങ്കിൽ നിറയെ കൽക്കണ്ടം നിറഞ്ഞ വിവരമുണ്ടോ കാക്കിയിട്ട കഠോരന്മാർ അറിയുന്നു? എന്തായാലും പോട്ടെ വന്നേക്കാമെന്നു കരുതി എല്ലാം സമ്മതിച്ചു സ്ഥലത്തെത്തിയ മുഖ്യനു പിന്നെയും സങ്കടങ്ങൾ തന്നെ.

പണ്ടൊരു അവതാരകയ്ക്കു പറ്റിയ പറ്റ് ഇത്തവണയും പറ്റി. മൊത്തത്തിൽ കൺഫ്യൂഷൻ. പിങ്ക് പട്രോൾ പരിചയപ്പെടുത്താനായി ബി.സന്ധ്യയെ വിളിച്ചപ്പോൾ ആൾ സ്ഥലത്തെത്തിയിട്ടില്ല. ഉദ്ഘാടനപ്രസംഗത്തിനു വന്ന മുഖ്യനെ അവതാരക ക്ഷണിച്ചതാവട്ടെ സ്വാഗതപ്രസംഗത്തിന്.

നമ്മുടെ ഉഴവൂർ വിജയൻ ചൂണ്ടിക്കാണിച്ച പിണറായിമുഖ്യനിലെ പുലിമുരുകൻ മുരളുകയും, സടകുടഞ്ഞ് അസ്വസ്ഥനാവുകയും ചെയ്യുന്നതു ശ്രദ്ധയിൽപ്പെട്ട സിറ്റി പൊലീസ് കമ്മീഷണർ പെട്ടെന്നു തന്നെ ഇടപെട്ട് അവതാരകയെ തിരുത്തി മൈക്ക് വാങ്ങി മുഖ്യമന്ത്രിയെ ഉദ്ഘാടനപ്രസംഗത്തിനു ക്ഷണിച്ചു.

ഉദ്ഘാടനത്തിനു ശേഷം നടി ഷീലയുടേയും, മേയറുടേയും പ്രസംഗം. തുടർന്ന് ഫ്ലാഗ് ഓഫ് കർമ്മം എന്നാണ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നത്. എന്നാൽ വൈകിയെത്തിയ എ.ഡി.ജി.പി ബി.സന്ധ്യയെ ഫ്ലാഗോഫിനായി മുഖ്യമന്ത്രി എഴുന്നേൽക്കുമ്പൊഴേയ്ക്കും അവതാരക ചാടിക്കേറി പ്രസംഗിക്കാൻ ക്ഷണിച്ചു. വൈകിയെത്തിയ എ.ഡി.ജി.പിയാണെങ്കിൽ മുഖ്യമന്ത്രിക്കു മുഖം കൊടുത്തതുമില്ല… ഇങ്ങനെയൊക്കെ ചെയ്യാമോ?

എ.ഡി.ജി.പിയുടെ പ്രസംഗം ആരംഭിക്കുന്നതിനു മുൻപേ തന്നെ എഴുന്നേറ്റ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് നിർവ്വഹിച്ചിട്ടു പോകണമെന്ന കമ്മീഷണറുടേയും മറ്റു മുതിർന്ന ഉദ്യോഗസ്ഥരുടേയും അഭ്യർത്ഥനയ്ക്കു ചെവി കൊടുക്കാതെ ഒറ്റപ്പോക്ക്… അടുത്ത പരിപാടിയിൽ പങ്കെടുക്കാൻ വൈകും എന്ന് മറുപടിയും പറഞ്ഞു. ഹും… ചോരച്ചാലുകൾ നീന്തിക്കയറിവന്ന ടീമിനോടാ കളി…

തുടർന്ന് എ.ഡി.ജി.പി തന്നെ ഫ്ലാഗ് ഓഫ് കർമ്മവും നിർവ്വഹിച്ചു. എന്നാൽ സംഭവത്തേക്കുറിച്ച് പരസ്യപ്രതികരണത്തിന് ഉദ്യോഗസ്ഥർക്കാർക്കും ധൈര്യമില്ല. മുഖ്യമന്ത്രിക്കു സങ്കടമാകുമെന്നു കരുതിയാവണം….. മുഖ്യമന്ത്രിയെ സ്നേഹിക്കുന്നവർക്കും അത്രയേ പറയാനുള്ളൂ… ഇനിയും വേദനിപ്പിക്കരുത് ആ പാവത്തിനെ…

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close