NewsIconsSpecial

ജനതാ കാ ബിഹാരി -അടൽ ബിഹാരി

1984 ലെ ഡൽഹി . ഇന്ദിരാ ഗാന്ധിയുടെ മരണത്തെത്തുടർന്ന് സിഖ് മതക്കാർ ക്രൂരമായി കൂട്ടക്കൊല ചെയ്യപ്പെടുന്ന സാഹചര്യം . അന്ന് അധികാരക്കസേരയിലേക്ക് ആകസ്മികമായി ഉയർത്തപ്പെട്ട സുന്ദരനായ പ്രധാനമന്ത്രി രാജീവ് ഗാന്ധി സിഖ് കൂട്ടക്കൊലയെപ്പറ്റിയുള്ള ചോദ്യത്തിന് തത്വ ചിന്താപരമായി നൽകിയ മറുപടി ‘വന്മരം വീഴുമ്പോൾ ഭൂമി കുലുങ്ങു’മെന്നായിരുന്നു . ‘വന്മരം വീഴുമ്പോൾ ഭൂമി കുലുങ്ങുകയല്ല മറിച്ച് ഭൂമി കുലുങ്ങുമ്പോഴാണ് വന്മരം വീഴുന്നതെന്ന’ അർത്ഥ ഗർഭമായ മറുപടിവന്നത് പ്രഗത്ഭനായ വാഗ്മിയും ഭാരതീയ ജനതാ പാർട്ടിയുടെ നേതാവുമായ അടൽ ബിഹാരി വാജ്പേയിയിൽ നിന്നായിരുന്നു.

അൻപതു വർഷം ഭാരതത്തിന്റെ ഏതെങ്കിലുമൊരു സഭയിൽ അംഗമായി തുടർന്ന മറ്റൊരു വ്യക്തിയും സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലില്ല. ചരിത്രത്തിലാദ്യമായി കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞ കോൺഗ്രസിതര മന്ത്രി സഭയെ നയിച്ചതും വാജ് പേയി ആയിരുന്നു.ദൃഢം, അചഞ്ചലം എന്നൊക്കെയാണ് ഹിന്ദിയിൽ അടൽ എന്ന വാക്കിനർത്ഥം. സൗമ്യനായ കവിയായിരുന്നെങ്കിലും പെരുമാറ്റത്തിൽ നിലപാടുകളിൽ കൃത്യതയും തീരുമാനങ്ങളിൽ ദൃഢതയും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. ഭാരതത്തിന്റെ ഭാവി പ്രധാനമന്ത്രിയെന്ന നെഹ്രുവിന്റെ പരാമർശം പിൽക്കാലത്ത് യാഥാർത്ഥ്യമായതിന് കാരണവും ഇതൊക്കെയാണ്.

അനുപമമായ പ്രസംഗമായിരുന്നു അടൽജിയുടെ മറ്റൊരു പ്രത്യേകത. ആരോഹണ അവരോഹണ ക്രമത്തിൽ സ്വതസിദ്ധമായ കാവ്യ സൗഭഗത്തോടെ കുളിർകാറ്റായി അനുവാചകരിലേക്ക് ഒഴുകിയെത്തുന്ന ശൈലി. പുഞ്ചിരിയിൽ ചാലിച്ച് കണ്ണുകളിൽ നേരിയ കുസൃതിയുമായി തുടങ്ങുന്ന പ്രസംഗം ചിലപ്പോൾ കത്തിക്കാളി ആവേശോജ്ജ്വലമാവും. ഇടയ്ക്കുള്ള മൗനത്തിൽ പോലും കവിത വിരിയുകയാണെന്ന് കേൾക്കുന്നവർക്ക് തോന്നും. ഒരു മേഘവിസ്ഫോടനമായി പ്രസംഗം അവസാനിക്കുമ്പോൾ നിലയ്ക്കാത്ത കരഘോഷമായിരിക്കും അവിടെ ഉയരുന്നത്.

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ 1924 ഡിസംബർ 25-ന് കൃഷ്ണ ദേവിയുടേയും കൃഷ്ണ ബിഹാരി വാജ്‌പേയിയുടേയും മകനായി ഇടത്തരം കുടുംബത്തിലാണ് വാജ്‌പേയിയുടെ ജനനം. പഠനത്തില്‍ സമര്‍ത്ഥനായിരുന്ന അദ്ദേഹം ഗ്വാളിയോറിലെ വിക്ടോറിയ കോളേജിൽ നിന്ന് സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്കോടെ ബിരുദവും കാൺപൂരിലെ ഡി.എ.വി. കോളേജിൽ നിന്നും രാഷ്ട്രതന്ത്രത്തിൽ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും നേടിയാണ്‌ വിദ്യാഭ്യാസ കാലഘട്ടം പൂര്‍ത്തിയാക്കിയത്.

1942-ലെ ക്വിറ്റ്‌ ഇന്ത്യ പ്രസ്ഥാനത്തിലൂടെയായിരുന്നു വാജ്പേയിയുടെ ദേശീയ രാഷ്ട്രീയ പ്രവേശനം. തുടര്‍ന്ന് സ്വതന്ത്ര ഇന്ത്യയുടെ ആഭ്യന്തരവും വൈദേശികവുമായ പല നയങ്ങളും രൂപപ്പെടുത്തുന്നതിൽ അദ്ദേഹം സുപ്രധാന പങ്കാളിയായി. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രചാരകായി സാമൂഹ്യ രംഗത്തേക്കിറങ്ങിയ അദ്ദേഹം 1951-ൽ രൂപം കൊണ്ട ഭാരതീയ ജന സംഘത്തിന്റെയും, 1977-80 കാലഘട്ടത്തിൽ ജനതാ പാർട്ടിയുടേയും സ്ഥാപക നേതാക്കളിൽ ഒരാളായി വര്‍ത്തിച്ചു. 1957-ലെ രണ്ടാം ലോകസഭ മുതല്‍ ഒൻപതു തവണ വാജ്പേയി ലോകസഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

1977-ല്‍ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനത പാർട്ടി മന്ത്രിസഭയിൽ വാജ്‌പേയി വിദേശകാര്യ മന്ത്രി സ്ഥാനം വഹിച്ചു. 1990-കളിൽ ഐക്യ രാഷ്ട്ര സഭയിൽ കാശ്മീർ പ്രശ്നത്തിൽ സംസാരിക്കാനായി സർക്കാർ അയച്ചത് അന്നത്തെ പ്രതിപക്ഷ നേതാവായ വാജ്പേയിയെ ആയിരുന്നുവെന്നത് അദ്ദേഹത്തിന്റെ നയതന്ത്രജ്ഞതയ്ക്ക് തെളിവായി ഉയർത്തിക്കാട്ടുന്നുണ്ട്.

1996-ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭാരതീയ ജനതാ പാര്‍ട്ടി തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് രാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മ ബി.ജെ. പി. പാർലിമെന്ററി പാർട്ടിനേതാവായ വാജ്‌പേയിയെ മന്ത്രി സഭയുണ്ടാക്കാൻ ക്ഷണിക്കുന്നത്. തുടര്‍ന്ന് മെയ്‌ 16-ന് ഭാരതത്തിന്റെ പതിനൊന്നാമത് പ്രധാനമന്ത്രിയായി അടല്‍ ബിഹാരി വാജ്‌പേയി സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ ലോക്സഭയിൽ ഭൂരിപക്ഷം തികയ്ക്കാൻ മറ്റു കക്ഷികളുടെ പിന്തുണ ലഭിക്കാതെ വന്നതോടെ പതിമൂന്നു ദിവസത്തിനു ശേഷം അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.

തുടര്‍ന്ന് 1998-ൽ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വീണ്ടും ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ മറ്റു കക്ഷികളുമായി ചേർന്ന് ബി ജെ പി ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) എന്ന മുന്നണിയുണ്ടാക്കി. തുടര്‍ന്ന് വാജ്‌പേയി ഭാരതത്തിന്റെ പ്രധാനമന്ത്രിയായി വീണ്ടും അധികാരമേറ്റു. പിന്നീട് നടന്ന വിശ്വാസ വോട്ടെടുപ്പിൽ എൻ.ഡി.എ കേവല ഭൂരിപക്ഷം തെളിയിച്ചെങ്കിലും വാജ്പേയി മന്ത്രിസഭക്ക് പതിമൂന്നു മാസത്തെ ആയുസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടർച്ചയായി സമ്മർദം ചെലുത്തിയിരുന്ന എ. ഐ. എ. ഡി. എം. കെ. മുന്നണി വിട്ടതോടെ കേവലഭൂരിപക്ഷം നഷ്ടപ്പെട്ട വാജ്‌പേയി മന്ത്രിസഭ വിശ്വാസവോട്ടെടുപ്പിൽ ഒരു വോട്ടിനു പരാജയപ്പെട്ടു.

അധികാരത്തിലിരുന്ന ഈ ചുരുങ്ങിയ കാലയളവില്‍ ഭാരതത്തിന്റെ സുപ്രധാനവും നിര്‍ണ്ണായകവുമായ സംഭവങ്ങള്‍ക്ക് വാജ്പേയി സര്‍ക്കാര്‍ സാക്ഷ്യം വഹിച്ചു. അതില്‍ പ്രധാനപ്പെട്ടവയാണ് പൊക്രാൻ ആണവ പരീക്ഷണവും, കാർഗിൽ യുദ്ധവും, പാർലമെന്റ് ആക്രമണവും.

1998 മെയ്‌ മാസത്തിലാണ് രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിൽ വെച്ച് ഭാരതം രണ്ടാം ആണവ പരീക്ഷണം നടത്തി വിജയിക്കുന്നത്. ഈ പരീക്ഷണങ്ങളിലൂടെ സ്വയം ആണവായുധമുണ്ടാക്കുന്ന ആറാമത്തെ രാജ്യമെന്ന ഖ്യാതി ഭാരതം സ്വന്തമാക്കി. ‘ഓപ്പറേഷൻ ശക്തി’ എന്ന രഹസ്യനാമത്തിൽ നടപ്പിലാക്കിയ പരീക്ഷണം പിന്നീട് പൊഖ്റാൻ-2 എന്ന പേരില്‍ അറിയപ്പെട്ടു. ആണവ പരീക്ഷണത്തിന് അമേരിക്കയുടെ നേതൃത്വത്തിലുള്ള ലോകരാജ്യങ്ങളുടെ ഉപരോധങ്ങളെ നയതന്ത്രബന്ധം കൊണ്ടും ഇച്ഛാശക്തികൊണ്ടും മറികടന്നത് വാജ്പേയി എന്ന രാഷ്ട്രതന്ത്രജ്ഞന്‍റെ നേതൃപാടവത്തിനു ഉദാഹരണമാണ്.

അതുവരെ ഭാരതത്തോട് ശത്രുതാ നിലപാടെടുത്തിരുന്ന പാകിസ്ഥാനുമായുള്ള നയതന്ത്ര വാണിജ്യ ബന്ധങ്ങൾ മെച്ചപ്പെടുത്താനും ആണവനിരായുധീകരണത്തിനും വ്യവസ്ഥ ചെയ്യുന്ന ലാഹോർ കരാർ നടപ്പിലാക്കിയത് വാജ്‌പേയി സര്‍ക്കാരിന്‍റെ സുപ്രധാന നേട്ടമാണ്. കാശ്മീരിലെ അതിർത്തിരേഖയായ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്ഥാനി പട്ടാളവും കാശ്മീർ തീവ്രവാ‍ദികളും നുഴഞ്ഞു കയറിയതാണ് കാര്‍ഗില്‍ യുദ്ധത്തിനു തുടക്കമിട്ടത്. ഈ നിര്‍ണ്ണായക ഘട്ടത്തിലും ഭാരതത്തെ വിജയത്തോട് അടുപ്പിച്ചതും പാകിസ്ഥാനെ നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാൻ നിർബന്ധിതമാക്കിയതും വാജ്പേയി എന്ന വ്യക്തിത്വത്തിന്‍റെ കണിശത തന്നെയായിരുന്നു.

1999-ലെ പൊതു തിരഞ്ഞെടുപ്പിൽ 303 സീറ്റുകളിൽ വിജയിച്ച ദേശീയ ജനാധിപത്യ സഖ്യം ലോകസഭയിൽ ഭൂരിപക്ഷം നേടി. 1999 ഒക്ടോബർ 13-നു വാജ്‌പേയി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സ്വാഭിമാനമുള്ള സുശക്തമായ രാജ്യമായി വാജ്പേയിയുടെ ഭരണ കാലത്ത് ഭാരതം ഉയർത്തെണീറ്റു. അന്താരാഷ്ട്ര വേദികളിൽ ചങ്കുറപ്പോടെ തീരുമാനങ്ങളെടുക്കാനും പ്രതിരോധ മേഖലയിൽ വളർച്ച കൈവരിക്കാനും സർക്കാരിനു കഴിഞ്ഞു. പരാശ്രയ ശീലത്തിൽ നിന്നും സ്വാശ്രയത്വത്തിലേക്കുള്ള തന്ത്രപരമായ മാറ്റം ലോക ശ്രദ്ധ നേടുകയും ചെയ്തു.

ദേശാഭിമാന പ്രചോദിതമായ നിരവധി കാവ്യങ്ങൾ വാജ്പേയി രചിച്ചിട്ടുണ്ട്. ഇരുപത്തിയൊന്ന് കവിതകൾ (2003), ക്യാ ഖോയാ ക്യാ പായാ (1999), മേരി ഇക്യാവനാ കവിതായേം (1995), ശ്രേഷ്ഠ കവിത (1997) എന്നിവ അദ്ദേഹത്തിന്റെ കവിതാ സമാഹാരങ്ങളാണ്.

അദ്ദേഹത്തിന് ലഭിച്ച ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന പുരസ്കാരം ആ മഹാൻ അർഹിച്ച ബഹുമതി തന്നെയാണെന്നതിൽ സംശയമില്ല. ഇത്രയധികം രാഷ്ട്രീയ പ്രവർത്തന പാരമ്പര്യവും ഭരണ പരിചയവുമുള്ള നേതാവ് ഭാരതത്തിലുണ്ടായിരുന്നോ എന്ന് സംശയമാണ്.

ഭാരത രത്നം അടൽ ബിഹാരി വാജ്പേയിക്ക് ജനം ടി വി യുടെ പ്രണാമങ്ങൾ

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close