Columns

കാവിയണിയുമോ ത്രിപുര ?

സവ്യസാചി & ടീം

സിംഹ ഭൂമിയിൽ ആര്? എന്ന ഞങ്ങളുടെ ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലേഖന പരമ്പരക്ക് ശേഷം, ത്രിപുരയിലെ വിശേഷങ്ങളുമായി ഞങ്ങളെത്തുന്നു. സംസ്ഥാനത്തെ ഓരോ മണ്ഡലങ്ങളും സന്ദർശിച്ച് തയ്യാറാക്കിയ ഈ ലേഖനം നിങ്ങൾക്കായി സമർപ്പിക്കുന്നു. ഇതുവരെ നൽകിയ പിന്തുണയും, സ്നേഹവും തുടർന്നും പ്രതീക്ഷിക്കുന്നു.

ഫെബ്രുവരി 18 ന് നടക്കാനിരിക്കുന്ന ത്രിപുരയിലെ നിയമസഭാ തിരഞ്ഞെടുപ്പ് മുൻപെങ്ങുമില്ലാത്ത വിധം വൻ ദേശീയ ശ്രദ്ധയാക്കാകർഷിച്ചിരിക്കുന്നത്. ഇതിനുള്ള സുപ്രധാന കാരണം ചരിത്രത്തിലാദ്യമായി ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ ബിജെപിയും ഇടതുപക്ഷവും നേർക്കുനേർ ഏറ്റുമുട്ടുകയാണെന്നുള്ളതാണ്. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 1.57% വോട്ടു മാത്രം നേടി 59 സീറ്റിലും കെട്ടിവെച്ച പണം നഷ്ടപ്പെട്ട ബിജെപി എന്ന പാർട്ടി 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി തരംഗത്തിലും 6% വോട്ടു പോലും നേടാനാകാതെ നിലംപരിശായതിനു ശേഷം, സടകുടഞ്ഞെഴുന്നേൽക്കുന്ന കാഴ്ചയാണ് നാം പിന്നീട് കണ്ടത്.

അതിനു ശേഷം നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനം പിടിച്ചെടുക്കാൻ ബിജെപിക്കായി. കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നവരെ തങ്ങളുടെ പാളയത്തിലെത്തിച്ച് ബിജെപി നേതൃത്വം 2018ലെ തിരഞ്ഞെടുപ്പിൽ തങ്ങളൊരു സുപ്രധാന ശക്തിയാകാൻ പോകുകയാണെന്നറിയിച്ചു.

2014 നു ശേഷം വടക്കു കിഴക്കൻ മേഖലയിലെ മേഘാലയ, മിസോറം, ത്രിപുര ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ NEDA (NDA യുടെ North East മുഖം) യുടെ നേതൃത്വത്തിൽ ഭരണം പിടിച്ചെടുത്ത ബിജെപി ഇത്തവണ അരയും തലയും മുറുക്കി ത്രിപുരയും, മേഘാലയയും പിടിച്ചെടുക്കാനിറങ്ങിത്തിരിച്ചിരിക്കുകയാണ്.

ഇതിൽ തന്നെ ത്രിപുരക്കാണ് ബിജെപി ഏറ്റവും പ്രാധാന്യം നൽകുന്നത്. ത്രിപുര ഇന്നുവരെ സിപിഎം എന്ന കേഡർ പാർട്ടിയെ മാത്രമേ കണ്ടിട്ടുള്ളുവെങ്കിൽ ഇത്തവണ അവർ മറ്റൊരു കേഡർ പാർട്ടിയുടെ അതിവേഗത്തിലുള്ള വളർച്ചക്കും സാക്ഷിയായി. കോൺഗ്രസ്, തൃണമൂൽ, lNFT, lNPT, NCT എന്നീ പാർട്ടികൾ വിട്ടുവന്നവരേയും, ഇടതുപക്ഷത്തെ റിബൽ ശബ്ദങ്ങളെയും തങ്ങളോടൊപ്പം ചേർത്ത് BJP-RSS കൂട്ടുകെട്ട് ഭരണവിരുദ്ധ വോട്ടുകളെ ഏകോപിപ്പിക്കുന്നതിൽ വലിയൊരു പരിധിവരെ വിജയിച്ചിട്ടുണ്ടെന്നു വേണം കരുതാൻ.

ഇരു പക്ഷത്തിന്റെയും ശക്തിയും ദൗർബല്യങ്ങളും

സിപിഎമ്മിന്റെ ശക്തി

 • മണിക് സർക്കാർ എന്ന കറകളഞ്ഞ മുഖ്യമന്ത്രി നയിക്കുന്ന പാർട്ടി.
 • പതിറ്റാണ്ടുകളായി സിപിഎം വളർത്തിയെടുത്ത് പരിപോഷിപ്പിച്ച സംഘടനാ സംവിധാനം, തങ്ങളുടെ ഓരോ വോട്ടും പോൾ ചെയ്തെന്ന് ഉറപ്പു വരുത്താനാകും വിധം ശക്തമാണത്.
 • വൻ അഴിമതി ആരോപണങ്ങളില്ലാത്തത് ഇടതുപക്ഷത്തെ ഒരു പരിധി വരെ സഹായിക്കുന്നുണ്ടെന്ന വസ്തുത

ഇടതിന്റെ ദൗർബല്യം

 • ഭരണവിരുദ്ധ വികാരം – 25 വർഷത്തോളമായുള്ള മണിക് സർക്കാർ ഭരണത്തിനെതിരെ നല്ലൊരു ശതമാനം ജനങ്ങൾക്കിടയിലുള്ള അതൃപ്തിയും, നിരാശയും, രോഷവും.
 • തങ്ങളുടെ തന്നെ ശൈലിയിൽ ബിജെപി വളർത്തിയെടുത്ത കേഡർ സംവിധാനം, ദേശീയ നേതാക്കളെ ഇറക്കിയുള്ള പ്രചരണം, ഐഎൻഎഫ് ടി യുമായുള്ള സഖ്യം. സിപിഎം എന്നാൽ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളെന്ന രീതിയിലുള്ള പ്രചരണം, ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.
 • മോദി – യോഗി റാലികളിലെ വൻ ജനപങ്കാളിത്തം വോട്ടായി മാറിയേക്കാമെന്ന് വിശ്വസിക്കുന്ന താഴെത്തട്ടിലുള്ള ഇടതു പ്രവർത്തകർ

ബിജെപിയുടെ ശക്തി

 • ഒന്നുമില്ലായ്മയിൽ നിന്ന് ഭരണം പിടിച്ചെടുക്കുവാൻ കഴിയും വിധത്തിൽ പാർട്ടിയെ വളർത്തിയെടുത്ത ആർഎസ്എസ്, അമിത്ഷാ, രാംമാധവ്, ദിയോധർ, ഹിമന്ത, ബിപ്ലവ് കുമാർ സഖ്യത്തിന്റെ രണനീതി. ഭരണ വിരുദ്ധ വികാരമുണ്ടെന്ന രീതിയിൽ ന്യൂസ് X ചാനലും ജൻ കീ ബാതും ചേർന്ന് നടത്തിയ അഭിപ്രായ സർവ്വെയിൽ ബിജെപി സഖ്യം വിജയം നേടുമെന്ന് പുറത്തു വന്നതും ഇവരുടെ രണനീതിക്ക് ശക്തി പകരുന്ന ഘടകമായി.
 • മോദി – യോഗി ഫാക്ടറിലൂടെ നേടിയെടുത്ത ജനപ്രീതി. ഇത് വോട്ടായി മാറിയാൽ അത്ഭുതങ്ങൾ നടന്നേക്കാം. എന്തൊക്കെ പറഞ്ഞാലും 2013 ലും 2014 ലും ഒരു സീറ്റു പോലും നേടാത്ത ഈ പാർട്ടി ഇത്തവണ ഏറ്റവും ചുരുങ്ങിയത് പ്രതിപക്ഷ സ്ഥാനത്തെങ്കിലും ഇരിക്കുമെന്നുള്ള കാര്യം മണിക് സർക്കാർ പോലും സമ്മതിച്ചു തരും.
 • ഐഎൻഎഫ് ടി യുമായുള്ള സഖ്യവും, മികവുറ്റ കേഡർ സംവിധാനവും, തൃപുരവാസികൾക്കിടയിൽ ചർച്ചാ വിഷയമായ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ( പ്രത്യേകിച്ചും ഒരു കുടുംബത്തിലെ ഒരാൾക്കെങ്കിലും സർക്കാർ ജോലി, ഏഴാം കേന്ദ്ര ശമ്പള സെകെയിലിനു തുല്യമായ ശമ്പളം എന്നിവ)

ബിജെപി സഖ്യത്തിന്റെ ദൗർബ്ബല്യങ്ങൾ

 • ചതുഷ്ക്കോണ മത്സരം (മറ്റ് ചെറു പാർട്ടികളും, സ്വതന്ത്രരും വേറെയും) നടക്കുന്നതിനാൽ ഇടത് വിരുദ്ധ വോട്ടുകൾ ഭിന്നിച്ചു പോകാനുള്ള സാധ്യത കൂടുതൽ.
 • ഐഎൻഎഫ് ടി ദേബ് വർമ്മ വിഭാഗവുമായുള്ള സഖ്യം ഉദ്ദേശിച്ച ഫലം കാണുമോയെന്ന ശങ്ക.

എന്തായാലും മാർച്ച് 3 വരെ നമ്മെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു തിരഞ്ഞെടുപ്പ് തന്നെയാണ് ഫിബ്രവരി 18 ന് നടക്കാൻ പോകുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പെന്നതിൽ തർക്കമേതുമില്ല.

 

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close