NewsSpecial

പാക് ധിക്കാരത്തെ തവിടുപൊടിയാക്കിയ ഡിസംബർ 16

1971 ഡിസംബർ 16 വിജയദിനം . ഭാരതസൈന്യത്തിന്റെ ജനറൽ ജഗ്ജിത് സിംഗ് അറോറയുടെ മുന്നിൽ കിഴക്കൻ പാകിസ്ഥാൻ സൈനിക തലവൻ അമിർ അബ്ദുള്ള ഖാൻ നിയാസിയും 93,000 സൈനികരും നിരുപാധികം കീഴടങ്ങിയ ദിനം . 1971 ലെ ഇന്തോ പാക് യുദ്ധത്തിന്റെ അവസാനം കുറിച്ച ദിനവും കൂടിയാണ് ഡിസംബർ 16.

1970 ൽ പാകിസ്ഥാനിൽ നടന്ന പൊതു തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ സംഭവ വികാസങ്ങളാണ് 1971 ലെ ഇന്തോ പാക് യുദ്ധത്തിന് വഴിതെളിച്ചത് . കിഴക്കൻ പാകിസ്ഥാനിലെ രാഷ്ട്രീയ പാർട്ടിയായ അവാമി ലീഗ്, തെരഞ്ഞെടുപ്പിൽ 167 സീറ്റുകൾ നേടിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. 313 അംഗ ലോക് സഭയിൽ ഭൂരിപക്ഷം നേടിയ അവാമി ലീഗിന്റെ നേതാവ് ഷേക്ക് മുജീബുർ റഹ്മാൻ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു . എന്നാൽ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് സുൾഫിക്കർ അലി ഭൂട്ടോ ഇത് നിരസിച്ചു . തുടർന്ന് പ്രസിഡന്റ് യാഹ്യാ ഖാൻ പട്ടാളത്തെ വിളിക്കുകയും അവാമി ലീഗിനെയും അതിനെ പിന്തുണയ്ക്കുന്നവരേയും അടിച്ചമർത്താൻ ആഹ്വാനം ചെയ്യുകയും ചെയ്തു .

കിഴക്കൻ പാകിസ്ഥാനിലെ ബുദ്ധി ജീവികളെ ഇല്ലാതാക്കാനും ജനങ്ങളെ കൊന്നൊടുക്കാനും സ്വാതന്ത്ര്യ മോഹത്തെ അതി ക്രൂരമായി അടിച്ചമർത്താനും പടിഞ്ഞാറൻ പാകിസ്ഥാനിലെ ഭരണകൂടം ശ്രമിച്ചു .കൂട്ടക്കൊലകളും ബലാത്സംഗങ്ങളും അരങ്ങേറി . 1971 മാർച്ച് 26 ന് ബംഗ്ലാദേശ് എന്ന പേരിൽ കിഴക്കൻ പാകിസ്ഥാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

പാക് പട്ടാളത്തിനെതിരെ മുക്തിബാഹിനി എന്ന സൈനിക സംഘടന രൂപം കൊണ്ടു . ഭീകരമായ യുദ്ധം അരങ്ങേറി . പാക് സൈന്യം ബംഗ്ലാദേശികളെ ക്രൂരമായി കശാപ്പു ചെയ്തു. സമാനതകളില്ലാത്ത ഭീകരത നടമാടി . ഇതോടെ ഇന്ത്യ പ്രശ്നത്തിൽ ഇടപെട്ടു . ബംഗ്ലാദേശിന് പൂർണ പിന്തുണ കൊടുത്ത ഇന്ത്യ മുക്തിബാഹിനി ഗറില്ലകൾക്ക് ആയുധങ്ങളും സൈനിക സഹായവും നൽകി .തുടർന്ന് ഇന്ത്യയെ നശിപ്പിക്കാനുള്ള ആഹ്വാനങ്ങൾ പാകിസ്ഥാൻ തെരുവുകളിൽ മുഴങ്ങി .യുദ്ധത്തിനു മുന്നോടിയായി യാഹ്യാ ഖാൻ പാകിസ്ഥാനിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

1971 ഡിസംബർ 3 ന് ഭാരതത്തിൽ ആഗ്രയുൾപ്പെടെയുള്ള 11 വ്യോമ സേനാത്താവളങ്ങളിൽ പാക് വ്യോമ സേന ആക്രമണമഴിച്ചു വിട്ടു . പാകിസ്ഥാൻ ആക്രമണത്തിനു തിരിച്ചടിയായി അന്നു തന്നെ ഇന്ത്യൻ വ്യോമ സേന പാകിസ്ഥാനിലും ആക്രമണമാരംഭിച്ചു . പാക് നാവിക സേന ഇന്ത്യൻ തീരത്തും ആക്രമണമാരംഭിച്ചു .

എന്നാൽ ശക്തിയായി തിരിച്ചടിച്ച ഇന്ത്യൻ നാവിക സേന വൈസ് അഡ്മിറൽ എസ് എൻ കോഹ് ലി യുടെ നേതൃത്വത്തിൽ കറാച്ചി ആക്രമിച്ചു . പാക് നശീകരണക്കപ്പൽ പി എൻ എസ് ഖൈബറിനെ തകർത്ത നാവിക സേന രണ്ടു കപ്പലുകൾക്ക് കേടുപാടുണ്ടാക്കി . പാകിസ്ഥാന്റെ 3 ചരക്കു കപ്പലുകൾ മുക്കി . എന്നാൽ പാക് അന്തർ വാഹിനി ഹാഗറിന്റെ ആക്രമണത്തിൽ ഇന്ത്യൻ പടക്കപ്പൽ ഐ എൻ എസ് കുക്രി തകർന്നു . 18 ഓഫീസർമാരും 176 നാവികരും ജീവത്യാഗം ചെയ്തു.

ഇന്ത്യൻ നാവിക സേനയുടെ പ്രതികാരം പാക് സൈന്യത്തിനു താങ്ങാനായില്ല . ശക്തമായ ഇന്ത്യൻ ആക്രമണത്തിൽ പാക് നാവിക സേനയുടെ മൂന്നിലൊന്ന് സൈനിക ശേഷിയും നശിപ്പിക്കപ്പെട്ടു . ഇന്ത്യൻ വ്യോമ സേനയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ പാക് വ്യോമ സേനയ്ക്ക് കഴിഞ്ഞതുമില്ല .

ഇന്ത്യൻ കരസേന ബംഗ്ലാദേശിന്റെ മുക്തിബാഹിനിക്കൊപ്പം ചേർന്ന് മിത്രബാഹിനി എന്ന പേരിൽ കിഴക്കൻ പാകിസ്ഥാനിലെ പാക് സൈന്യത്തെ ആക്രമിച്ചു . ഇന്ത്യ- ബംഗ്ലാദേശ് സഖ്യ സൈന്യത്തിന്റെ ആക്രമണത്തിൽ പാക് സൈന്യം നിലം പരിശായി . ധാക്ക സ്വതന്ത്രമാക്കപ്പെട്ടു . 1971 ഡിസംബർ 16 ന് 13 ദിവസം മാത്രം നീണ്ടു നിന്ന യുദ്ധം അവസാനിച്ചു.

യുദ്ധത്തിൽ അമേരിക്കയും ചൈനയും പാകിസ്ഥാനെ പിന്തുണച്ചപ്പോൾ സോവിയറ്റ് യൂണിയൻ ഭാരതത്തെ പിന്തുണച്ചു. ജോർദാൻ , സൗദി അറേബ്യ , ഇറാൻ തുടങ്ങിയ രാജ്യങ്ങൾ പാകിസ്ഥാന് യുദ്ധവിമാനങ്ങളും മറ്റായുധങ്ങളും നൽകി സഹായിച്ചു. എന്നാൽ ഇതൊക്കെ ലഭിച്ചിട്ടും ഭാരതത്തിന്റെ സൈനിക ശേഷിയെ മറികടക്കാൻ പാകിസ്ഥാനു കഴിഞ്ഞില്ല . അങ്ങനെ `1971 ഡിസംബർ 16 ന് ധാക്കയിൽ വച്ച് ഔപചാരികമായ കീഴടങ്ങൽ നടന്നു .പാകിസ്ഥാനെതിരെ നേടിയ ഉജ്ജ്വല വിജയത്തിന്റെ സ്മരണയ്ക്കായി ഡിസംബർ 16 ഭാരതം വിജയ ദിനമായി ആചരിക്കുന്നു .

യുദ്ധത്തിൽ ജീവത്യാഗം ചെയ്ത ധീര ജവാന്മാർക്ക് ആദരാഞ്ജലികളർപ്പിക്കുന്നതിനോടൊപ്പം, എല്ലാ ഭാരതീയർക്കും ജനം ടി വിയുടെ വിജയ ദിനാശംസകൾ

5K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close