Columns

ബ്രേക്കിംഗ് ഇന്ത്യ ബ്രിഗേഡിനോട് സ്നേഹപൂർവ്വം

വരികൾക്കിടയിൽ - എസ് ശ്രീകാന്ത്

ഭാരതത്തെ ആക്രമിച്ച അധിനിവേശ ശക്തികളില്‍ പലരും സൈനികമായി ജയിച്ചിട്ടുണ്ട്. ശകന്‍മാരും ഹൂണന്‍മാരും മുഗളന്‍മാരും ബ്രിട്ടീഷുകാരും അങ്ങനെ അങ്ങനെ അങ്ങനെ. പക്ഷേ അവരുള്‍പ്പെടെ തോറ്റമ്പി തലകുനിച്ചത് ഒരേയൊരു കാര്യത്തിന് മുന്നില്‍ മാത്രമാണ്. കെട്ട് പോയാലും കനലായെരിഞ്ഞ് വീണ്ടും കത്തിജ്വലിക്കാന്‍ കഴിവുള്ള ഈ നാടിന്റെ സംസ്‌കാരം ‘ ഹിന്ദുത്വം ‘. കാല്‍ക്കീഴിലാക്കിയ സിംഹാസനത്തില്‍ അമര്‍ന്നിരുന്ന് നെറികേട് കാട്ടിത്തുടങ്ങുമ്പോഴേക്കും ഏത് വമ്പനെയും വീഴ്ത്തി വിശ്വരൂപം കാട്ടിയിട്ടുണ്ട് ഹിന്ദുത്വത്തിലൂന്നിയ ഭാരതം.

ഭാരതമെന്ന പ്രാചീന സംസ്‌കൃതിയെ സംരക്ഷിക്കുന്ന ഹിന്ദുത്വമെന്ന ആ സാധനത്തെ നേരിടേണ്ടതെങ്ങനെയെന്ന് തലപുകച്ച് നരവന്ന് പരലോകം പൂകിയ അധികാരമോഹികള്‍ ധാരാളമുണ്ട്. എന്നാല്‍ തലതിരിഞ്ഞ ചിന്തകള്‍ക്കൊടുവില്‍ ചില അധികാരക്കൊതിയന്‍മാര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് ജാതിവാദം. താല്‍ക്കാലികമായാണെങ്കിലും ഭാരതത്തെ ചവിട്ടിമെതിക്കാന്‍ പോന്ന ശക്തമായ ആയുധമായിരുന്നു ഇത്. മുഗളനും വെള്ളക്കാരനും സമര്‍ത്ഥമായി ഉപയോഗിച്ച ജാതിവാദം ഇപ്പോള്‍ ഇറ്റാലിയന്‍ നിയന്ത്രിത കോണ്‍ഗ്രസ്സും അധികാരത്തിനായി രാകിമിനുക്കി എടുത്തുകഴിഞ്ഞു. രാജസ്ഥാനിലും, ഹരിയാനയിലും, കര്‍ണാടകയിലും ഗുജറാത്തിലും, മഹാരാഷ്ട്രയിലും, തമിഴ്‌നാട്ടിലുമെല്ലാം ഇതിന്റെ അലയൊലികള്‍ കേള്‍ക്കാം.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് ബ്രെയ്ക്കിംഗ് ഇന്ത്യ ബ്രിഗേഡിനെ സംബന്ധിച്ച് നിര്‍ണായകമാണ്. മോദിയെ തടയാന്‍ സാധിക്കില്ലെങ്കിലും കുറഞ്ഞത് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം എങ്കലും 2019ല്‍ കിട്ടരുത്, അതാണ് ലക്ഷ്യം. പലതും പയറ്റി നോക്കി ഇതിനായി. കള്ളക്കഥകള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ചക്കവീണ് മുയല് ചത്തതിന് പോലും മോദി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. അട്ടത്തിരുന്ന അവാര്‍ഡൊക്കെ തിരിച്ചു കൊടുത്തു നോക്കി. ബീഫ് ഫെസ്റ്റ് നടത്തി, പാകിസ്ഥാന്‍ ചൈന എന്നിവരുടെ ഗൂഢാലോചനയില്‍ പങ്കാളികളായി, ജെഎന്‍യുവില്‍ ഉള്‍പ്പെടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി, അങ്ങനെ പതിനെട്ടടവും പയറ്റിയിട്ടും കേളന്‍ കുലുങ്ങുന്നില്ല. പിന്നെ കണ്ട ഒറ്റ വഴി മോദിയുടെ വിജയമന്ത്രമായ സാംസ്‌കാരിക ദേശീയത അഥവാ ഹിന്ദുത്വത്തിന്റെ പ്രഭാവം താല്‍ക്കാലികമായെങ്കിലും ഇല്ലാതാകണം. അതിനവര്‍ തെരഞ്ഞെടുത്ത വഴി ജാതിയുടെ പേരില്‍ സംഘര്‍ഷം വളര്‍ത്തുക എന്നതാണ്.

ഹരിയാനയിലായിരുന്നു ആദ്യ സംഭവം. ജാട്ടുകള്‍ സംവരണമാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിന് എണ്ണ പകര്‍ന്ന് അത് ആളിക്കത്തിക്കാന്‍ ബ്രെയ്ക്കിംഗ് ഇന്ത്യ ബ്രിഗേഡ് ശ്രമിച്ചു. ജാട്ട് സമരത്തിലേക്ക് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ തിരുകിക്കയറ്റിയും, ആളും അര്‍ത്ഥവും നല്‍കിയും സംഘര്‍ഷം വളര്‍ത്തി. ഭരണഘടനാപരമായി അസാധ്യമായ കാര്യമാണെന്ന് മനസ്സിലാക്കി തന്നെയായിരുന്നു ജാട്ട് സംവരണ പ്രക്ഷോഭം അക്രമത്തിലേക്ക് നയിക്കാന്‍ കോണ്‍ഗ്രസ്സ് തുനിഞ്ഞത്. അക്രമ സംഭവങ്ങളില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെ യഥാര്‍ത്ഥ ശത്രുവിനെ രാജ്യം തിരിച്ചറിഞ്ഞു. അടുത്ത ഊഴം രാജസ്ഥാന്റേതായിരുന്നു. ഇവിടെ ഗുജ്ജറുകളെ തേടിയാണ് അവരെത്തിയത്. സമാധാനത്തോടെ ജീവിച്ചു പോന്ന ഗുജ്ജറുകള്‍ക്കിടയില്‍ നിന്നും ചില നേതാക്കളെ വിലയ്‌ക്കെടുത്ത് സംവരണ പ്രക്ഷോഭമെന്ന പതിവ് ഐറ്റം തൊടുത്തു വിട്ടു.

എന്നാല്‍ തങ്ങള്‍ സംവരണത്തിന് വേണ്ടി പ്രക്ഷോഭം തുടങ്ങിയ കാര്യം സര്‍വസാധാരണക്കാരനായ ഗുജ്ജര്‍ വിഭാഗക്കാരന്‍ അറിയുന്നത് പോലീസിന്റെ ലാത്തിയടിയേല്‍ക്കുമ്പോഴാണ്. തികഞ്ഞ മുന്നൊരുക്കത്തോടെ കലാപമാക്കി മാറ്റിയ ഗുജ്ജര്‍ പ്രക്ഷോഭത്തില്‍ നിന്നും നേതാക്കള്‍ മാത്രം സ്ഥാനമാനങ്ങള്‍ നേടിയെന്നതാണ് പിന്നീടുള്ള ചരിത്രം. ഇനി വരാനിരിക്കുന്ന രാജസ്ഥാന്‍ തെരഞ്ഞെടുപ്പിലും ഗുജ്ജറുകള്‍ തന്നെ കോണ്‍ഗ്രസ്സിന് ശരണം. വെട്ടിയും കുത്തിയു പാവങ്ങള്‍ പൊരുതുമ്പോള്‍ ബിജെപി സര്‍ക്കാരിനെതിരായ ആയുധമാക്കി അതിനെ മാറ്റി സുഖമായി ജയിച്ചുകയറാമെന്നാണ് യുവരാജാവും കൂട്ടരും കണക്കു കൂട്ടുന്നത്.

കര്‍ണാടകയില്‍ ജാതിക്കപ്പുറം പ്രാദേശികവാദമാണ് കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി നേരിട്ട് തന്നെ ഉയര്‍ത്തുന്നത്. സ്വന്തമായി പതാക വേണമെന്നും കന്നഡിക വികാരത്തിന് മുന്നില്‍ ഓച്ഛാനിച്ച് ഇതരസംസ്ഥാനക്കാര്‍ ജീവിക്കണമെന്നും മുഖ്യന്‍ ഫത്വയിറക്കി. സ്വന്തമായി നാണയവും ഭരണഘടനയും പ്രധാനമന്ത്രിസ്ഥാനവും സിദ്ധരാമയ്യ ചോദിക്കുന്ന കാലം അതിവിദൂരമല്ല. സംസ്ഥാനത്തെ പ്രബല സമുദായമായ ലിംഗായത്തുകളെ പറഞ്ഞ് പറ്റിച്ച് വോട്ട് നേടാനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ്സ്. ലിംഗായത്തുകള്‍ പ്രത്യേകം മതവിഭാഗമുണ്ടാക്കിയാല്‍ അവരെ ന്യൂനപക്ഷമതമായി അംഗീകരിച്ച് സൗജന്യങ്ങള്‍ നല്‍കുമെന്നാണ് വാഗ്ദാനം.

ഭരണഘടനാ വിരുദ്ധവും അത്യന്തം അപകടകരവുമായ ഈ നീക്കം ഒരു കാരണവശാലും നടപ്പിലാക്കാന്‍ സാധ്യമല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് കൈ പാര്‍ട്ടിയുടെ കൈവിട്ട കളി. സോമനാഥില്‍ കുളിച്ച് തൊഴുതെങ്കിലും ഗുജറാത്തില്‍ കളി കഴിഞ്ഞ് തോറ്റമ്പിയാണ് മടങ്ങിയത്. മുന്നോക്കക്കാരായ പട്ടേലുകള്‍ക്ക് ഹാര്‍ദ്ദിക്ക് തലവന്‍, ദളിതര്‍ക്ക് മേവാനി നായകന്‍, പിന്നോക്കക്കാര്‍ക്ക് അല്‍പേഷ് തലൈവര്‍ എന്നിങ്ങനെ തറക്കളിയാണ് ബ്രെയ്ക്കിംഗ് ഇന്ത്യ ബ്രിഗേഡ് കളിച്ചത്. ജാതിയുടെ പേരില്‍ തമ്മിലടിക്കാന്‍ അണികളെ ആഹ്വാനം ചെയ്ത മൂവരും പക്ഷേ അവസാനലാപ്പില്‍ ഒരുമിച്ച് ഒരേ വേദിയിലെത്തി. അതായത് ഇറ്റാലിയന്‍ കോണ്‍ഗ്രസ്സിന്റെ വേദിയില്‍. പക്ഷേ ഏത് തറക്കളിക്കാരെയും നേരിടാന്‍ പഠിപ്പിക്കുന്ന കോഴ്‌സിന്റെ ഡയറക്ടറായിരുന്നവന് മു്ന്നില്‍ നാണംകെട്ട് തോറ്റു.
തമിഴ്‌നാട്ടില്‍ ദ്രാവിഡനും ബ്രാഹ്മണനുമാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ദ്രാവിഡ ദേശമാണ് തമിഴ്‌നാടെന്നും ആര്യന്‍മാരായ വടക്കേയിന്ത്യക്കാര്‍ നിയന്ത്രിക്കേണ്ടതല്ല തങ്ങളുടെ ഊരെന്നുമാണ് പ്രചാരണം. കമലഹാസന്‍, പ്രകാശ് രാജ് തുടങ്ങിയ ആക്ഷന്‍ ഹീറോസാണ് ഇവിടുത്തെ വില്ലന്‍മാര്‍. എങ്കിലും സിനിമ കണ്ട് കൈയ്യടിച്ചവരൊന്നും ഉലകനായകനന്റെ രാഷ്ട്രീയ കൂത്ത് കണ്ട് റൊമ്പ പ്രമാദമെന്ന് പറഞ്ഞില്ല.

ഏറ്റവുമൊടുവില്‍ ബ്രേയ്ക്കിംഗ് ഇന്ത്യ ബ്രിഗേഡ് ഹിന്ദുത്വത്തിന്റെ ഉള്ളുറപ്പ് പരിശോധിച്ചത് മഹാരാഷ്ട്രയിലാണ്. ഇരുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നോ നടന്ന ഒരു യുദ്ധത്തെ ജാതി തിരിച്ച് മുതലെടുപ്പിന് ശ്രമിച്ചു അവര്‍. ഭീം റാവു അംബേദ്കറെന്ന ഭാരതത്തിന്റ െഭരണഘടനാ ശില്‍പിയെ പറയിക്കാനെന്നവണ്ണം അദ്ദേഹത്തിന്റെ കൊച്ചുമകന്‍ പ്രകാശ് അംബേദ്കറും ദേശവിരുദ്ധ ശക്തികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. എവിടെ നിന്നോ എത്തിയ മൂന്ന് ലക്ഷത്തിലേറെ ആളുകള്‍ കൊറേഗാവില്‍ തടിച്ചുകൂടി ജാതിയുടെ പേരില്‍ പൊടുന്നനെ അക്രമം അഴിച്ചുവിട്ടു. ബോംബെ നിന്ന് കത്തി. ഇത്രയും ആളുകള്‍ എങ്ങനെ അവിടെയെത്തിയെന്നും ആരാണ് സംഭവത്തിന് പിന്നിലെന്നും അന്വേഷിച്ചതോടെ രാജ്യം ഞെട്ടി. ബ്രേയ്ക്കിംഗ് ഇന്ത്യാ ബ്രിഗേഡിന്റെ നായകരാക്കി ചൈനയും, പാകിസ്ഥാനും പാലൂട്ടി വളര്‍ത്തുന്ന ജിഗ്നേഷ് മേവാനിയും ഭാരത് കേ ബര്‍ബാദേ തക് ജംഗ് രഹേഗി ജംഗ് രഹേഗി താരം ഒമര്‍ ഖാലിദും സംഘര്‍ഷം നടക്കുന്നതിനും മൂന്ന് ദിവസം മുന്‍പ്, അതായത് ഡിസംബര്‍ 31ന് കൊറേഗാവില്‍ എത്തിയിരുന്നതായി വെളിപ്പെട്ടു.

ജാതി പറഞ്ഞ് ഭിന്നിപ്പിച്ചതിന് പുറമേ തെരുവിലിറങ്ങി അക്രമത്തിനും ഇവര്‍ ആഹ്വാനം ചെയ്തു. ലഭ്യമായ പുതിയ വിവരങ്ങള്‍ പ്രകാരം തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളും ശക്തമായ പിന്തുണ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി എന്നതാണ്. ദളിതരെന്ന പേരില്‍ അക്രമത്തിന് ഇറങ്ങി അറസ്റ്റിലായവരുടെ കൂട്ടത്തില്‍ സദ്ദാം, മൊയ്‌നുദ്ദീന്‍ എന്നീ പേരുകാരും ഉണ്ടായിരുന്നു എന്ന വിവരം തന്നെ ഇതിന് ഉദാഹരണമാണ്. പ്രധാനമന്ത്രിപദം സ്വപ്‌നം കണ്ട് ജീവിക്കുന്ന രാഹുല്‍ ഗാന്ധിയാകട്ടെ പ്രശ്‌നത്തിലേക്ക് കൃത്യമായി ഇടപെട്ടു. രാജ്യത്ത് മൊത്തം ദളിത് പീഢനമാണെന്ന് വച്ചു കാച്ചി. ഒരു കൂട്ടം അക്രമികള്‍ അഴിഞ്ഞാടിയത് പോലും കോണ്‍ഗ്രസ്സിന്റെ യുവരാജാവ് പ്രധാനമന്ത്രി പദത്തിലേക്കുള്ള ഇന്ധനമാക്കിയെന്ന് ചുരുക്കം.

അവസാനിപ്പിക്കും മുന്‍പ് ഒരു കാര്യം കൂടി ഓര്‍മിപ്പിക്കേണ്ടതുണ്ട്. തീക്കളിയാണ് ജാതിവച്ചുള്ള കളി. സ്വന്തം പുരയ്ക്ക് തന്നെ തീക്കൊള്ളിയെറിയല്‍ ആണത്. ഹിന്ദുത്വത്തെ അതിലൂടെ അസ്ഥിരപ്പെടുത്താമെന്ന മോഹം കോണ്‍ഗ്രസ്സിലെ തലനരച്ച വൃദ്ധന്‍മാര്‍ക്ക് പോലുമില്ല. കാരണം, നേരിട്ടനുഭിച്ചതാണവര്‍, സകലജാതിക്കളികളും തകര്‍ത്തെറിഞ്ഞുകൊണ്ട് ഹിന്ദുത്വം വിശ്വരൂപം പ്രകടമാക്കിയ 1992 കാലഘട്ടത്തെ. മാത്രമല്ല അതുപോലൊന്ന് ബ്രേക്കിംഗ് ഇന്ത്യ ബ്രിഗേഡ് താങ്ങില്ലെന്നും.

എസ് ശ്രീകാന്ത്

മാദ്ധ്യമ പ്രവർത്തകനാണ് ലേഖകൻ

850 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close