Special

‘വിശ്വ‘മഹാഭാരതം

തന്റെ ക്ളാസിൽ നിന്ന് പുസ്തകങ്ങളും ബുക്കും എടുത്തെറിഞ്ഞ് ഇറങ്ങിയോടിയ ഒരു യുവാവിനെപ്പറ്റി എസ് : ഗുപ്തൻ നായർ സാർ ആത്മകഥയിൽ എഴുതിയിട്ടുണ്ട് . ഫീസ് കൊടുക്കാൻ പണമില്ലാതെ ഹോട്ടലിൽ വെള്ളം ചുമന്ന വിദ്യാർത്ഥിക്ക് വേണ്ടി ഫീസ് അടച്ചത് അദ്ധ്യാപകനായ ഗുപ്തൻ നായർ ആയിരുന്നത്രെ . അച്ഛനോടുള്ള അഭിപ്രായ വ്യത്യാസം , ഒപ്പം അച്ഛനെ എതിർക്കാൻ പാടില്ല എന്ന ധാർമ്മികത . വിദ്യാർത്ഥിക്ക് വീടു വിടാൻ അത് ധാരാളമായിരുന്നു.

അന്ന് എറണാകുളത്തപ്പന്റെ ഗോപുരത്തിന് കീഴിലായിരുന്നു  വിദ്യാർത്ഥിയുടെ കിടപ്പ് . തെരുവു വിളക്കിന്റെ വെട്ടത്തിൽ ആയിരുന്നു പഠനം . ഭക്ഷണത്തിനുള്ള വക ഹോട്ടലിൽ സഹായിച്ച് കണ്ടെത്തും . പരീക്ഷയ്ക്ക് ഇയാൾ ഒന്നാം ക്ളാസ്സോടെ പാസാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ധ്യാപകൻ പറഞ്ഞപ്പോൾ എല്ലാ അർത്ഥവും പേറുന്ന ചിരിയായിരുന്നു ആ വിദ്യാർത്ഥിയുടെ മറുപടി.

വിദ്യാർത്ഥി ഒന്നാം ക്ളാസോടെ തന്നെ പാസായി . കലാകൗമുദിയിൽ താത്കാലിക ജോലിയും ലഭിച്ചു .ആദ്യ ശമ്പളം കിട്ടിയപ്പോൾ തന്നെ വിദ്യാർത്ഥി ഗുപ്തൻ നായരെ കാണാനെത്തി . വിലക്കിയിട്ടും അന്ന് ഫീസടച്ച നൂറു രൂപ നിർബന്ധിച്ച് അദ്ധ്യാപകനെ ഏൽപ്പിച്ചു . ആത്മാഭിമാനം എന്ന വാക്കിന്റെ പരുക്കൻ അർത്ഥമാണ് ആ വിദ്യാർത്ഥി തന്നെ ഓർമ്മിപ്പിച്ചതെന്ന് ഗുരു ആത്മകഥയിൽ എഴുതിയിട്ടുണ്ട് .

മഹാരാജാസിൽ പഠിച്ച് പിന്നീട് മഹാരാജാസിൽ തന്നെ അദ്ധ്യാപകനായി മലയാളം വാരികയിൽ മഹാഭാരത ദർശനത്തിന്റെ മറുകര കണ്ട ലേഖനങ്ങൾ എഴുതിയ   ആ വിദ്യാർത്ഥിയിലൂടെ  മലയാളത്തിനു ലഭിച്ചത് ഒരു മഹാമനീഷിയെത്തന്നെയായിരുന്നു . തുറവൂർ വിശ്വംഭരൻ.

മഹാഭാരതത്തിന്റെ വികല വായനകളെ എന്നും വിശ്വംഭരൻ മാഷ് എതിർത്തു . രണ്ടാമൂഴം മഹാഭാരതമല്ലെന്ന് വ്യക്തമായി പറഞ്ഞു . നിരൂപകന്മാരിൽ ഗണനീയനായ കുട്ടിക്കൃഷ്ണമാരാരുടെ ഭാരതപര്യടനത്തെ കൃത്യമായി ഖണ്ഡിച്ചു . മഹാഭാരത പര്യടനം എന്ന മലയാളത്തിലെ മഹത്തായ മഹാഭാരത പഠന ഗ്രന്ഥം പുറത്ത് വന്നത് അങ്ങനെയാണ് .

ധർമ്മാധർമ്മങ്ങളെ വ്യാസഭാരതത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിച്ചു . ഭീഷ്മർക്കും കർണനും ഏകലവ്യനും കൽപ്പിച്ചു കിട്ടിയിരുന്ന നായക പരിവേഷങ്ങൾ വെറും വെച്ചുകെട്ടലാണെന്ന് മഹാഭാരതം കൊണ്ട് തന്നെ സമർത്ഥിച്ചു.

അതുമിതും എടുത്ത് കൽപ്പിത സംഭവങ്ങളും ചേർത്ത് വിശ്രമസമയത്ത് വായിച്ചു രസിക്കാൻ രചിച്ചതല്ല മഹാഭാരതമെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാഭാരതം ഉപനിഷദ്‌ദർശനമാണെന്നും അത് വേദമാണെന്നും വായന പൂർണമാണെങ്കിൽ സാക്ഷാത്കരിക്കുന്നത് ലോകസത്യം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു വച്ചു.

“മാരാരുടെ ആരാധകനാകണോ വ്യാസന്റെ ആരാധകനാകണോ എന്ന ചോദ്യം ഉള്ളിലുണ്ടായി . അപ്പോൾ മാരാരെ തള്ളി വ്യാസന്റെ ആരാധകനായി.“ കുട്ടിക്കൃഷ്ണമാരാരുടെ വ്യാഖ്യാനങ്ങളെ എതിർത്തതെന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു.

ഏഴരപ്പതിറ്റാണ്ട് കാലത്തെ ഇഹലോക ജീവിതമവസാനിച്ച് പ്രൊഫ. തുറവൂർ വിശ്വംഭരൻ വിടവാങ്ങുമ്പോൾ നഷ്ടമാകുന്നത് അദ്വിതീയനായ ഒരു ദാർശനികനെയാണ് . മലയാളം ആ ധിഷണയെ അർഹമായ രീതിയിൽ അംഗീകരിച്ചോ എന്ന് സംശയമാണ് . എന്തായാലും മഹാഭാരതത്തെ സംബന്ധിച്ചിടത്തോളം വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ പ്രഥമ ഗണനീയമായ ഒന്ന് നമുക്ക് സമ്മാനിച്ചിട്ടാണ് അദ്ദേഹം വിടവാങ്ങുന്നത് .

പ്രൊഫസർ തുറവൂർ വിശ്വഭരൻ സാറിന് ജനം ടിവിയുടെ സാദര പ്രണാമങ്ങൾ ..

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close