Icons

കാലത്തിന് മുന്നേ നടന്ന കർമ്മയോഗി

സമുദായ പരിഷ്‌ക്കരണങ്ങള്‍ക്കായി നീക്കിവയ്ക്കപ്പെട്ടതായിരുന്നു മന്നത്തു പത്മനാഭന്റെ ജീവിതത്തിലെ ഏറിയ കാലമെങ്കിലും പാര്‍ശ്വവല്ക്കരിക്കപ്പെട്ട സഹോദരസമുദായങ്ങളുടെ അവകാശപ്പോരാട്ടങ്ങളിലും എന്നും മുന്‍പിലുണ്ടായിരുന്നു അദ്ദേഹം. ”എന്റെ ദേവനും ദേവിയും നായര്‍ സര്‍വീസ് സൊസൈറ്റിയാണെന്ന്” ആവര്‍ത്തിക്കുമ്പോഴും ”സ്വസമുദായസ്‌നേഹമെന്നാല്‍ ഇതര സമുദായങ്ങളോടുള്ള വൈരമല്ലെ”ന്ന് അദ്ദേഹം പ്രവര്‍ത്തനങ്ങളിലൂടെ തെളിയിക്കുകയും ചെയ്തു.

ഹിന്ദു സമൂഹത്തിലെ ജീര്‍ണതകള്‍ക്കെതിരെ വൈകുണ്ഠസ്വാമികളുടെ കാലത്തുതന്നെ തുടക്കമിട്ട പ്രതിഷേധങ്ങള്‍ക്ക് ചട്ടമ്പിസ്വാമികളുടേയും ശ്രീനാരായണഗുരുദേവന്റേയും മഹാത്മാ അയ്യങ്കാളിയുടേയും നവോത്ഥാനപ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യവും രാഷ്ട്രീയവുമായ മാനം കൈവരികയായിരുന്നു. ഹിന്ദുമത നവീകരണപ്രസ്ഥാനങ്ങള്‍ പിന്നീട് സാമൂഹിക മാറ്റങ്ങളുടെ ആണിക്കല്ലായിത്തീര്‍ന്നു. സമുദായപ്രവര്‍ത്തനത്തിന്റെ പ്രാരംഭദശയില്‍ത്തന്നെ ഇക്കാര്യം മന്നത്തു പത്മനാഭന്‍ തിരിച്ചറിഞ്ഞിരുന്നു. ”ഇന്ന് നായര്‍ക്കുവേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും, പിന്നെ ഹിന്ദുക്കള്‍ക്കു വേണ്ടിയായിരിക്കു”മെന്നത് കേവലം പ്രസ്താവനയായിരുന്നില്ല, മറിച്ച് സമാന്തരമായ രണ്ട് പ്രക്രിയകളായിട്ടായിരുന്നു അദ്ദേഹം കണക്കാക്കിയിരുന്നത്.

അപ്രാപ്ര്യവും അചിന്ത്യവുമെന്ന് ഹിന്ദുക്കള്‍ക്കിടയിലെ ഉത്പതിഷ്ണുക്കള്‍പോലും കരുതിയിരുന്ന കാലത്താണ് പരദേവതയായി ആരാധിച്ചിരുന്ന പെരുന്ന മാരണത്തുകാവ് ദേവീക്ഷേത്രം മന്നത്തു പത്മനാഭന്‍ എല്ലാ വിഭാഗം ഹിന്ദുക്കള്‍ക്കുമായി തുറന്നുകൊടുത്തത്. ക്ഷേത്രപ്രവേശന വിളംബരത്തിന് പത്തൊന്‍പത് വര്‍ഷം മുന്‍പായിരുന്നു അത്. 1917 മാര്‍ച്ച് 26  തിങ്കളാഴ്ച (1092 മീനം 13, ഭരണി). പിന്നെയും ഏഴുവര്‍ഷം കഴിഞ്ഞായിരുന്നു വൈക്കം മഹാദേവക്ഷേത്രപരിസരത്തുള്ള റോഡുകളിലൂടെ സഞ്ചാരസ്വാതന്ത്ര്യം ആവശ്യപ്പെട്ട് ”വൈക്കം സത്യാഗ്രഹം” ആരംഭിക്കുന്നത്.

ഉച്ചനീചത്വങ്ങള്‍ ഉന്മൂലനം ചെയ്യാന്‍ അതിനും വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പേ മന്നത്തു പത്മനാഭന്‍ പരിശ്രമിച്ചിരുന്നു. 1908ല്‍ പെരുന്ന നായര്‍ സമാജം രൂപീകരിച്ചപ്പോഴാണ് അതിനൊരു വ്യവസ്ഥാപിത രൂപം കൈവന്നത്. അധഃകൃതോദ്ധാരണം അംഗങ്ങളുടെ പ്രധാന കര്‍ത്തവ്യങ്ങളിലൊന്നായി അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം എഴുതിച്ചേര്‍ത്തു.

1916ല്‍ സമസ്ത കേരള നായര്‍ മഹാസമ്മേളനത്തിന് വേദിയായതും പെരുന്നയായിരുന്നു. അധഃസ്ഥിതര്‍ക്കുകൂടി പ്രയോജനപ്രദമായ പരിഷ്‌കാരങ്ങള്‍ കൊണ്ടു മാത്രമേ സമൂല സാമൂഹ്യപരിവര്‍ത്തനം സാദ്ധ്യമാവുകയുള്ളൂവെന്ന് പ്രതിനിധികളെ ബോദ്ധ്യപ്പെടുത്താന്‍ മന്നത്താചാര്യന് കഴിഞ്ഞു. തുടര്‍ന്നാണ് അയിത്തം, തീണ്ടല്‍, തൊടീല്‍ തുടങ്ങിയ അനാചാരങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞു വന്നത്. മാരണത്തുകാവ് ക്ഷേത്രപ്രവേശനം സാദ്ധ്യമായതും അതുകൊണ്ടുകൂടിയാണ്.

1091 മേടത്തിലാണ് സമ്മേളനം നടന്നതെങ്കിലും മന്നത്തു പത്മനാഭന്‍ ക്ഷേത്രപ്രവേശന പ്രഖ്യാപനം പിറ്റേ വര്‍ഷംവരെ നീട്ടിക്കൊണ്ടുപോയതിന് വ്യക്തമായ ഉദ്ദേശമുണ്ടായിരുന്നു. ക്ഷേത്രപ്രവേശന നിഷേധത്തിനെതിരായ പ്രഖ്യാപനത്തിന് ഏറ്റവും അനുയോജ്യമായത് ഭദ്രകാളിയുടെ തിരുനാളായ മീനമാസത്തിലെ ഭരണി തന്നെയാണെന്ന് അദ്ദേഹം വിശ്വസിച്ചു. മാത്രവുമല്ല, മീനത്തിലെ അശ്വതി കാവുതീണ്ടലിനു മാത്രമാണ് അവര്‍ണര്‍ക്ക് കൊടുങ്ങല്ലുര്‍ ക്ഷേത്രത്തില്‍ പ്രവേശനാനുമതി നല്‍കിയിരുന്നത്.

1921ല്‍ മന്നത്തു പത്മനാഭന്‍ പ്രജാസഭാംഗമായപ്പോള്‍ ദിവാന്‍ രാഘവയ്യയ്ക്ക് നല്‍കിയ ആദ്യ നിവേദനം എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു. പിറ്റേവര്‍ഷം അമ്പലപ്പുഴയില്‍ നടന്ന നായര്‍ സമ്മേളനം ഒരു പടി കൂടി കടന്നു. ക്ഷേത്രങ്ങളില്‍ പൂജാകര്‍മ്മം നടത്താനുള്ള അവകാശം എല്ലാ വിഭാഗം ഹിന്ദുക്കള്‍ക്കും നല്‍കണമെന്ന പ്രമേയമാണ് ഇത്തവണ ഐകകണ്‌ഠ്യേന പാസ്സാക്കിയത്.

രണ്ടുവര്‍ഷം കഴിഞ്ഞാണ് 1924 മാര്‍ച്ച് 30ന് ഐതിഹാസികമായ വൈക്കം സത്യാഗ്രഹം ആരംഭിക്കുന്നത്. തലേവര്‍ഷം ഡിസംബറില്‍ കാക്കിനഡയില്‍ ചേര്‍ന്ന എ.ഐ.സി.സി. യോഗത്തില്‍ വച്ച് അയിത്തോച്ചാടനം കോണ്‍ഗ്രസ്സിന്റെ കര്‍മ്മപരിപാടികളിലൊന്നായി അംഗീകരിപ്പിക്കുന്നതില്‍ ടി.കെ. മാധവന്‍ വഹിച്ച പങ്ക് നിസ്തുലമാണ്. തുടര്‍ന്നാണ് കെ. കേളപ്പന്‍ കണ്‍വീനറായി കേരള അയിത്തോച്ചാടന കമ്മിറ്റി രൂപീകരിക്കപ്പെടുന്നത്. ടി.കെ. മാധവന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവരായിരുന്നു അംഗങ്ങള്‍.

മന്നത്തു പത്മനാഭന്‍ സമരത്തിന്റെ ഭാഗമായി. സത്യാഗ്രഹത്തിന് പിന്തുണയഭ്യര്‍ത്ഥിച്ച് തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച യോഗങ്ങളില്‍ പ്രധാന പ്രസംഗകന്‍ അദ്ദേഹമായിരുന്നു. നവംബര്‍ ഒന്നിന് വൈക്കത്തു നിന്നാരംഭിച്ച സവര്‍ണജാഥയുടെ സര്‍വ്വാധിപനായി മന്നത്താചാര്യന്‍ സ്വാഭാവികമായും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം മുതല്‍ ഭാരതത്തിലങ്ങോളമിങ്ങോളം അലയടിച്ച സാമൂഹിക മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തില്‍ വേണം കേരളത്തിലെ നവോത്ഥാന സംരംഭങ്ങളേയും അതിന്റെ നായകരേയും വിലയിരുത്തേണ്ടത്. തങ്ങളുടെ ജാതി സംസ്‌കാരത്തെ മുറുകെ പിടിക്കാനും ജാതിക്കുള്ളില്‍ സ്വാഭിമാന പ്രസ്ഥാനങ്ങള്‍ രൂപപ്പെടുത്താനും നേതൃത്വം കൊടുക്കുമ്പോഴും ഹൈന്ദവമൂല്യങ്ങള്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധരായിരുന്നു ഓരോ സമുദായോദ്ധാരകനും.

വര്‍ണ്ണഭേദങ്ങള്‍ക്കതീതരായി അവര്‍ നിലകൊണ്ടു. പരസ്പരം സഹകരിച്ചുകൊണ്ട് സ്വസമുദായത്തിനായി പട നയിച്ചു. ഒപ്പം അവശവിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ നിരന്തരം പങ്കാളികളുമായി. മന്നത്താചാര്യനെപ്പോലെയുള്ള നവോത്ഥാന നായകര്‍ വ്യത്യസ്തരാകുന്നത് അതുകൊണ്ടാണ്.
ആദ്യ ക്ഷേത്രപ്രവേശനത്തിന് നൂറു വയസ്സാകുന്നു. അതിനു കാരണക്കാരനായ മന്നത്താചാര്യന്റെ നാല്പത്തേഴാം ചരമവാര്‍ഷികാചരണവേളയില്‍ അത് ഓര്‍മ്മിക്കപ്പെടാതെ പോവുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ മേധാശക്തിയും കര്‍മശേഷിയും മാത്രമായിരുന്നു നിശബ്ദമായ ആ വിപ്ലവം അന്ന് സാദ്ധ്യമാക്കിത്തീര്‍ത്തത് എന്നതും വിസ്മരിക്കപ്പെട്ടു.

നവോത്ഥാനവും മതനവീകരണവും ലക്ഷ്യം വച്ച് മന്നത്താചാര്യന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടങ്ങളാണ് വിസ്മൃതിയിലാകുന്നത് എന്നതാണ് ഏറെ ദുഃഖകരം. മാറ്റങ്ങള്‍ക്കു വേണ്ടിയുള്ള മുറവിളികള്‍ ഉച്ചസ്ഥായിയിലെത്തുന്നതിനും വളരെ മുന്‍പായിരുന്നതുകൊണ്ടാകാം ആ ദുര്യോഗം.

1970 ഫെബ്രുവരി 25  ബുധനാഴ്ച പകല്‍ 11.45നായിരുന്നു പദ്മഭൂഷണ്‍ മന്നത്തു പത്മനാഭന്‍ ഭൗതികദേഹം വെടിഞ്ഞത്. പൊതുപ്രവര്‍ത്തനത്തിനപ്പുറം സ്വകാര്യ ജീവിതമില്ലാതിരുന്ന ആ കര്‍മ്മയോഗിയുടെ ആത്മീയചൈതന്യം നിറഞ്ഞു നില്ക്കുന്ന പെരുന്നയിലെ സമാധി മണ്ഡപത്തില്‍ ഉപവാസമനുഷ്ഠിച്ച്, പുഷ്പാര്‍ച്ചന നടത്തി, സമൂഹ പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളാനെത്തുന്നവരുടെ എണ്ണം ഓരോ ചരമവാര്‍ഷികദിനത്തിലും ഏറിവരികയാണ്. പരാര്‍ത്ഥമായി സമര്‍പ്പിക്കപ്പെട്ട ആ ജീവിതം സര്‍വ്വഥാ സാര്‍ത്ഥകമായിരുന്നു എന്നതിന് എന്തിനാണ് മറ്റൊരു തെളിവ് ?


ആർ ബാലകൃഷ്ണൻ

മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ ലേഖകൻ ഇരുപത്തിയഞ്ച് വർഷം ദൂരദർശനിലെ വാർത്ത അവതാരകനായിരുന്നു . ഇപ്പോൾ ജനം ടിവിയിൽ

506 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close