NewsSpecial

കറൻസി മാറ്റം; പ്രതിസന്ധിയുടെ നെല്ലും പതിരും

കാവാലം ജയകൃഷ്ണൻ

രാജ്യത്ത് കറൻസി നിരോധനം വന്നതു മുതൽ അടിസ്ഥാനരഹിതമായ വിമർശനങ്ങളുടെ മുൾമുനയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അതേസമയം, കളളപ്പണം ന്യായമായ നികുതി മാത്രം നൽകിയും, തുടർന്ന് നാമമാത്രമായ പിഴയൊടുക്കിയും നിയമവിധേയമാക്കാനുളള ആവശ്യത്തിലധികം സമയം അദ്ദേഹം നൽകിയിരുന്നു എന്ന യാഥാർഥ്യം മറച്ചു വച്ചു കൊണ്ടാണ് ഈ പൊറാട്ടുനാടകം. ഇത്തരമൊരു നടപടി, അപ്രതീക്ഷിതമായും, അതിവേഗവും മാത്രം നടപ്പിലാക്കിയെങ്കിൽ മാത്രമേ അത് ഉദ്ദേശിച്ച ഫലം ചെയ്യുകയുളളൂ. എന്നാൽ നയപ്രഖ്യാപനം മാത്രമായിരുന്നു പൊടുന്നനെ വന്നത്. ഇതിനു വേണ്ട മുന്നൊരുക്കങ്ങൾ മാസങ്ങൾക്കു മുൻപേ ആരംഭിച്ചിരുന്നു എന്നത് ഇന്നലെക്കൂടി റിസർവ്വ് ബാങ്ക് ആവർത്തിച്ചു വ്യക്തമാക്കിയതുമാണ്.

കളളപ്പണം ഇല്ലാതാവുന്നതിനെതിരേ തന്നെയാണ് പ്രതിപക്ഷ കക്ഷികളുടെ ഈ അസ്വസ്ഥതയെന്നത് അവിതർക്കമാണ്. എന്നാൽ ആ വസ്തുത തുറന്നു പറയാൻ മടിക്കുന്ന ഇക്കൂട്ടരുടെ വാക്കുകളിൽ ഒളിഞ്ഞും തെളിഞ്ഞും ഈ ദുരുദ്ദേശ്യം പ്രകടവുമാണ്.

അതേസമയം കറൻസി മാറ്റത്തേത്തുടർന്ന് രാജ്യത്തെ ജനങ്ങൾ ചെറുതല്ലാത്ത പ്രതിസന്ധികൾ നേരിട്ടിട്ടുണ്ടെന്നത് തർക്കമില്ലാത്ത കാര്യമാണ്. കറൻസി മാറ്റിയെടുക്കുന്നതിനായി നീണ്ട വരികളിൽ നിൽക്കേണ്ടി വന്നതും, പിൻവലിക്കാവുന്ന തുകയിലെ നിയന്ത്രണവും തീർച്ചയായും പൊതുജനങ്ങളിൽ ബുദ്ധിമുട്ടുകളുണ്ടാക്കിയിട്ടുണ്ട്. എന്നാൽ അതിന്റെ എത്രയോ മടങ്ങായാണ് ഇതിനെ പെരുപ്പിച്ചു കാട്ടി മാദ്ധ്യമങ്ങളും രാഷ്ട്രീയകക്ഷികളും മുതലെടുത്തിട്ടുളളത്?

കറൻസി വിതരണം ചെയ്യുന്നതിലും, നിക്ഷേപിക്കുന്നതിലും സസൂക്ഷ്മ നിയന്ത്രണങ്ങളുണ്ടാകാത്ത പക്ഷം ഈ മാറ്റം കൊണ്ട് എന്തു പ്രയോജനമാണുണ്ടാകുക? ഈ നിയന്ത്രണങ്ങളോട് അസഹിഷ്ണുത പുലർത്തുന്നത് ഒരു ന്യൂനപക്ഷം മാത്രമാണെന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

ഇവർ ഉന്നയിക്കുന്ന പ്രധാന ആരോപണം നോട്ടു ക്ഷാമമാണ്. വാസ്തവത്തിൽ നോട്ടു ക്ഷാമം ഈ പെരുപ്പിച്ചു കാട്ടുന്ന അത്രയില്ലെന്നുളള യാഥാർഥ്യം ബാങ്ക് ജീവനക്കാർ തന്നെ വെളിപ്പെടുത്തുന്നത് അവിടെ നിൽക്കട്ടെ; ഈ വാദത്തെ മുഖവിലയ്ക്കെടുത്താൽ തന്നെയും, വെറുതേയങ്ങ് അടിച്ചിറക്കാൻ കഴിയുന്നതല്ല ഇന്ത്യൻ കറൻസി എന്നത് നാം മനസ്സിലാക്കേണ്ടതുണ്ട്. പിൻവലിച്ച നോട്ടുകൾ തിരികെയെത്തുന്നതിനനുസരിച്ചു മാത്രമേ ആ മൂല്യം തിരികെ വിപണിയിൽ ലഭ്യമാക്കുവാൻ സാധിക്കുകയുളളൂ. അതല്ലയെങ്കിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരും. അതി സൂക്ഷ്മതയോടെ നടപ്പിലാക്കേണ്ട ഒരു ചരടുവലി തന്നെയാണിത്. കറൻസി മടങ്ങിയെത്തുന്നതിനനുസരിച്ച് ആ മൂല്യം പുനഃസ്ഥാപിച്ചു കൊണ്ടിരിക്കുന്ന പ്രക്രിയ തന്നെയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.

റിസർവ്വ് ബാങ്കിന്റെ കരുതൽ ധനം ആയുണ്ടായിരുന്ന 500, 1000 കറൻസികൾക്ക് ആനുപാതികമായ 2000, 500 പുതിയ കറൻസികൾ ആണ് ആദ്യഘട്ടത്തിൽ പ്രിന്റിംഗ് പൂർത്തിയായത്. തുടർന്ന് വിപണിയിൽ ഉളള പണം തിരികെയെത്തുന്നതിനനുസൃതമായി അസാധുവായ കറൻസികൾ ‘ഷ്രെഡ്’ ചെയ്ത് തൽസ്ഥാനത്ത് പുതിയ കറൻസികൾ വിതരണം ചെയ്യും. തീർച്ചയായും ഇതിന് ആവശ്യമായ സമയം നാം അനുവദിക്കുക തന്നെ ചെയ്യണം. 24 മണിക്കൂറും റിസർവ്വ് ബാങ്കിന്റെ കറൻസി പ്രിന്റിംഗ് പ്രസ്സുകൾ പ്രവർത്തിക്കുന്നു. അർഹമായ സമയത്തിൽ ഒരു സെക്കന്റ് പോലും റിസർവ്വ് ബാങ്ക് ഇക്കാര്യത്തിൽ കാലതാമസം വരുത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ അനാവശ്യമായ വിമർശനങ്ങൾ അസ്ഥാനത്തും, ദുരുദ്ദേശ്യപരവുമാണ്.

നോട്ടു പ്രതിസന്ധിയേത്തുടർന്നുളള ഏറ്റവും കൂടുതൽ ദുരാരോപണങ്ങൾ ഉയർന്നു വന്ന രണ്ടു സംസ്ഥാനങ്ങൾ കേരളവും പശ്ചിമബംഗാളുമാണ്. കേരളത്തിൽ ഭരണം കയ്യാളുന്ന ഇടതുപക്ഷ സർക്കാർ ഉയർത്തിപ്പിടിച്ച ന്യായങ്ങളെന്തൊക്കെയെന്ന് ഏറെക്കുറേ നമുക്കൊക്കെ അറിയാവുന്നതുമാണ്. നവം‌ബർ എട്ടിന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന് മിനുട്ടുകൾക്കകം തന്നെ കേരളത്തിന്റെ ധനകാര്യമന്ത്രി ഇതിനെതിരേ അതിരൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഡോ.തോമസ് ഐസക് വിഡ്ഢിയായതുകൊണ്ടല്ല ഇത്തരമൊരു വിമർശനവും, വെപ്രാളവും പ്രകടിപ്പിച്ചത്. മറിച്ച് അതിബുദ്ധിമാനായതു കൊണ്ടു തന്നെയാണ്. ഇത്തരമൊരു മാറ്റം എവിടെയാകും പ്രഹരമേൽപ്പിക്കുക എന്ന് ധനതത്വശാസ്ത്രത്തിൽ ഗവേഷണബിരുദമുളള അദ്ദേഹത്തിന് മറ്റാരെക്കാളും കൃത്യമായിത്തന്നെ മനസ്സിലായിട്ടുണ്ട്. ഒരു പക്ഷേ ഇതിന്റെ ഗുണവും, ദോഷവും തിരിച്ചറിഞ്ഞ പിണറായി മന്ത്രിസഭയിലെ ഏക വ്യക്തിയും ഡോ.തോമസ് ഐസക് മാത്രമാകും.

കേരളത്തിലെ ഇടതു കോട്ടകളുടെ സമ്പത്തികാടിത്തറ എവിടെയെന്നത് ഡോ. തോമസ് ഐസക്കിന് നന്നായറിയാം. സഹകരണ ബാങ്കുകളിൽ നടക്കുന്ന ഓരോ ചലനങ്ങളും അദ്ദേഹത്തിനറിയാതിരിക്കാൻ ഒരു സാദ്ധ്യതയുമില്ല. അക്കൗണ്ടിൽ കാണിക്കാൻ കഴിയാത്ത അളവില്ലാത്തത്ര കളളപ്പണം, ഏറിയ കൂറും 500, 1000 ഡിനോമിനേഷനുകളിൽ സഹകരണബാങ്കുകളിൽ അട്ടിയടുക്കിയിരിക്കുന്നതിനേക്കുറിച്ച് ഡോ.ഐസക് അതിവേഗം ചിന്തിച്ചുവെന്നതിന്റെ ഉത്തമ ഉദാഹരണം തന്നെയാണ് അദ്ദേഹത്തിന്റെ നിയന്ത്രണം വിട്ട പ്രതികരണം. ഡോ.മന്മോഹൻ സിംഗ് പലതും രാജ്യസഭയിൽ പറഞ്ഞു (പറയിച്ചു). അദ്ദേഹവും ധനതത്വശാസ്ത്ര നിപുണൻ. എന്നാൽ കറൻസി നിരോധനം നല്ലതു തന്നെ എന്ന് ആവർത്തിച്ചു കൊണ്ടു മാത്രമാണ് നടപടിയെ വിമർശിക്കാൻ മന്മോഹൻ സിംഗ് തയ്യാറായത്. കാരണം അതിന്റെ ഗുണവശങ്ങൾ അദ്ദേഹത്തിനു നന്നായറിയാമെന്നതു മാത്രമല്ല; വിമർശിക്കാൻ വേണ്ടി വിമർശിക്കുന്നവന്റെ നിവൃത്തികേടിൽ നിന്നു കൊണ്ടു മാത്രമായിരുന്നു ആ പ്രസംഗം.

മുകളിൽ സൂചിപ്പിച്ച കാരണങ്ങളെ സാധൂകരിക്കുന്നതായിരുന്നു സഹകരണബാങ്ക് വിഷയം ഉന്നയിച്ചു കൊണ്ട് ഇടതുപക്ഷം ചുവടു വച്ചു പരാജയമടഞ്ഞ ഹർത്താലടക്കമുളള പൊറാട്ടുനാടകങ്ങളെല്ലാം. ഡോ.ഐസക്കിനു നന്നായറിയാം; റിസർവ്വ് ബാങ്ക് മാനദണ്ഡങ്ങൾ പാലിക്കാതെ സ്വതന്ത്രമായി (തോന്നിയവാസം) പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾക്ക്, മാനദണ്ഡങ്ങളനുസരിച്ചു പ്രവർത്തിക്കുന്ന ബാങ്കുകൾക്കു ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെന്നത്. എന്നാൽ അതറിഞ്ഞിട്ടും ആ ന്യായങ്ങൾക്കു വേണ്ടി വിലപിച്ചത് നിവൃത്തികേടു കൊണ്ടു മാത്രമാണ്. പാർട്ടിക്ക് സംസ്ഥാനത്ത് ആസൂത്രണം ചെയ്തു നടപ്പാക്കാനുളള സർവ്വവിധ വഴി വിട്ട ഇടപാടുകൾക്കുമാവശ്യമായ മൂലധനമാണ് വെറും പാഴ് കടലാസ്സുകളാകുന്നത്. പാർട്ടി പ്രവർത്തകർ വിഹിതവും, അവിഹിതവുമായി സമ്പാദിച്ച കണക്കിൽപ്പെടാത്ത കോടികളാണ്; പാർട്ടിയെയും, അതിന്റെ വിപ്ലവച്ചെങ്കൊടിയെയും വിശ്വസിച്ച് നേതാക്കന്മാരും അണികളും കൊണ്ടു വന്ന് സഹകരണബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്നത്.

പുതിയ കറൻസി വിനിമയം ചെയ്യാനും, മാറ്റി നൽകാനും ഉളള അനുവാദം ലഭിക്കാത്ത പക്ഷം ഇതൊക്കെ അങ്ങനെ തന്നെയിരുന്നു പോവുകയേയുളളൂ. ഈ പശ്ചാത്തലത്തിലാണ് ട്രഷറികളിലടക്കം ഇല്ലാത്ത പ്രതിസന്ധിയുണ്ടാക്കിയും, ഉളള പ്രതിസന്ധിയെ പെരുപ്പിച്ചു കാട്ടിയും ജനങ്ങളിൽ ആശങ്ക പടർത്താൻ പാർട്ടിയും നേതാക്കന്മാരും കിണഞ്ഞു ശ്രമിച്ചത്. അതല്ലാതെ പൊതുജനത്തേക്കുറിച്ചുളള അടങ്ങാത്ത ആശങ്ക കൊണ്ട് ആയിരുന്നില്ലെന്നത്; തുടർന്നു വന്ന മാസാദ്യത്തിൽ പെൻഷനോ, ശമ്പളമോ വിതരണം ചെയ്യാൻ യാതൊരു വിധ നടപടിയും കൈക്കൊളളാതെ പ്രതിപക്ഷ നേതാവിന്റെ ഭാഷയിൽപ്പറഞ്ഞാൽ ‘റോഡ് ഷോ‘യുമായി നടന്ന പ്രവർത്തിയിലൂടെ വ്യക്തമാകുന്നതുമാണ്.

കറൻസി മാറ്റത്തേത്തുടർന്ന് വരി നിൽക്കുന്നതിനിടെ മരിച്ചു തുടങ്ങിയ ബാലിശ ആരോപണങ്ങളെല്ലാം തന്നെ അർഹിക്കുന്ന അവജ്ഞയോടെ തളളിക്കളയുന്നതിനു കാരണം അവയെല്ലാം സ്വാഭാവിക മരണങ്ങളായിരുന്നു എന്നതിനാലാണ്. ബാങ്കിൽ നിന്നു മടങ്ങും വഴി കാൽ തെന്നി വീണവരുടെ വാർത്തകൾ പോലും കറൻസി നിരോധനവുമായി ബന്ധപ്പെടുത്തി കേന്ദ്രസർക്കാരിനെ കടന്നാക്രമിക്കുന്നതിനുളള ആയുധം തിരഞ്ഞ അധഃപ്പതിച്ച നടപടികളാണ് മാദ്ധ്യമങ്ങളും, രാഷ്ട്രീയക്കാരും ചെയ്തതെന്നതും നാം കണ്ടു.

രാജ്യത്തിനെതിരേ പ്രവർത്തിക്കുന്ന ശത്രുവിനെ ആയുധം കൊണ്ടു മാത്രമല്ല കീഴടക്കാൻ കഴിയുക. അവന്റെ സാമ്പത്തികവും, ആരോഗ്യപരവും, ബൗദ്ധികവുമായ സകല മർമ്മത്തിലും പ്രഹരമേൽപ്പിക്കുന്ന ബുദ്ധിയുക്തമായ നീക്കങ്ങളാണ് നല്ല ഭരണാധികാരിയുടെയും, യുദ്ധതന്ത്രജ്ഞന്റെയും ലക്ഷണം. ഇത് ജീവനാശം കുറയ്ക്കുക മാത്രമല്ല ശത്രുവിന്റെ ശക്തിയുടെ തായ്‌വേരറുക്കുക കൂടി ചെയ്യും. നവംബർ എട്ടിനു ശേഷം ഒരൊറ്റ കരിങ്കൽ‌ച്ചീളു പോലും ഭാരത സൈന്യത്തിനു നേർക്ക് ചീറിയടുത്തിട്ടില്ലെന്നത് ഈ തീരുമാനത്തിന്റെ വിജയത്തിന്റെ ആദ്യ ലക്ഷണമായിരുന്നു. അടിപതറിയ ശത്രുവിന്റെ നിത്യമൗനത്തിന്റെ നാന്ദിയായിരുന്നു. പാകിസ്ഥാനടക്കമുളള ശത്രുസമൂഹത്തിനേറ്റ പ്രഹരം കൂടിയായിരുന്നു ഈ മാറ്റമെന്നത് തുടർന്നു വന്ന വാർത്തകൾ അടിവരയിട്ടു സ്ഥാപിക്കുന്നു.

അഴിമതിക്കും കളളപ്പണത്തിനുമെതിരേ നരേന്ദ്രദാമോദർ‌ദാസ് മോദി കുറിച്ച യുദ്ധം, പക്ഷേ അതിലുപരി മറ്റു പല ശത്രുകേന്ദ്രങ്ങളെയും തളർത്തിത്തുടങ്ങിയിരിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് പുറത്തു വരുന്ന ഓരോ വാർത്തകളും.

528 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close