Columns

ലെനിൻ ഒരു സൈക്കോപാത്തായിരുന്നു

കാളിയമ്പി

ഇത് ഒരു കുടുംബചിത്രമാണ്. വെറുമൊരു കുടുംബചിത്രമല്ല, റഷ്യയിലെ അവസാനത്തെ സാർ ചക്രവർത്തിയുടേ കുടുംബമാണിത്. 1913ൽ എടുത്ത ചിത്രം. ചക്രവർത്തിയായ നിക്കൊളാസ് രണ്ടാമൻ, രാജ്ഞിയായ അലക്സാണ്ട്ര, മക്കളായ വോൾഗ, മരിയ, അനസ്താസിയ, അലക്സെയ്, ടാടിയാന എന്നിവരാണീ ചിത്രത്തിലുള്ളത്.

എനിയ്ക്ക് സംസാരിയ്ക്കാനുള്ളത് ഇവരുടെ ചിത്രത്തെപ്പറ്റിയല്ല. മരണത്തെപ്പറ്റിയാണ്.

ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികളിൽ പൊറുതിമുട്ടിയിട്ടാണ് ജനങ്ങൾ യഥാർത്ഥത്തിൽ സാർ ചക്രവർത്തിക്കെതിരെ തിരിഞ്ഞത്. ഒരു കാരണവുമില്ലാതെ നീണ്ടുപോകുന്ന, ലക്ഷങ്ങൾ മരണപ്പെടുന്ന യുദ്ധം എന്തിനാണ് ചെയ്യുന്നതെന്ന് പോലും ആർക്കുമറിയില്ലായിരുന്നു. അങ്ങനെയാണ് പട്ടാളക്കാരും കർഷകരും, കമ്യൂണിസ്റ്റുകളുമൊക്കെച്ചേർന്ന് സാർ ചക്രവർത്തിയെ താഴെയിറക്കിയത്. ആദ്യം എല്ലാവരും ചേർന്നാണ് ചക്രവർത്തിയെ സ്ഥാനഭൃഷ്ടനാക്കിയതെങ്കിലും പതിയെ ബോൾഷെവിക്കുകൾ എന്ന മാർക്സിസ്റ്റുകാരുടെ കൈയ്യിലേക്ക് അധികാരം എത്തിപ്പെട്ടു. 1917 ൽ തന്നെ സാർ ചക്രവർത്തിയുടെ കുടുംബം മുഴുവൻ തടവിലാക്കപ്പെട്ടു.

1918 ജൂലായ് പതിനാറാം തീയതി അവരെ വീട്ടുതടങ്കലിലാക്കിയിരുന്നയിടത്തുനിന്ന് പുതിയ സ്ഥലത്തേയ്ക്ക് മാറ്റാൻ പോവുകയാണെന്ന് അവരെ സൂക്ഷിച്ചിരുന്ന കാവൽക്കാരുടെ തലവൻ യാകൂവ് യുറോവ്സ്കി പറഞ്ഞു. എല്ലാവരേയും ഒരു ചെറിയ മുറിയിൽ നിരത്തി നിർത്തി. പ്രൊഫഷണൽ ഫോട്ടോഗ്രഫറായിരുന്നു യാകുവ് യുറോവ്സ്കി. നമ്മളീ കാണുന്ന കുടുബഫോട്ടോയിലെന്ന പോലെയാണ് അയാൾ അവരെ നിരത്തി നിർത്തിയത്. പെട്ടെന്ന് മുറിയിലേയ്ക്ക് ആയുധധാരികളായ പട്ടാളക്കാർ കയറിവന്നു. യുറോവ്സ്കി കയ്യിലിരുന്ന പേപ്പർ നോക്കി പെട്ടെന്ന് വായിച്ചു “ നിക്കോളായ് അലക്സിയോവിച്ച്, നിങ്ങളുടെ ബന്ധുക്കൾ സോവിയറ്റ് റഷ്യയ്ക്കെതിരേ ഇപ്പോഴും ആക്രമണങ്ങൾ നടത്തുന്നതുകൊണ്ട് നിങ്ങൾക്ക് വധശിക്ഷ നൽകാൻ യുറാൽ എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചിരിയ്ക്കുന്നു”. എന്താണെന്ന് മനസ്സിലാക്കാൻ പോലും സമയം നൽകുന്നതിനു മുന്നേ യന്ത്രത്തോക്കുകളിൽ നിന്ന് തുരുതുരാ വെടികളുതിർന്നു.

ആദ്യം മരിച്ചത് ഇളയമകനും സാർ ചക്രവർത്തിയും രാജ്ഞിയുമാണ്. പെൺകുട്ടികളിൽ പലർക്കും വെടികൊണ്ടതുപോലുമില്ല. ലക്ഷ്യമില്ലാതെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. ഇനിയും വെടിപൊട്ടിയാൽ നാട്ടുകാർ ഓടിക്കൂടുമെന്നതുകൊണ്ട് ബയണറ്റ് ഉപയോഗിയ്ക്കാൻ ആരോ നിർദ്ദേശിച്ചു. ഈ കുട്ടികളുടെ പാതിമരിച്ച ശരീരങ്ങളിൽ ബയണറ്റുകൾ പലതവണ കുത്തിയിറക്കി, കരഞ്ഞ് കയ്യുയർത്തിയപ്പോൾ റിവോൾവറെടുത്ത് വെടിയുണ്ടകൾ തലയിലേയ്ക്ക് പായിച്ചു. ഒരു ബുള്ളറ്റ് പോലും വേണ്ടാ ഒരാൾക്കെന്നിരിക്കേ അന്നവിടെ നൂറുകണക്കിനു ബുള്ളറ്റുകളാണ് ഫയർ ചെയ്യപ്പെട്ടത്. പത്തിരുപത് മിനിട്ട് നേരം കഴിഞ്ഞിട്ടും മരിക്കാത്തവരുണ്ടായിരുന്നു. വേദന സഹിച്ച് പിടഞ്ഞ് ആ കുട്ടികൾ ചോരവാർന്ന് മരിച്ചു. ജീവനില്ലാത്ത ആ പെൺകുട്ടികളുടെ ശരീരത്തെ മനുഷ്യരാരും പൊറുക്കാത്ത നിലയിൽ ആ നരാധമർ ലൈംഗികമായി അപമാനിച്ചു.

വ്ളാഡിമിർ ഇലിയിച്ച് ഉല്യാനോവ് എന്ന ലെനിൻ ആയിരുന്നു ആ കൂട്ടക്കൊലപാതകത്തിന് ഉത്തരവിട്ട ‘മഹാൻ’ . ആ ചെറിയകുട്ടികളേയെങ്കിലും രക്ഷപെടാനനുവദിച്ചിരുന്നെങ്കിൽ യൂറോപ്പിലെ സകല രാജകുടുംബങ്ങളുടേയും ബന്ധുക്കളായ അവർ എവിടെയെങ്കിലും പോയി ജീവിച്ചേനേ. പക്ഷേ ഒരു തരി പോലും ബാക്കിവയ്ക്കാതെ, ഒരു കൊച്ചുകുഞ്ഞിനെപ്പോലും ബാക്കിയില്ലാതെ കൊന്നൊടുക്കണമെന്ന് നിർബന്ധമായിരുന്നു ലെനിൻ എന്ന ‘മഹാത്മാ’വിന്.

മുകളിലെ ഫോട്ടോയിൽ ഏറ്റവും മൂത്ത പെണ്കുട്ടിയ്ക്ക് 23 വയസ്, ഏറ്റവും ഇളയ പയ്യന് 13 വയസ്സ്. ലെനിനെന്ന സൈക്കോപാത്ത്നിന്റെ മനസ്സിൽ ഉയർന്ന് വന്ന മാനവികതയ്ക്കും വിപ്ലവത്തിനും ഈ എട്ടും പൊട്ടും തിരിയാത്തതൊക്കെ തടസ്സമാണെന്നു കണ്ട് നേരിട്ട് കൊല്ലിച്ചു. അധികാരത്തില് നേരിട്ട് ഇടപെട്ടവരെ വധശിക്ഷയ്ക്ക് വിധേയരാക്കുക പോലുമല്ല ഉണ്ടായത്. തുരുതുരാ നിറയൊഴിച്ച് പത്തിരുപത് മിനിട്ട് വേദനയാൽ പിടഞ്ഞ് ബയണറ്റിനാൽ കുത്തി ക്രൂരമായി വധശിക്ഷ നടപ്പിലാക്കി.

കമ്യൂണിസമെന്ന ഈ ‘മാനവികത’യുടെ തുടക്കം, ആദ്യ സീൻ അവിടെനിന്നാണ്. ഈ പതിമൂന്നും പതിനാലുമൊക്കെ പ്രായമുള്ള കുഞ്ഞുങ്ങളെ കൊന്ന് അവരുടെ ചേതനയറ്റ ശരീരത്തെ അപമാനിയ്ക്കുന്ന, ബലാൽസംഗം ചെയ്യുന്ന ‘സഖാക്ക’ളിൽ നിന്ന്. നൂറു ദശലക്ഷം മനുഷ്യരെ കൊന്നൊടുക്കിയ കമ്യൂണിസ്റ്റ് കൂട്ടക്കൊലകളുടെ ആരംഭം അവിടെ നിന്നാണ്.

സോവിയറ്റ് യൂണിയനിൽ സാർ ചക്രവർത്തിയുടെ ഭരണം വീഴുമ്പോൾ
ലെനിൻ സോവിയറ്റ് യൂണിയനിലേ ഉണ്ടായിരുന്നില്ല. അയാൾ സ്വിറ്റ്സർലാൻഡിലായിരുന്നു. താത്വികാചാര്യൻ ആയിരുന്നു ലെനിൻ. അതു കൊണ്ടു തന്നെ സ്വിറ്റ്സർലൻഡിലെ സുഖവാസ സുരക്ഷിതത്വത്തിലിരുന്ന് ആഹ്വാനം ചെയ്യലായിരുന്നു പ്രധാന പണി .

1917 ഫെബ്രുവരിയിൽ സാർ ചക്രവർത്തിയ അധികാരഭൃഷ്ടനാക്കിക്കൊണ്ട് വന്ന ജനകീയ ഗവണ്മെന്റും ഒന്നാം ലോകമഹായുദ്ധത്തിൽ നിന്ന് പിൻമാറുന്നില്ല എന്ന് കണ്ടപ്പോൾ ഒന്നാം ലോകമഹായുദ്ധത്തിൽ റഷ്യയുടെ എതിരാളിയായിരുന്ന ജർമ്മനിയുടെ സഹായത്തോടെ, താൻ അധികാരത്തിലെത്തിയാൽ യുദ്ധത്തിൽ നിന്ന് പിന്മാറാം എന്ന രഹസ്യ ധാരണയുടെ പുറത്തായിരിയ്ക്കണം സ്വിറ്റ്സർലാൻഡിൽ നിന്ന് ജർമ്മനിയിലൂടെ, സ്കാൻഡിനേവിയയിലൂടെ, ലെനിൽ ട്രെയിനിൽ റഷ്യയിലെത്തുകയായിരുന്നു. ലെനിനും കുടുംബവും മുപ്പത്തിരണ്ട് റഷ്യാക്കാരുമാണ് ജർമ്മൻ സഹായത്തോടെ അന്ന് റഷ്യയിലെത്തിയത്. ജർമ്മനിയ്ക്ക് പ്രിയപ്പെട്ടവനായിരുന്നു ലെനിൽ. റഷ്യക്കാർ സാംസ്കാരികമായി ജർമ്മൻകാരേക്കാൾ കീഴെയാണെന്ന് ലെനിൽ വിശ്വസിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

ചൈനയുമായും പാകിസ്ഥാനുമായുമൊക്കെ എത്ര സ്നേഹം കാട്ടിയാലും സ്വന്തം നാടിനോട് തരിമ്പും സ്നേഹമില്ലാത്ത പോലെ ഈ കമ്യൂണിസ്റ്റുകാർ എന്തുകൊണ്ടാണ് പെരുമാറുന്നതെന്ന് ചിലപ്പോഴെങ്കിലും നമ്മൾ അമ്പരക്കാറുണ്ട്. ലെനിനും അതു തന്നെയാണ് ചെയ്തത്. സ്വന്തം രാജ്യം യുദ്ധത്തിലായിരിയ്ക്കുമ്പോൾ ശത്രുരാജ്യവുമായി ചേർന്ന് അധികാരം പിടിച്ചെടുക്കുന്ന തന്ത്രം ലെനിനിൽ നിന്നാണ് കമ്യൂണിസ്റ്റുകൾക്ക് കിട്ടിയത്. അതിനു ശത്രുരാജ്യം ആരാണെന്നതൊന്നും അവർക്ക് പുത്തരിയല്ല. എന്ത് അക്രമവും നടത്തി അധികാരം പിടിച്ചെടുക്കുക മാത്രമാണ് ലക്ഷ്യം.

എന്നിട്ടോ? അധികാരം കിട്ടിയാൽ അവർ സാധാരണക്കാരുടെ ജീവിതനിലവാരത്തിനായി പ്രയത്നിയ്ക്കുമോ? നമുക്ക് നോക്കാം.

റഷ്യയിലെത്തിയ ലെനിൻ മെൻഷെവിയ്ക്കുകൾക്കെതിരേയും സോഷ്യൽ റെവലൂഷനറികൾക്കെതിരേയും ശക്തമായ പ്രസംഗപരമ്പരകൾ നടത്തി. അവരായിരുന്നു ജനകീയമുന്നണിയിൽ സാർ ചക്രവർത്തിയെ സ്ഥാന ഭ്രഷ്ടനാക്കാൻ മുന്നിലുണ്ടായിരുന്നത്. ലെനിൻ ആദ്യമൊക്കെ കമ്യൂണിസ്റ്റ് വിപ്ളവത്തെപ്പറ്റിയൊന്നും അധികം സംസാരിച്ചിരുന്നില്ല. യൂറോപ്പിൽ മുഴുവൻ വിപ്ളവമാകട്ടെ അതുവരെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ ആവശ്യമില്ല എന്നായിരുന്നു അയാൾ പുറത്ത് പറഞ്ഞിരുന്നത്. വലിയ ലിബറൽ ജനാധിപത്യവാദിയായി തന്നെ കാട്ടാൻ അയാൾ എപ്പോഴും ശ്രമിച്ചു പോന്നിരുന്നു. അത് ഒരു അടവു നയമായിരുന്നു എന്ന് 1917 നവംബറിൽ അധികാരത്തിലെത്തിയപ്പോൾ അയാൾ തെളിയിച്ചു. കമ്യൂണിസ്റ്റുകളുടെ മറ്റൊരു തന്ത്രമാണത്. കുടിച്ച വെള്ളത്തിൽ വിശ്വസിയ്ക്കാനാകില്ല. എന്ത് ‘’ അടവു ” നയവും പറയാൻ യാതൊരു മടിയുമില്ല. പറയുന്നതൊന്നും പ്രവർത്തിയ്ക്കുന്നത് വേറൊന്നും. നിരീശ്വരവാദം പറയുകയും അമ്പലം പിടിച്ചെടുക്കാൻ മുന്നിലുണ്ടാവുകയും ചെയ്യുന്ന അടവ്. ഇത് ഞങ്ങളുടെ അടവാണെന്ന് പറഞ്ഞ് തന്നെ ചെയ്യും, അത് ജനം കേൾക്കും എന്നതാണ് അതിലെ അത്ഭുതകരമായ വൈരുദ്ധ്യം.

1917 ലെ ഒക്ടോബർ വിപ്ളവം എന്ന് കമ്യൂണിസ്റ്റുകൾ പാടിനടക്കുന്ന വിപ്ളവം വലിയ സംഭവമൊന്നുമായിരുന്നില്ല. അപ്പോഴേയ്ക്ക് പെട്രോഗ്രാഡ് സോവിയറ്റ് (സെന്റ് പീറ്റേഴ്സ്ബർഗ് നഗര കൗൺസിൽ എന്ന് വിശാല അർത്ഥത്തിൽ പറയാം) തലവനായി ബോൾഷെവിക് നേതാവ് ട്രോട്സ്കി അധികാരത്തിലെത്തിയിരുന്നു. ഇടക്കാല ഗവണ്മെന്റ് അപ്പോഴേയ്ക്ക് വളരെ ദുർബലമായിരുന്നു. കുറച്ചാൾക്കാർ വിന്റർ പാലസിലേയ്ക്ക് കയറിച്ചെന്നു ഇവിടം പിടിച്ചടക്കുന്നെന്ന് പ്രഖ്യാപിയ്ക്കുകയും ലെനിൻ പെട്രോഗ്രാഡ് സോവിയറ്റിൽ ഒരു പൊതുപ്രസംഗം നടത്തി ഇടക്കാലെ ഗവണ്മെന്റ് ഇന്നുമുതൽ ഇല്ലാതായെന്നും പറഞ്ഞു. അത്രമാത്രം. ഒരുപാട് പേരൊന്നും എതിർക്കാനുണ്ടായിരുന്നില്ല. ആരും യുദ്ധം ചെയ്യാനും ചെന്നില്ല. പക്ഷേ കമ്യൂണിസ്റ്റ് സാഹിത്യത്തിലെല്ലാം ഒക്ടോബർ വിപ്ളവം എന്ന് വച്ചാൽ എന്തോ വലിയ യുദ്ധമെന്ന നിലയിലാണ് അവതരിപ്പിയ്ക്കുന്നത്.

യഥാർത്ഥ യുദ്ധം തുടങ്ങാൻ പോകുന്നതേയുണ്ടായിരുന്നുള്ളൂ. ജനങ്ങളോടുള്ള യുദ്ധം.

അധികാരത്തിലെത്തിയപ്പോൾപ്പോലും എല്ലാ പാർട്ടികളേയും ഉൾക്കൊള്ളിയ്ക്കുന്ന ഒരു ജനാധിപത്യവ്യവസ്ഥ അംഗീകരിയ്ക്കാമെന്ന് കമ്യൂണിസ്റ്റുകാരല്ലാത്തവരോട് ഉറപ്പ് കൊടുത്ത ലെനിൻ ആ മാസമവസാനമായപ്പോഴേയ്ക്കും, അധികാരം തനിയ്ക്ക് ഭദ്രമെന്നായപ്പോൾ ഏകപാർട്ടി കമ്യൂണിസ്റ്റ് ഭരണകൂടം സ്ഥാപിയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചു.
അപ്പോഴും പലയിടത്തുനിന്നായി എതിർപ്പുകൾ ഉയർന്നുകൊണ്ടിരുന്നു. എതിർപ്പുകളേയെല്ലാം അടിച്ചമർത്തുന്നതിനായി 1917 ഡിസംബർ 20നു CHEKA എന്ന രഹസ്യപ്പോലീസ് സംഘടന രൂപപ്പെടുത്തിയതായി ലെനിൻ പ്രഖ്യാപിച്ചു.

ലോകമനസാക്ഷിയെ ഞെട്ടിച്ച കൊടും ക്രൂരതകളുടെ ആരംഭമായിരുന്നത്. ചുവപ്പ് ഭീകരത എന്നറിയപ്പെടുന്ന ആ കാലത്ത് എതിർത്തവരെയെല്ലാം യാതൊരു കരുണയുമില്ലാതെ കൊന്നൊടുക്കാൻ ലെനിൻ തന്റെ സഖാക്കൾക്ക് ടെലിഗ്രാമുകൾ അയച്ചു.
മുൻ കാലങ്ങളിലെ അധികാരിവർഗ്ഗം എന്ന് മുദ്രകുത്തി തനിയ്ക്കെതിരെ തിരിയാൻ സാധ്യതയുള്ളവരെയെല്ലാം ലെനിൻ കൊല ചെയ്തു. വിചാരണകൂടാതെ നൂറുകണക്കിനാൾക്കാരെ നിരത്തി നിർത്തി വെടിവച്ചു കൊന്നു. ചിലരെ കൂട്ടത്തോടെ നദികളിൽ മുക്കിക്കൊന്നു. സാർ ചക്രവർത്തിയുടെ കുടുംബത്തിലെ എല്ലാവരേയും കുഞ്ഞുകുട്ടികളേയും സ്ത്രീകളേയുമുൾപ്പെടെ ഓരോരുത്തരെയായി തിരഞ്ഞ്പിടിച്ച് കൊലപ്പെടുത്തി.

കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരേ തിരിയുമോ എന്ന് ഭയമുള്ളവരെയെല്ലാം അവരുടെ പേരിൽ കുറ്റമൊന്നുമില്ലെങ്കിൽ കൂടി പിടികൂടി തടവിലാക്കാനും ഉന്മൂലനം ചെയ്യുവാനും ലെനിനും അയാളുടെ വലം കൈയ്യും CHEKA യുടെ തലവനുമായിരുന്ന ഫീലിക്സ് എഡ്മൻടോവിച്ച് ഡിറൻസ്കിയും ചേർന്ന് തീരുമാനിച്ചു. ബുദ്ധിജീവികൾ, ചിന്തകർ, ഉയർന്ന ഉദ്യോഗത്തിലിരുന്നവർ എന്നിവരെയെല്ലാം അറസ്റ്റ് ചെയ്തു തടവിലാക്കി.
എതിർക്കുന്നവരെയെല്ലാം ജനശത്രുക്കൾ എന്ന് മുദ്രകുത്തിയാണ് ലെനിൻ അടിച്ചമർത്തിയത്. കമ്യൂണിസ്റ്റ് പാർട്ടി ഒഴിച്ചുള്ള പാർട്ടികളിലെ നേതാക്കളെയെല്ലാം ജനശത്രുക്കളായി ഭരണകൂടം പ്രഖ്യാപിച്ചു. എത്ര സൗകര്യമായി! തനിയ്ക്കെതിരെയുള്ളവരെല്ലാം ജനശത്രുക്കൾ.

ആലോചിച്ചിട്ടുണ്ടോ ഇത് തന്നെയാണ് കമ്യൂണിസ്റ്റുകൾ ഇന്നും എവിടെയും ചെയ്യുന്നത്.. 1918 ആഗസ്റ്റ് 15നു മെൻഷെവിക് പാർട്ടിയിലെ പ്രമുഖരായ നേതാക്കളെയല്ലാം ലെനിൻ അറസ്റ്റ് ചെയ്തു.ഇത്തരം അക്രമങ്ങളേയും കൊലപാതകപരമ്പരകളേയും ലെനിൻ ന്യായീകരിച്ചത് ബൂർഷ്വാ ജനാധിപത്യത്തിന്റേയും ബൂർഷ്വാ നീതിന്യായവ്യവസ്ഥയുടേയും സഹായം തൊഴിലാളി വിപ്ളവത്തിന്ന് ആവശ്യമില്ല എന്ന് പറഞ്ഞായിരുന്നു.
പട്ടാളക്കാർക്കെതിരേയും വിപ്ളവത്തിന്റെ ചാട്ടവാർ വീശിത്തുടങ്ങിയിരുന്നു.
റുഡോൾഫ് സീവേഴ്സ് എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ നേതൃത്വത്തിൽ ബോൾഷെവിക്കുകളോട് സഹകരിയ്ക്കുകയില്ല എന്ന് കരുതിയ നൂറോളം പട്ടാളക്കാരെ ബന്ധനസ്ഥരാക്കി ജീവനോടെ തിളയ്ക്കുന്ന ലോഹച്ചൂളകളിലേക്ക് വലിച്ചെറിഞ്ഞു. ഒരുപാട് നാവികരെ കടലിൽ കെട്ടിത്താഴ്ത്തി.

ശരീരഭാഗങ്ങൾ മുറിച്ച് മാറ്റിയും ക്രൂരമായി പീഡിപ്പിച്ചും കൊലപ്പെടുത്തിയ ക്യാമ്പുകളും ഉണ്ടായിരുന്നു. നാസി ജർമ്മനിയ്ക്കും ഹിറ്റ്ലർക്കും കോൺസൻട്രേഷൻ ക്യാമ്പുകൾ എന്ന ആശയവും എതിർക്കുന്നവരുടെ ഉന്മൂലനത്തിനു അവയെ ഫലപ്രദമായി എങ്ങനെ ഉപയോഗിയ്ക്കാം എന്ന ആശയവും വേറേയെവിടെ നിന്നുമല്ല കിട്ടിയത്.
വർഗ്ഗസമരത്തിൽ തൊഴിലാളിവർഗ്ഗം ഏത് വിധേനയും മുതലാളിവർഗ്ഗത്തിനെതിരേ പ്രതികാരം ചെയ്യുന്നതിനെ ലെനിൻ സർവാത്മനാ അനുകൂലിച്ചു. സ്വന്തമായി ചെക്ക യൂണിറ്റുകൾ തുടങ്ങാൻ ഡിറൻസ്കി എല്ലാ സോവിയറ്റുകളോടും ആവശ്യപ്പെട്ടു. മിക്കയിടത്തും കൊള്ളയടി സംഘങ്ങളായി അത് മാറി.

കൊള്ളയടിയും ജനങ്ങളെ അടിച്ചമർത്തലും നടത്തുന്നതിനിടയിൽ രാജ്യത്തെ സാമ്പത്തികരംഗം ആകെ തകർന്നടിഞ്ഞു. ക്ഷാമം മൂലം ജനങ്ങൾ പട്ടിണി കിടക്കാൻ തുടങ്ങി. ജനങ്ങൾ പട്ടിണി കിടക്കുന്നതിനേക്കാൾ പട്ടാളക്കാർക്കും ചെക്ക യിലുള്ളവർക്കും ആവശ്യത്തിനു ഭക്ഷണം പോലും എത്തിയ്ക്കാനാവുന്നില്ല എന്ന് നേതാക്കൾ വിലപിച്ചു. അവർ എതിരായാൽ രംഗം വഷളാകും എന്ന് നേതാക്കന്മാർക്ക് ഉറപ്പുണ്ടായിരുന്നു. കൂടെ നിൽക്കുന്നവരെപ്പോലും ചതിയ്ക്കാൻ യാതൊരു മടിയുമില്ലാത്ത മറ്റൊരു കമ്യൂണിസ്റ്റ് മുഖം വെളിവായത് അപ്പോഴാണ്.
തൊഴിലാളികൾക്കും പട്ടാളക്കാർക്കും ഒപ്പം കമ്യൂണിസ്റ്റുകാരുടെ കൂടെ നിന്ന് ബോൾഷെവിക്കുകൾക്ക് അധികാരം നേടിക്കൊടുത്തവരാണ് ചെറുകിട കർഷകർ. വളരെച്ചെറിയ ഒരു വയലോ ഒരു കഷണം ഭൂമിയോ മാത്രം കയ്യിലുള്ള പാവങ്ങൾ. 1918 സോവ്യറ്റുകളുടെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സാക്ഷാൽ ലെനിൻ ഇങ്ങനെ പ്രഖ്യാപിച്ചു.

“ചെറുകിടകർഷകർ മുതലാളികൾക്കെതിരെയും ജന്മിമാർക്കെതിരേയും തൊഴിലാളിവർഗ്ഗത്തോടൊപ്പം നിന്ന് പൊരുതിയവർ തന്നെയാണ്. എന്നാൽ ഇന്ന് അവരുടേയും നമ്മുടേയും വഴികൾ പിരിഞ്ഞിരിയ്ക്കുന്നു. അവർക്ക് അച്ചടക്കത്തേയും വ്യവസ്ഥിതിയേയും എന്നും ഭയമായിരുന്നു. അവരോട് ഒരു കരുണയും ദയയുമില്ലാത്തവിധം പെരുമാറാനുള്ള സമയമെത്തി. അവർക്കെതിരെ നാം തിരിയേണ്ട സമയമായിരിയ്ക്കുന്നു”.

ലെനിൻ, ഇന്നാട്ടിലെ സകലസുഖവുമനുഭവിച്ച് ജനാധിപത്യസൗകര്യങ്ങൾ മുഴുവനനുഭവിയ്ക്കുന്ന ലിബറൽ ഇടതുകളുടെ പോസ്റ്റർബോയ് സഖാവ് ലെനിന്റെ സ്വന്തം വാക്കുകളാണിവ.

ലെനിൻ കഴിഞ്ഞാൽ ഏറ്റവും വലിയ നേതാവായ ട്രോട്സ്കി വിളിച്ച് പറഞ്ഞു
“ആഭ്യന്തരയുദ്ധം മാത്രമേ നമുക്കിനി രക്ഷയുള്ളൂ. ആഭ്യന്തരയുദ്ധം നീണാൽ വാഴട്ടെ. ജനകീയ ഭക്ഷ്യ കമ്മിസാർ അസംബ്ളിയിൽ പറഞ്ഞു. “ എനിയ്ക്കിത് തുറന്ന് പറയാനുള്ള സമയമായി. നമ്മൾ യുദ്ധത്തിലാണ്. തോക്കുകൾ കൊണ്ട് മാത്രമേ നമുക്ക് ആവശ്യമുള്ള ധാന്യങ്ങൾ ലഭിയ്ക്കൂ.”

കമ്യൂണിസ്റ്റുകാരെ വളരാനും അധികാരം പിടിച്ചെടുക്കാനും ഏറ്റവും സഹായിച്ച ചെറുകിട കർഷകരെ അവർ ചതിച്ച സമയമായിരുന്നത്. ഒറ്റ ദിവസം കൊണ്ട് ചെറുകിട കർഷകരെ വർഗ്ഗശത്രുക്കളായി പ്രഖ്യാപിച്ചു. കമ്യൂണിസ്റ്റുകാർ കർഷകരെ ഭീഷണിപ്പെടുത്താൻ തുടങ്ങി. പാർട്ടിക്കാർ പറയുന്ന വിളകൾ പറയുന്ന സമയത്ത് വിളവെടുത്ത് നൽകാനുള്ള അടിമകൾ മാത്രമായി കർഷകർ. അവർക്കിഷ്ടപ്പെട്ട വിളകൾ നട്ടുവളർത്താനോ അധികം വരുന്ന ധാന്യം പൊലും സ്വന്തമായി സൂക്ഷിയ്ക്കാനോ അവർക്ക് അധികാരമില്ലാതായി. കർഷകർ ഉണ്ടാക്കുന്ന ഒരു വിളയിലും അവർക്ക് അവകാശം ഉണ്ടായിരുന്നില്ല.ധാന്യങ്ങൾ, പാൽ, മുട്ട, പാലുൽപ്പന്നങ്ങൾ ഒക്കെ ഓരോ ഗ്രാമങ്ങളിലും ശേഖരിച്ചയയ്ക്കണം.

ഗ്രാമപ്രദേശങ്ങളിൽ നിന്ന് കൂട്ടമായി ജനങ്ങളെ അടിമപ്പണിയെടുക്കാൻ പിടിച്ചുകൊണ്ട് പോകാൻ തുടങ്ങി. ഒളിച്ചോടിയവരെ തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്തി. എന്നാലും ഏതാണ്ട് ഇരുപത് ലക്ഷത്തോളം ഗ്രാമീണർ അധികാരികളുടെ കയ്യിലകപ്പെടാതെ ഒളിച്ച് നടന്നിരുന്നു.
അപ്പോഴാണ് ലെനിൻ കുപ്രസിദ്ധമായ ‘ബന്ദിയാക്കൽ’ പദ്ധതി കൊണ്ട് വരുന്നത്. കർഷകർ ജോലിയ്ക്ക് വന്നില്ലെങ്കിൽ അവരുടെ വീടുകളിലെ കുടുംബാംഗങ്ങളെ പിടിച്ച് വെടിവച്ച് കൊല്ലാൻ ലെനിൻ ഉത്തരവിറക്കിയതോടെയാണ് അതിന്റെ തുടക്കം. അടിമപ്പണിയിൽ നിന്ന് ആരെങ്കിലും രക്ഷപെടുന്നെന്ന് തോന്നിയാൽ അവരുടെ കുടുംബാംഗങ്ങളെ തിരഞ്ഞ് പിടിച്ച് പരസ്യമായി കൊലപ്പെടുത്തുകയോ ബന്ദികളായി തടവിലാക്കുകയോ ചെയ്തു.
റഷ്യയുടെ പലഭാഗത്തായി ഇങ്ങനെയുള്ളവരെ പാർപ്പിയ്ക്കാൻ കോൺസൺട്രേഷൻ ക്യാമ്പുകൾ തുടങ്ങി.

കർഷകരിൽ ചിലരെല്ലാം ഇതിനെ എതിർക്കാനും ബോൾഷെവിക്കുകളുടെ ക്രൂരതകൾ അവസാനിപ്പിയ്ക്കുവാനും സ്വന്തമായി സമരസംഘടനകൾ തുടങ്ങി. അതി ക്രൂരമായാണ് കമ്യൂണിസ്റ്റ് ഭരണകൂടം അവരെ അടിച്ചമർത്തിയത്. കൊസാക്കുകൾ എന്നറിയപ്പെടുന്ന ഗോത്രങ്ങൾ ബോൾഷെവിക്കുകൾക്കെതിരാണ് എന്ന ഭീതിയാൽ അവരെ വംശഹത്യ ചെയ്യാൻ കമ്യൂണിസ്റ്റുകാർ തീരുമാനിച്ചു. കൊസ്സാക്ക് ഗ്രാമങ്ങൾ തിരഞ്ഞ് പിടിച്ച് തീവച്ചു. പുരുഷന്മാരിൽ ആരോഗ്യമുള്ളവരെ അടിമപ്പണിയെടുപ്പിയ്ക്കാൻ ലേബർ ക്യാമ്പുകളിലയച്ചു. സ്ത്രീകളെയും വൃദ്ധരേയും കുട്ടികളേയും ആ ഗ്രാമങ്ങളിൽ നിന്ന് ആട്ടിപ്പായിയ്ക്കുകയും അവരുടെ സമ്പത്ത് മുഴുവൻ കൊള്ളയടിയ്ക്കുകയും ചെയ്തു.

ഏതാണ്ട് അമ്പതിനായിരത്തോളം കൊസക്കുകളെ കൊലചെയ്തെന്നാണ് കരുതുന്നത്. ഏതാണ്ട് മുഴുവൻ കൊസാക്ക് ഗ്രാമങ്ങളും വിജനമായി. ഗ്രീൻ ആർമി എന്ന കർഷകസംഘടനയിലുള്ളവരെ വിപ്ളവത്തിനെതിരെ നിൽക്കുന്നവർ എന്ന്ആരോപിച്ച് കൂട്ടമായി കൊലപ്പെടുത്തി.അവരിൽ ചിലർ ഒളിവിൽപ്പോയപ്പോൾ അവരുടെ കൊച്ചു കുട്ടികളുൾപ്പെടെയുള്ള കുടുംബാംഗങ്ങളെ നിരത്തി നിർത്തി വെടിവച്ചു കൊന്നു.
അടുത്ത ഊഴം തൊഴിലാളികളുടേതായിരുന്നു. കമ്യൂണിസ്റ്റ് പീഡനവും ശമ്പളമില്ലായ്മയും റേഷൻ കിട്ടാത്തതും കാരണം തൊഴിലാളി നേതാക്കൾ രാജ്യവ്യാപകമായ സമരങ്ങൾക്ക് ആഹ്വാനം നൽകി. കമ്യൂണിസ്റ്റുകാർ നോക്കിനിന്നില്ല.

കർഷകസമരത്തെ അടിച്ചമർത്തിയത് പോലെതന്നെ തൊഴിലാളി സമരത്തേയും അവർ അടിച്ചമർത്തി. റേഷനായി റൊട്ടി കൂടൂതൽ തരണം എന്ന ആവശ്യവുമായി ഉപവാസ സമരം ചെയ്ത തൊഴിലാളി സമരക്കാർക്കെതിരെ ചെക്ക വെടിയുതിർത്ത് മോസ്കോയിൽ പത്ത് പേരെ കൊലപ്പെടുത്തി. വേറെയൊരിടത്ത് അതേ ദിവസം ബോൾഷെവിക് കമ്മിസാർമാർക്കെതിരേ യോഗം ചേർന്ന തൊഴിലാളികൾക്കെതിരേ ചുവപ്പുസേന വെടിയുതിർത്ത് പതിനഞ്ച് തൊഴിലാളികൾ മരണപ്പെട്ടു. അതേ മാതൃകയിൽ രാജ്യമെമ്പാടും സമരങ്ങൾ അടിച്ചമർത്തി ആയിരക്കണക്കിനു തൊഴിലാളികളെ തടവിലാക്കി. പുടിലോവ് ഫാക്ടറിയിൽ സമരം ചെയ്ത തൊള്ളായിരം സമരക്കാരെ ചെക്ക അറസ്റ്റ് ചെയ്തു. അതിൽ കുറഞ്ഞത് ഇരുനൂറു പേരെയെങ്കിലും വിചാരണകൂടാതെ വധശിക്ഷയ്ക്ക് വിധേയരാക്കി.
കമ്യൂണിസ്റ്റ് പാർട്ടിയിലെ ലെനിനൊപ്പം വലിയ നേതാവായ ട്രോട്സ്കിയുടെ നേതൃത്വത്തിൽ 1920കളുടെ തുടക്കത്തോടെ വ്യാപാര വ്യവസായ സ്ഥാപനങ്ങൾ പട്ടാളവൽക്കരിയ്ക്കാൻ തുടങ്ങി. ട്രോട്സ്കിയുടെ കണ്ടുപിടിത്തം മനുഷ്യൻ സ്വാഭാവികമായും മടിയൻ ആണെന്നായിരുന്നു.

മുതലാളിത്ത സമൂഹത്തിൽ തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിൽ മനുഷ്യൻ ജോലി കൂടുതൽ ചെയ്യാൻ നിർബന്ധിതനാകുമ്പോൾ കമ്യൂണിസ്റ്റ് സമൂഹത്തിൽ അവൻ കൂടുതൽ മടിയനായിത്തീരും എന്നായിരുന്നു അയാളുടെ സിദ്ധാന്തം.
അതുകൊണ്ട് എല്ലാ ഫാക്ടറികളിലും പട്ടാളച്ചിട്ട കൊണ്ട് വരണമെന്നും പട്ടാളക്കാർ മേലധികരികളെ അനുസരിയ്ക്കുന്നതുപോലെ ഫാക്ടറികളിലെ തൊഴിലാളികളും വായടച്ച് പണിയെടുക്കണമെന്നുമായിരുന്നു ട്രോട്സ്കിയുടെ കണ്ടെത്തൽ. ഫാക്ടറികൾ പട്ടാളക്യാമ്പുകളെപ്പോലെയായി. യൂണിയനുകൾ കമ്യൂണിസ്റ്റ് കമ്മിറ്റികൾക്കപ്പുറം സംസാരിയ്ക്കാനോ അവരെ ചോദ്യം ചെയ്യാനോ പാടില്ലെന്ന് നിയമം വന്നു. സമരങ്ങൾ നിരോധിച്ചു.

“മഞ്ഞപ്പരാദങ്ങളായ സമരക്കാർക്ക് ഏറ്റവും നല്ല സ്ഥാനം കോൺസണ്ട്രേഷൻ ക്യാമ്പുകളാണ്” 1920 ഫെബ്രുവരി 12ലെ പ്രവ്ദ പത്രം പ്രഖ്യാപിച്ചു.ഓർക്കുക നാഴികയ്ക്ക് നാപ്പതുവട്ടം ജനകീയ സമരങ്ങളെന്ന് പറഞ്ഞ് വേണ്ടതിനും വേണ്ടാത്തതിനും തൊഴിലാളികളേക്കൊണ്ട് പണിമുടക്കിക്കുന്ന കമ്യൂണിസ്റ്റുകളുടെ യഥാർത്ഥ മുഖം.

കമ്യൂണിസത്തിനെതിരെ കയ്യുയർത്തുന്നവരെ വെട്ടിക്കുഴിച്ച് മൂടൂക എന്ന് ചെക്കയുടെ തലവന്മാരിലൊരാൾ ആഹ്വാനം ചെയ്തു.ഭരണത്തിലേറി രണ്ട് കൊല്ലം തികയുന്നതിനു മുന്നേ കമ്യൂണിസ്റ്റുകാരെ അധികാരത്തിലെത്തിച്ച ചെറുകിട കർഷകരേയും, തൊഴിലാളികളേയും തന്നെ കമ്യൂണിസ്റ്റുകാർ ചതിച്ചു. അവരെ അടിച്ചമർത്തി. അവരുടേതായ എല്ലാം അവരിൽ നിന്ന് കൊള്ളയടിച്ചു. അടിമകളേക്കാൾ താഴ്ന്ന സ്വാതന്ത്യമുള്ള ജനതയായി അവർ മാറി.

ഡിറൻസ്കി തന്നെ ചെകയുടെ മുന്നേറ്റങ്ങൾ പ്രചരിപ്പിയ്ക്കാൻ ഒരു പത്രം തുടങ്ങിയിരുന്നു. ആ പത്രത്തിൽ നിറയെ ആയിരക്കണക്കിനു പേരെ വർഗ്ഗസമരം ജയിയ്ക്കാൻ കൊലപ്പെടുത്തിയതിന്റേയും ബന്ദികളായി പിടിച്ചതിന്റേയും കോൺസൺട്രേഷൻ ക്യാമ്പുകളിലയച്ചതിന്റേയും വിവരണമായിരുന്നു.എതിർപ്പ് പറയുന്നവരെല്ലാം അവർ ആരായാലും പറയുന്നതിൽ എത്രത്തോളം ശരിയുണ്ടായിരുന്നാലും സാമ്രാജ്യത്തത്തിന്റെ കുഴലൂത്തുകരും മുതലാളിത്ത ചാരന്മാരും ആയി മുദ്രകുത്തപ്പെട്ടു. ഒരുപാട് പേർ റഷ്യ വിട്ട് അഭയാർത്ഥികളായി ലോകത്തിന്റെ പല ഭാഗങ്ങളിലേയ്ക്ക് ഒളിച്ചോടി.

1921 ആയപ്പോഴേയ്ക്കും കുറഞ്ഞത് അഞ്ചുലക്ഷം പേരെയെങ്കിലും ലെനിനും കൂട്ടാളികളും കൊലപ്പെടുത്തിയിരുന്നു. അതിന്റെ എത്രയോ ഇരട്ടി നിരപരാധികൾ തടവിലാക്കപ്പെടുകയും കോൺസണ്ട്രേഷൻ ക്യാമ്പുകളിലടയ്ക്കപ്പെടുകയും ചെയ്തു.കൊന്നവരെ വലിയ കുഴികളിൽ കുഴിച്ച് മൂടി. ജയിലുകളിലും കോൺസന്റ്രേഷൻ ക്യാമ്പുകളിലും വച്ച് അതിക്രൂരമായി ആൾക്കാരെ കൊലപ്പെടുത്തി. എത്രയോ പേരെ ബന്ദികളാക്കി പിടിച്ച് വച്ചു. റഷ്യയുടെയും ഉക്രൈന്റേയും ജോർജിയയുടേയുമൊക്കെ ചരിത്രത്തിൽ വലിയൊരു മുറിപ്പാടായി ചുവപ്പുഭീകരത ഇന്നും ഉണങ്ങാതെ നിൽക്കുന്നു.

ചുറ്റും നിൽക്കുന്നവരെയെല്ലാം ശത്രുതയോടും സംശയത്തോടെയും മാത്രം നോക്കിക്കാണുക എന്ന കമ്യൂണിസ്റ്റ് മനോഭാവത്തിനു യാതൊരു വ്യത്യാസവും അന്നുമില്ലായിരുന്നു.
ശത്രുക്കളേക്കാൾ തങ്ങളുടെ കൂടെയുള്ളവരെ കമ്യൂണിസ്റ്റുകാർ സംശയത്തോടെ കാണാൻ തുടങ്ങി. ഒരുതരം സമൂഹ്യ സംശയരോഗത്തിന്റെ പിടിയിലായിരുന്നു അവർ.
സോവിയറ്റ് യൂണിയനിൽ ബോൾഷെവിയ്ക്കുകളോടൊത്ത് ഇടതുപക്ഷ സോഷ്യൽ റെവലൂഷണറികൾ എന്നൊരു പാർട്ടിയും ഒരു മുന്നണിയായി നിന്നിരുന്നു. മരിയ സ്പിരിഡോനോവ ആയിരുന്നു അവരുടെ നേതാവ്.

ബോൾഷെവിയ്ക്കുകൾ കർഷകരിൽ നിന്ന് ബലമായി ധാന്യങ്ങളും മറ്റും പിടിച്ചെടുക്കുകയും വ്യാപകമായി അക്രമങ്ങളഴിച്ച് വിടുകയും കൊലപാതക പരമ്പരകൾ തുടങ്ങുകയും ചെയ്തപ്പോൾ മരിയയുടെ നേതൃത്വത്തിൽ ഇടതുപക്ഷ സോഷ്യൽ റെവലൂഷനറികൾ ബോൾഷെവിയ്ക്കുകൾക്കെതിരായി.ലെനിൻ എന്ന ‘മഹാത്മാ‘വിനത് സഹിച്ചില്ല. ജർമ്മൻ ഗവണ്മെന്റായിരുന്നു ഒന്നാം ലോകയുദ്ധത്തിലെ ജർമ്മനിയുടെ എതിരാളിയായിരുന്ന സാർ ചക്രവർത്തിയെ താഴെയിറക്കാൻ ലെനിനു സകല സഹായവും ചെയ്ത് കൊണ്ടിരുന്നത്. ഈ അവിശുദ്ധ ബന്ധം സോഷ്യൽ റെവലൂഷണറികൾ എതിർത്തു. ഇതിനിടെ ഇവരിൽച്ചിലർ ഒരു ജർമ്മൻ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും ചെയ്തു.

മരിയ പക്ഷേ തീവ്രവാദത്തിനെതിരായിരുന്നു. എന്നാൽ   കമ്യൂണിസ്റ്റ് കേഡർ സുഹൃത്തുക്കളുടെയും ലെനിന്റേയും യഥാർത്ഥ മുഖം അറിഞ്ഞുവന്നപ്പോഴേയ്ക്ക് ഒരുപാട് താമസിച്ചു പോയിരുന്നു. അവർ ജനാധിപത്യപരമായി ജനസഭകളിൽ പ്രവർത്തിച്ചു. 1919ൽ മരിയ ബോൾഷെവിക് ഗവണ്മെന്റിനെതിരേ ശക്തമായ ഒരു പ്രസംഗം നടത്തി. ജനങ്ങളിൽ വലിയൊരു വിഭാഗം അവരെ അനുകൂലിയ്ക്കുന്ന അവസ്ഥയെത്തി. ലെനിനു സഹിച്ചില്ല. മരിയയെ അറസ്റ്റ് ചെയ്തു.കമ്യൂണിസ്റ്റ് കംഗാരുക്കോടതി മരിയയെ മാനസികരോഗിയെന്ന് വിധിച്ച് ഭ്രാന്താശുപത്രിയിലടച്ചു. ഇടതുപക്ഷ റെവലൂഷണറി സോഷ്യലിസ്റ്റ് വിഭാഗത്തിലെ സകല നേതാക്കളേയും തടവിലാക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തു. കുറേ നാൾ ഇല്ലാത്ത ഭ്രാന്തിനു ചികിത്സയുമായി മാനസികരോഗാശുപത്രിയിൽ പീഡനമനുഭവിച്ചു. പിന്നീട് ജീവച്ഛവമായി വിട്ടയച്ചു. പിന്നീടൊരിയ്ക്കലും അവർ രാഷ്ട്രീയം സംസാരിച്ചിട്ടില്ല.1937ൽ വീണ്ടും ജയിലിലാക്കപ്പെട്ട അവരെ 1941ൽ സ്റ്റാലിൻ കൊലപ്പെടുത്തുകയാണുണ്ടായത്.

കൊല്ലപ്പെടുന്നതു വരെ ജയിലിലെ ക്രൂരമായ പീഡനം സഹിയ്ക്ക വയ്യാതെ തന്നെയൊന്ന് കൊന്നുതരാൻ ആവശ്യപ്പെട്ട് അവർ അറ്റോർണീ ജനറലിനു കത്തുകളയയ്ക്കുമായിരുന്നു.
കമ്യൂണിസം അതിന്റെ ശരിയായ മുഖം കാണിച്ചുതുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ.
സമത്വവും സമഭാവനയും പ്രചരിപ്പിച്ച് അധികാരത്തിലെത്തിയവർ ഒക്ടോബർ വിപ്ളവത്തിനു ശേഷം ആദ്യം ചെയ്തത് തൊഴിലാളിപ്രസ്ഥാനങ്ങളേയും വികേന്ദ്രീകൃത ഗവണ്മെന്റ് സംവിധാനങ്ങളേയും പിരിച്ചുവിട്ട് സകല അധികാരവും തങ്ങളിൽ ചിലരിലേയ്ക്ക് കേന്ദ്രീകരിയ്ക്കുകയാണ്. ഏറ്റവും ഉന്നതമായ ആ അധികാരപ്രമത്തതയിൽ തങ്ങൾ മാത്രമാണ്, തങ്ങൾ വിശ്വസിയ്ക്കുന്നതുകൊണ്ട് തന്നെ ചില പ്രത്യേക വിശ്വാസങ്ങൾ മാത്രമാണ് ശരിയെന്നും മറ്റുള്ള മനുഷ്യരെല്ലാം വെറും മണ്ടന്മാരെന്നുമുള്ള മെഗലോമാനിയ ബാധിച്ച മനോരോഗികളായിരുന്നു മിയ്ക്ക കമ്യൂണിസ്റ്റുകളും.

കൂടെനിന്ന് അധികാരം പിടിച്ചെടുക്കാൻ സഹായിച്ച കർഷകർ, തൊഴിലാളികൾ, പട്ടാളക്കാർ എന്നിവരെത്തന്നെയാണ് ലെനിനും ലെനിനിസവും ആദ്യം ചതിച്ചത്. ഏതൊരു ക്രൂരമായ മതത്തേയും പോലെ ഇന്നും ലോകത്തെ മുഴുവൻ ചതിയിൽ വീഴത്തി ലെനിനിസം ജീവിയ്ക്കുന്നു.മാർക്സിസം എന്ന ഒരു തത്വശാസ്ത്ര സാമ്പത്തിക ശാസ്ത്ര സിദ്ധാന്തത്തെ കൈയ്യിലെടുത്ത് ലെനിൻ എന്ന സീരിയൽ കില്ലറുടെ തേർവാഴ്ച സാർ ചക്രവർത്തിയുടെ കുടുംബത്തിനെ കൊന്നുകൊണ്ട് തുടങ്ങിയതാണ്. അന്ന് മുതൽ ആ ആശയം പറ്റുന്നവർ മുഖമില്ലാത്ത കോടിക്കണക്കിനു പേരുടെ ജീവിതം നശിപ്പിയ്ക്കാൻ തുടക്കമിട്ടു.

സ്റ്റാലിന്, മാവോ, പോള്പോട്ട് മുതല് സകല കമ്യൂണിസ്റ്റ് സൈക്കോപ്പാത്തുകളും ലെനിൻ എന്ന ഏകാധിപതിയുടെ അതിവ്യാപനം മാത്രമാണ്.

ത്രിപുരയിൽ തകർന്ന് വീണത് ഈ ലെനിന്റെ പ്രതിമയാണ്. ഇത്തരം കപട വിഗ്രഹങ്ങൾ തകർന്ന് തരിപ്പണമാകണം. കിഴക്കൻ ജർമ്മനിയേയും പടിഞ്ഞാറൻ ജർമ്മനിയേയും വേർതിരിച്ചിരുന്ന ബർലിൻ മതിൽ പൊളിച്ചപ്പോൾ അതിനെ വിധ്വംസനപ്രവർത്തനമെന്ന് പറയാനും ആളുണ്ടായിരുന്നിരിയ്ക്കണം. പക്ഷേ ആധുനിക ലോകത്തിനത് സ്വാതന്ത്ര്യത്തിനെ ഏറ്റവും മഹത്തായ നിമിഷമാണ്. ആ മതിൽ അവിടെപ്പണിഞ്ഞതാണ് വിധ്വംസനം. അല്ലാതെ അത് പൊളിച്ചതല്ല

1990കളിൽ കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ തകർന്ന് വീണ സമയത്ത് തങ്ങളിൽ ദശലക്ഷക്കണക്കിനാൾക്കാരെക്കൊന്ന ലെനിന്റെയും സ്റ്റാലിന്റേയും വിഗ്രഹങ്ങൾ നിരനിരയായി പൊളിച്ചപ്പോൾ ഉക്രൈനിലെയും റഷ്യയിലേയും ജനത ആർപ്പുവിളിച്ച് ആഘോഷിച്ചു.

ലെനിൻ എന്ന അതിക്രൂരനായ കൊലപാതകിയുടെ പ്രതിമ പൊളിയ്ക്കുന്നതിനേക്കാൾ നല്ലത് അയാളുടെ ശരിയായ മുഖം ലോകം മുഴുവനുമറിയിയ്ക്കുന്നതാണ്. ലോകരാശിയെ മുഴുവൻ ദശാബ്ദങ്ങൾ പിന്നോട്ടടിച്ച ഇത്തരം കപടവിഗ്രഹങ്ങളും പൊളിയേണ്ടത് തന്നെയാണ്.

കാളിയമ്പി

 

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close