NewsColumns

ചൈനക്കൊപ്പം കൂടാൻ കേരൾ മാംഗേ ആസാദി ?

വായുജിത്

അഫ്സൽ ഗുരുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജെ‌എൻയുവിൽ നടന്ന പരിപാടിക്കിടെയായിരുന്നു കേരൾ മാംഗെ ആസാദി എന്ന മുദ്രാവാക്യം ഉയർന്നത് . കശ്മീരിലും പഞ്ചാബിലും തമിഴ്നാടിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും വിഘടന വാദത്തിന്റെ അലകൾ ഉയർന്നിട്ടുണ്ടെങ്കിലും കേരളത്തിൽ അത്തരം സാഹചര്യങ്ങൾ കാര്യമായൊന്നുമുണ്ടായിട്ടില്ല.

സ്വതന്ത്ര തിരുവിതാംകൂറും മാപ്പിളസ്ഥാനുമൊക്ക ഉയർന്നു വന്നിട്ടുണ്ടെങ്കിലും ദേശീയ ചിന്തയുള്ള മലയാളികൾ അതിനെ ചെറുത്തു തോൽപ്പിച്ചിരുന്നു. ഇന്ത്യയെ പലതരം ദേശീയതകളുള്ള സംഘാതമായി കാണണമെന്ന കമ്യൂണിസ്റ്റ് ചിന്തയുടെ ഫലമായിട്ടായിരിക്കണം ഈയിടെ കേരളം പ്രത്യേക രാജ്യമായി നിലകൊണ്ടു കൂടെ എന്ന ചോദ്യങ്ങൾ ഉയർത്തി തുടങ്ങിയത് .

പ്രധാനമായും സിപിഎം സൈദ്ധാന്തികന്മാരും ബുദ്ധിജീവികളെന്ന് നടിക്കുന്നവരും ഇതൊക്കെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിട്ടുണ്ടെങ്കിലും അത് കൂടുതൽ പരസ്യമായത് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയാണ് . 2014 ൽ ബിജെപി സർക്കാർ അധികാരത്തിലേറിയതോടെ അത് പരസ്യമായി പ്രഖ്യാപിക്കുന്ന പ്രവണതയും കൂടിയിരുന്നു.

ചൈന മോഡൽ സാംസ്കാരിക ആക്രമണത്തിനൊരുങ്ങാൻ സിപിഎമ്മും അനുബന്ധ സംഘടനകളും ഇടയ്ക്ക് ശ്രമിച്ചിരുന്നത് ഈയവസരത്തിൽ ഓർക്കേണ്ടതാണ് . സന്തോഷ് മാധവന്റെ പേരിൽ ഹിന്ദു സന്യാസിമാരെയും സ്ഥാപനങ്ങളേയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഹിന്ദു സംഘടനകളുടെ ശക്തമായ എതിർപ്പുകളെ തുടർന്ന് നടന്നില്ല. എന്നാൽ ഇക്കുറി സിപിഎമ്മിന്റെ നേതൃത്വത്തിൽ വ്യക്തമായ അജണ്ടകളോടെയാണ് നീക്കം.

കേരളം മുഴുവൻ നടന്ന പാർട്ടി സമ്മേളനങ്ങളിൽ ഉടനീളം സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും ചൈനയെ മഹത്വവത്കരിച്ചു സംസാരിച്ചു. ഇന്ത്യക്കെതിരെ യുദ്ധം ചെയ്ത , ഇന്ത്യയിൽ വിഘടനവാദ പ്രവർത്തനം നടത്തുന്ന , ഇന്ത്യക്കെതിരെയുള്ള ഭീകര പ്രവർത്തനത്തിൽ പാകിസ്ഥാനെ സഹായിക്കുന്ന ചൈനയെ ആണ് സിപിഎം പ്രകീർത്തിക്കുന്നതെന്നോർക്കണം.

ചൈനയെ പ്രകീർത്തിക്കുക മാത്രമല്ല പൊതുജനാഭിപ്രായം എന്താണെന്ന് അറിയാനുള്ള സർവേയും സിപിഎം നടത്തുന്നുണ്ട് . പാർട്ടിയുടെ സിൻഡിക്കേറ്റ് ഭരിക്കുന്ന കേരള സർവകലാശാലയെ ഉപയോഗിച്ച് നികുതിപ്പണമെടുത്താണ് ചൈനാ അനുകൂല അഭിപ്രായം സ്വരൂപിക്കാൻ സർവേ നടത്തുന്നത് . വയനാട് ഒഴിച്ചുള്ള എല്ലാ ജില്ലകളിലും സർവേ നടന്നു വരികയാണ് .

ഇന്ത്യയുടെ വിദേശ നയത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നാലിലൊന്നും ചൈനയെ ലാക്കാക്കിയുള്ളതാണ് .ചൈന ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണോ ? ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് പറയുന്നതിനോട് യോജിക്കുന്നുണ്ടോ ? ഇന്ത്യയിൽ അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനങ്ങൾ നടത്താൻ ചൈന പാകിസ്ഥാന് സഹായം ചെയ്യുന്നെന്ന് നിങ്ങൾ കരുതുന്നുണ്ടോ ? ഇന്ത്യയിലെ വിഘടനവാദ പ്രവർത്തനങ്ങളെ ചൈന സഹായിക്കുന്നുണ്ടോ ? തുടങ്ങിയവയാണ് ചോദ്യങ്ങൾ.

ഒപ്പം കേരളത്തെ സംബന്ധിച്ചിടത്തോളം എറ്റവും പ്രധാനപ്പെട്ട വിദേശ രാജ്യം ഏതാണെന്ന ചോദ്യവും ഉൾപ്പെടുത്തിയിട്ടുണ്ട് . ഇത് ചൈനീസ് അനുകൂല സർവേയാണെന്ന് ചോദ്യങ്ങൾ കാണുന്ന ഏതൊരാൾക്കും മനസിലാകും . വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് പറയുന്നുണ്ടെങ്കിലും വേണമെങ്കിൽ തിരിമറി നടത്താനും കേരളീയർ ചൈനയെ അംഗീകരിക്കുന്നുവെന്ന് പ്രഖ്യാപിക്കാനും സിപിഎമ്മിനു കഴിയുന്ന രീതിയിലാണ് സർവേ നടപ്പിലാക്കുന്നത്.

ലോക കേരള സഭയും സിപിഎമ്മിന്റെ ചൈനയോടുള്ള വിധേയത്വവും സംശയത്തോടെ കാണേണ്ട കാര്യങ്ങൾ തന്നെയാണ് . കേരളത്തിൽ മാത്രമല്ല മറ്റ് നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സർവേ നടക്കുന്നുണ്ട് . ദക്ഷിണേന്ത്യൻ സംസ്കാരങ്ങൾ ദ്രാവിഡനാടായി ഒന്നിക്കണമെന്ന് സിപിഎം സഹയാത്രികനായ കമലഹാസൻ പറഞ്ഞതും ഇതോടൊപ്പം ചേർത്തു വായിക്കണം.

കേരള സർവകലാശാല പൊളിറ്റിക്കൽ വിഭാഗം സിപിഎമ്മിന്റെ മേൽനോട്ടത്തിൽ നടത്തുന്ന ഈ സർവേ എന്തായാലും വ്യക്തമായ അജണ്ടകളോടെ തന്നെയാണ് . ആസാദി ബ്രിഗേഡുകൾക്ക് പിന്തുണ കൊടുക്കുന്ന പാരമ്പര്യമാണ് സിപിഎമ്മിനുള്ളതും . ബംഗാളിൽ നിന്ന് ജനങ്ങൾ തന്നെ അടിച്ചു പുറത്തു കളഞ്ഞതോടെ കേരളത്തെ അടിസ്ഥാനമാക്കി ഒരു വിഘടന വാദ മുന്നേറ്റമാണോ സിപിഎം ലക്ഷ്യമിടുന്നതെന്ന് ചിന്തിക്കേണ്ടതുണ്ട്.ചൈനയിൽ  പാക് -ചൈന കോറിഡോറുമായി ബന്ധപ്പെട്ട സമ്മേളനത്തിനു പോകാൻ  മന്ത്രി കടകം പള്ളി സുരേന്ദ്രന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതിനുണ്ടായ കോലാഹലങ്ങളും മറക്കരുത്

അങ്ങനെയെങ്കിൽ അത്തരം നിലപാടുകളെ ചെറുത്ത് തോൽപ്പിക്കേണ്ടത് ഇന്ത്യയെന്ന വികാരമുള്ള എല്ലാവരും ചേർന്നാണ് . രാഷ്ട്ര വിരുദ്ധ ശക്തികൾ നമ്മുടെ രാജ്യത്തിന്റെ കോണുകളിൽ വിഘടനവാദ ചൈനീസ് കോളനികളുണ്ടാക്കുന്നത് നിസ്സാരമായി കാണേണ്ടതല്ല .ഭാവിയിൽ ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും കരുതുന്ന കേരളം സൃഷ്ടിക്കാൻ നാം അനുവദിക്കരുത് .  ആസാദി ബ്രിഗേഡിന് ഇവിടെ സ്ഥാനമില്ല !

വായുജിത്

മാദ്ധ്യമ പ്രവർത്തകനാണ് ലേഖകൻ

967 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close