NewsSpecial

ഇന്ന് മഹാശിവരാത്രി

ഇന്ന് മഹാശിവരാത്രി. വിശ്വപൗരുഷമായ സാക്ഷാൽ ശ്രീമഹാദേവന്റെ, ഈ പ്രപഞ്ചതാളം തന്നെയായ താണ്ഡവലഹരിയിൽ ഭക്തമാനസങ്ങൾ അഭൗമമായ ഭക്തിരസം പാനം ചെയ്യുന്ന പുണ്യദിനം.

ശിവതത്വം ആത്മതത്വമാണ്, ഈ പ്രപഞ്ചതത്വമാണ്. അത് കേവലം ദേവതാഭാവത്തിൽ നിന്നും എത്രയോ ഔന്നത്യത്തിൽ നിൽക്കുന്ന മഹാതത്വമാണ്. ശിവതത്വമറിഞ്ഞവൻ ശിവനു തുല്യമെന്നാണ് ജ്ഞാനികൾ അഭിപ്രായപ്പെടുന്നത്. അഥവാ ശിവതത്വമറിയുന്നവൻ ശിവൻ മാത്രമെന്നും പണ്ഡിതർ!

തന്റെ വാമോത്സുംഗസ്ഥിതയായ ആദിപരാശക്തി, ശ്രീപാർവ്വതിയോടൊപ്പം സർവ്വചരാചരങ്ങൾക്കും ആധാരമായി, നിത്യാനന്ദസ്വരൂപനും, സാമഗാനലോലനുമായി, നിസ്സംഗഭാവത്തിൽ, നിർമ്മുക്തനായി ധ്യാനചേതനയോടെ ഈ വിശ്വത്തിന്റെ സർവ്വനാഡീസ്പന്ദനങ്ങളിലും ഊർജ്ജമായി നിറയുന്ന പരമാത്മതത്വം! ആ തത്വസാക്ഷാത്കാരം പകർന്നു നൽകുന്ന ആനന്ദവും, അനുഭൂതിയും അവർണ്ണനീയമാണ്. അതറിയണമെന്ന അദമ്യമായ ആഗ്രഹമുദിക്കുക പോലും മഹാഭാഗ്യവും. അങ്ങനെ സർവ്വാന്തര്യാമിയായ പരം‌പുരുഷനും, പ്രപഞ്ചാധാരമായ ആദിപരാശക്തിയും – ഓം‌കാരസ്വരൂപനായ ശ്രീമഹാദേവനും, ഹ്രീം‌കാരസ്വരൂപിണിയായ ആദിപരാശക്തിയും ചേർന്ന് സർവ്വപ്രപഞ്ചത്തിന്റെയും സന്തുലിതാവസ്ഥയ്ക്കു നിദാനമായി, മനസ്സെന്ന രംഗമണ്ഡപത്തിൽ ആനന്ദനൃത്തം ചെയ്യുന്ന മഹാദിനമെന്ന പ്രത്യേകതയും ഈ ദിനത്തിനുണ്ട്.

ഐതിഹ്യങ്ങൾക്കും, വിശ്വാസങ്ങൾക്കുമപ്പുറമുളള അനുഭൂതിതലം തന്നെയാണ് ഓരോ ഭക്തനും, ശിവരാത്രിവ്രതത്തിലൂടെ കൈവരുന്നത്. ശിവൻ എന്ന സങ്കൽപ്പം ഈ അണ്ഡകടാഹം തന്നെയെന്ന് പണ്ഡിതമതം. ഭഗവാന്റെ ശരീരമാണത്രേ ഈ കാണായതെല്ലാം. ധർമ്മച്യുതിയാലോ, കർമ്മദോഷങ്ങളാലോ ഈ പ്രപഞ്ചത്തിൽ പടരുന്ന സർവ്വവിധ വിഷങ്ങളേയും ഉജ്ജ്വലമായ സാധനാബലത്താൽ, ഈ പ്രപഞ്ചദേഹത്തിൽത്തന്നെ ഘനീഭവിപ്പിക്കുക, അഥവാ നിഷ്പ്രഭമാക്കുക എന്ന സങ്കൽപ്പം കൂടി ശിവരാത്രിവ്രതത്തിലൂടെ സാദ്ധ്യമാകുന്നുണ്ട്. ദേഹത്തിലെ അഷ്ടദോഷങ്ങളാകുന്ന ഹാലാഹലം നിഷ്ക്രിയമാകുമ്പോൾ ഉടലെടുക്കുന്ന പരമാനന്ദം; അതു മനസ്സിനെ ആനന്ദനൃത്തം ചവുട്ടിക്കുന്നു. അതത്രേ സാക്ഷാൽ താണ്ഡവം… ത്ധകത്ധക ധിമിദ്ധിമിയെന്ന ചടുലതാളം, ആ ശൈവതാളത്തിന്റെ മാന്ത്രികസ്പന്ദങ്ങൾ തന്നെയല്ലേ ഈ കാണായ പ്രപഞ്ചത്തിന്റെ മുഴുവൻ ചലനങ്ങളുടെയും ആകെയുളള താളം? സ്വന്തം ഹൃദയത്തുടിപ്പുകൾക്കു കാതോർക്കൂ… ആ താളം, അത് സാക്ഷാൽ താണ്ഡവത്തിന്റെ താളം തന്നെയല്ലേ?

108 നൃത്തസങ്കേതങ്ങൾക്കും, 64 കലകൾക്കും അധിപനായ ശ്രീമഹാദേവന്റെ കലയും, ഭഗവാൻ ചമച്ച കാവ്യവുമത്രേ ഈ ലോകമൊന്നാകെ. സർവ്വസങ്കടഹരന്റെ സമ്മോഹനനാട്യഭംഗിയിൽ ലയിച്ചു ചേരാത്തതെന്താണുളളത്? ഢമരുവും തൃശൂലവുമേന്തി, ജടാഭാരമഴിച്ച് ആനന്ദനൃത്തമാടുന്ന പരം‌പുരുഷൻ എന്ന സങ്കൽപ്പം തന്നെ എത്ര മനോഹരമാണ്. ആ സ്മരണ പോലും എത്ര ആനന്ദദായകമാണ്. ഈ ഭൂമിയിൽ മറ്റേതൊന്നു കൊണ്ടും തുലനം ചെയ്യാനാവാത്ത ആത്മാനന്ദത്തിന്റെ ഉറവിടം തന്നെ സ്വയം ആനന്ദനൃത്തം ചവിട്ടുമ്പോൾ അവന്റെ ശരീരാംഗങ്ങളായ ഈ പ്രപഞ്ചമൊന്നാകെ ആനന്ദത്തിൽ ലയിക്കുന്നുവെന്ന മഹാസങ്കൽപ്പത്തെ ഇത്ര ലളിതസുന്ദരമായി ആശ്ലേഷിക്കാൻ കഴിയുന്ന മറ്റേതൊരു സാധനാപദ്ധതിയാണുളളത്? അതുകൊണ്ടൊക്കെയാവാം ആയിരം ഏകാദശിക്കു തുല്യമാണ് അര ശിവരാത്രിയെന്ന് അനുഭവസ്ഥർ വിളംബരം ചെയ്യുന്നത്.

ഇരുമ്പുതളയിട്ട ഇടംകാലും, പ്രളയാഗ്നിയും, തൃശൂലവും, പ്രപഞ്ചനിദാനമായ ഢമരുവുമേന്തിയ നാഗേന്ദ്രഹാരന്റെ ആനന്ദനൃത്തം, നൃത്തച്ചുവടുകൾക്കനുസൃതമായി വിരിഞ്ഞ മാറിടത്തിൽ താളസൗന്ദര്യം ചമയ്ക്കുന്ന രുദ്രാക്ഷസമൂഹം, സർവ്വചരാചരങ്ങളുടേയും ജീവചൈതന്യത്തെ തന്നിലേക്ക് കേന്ദ്രീകരിച്ചു നിർത്തിയ തേജോമയരൂപം, ആ വിശ്വപൗരുഷത്തിന്റെ ഭ്രൂമദ്ധ്യത്തിൽ തേജോരൂപിണിയായി, ബിന്ദുസ്വരൂപത്തിൽ വർത്തിക്കുന്ന ആദിപരാശക്തി ആ നൃത്തരൂപത്തിൽ എല്ലാമടങ്ങുന്നു… അതിൽ നിന്നു വിഭിന്നമായി, ആ താളപ്രമാണങ്ങളിൽനിന്നു മാറി മറ്റൊന്നില്ല തന്നെ…

എല്ലാ ഭക്തജനങ്ങൾക്കും ജനം ടി.വിയുടെ മഹാശിവരാത്രി ആശംസകൾ

6K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close