Special

ഓര്‍മകള്‍ പൂത്തുലയുന്ന വിഷുക്കാലം

അഞ്‌ജന വൈഖരി


മലയാളിയുടെ ഗൃഹാതുര സങ്കല്‍പങ്ങളിലെ നിറസാന്നിദ്ധ്യമാണ് വിഷു. കൊന്നപ്പൂക്കളും, കണിവെള്ളരിയും, കൈനീട്ടവുമെല്ലാം മലയാളി മനസ്സിലെ സ്വകാര്യ അഹങ്കാരങ്ങള്‍ തന്നെയാണെന്ന് നമുക്ക് നിസ്സംശയം പറയാം. വിഷുവുമായി ബന്ധപ്പെട്ട വാക്കുകള്‍ കൊണ്ട് പദസൂര്യന്‍ ഉണ്ടാക്കുന്ന കുട്ടിക്കാലമുണ്ടായിരുന്നു മലയാളിക്ക്. വിഷുവുമായി ബന്ധപ്പെട്ട എത്രത്തോളം ബിംബങ്ങള്‍ മലയാളിമനസിലുണ്ടെന്നതിന്റെ തെളിവാണത്. വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ തുടങ്ങി വിഷുവുമായി ബന്ധപ്പെട്ട ബിംബങ്ങള്‍ നിരവധിയാണ്.

സൂര്യന്റെ മീനരാശിയില്‍ നിന്ന് മേടരാശിയിലേക്കുള്ള സംക്രമദിവസമാണ് വിഷു. ഇതിഹാസങ്ങളില്‍ ശ്രീകൃഷ്ണന്‍ നരകാസുരനെ വധിക്കുന്ന ദിവസമായാണ് വിഷുവിനെ പരാമര്‍ശിക്കുന്നത്. കൂടാതെ ശ്രീകൃഷ്ണന്റെ അരഞ്ഞാണമാണ് കണിക്കൊന്നപൂവെന്നും തുടങ്ങി വിഷുവുമായി ബന്ധപ്പെട്ട അനേകം ഐതിഹ്യങ്ങളുമുണ്ട്.

വിഷുവുമായി ബന്ധപ്പെട്ട ആചാരനുഷ്ഠാനങ്ങളില്‍ ഏറ്റവും പ്രധാനമാണ് വിഷുക്കണി. ഒരു ദിവസത്തെ ആദ്യ കാഴ്ചയാണ് കണി. കണി നന്നായാല്‍ ആ കൊല്ലം നന്നായെന്നാണ് നമ്മുടെ വിശ്വാസം. പണ്ട് വിഷുവെന്നാല്‍ പുതുവര്‍ഷപിറവിയായിരുന്നു. ഐശ്വര്യ പൂര്‍ണമായ ഒരു പുതുവര്‍ഷം പ്രതീക്ഷിച്ചാണ് നാം വിഷുക്കണി ഒരുക്കുന്നത്. എന്നാല്‍ കേവലം ഒരു വിശ്വാസം എന്നതിലുപരി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഉദാത്തമായ ബന്ധത്തെ വിഷുക്കണി പ്രതിനിധാനം ചെയ്യുന്നു. ശ്രീകൃഷ്ണന്റെ വിഗ്രഹം, ഓട്ടുരുളിയില്‍ ധാന്യങ്ങള്‍, ഫലങ്ങള്‍, വാല്‍കണ്ണാടി, ഗ്രന്ഥങ്ങള്‍, കണിക്കൊന്ന, സിന്ദൂരച്ചെപ്പ് തുടങ്ങിയവയൊക്കെ ചേര്‍ത്താണ് നാം വിഷുക്കണി ഒരുക്കുന്നത്്. സമ്പല്‍ സമൃദ്ധിയിലുള്ള പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും നിലനില്‍പിന്റെ പ്രതീകമാണ് വിഷുക്കണി.

വിഷുക്കണി കണ്ടു കഴിഞ്ഞാല്‍ അടുത്ത ചടങ്ങ് വിഷുക്കൈനീട്ടം നല്‍കലാണ്. അടുത്ത തലമുറയ്ക്കും സമൃദ്ധിയും ഐശ്വര്യവും കൈവരട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് അവര്‍ക്കും കൂടി സമ്പത്തുകള്‍ കൈമാറുകയെന്ന ഉദാത്തമായ സങ്കല്പമാണ് വിഷുക്കൈനീട്ടം നല്‍കുന്നതിന് പിന്നിലുള്ളത്.

വിഷുക്കണിയും വിഷുകൈനീട്ടവുമൊക്കെ കഴിഞ്ഞാല്‍ പിന്നെ വിഭവസമൃദ്ധമായ സദ്യയാണ് നമ്മെ കാത്തിരിക്കുന്നത്. പ്രാദേശികമായ വ്യത്യാസങ്ങള്‍ അനുസരിച്ച് വിഷുസദ്യയിലെ വിഭവങ്ങള്‍ക്കും മാറ്റം വരാറുണ്ട്. എങ്കിലും ഓണസദ്യയോളം തന്നെ വിഭവസമൃദ്ധമാണ് വിഷുസദ്യയും. കാളന്‍, പുളിയിഞ്ചി, ഇഞ്ചിത്തൈര്, രസം തുടങ്ങി നാക്കിലയിലും വിഷു ഒരു വിസ്മയം തന്നെയാണ്. ഇവയൊക്കെ കഴിഞ്ഞാല്‍ പടക്കങ്ങള്‍ കൊണ്ട് മലയാളിയുടെ വിഷുരാത്രിയും വര്‍ണാഭമാവുന്നു.

വിഷു മലയാളിയുടെ മാത്രമാണെങ്കിലും, ഈ ദിവസം ഇന്ത്യയൊട്ടാകെ ഉത്സവമാണ്. അസമില്‍ ബിഹുവായും, പഞ്ചാബില്‍ ബൈശാഖിയായും ഒഡിഷയില്‍ വിഷുവസംക്രാന്തിയായുമെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കുന്ന ദിവസമാണ് മേടം ഒന്ന്. ഭക്തിയും വിശ്വാസവും അനുഷ്ഠാനങ്ങളുമൊക്കെ ഒത്തുചേരുന്ന വിഷു ഇന്ന് മലയാളിക്ക് ഗൃഹാതുരതയുടേയും കൂടി ആഘോഷമാണ്.

‘ ഏത് ധൂസരസങ്കല്പത്തില്‍ വളര്‍ന്നാലും
ഏത് യന്ത്രവത്കൃത ലോകത്തിൽ പുലര്‍ന്നാലും
മനസിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണ്ണും മമതയും ഇത്തിരി കൊന്നപ്പൂവും’

എന്ന് വൈലോപ്പിള്ളി പാടിയതു പോലെ ഓരോ വിഷുക്കാലവും മലയാളിയുടെ മനസില്‍ ബാല്യകാലസ്മരണകളുടെ കൊന്നപ്പൂക്കള്‍ കൂടി പൂത്തുലയുന്ന കാലമാണ്.എല്ലാവർക്കും വിഷു ആശംസകൾ

360 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close