NewsIconsSpecial

നവതിയിലെത്തിയ ജനനായകൻ

ലാൽ കൃഷ്ണ അദ്വാനി എന്ന പേര് ദേശീയ രാഷ്ട്രീയത്തിൽ മുഴങ്ങിക്കേട്ടത് എൺപതുകൾക്ക് ഇപ്പുറമായിരുന്നു. കൃത്യമായി പറഞ്ഞാൽ 1984 ൽ ലോക്സഭയിൽ ബിജെപിക്ക് രണ്ട് സീറ്റിന്‍റെ മാത്രം പ്രാതിനിധ്യം ഉണ്ടായിരുന്നപ്പോൾ. അന്ന് ഇന്ദിരാ ഗാന്ധി വധത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ സഹതാപ തരംഗത്തോടെ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി. പ്രചരണം മുന്നിൽ നിന്ന് നയിച്ചത് വാജ്പേയി ആയിരുന്നെങ്കിലും അതിന് ചുക്കാൻ പിടിച്ചത് അദ്വാനിയായിരുന്നു.

അന്ന് രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ഭാരതീയ ജനതാ പാർട്ടിയെ ഇന്ന് ഭാരതം കേവല ബൂരിപക്ഷത്തോടെ ഒറ്റയ്ക്ക് ഭരിക്കാൻ കഴിവുള്ള പാർട്ടിയാക്കി വളർത്തിയതിൽ നിർണായക പങ്കായിരുന്നു അദ്വാനിക്കുണ്ടായിരുന്നത്.

രാഷട്രീയ സ്വയം സേവക സംഘത്തിലെ ദീർഘകാല പ്രവർത്തന മികവിന്‍റെ പിൻബലത്തിൽ ശൈശവദിശയിൽ നിന്നും കാരിരുമ്പിന്‍റെ കരുത്തിലേക്ക് പാർട്ടിയെ നയിക്കാൻ ഈ നേതാവിനായി. അടൽ ബിഹാരി വാജ്പേയിക്കൊപ്പം തോളോടുതോൾ ചേർന്നുള്ള പ്രവർത്തന മികവിന്‍റെ ഫലമായിരുന്നു ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ രാഷ്ട്രീയത്തിലെ അശ്വമേധം.

ആശയങ്ങളിലെ വ്യക്തതയും അത് വിശദീകരിക്കുന്ന ശൈലിയുമാണ് അദ്വാനിയെ മറ്‍റ് നേതാക്കളിൽ നിന്ന് വേറിട്ട് നിർത്തുന്നത്. മികച്ച സംഘാടകനും താത്വികനുമെന്ന നിലയിൽ പേരെടുക്കാൻ അദ്ദേഹത്തിനായി. അളന്നുമുറിച്ചുള്ള അദ്വാനിയുടെ വാക്കുകൾ ബിജെപിക്ക് നൽകിയത് പുതിയ മുഖമായിരുന്നു. ഉപപ്രധാനമന്ത്രിയായും ആഭ്യന്തരമന്ത്രിയായും പ്രതിപക്ഷ നേതാവായുമൊക്കെയുള്ള മികച്ച പ്രവർത്തനം പാർട്ടിക്കുനൽകിയത് എതിരില്ലാത്ത മഹാവിജയങ്ങളും.

1927 ൽ അവിഭക്ത ഇന്ത്യയിലെ കറാച്ചിയിലായിരുന്നു അദ്വാനിയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമ ബിരുദം നേടിയ അദ്ദേഹം 1942 മുതൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവർത്തകനായി. തുടർന്ന് അതിന്റെ മുഴുവൻ സമയ പ്രവർത്തകൻ ( പ്രചാരക് ) ആയി വിവിധ സ്ഥലങ്ങളിൽ സംഘടനാ പ്രവർത്തനം നടത്തി . 1947 ൽ വിഭജനത്തിനു ശേഷം ഭാരതത്തിലെത്തി രാജസ്ഥാനിൽ അഭയാർത്ഥികൾക്കു വേണ്ടി പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ടു.

ജനസംഘത്തിലൂടെയായിരുന്നു രാജനൈതികരംഗത്തേക്കുള്ള പ്രവേശനം. 1960 ൽ ആർഎസ്എസ് പ്രസിദ്ധീകരണമായ ഓർഗനൈസറിന്റെ അസിസ്റ്റന്റ് എഡിറ്ററായി. 1970 ൽ അദ്ദേഹം ഡൽഹിയിൽ നിന്നും രാജ്യ സഭാംഗമായി. 1972 ൽ വാജ്പേയിയുടെ പിൻഗാമിയായി അദ്വാനി ജനസംഘത്തിന്റെ അദ്ധ്യക്ഷനായി.

1975 ൽ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട് വിസ തടവുകാരനായി ജയിൽ വാസമനുഷ്ഠിച്ചു. ജയപ്രകാശ് നാരായണന്റെ ആശീർവാദത്തോടെ ജനതാപാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ നാല് ജനറൽ സെക്രട്ടറിമാരിൽ ഒരാളായി അദ്വാനി തെരഞ്ഞെടുക്കപ്പെട്ടു.

അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ മൊറാർജി ദേശായി മന്ത്രിസഭയിൽ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. പ്രസാർ ഭാരതിയുടെ രൂപീകരണത്തിനും ദൂരദർശനും ആകാശവാണിയ്ക്കും സ്വയം ഭരണാനുമതി നൽകുന്നതിനും തുടക്കമിട്ടത് അദ്വാനി വാർത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രിയായിരുന്നപ്പോഴായിരുന്നു.

1980 ഏപ്രിൽ ആറിന് ഭാരതീയ ജനതാ പാർട്ടി പ്രഖ്യാപിക്കപ്പെട്ടു. വാജ് പേയി ആദ്യ പ്രസിഡന്റായപ്പോൾ അദ്വാനി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

ചരിത്ര പ്രസിദ്ധമായ രാമ ജന്മഭൂമി പ്രക്ഷോഭത്തിന്റെ മുൻ നിരയിലേക്ക് ഭാരതീയ ജനതാപാർട്ടി കടന്നുവന്നതും അക്കാലത്ത് തന്നെയായിരുന്നു. ഗുജറാത്തിലെ സോമനാഥത്തിൽ നിന്നും രാമക്ഷേത്ര പുനർ നിർമാണത്തിനു വേണ്ടി അദ്വാനി ആരംഭിച്ച രഥയാത്ര ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ചു.

1991 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്നിൽ ഏറ്റവും വലിയ കക്ഷിയായി ബി ജെ പി മാറി. 1999 ൽ ബി ജെ പി അടങ്ങുന്ന മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി. അദ്വാനി ആഭ്യന്തരമന്ത്രിയും പിന്നീട് ഉപപ്രധാനമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു.

2014 ലെ തെരഞ്ഞെടുപ്പിൽ ഗാന്ധിനഗറിൽ നിന്ന് നാല് ലക്ഷത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ ആറാം തവണയാണ് അദ്ദേഹം ഗാന്ധി നഗറിൽ നിന്നും വിജയിക്കുന്നത്. ലാൽ കൃഷ്ണ അദ്വാനിയുടെ ജീവിതം ഭാരതീയ ജനതാപാർട്ടിയുടെ ചരിത്രം കൂടിയാണ്. ജനതാ പാർട്ടിയുടെ തകർച്ചയ്ക്ക് ശേഷം ഏവരാലും എഴുതിത്തള്ളപ്പെട്ട പാർട്ടിയെ വാജ്പേയിക്കൊപ്പം നിന്ന് പടുത്തുയർത്തിയതിനു പിന്നിൽ അദ്വാനിയുടെ ആദർശവും പ്രയത്നവുമുണ്ട് .

ആ രാഷ്ട്രതന്ത്രജ്ഞതയ്ക്കുള്ള പ്രതിഫലമായിരുന്നു 2015 ൽ പദ്മവിഭൂഷൺ നൽകിയുള്ള രാജ്യത്തിന്‍റെ ആദരം.

അതുല്യനായ പാർലമെന്റേറിയൻ, കർമ്മ കുശലനായ സംഘാടകൻ, ഭാരതത്തിന്റെ രാഷ്ട്രീയ ഭാവിയിൽ നിർണായക പങ്കു വഹിച്ച ജനനേതാവ്, ലാൽ കൃഷ്ണ അദ്വാനിയുടെ വിശേഷണങ്ങൾ പറഞ്ഞാൽ തീരില്ല . ഭാരതീയ ജനതാ പാർട്ടി ഇന്ന് അധികാരത്തിലിരിക്കുന്നതിനു പിന്നിൽ എൽ കെ അദ്വാനിയുടെ അദ്ധ്വാനത്തിനു നിർണായക പങ്കുണ്ടെന്ന കാര്യം ആർക്കും വിസ്മരിക്കാനാവില്ല.

നവതിയുടെ നിറവിലെത്തി നിൽക്കുമ്പോഴും കർമ്മ പഥത്തിൽ വിശ്രമമില്ലാത്ത ജന നേതാവിന് ജനം ടിവിയുടെ പിറന്നാൾ ആശംസകൾ.

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close