Columns

ചെകുത്താന്‍ വേദമോതുമ്പോള്‍

നചികേതസ്

ബുധനാഴ്ച പുറത്തിറങ്ങിയ മാതൃഭൂമി പത്രത്തിന്റെ എട്ടാംപുറത്ത് മുഖപ്രസംഗം എഴുതിയിരിക്കുന്നത് ഇത് കളിയല്ല, മാപ്പ് അര്‍ഹിക്കാത്ത ചതി എന്നാണ്. അതിന്റെ മുകളില്‍ പാവം കെ.പി. കേശവമേനോന്‍ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരമായി, മാതൃഭൂമിയുടെ മുഖമുദ്രയായി ആഗ്രഹിച്ചിരുന്ന ‘സത്യം, സമത്വം, സ്വാതന്ത്ര്യം’ ഇപ്പോഴുമുണ്ട്. ക്രിക്കറ്റിലെ ചതിയെക്കുറിച്ച് ചെകുത്താന്‍ വേദമോതുന്ന പോലെ മുഖപ്രസംഗം എഴുതിയ മാതൃഭൂമി നടത്തിയ ക്രിക്കറ്റിനേക്കാള്‍ വലിയ ചതി ഒന്‍പതാം പേജില്‍ തന്നെ കാണാം. ‘കര്‍ണ്ണാടക തിരഞ്ഞെടുപ്പ് തിയ്യതി ചോര്‍ന്നു. ആദ്യം പുറത്തുവിട്ടത് ബി.ജെ.പി’, മാതൃഭൂമി തിരുവനന്തപുരം എഡിഷനില്‍ മൂന്ന് കോളത്തിലാണ് വാര്‍ത്ത. ഇതോടൊപ്പം തന്നെ ഷോള്‍ഡര്‍ ഹെഡിംഗായി അതീവ ഗുരുതരമെന്ന് കമ്മീഷന്‍, അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു തുടങ്ങിയവയും കൊടുത്തിട്ടുണ്ട്.

ഇതേ വാര്‍ത്ത മലയാള മനോരമയിലും മുഖ്യ തലക്കെട്ടായിരുന്നു. ‘കര്‍ണ്ണാടക തിരഞ്ഞെടുപ്പ്: കമ്മീഷന്‍ പറയും മുന്‍പേ തീയതി ചോര്‍ന്നു. 15 മിനിറ്റ് മുന്‍പ് ചാനലില്‍ ഫ്‌ളാഷ്: പിന്നാലെ ബി.ജെ.പി, കോണ്‍ഗ്രസ് ട്വീറ്റ്’. ഇതാണ് മനോരമയില്‍ വന്ന വാര്‍ത്ത ഇതോടൊപ്പം മനോരമ സംഭവത്തിന്റെ സമയവിന്യാസവും നല്‍കിയിട്ടുണ്ട്. രാവിലെ 11 ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പത്രസമ്മേളനം ആരംഭിക്കുന്നു. 11.06 ന് ഇംഗ്ലീഷ് ചാനലിലും ചില കന്നഡ ചാനലുകളിലും തീയതി ഫ്‌ളാഷ് ചെയ്യുന്നു. കമ്മീഷണര്‍ ഇപ്പോഴും തീയതി പ്രഖ്യാപിച്ചിട്ടില്ല. 11.08 ന് ബി.ജെ.പിയുടെ അമിത് മാളവ്യയും കോണ്‍ഗ്രസ്സിന്റെ ശ്രീവത്സയും തീയതി ട്വിറ്ററില്‍ കുതിക്കുന്നു. 11.20 – 11.22 കമ്മീഷണര്‍ തീയതികള്‍ പ്രഖ്യാപിക്കുന്നു. ചാനലിലും ട്വീറ്റുകളിലും വോട്ടെടുപ്പ് തീയതി  ശരി – മെയ് 12. വോട്ടെണ്ണല്‍ തീയതി. ചാനലിന് തെറ്റി. അവര്‍ പറഞ്ഞത് മെയ് 18. കമ്മീഷണര്‍ പ്രഖ്യാപിച്ചത് മെയ് 15. മനോരമയുടെ ഒന്നാംപേജില്‍ തന്നെ ‘പണി പറ്റിച്ചത് ടി.വി. ചാനല്‍’ എന്ന വാര്‍ത്തയും മനോരമ കൊടുത്തിട്ടുണ്ട്.

2022 ആകുമ്പോഴേക്കും 100 വര്‍ഷം തികയുന്ന മഹത്തായ പാരമ്പര്യത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെ ത്യാഗോജ്ജ്വലമായ ഇതിഹാസമായ മാതൃഭൂമിയാണ് സത്യം പറയുന്നതിനു പകരം സത്യം മൂടി വെയ്ക്കുന്നത്. അര്‍ദ്ധസത്യമോ അസത്യമോ പലപ്പോഴും രാഷ്ട്രീയത്തിന് വേണ്ടിയോ പണത്തിന് വേണ്ടിയോ ചില പത്ര ഉടമകള്‍ ചെയ്യാറുണ്ട്. മാതൃഭൂമിയുടെ തുടക്കത്തിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് പത്രത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ക്കെതിരെ മുഖപ്രസംഗം എഴുതാന്‍ തന്റേടമുള്ള ആണുങ്ങള്‍ പത്രാധിപ സമിതിയില്‍ ഉണ്ടായിരുന്നു, പത്രാധിപരുടെ കസേരയില്‍ ഉണ്ടായിരുന്നു. മാനേജിംഗ് ഡയറക്ടറുടെ രാഷ്ട്രീയ ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് സത്യം വളച്ചൊടിക്കുകയും മൂടിവെയ്ക്കുകയും ചെയ്യുന്ന തേരട്ടകളായി പത്രാധിപ സമിതി അധഃപതിക്കുമ്പോള്‍ ഇതിനപ്പുറവും ഒരുപക്ഷേ, ഉണ്ടാകാം.

വിഷവൃക്ഷത്തിന്റെ അടിവേരുകള്‍ എന്നപേരില്‍ മനോരമയെ കളിയാക്കാന്‍ പലപ്പോഴും മുതിരാറുണ്ട്. പക്ഷേ, പതിവിന് വ്യത്യസ്തമായി ഇക്കുറി സത്യം തുറന്നുപറയാനുള്ള ആര്‍ജ്ജവം മനോരമ കാട്ടി. ഒരു ചാനല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രസമ്മേളനം നടന്നുകൊണ്ടിരിക്കെ പുറത്തുവിട്ട വാര്‍ത്തയാണ് ബി.ജെ.പി ഐ.ടി. സെല്‍ അദ്ധ്യക്ഷന്‍ അമിത് മാളവ്യയും കോണ്‍ഗ്രസ്സിന്റെ ഐ.ടി.സെല്‍ മേധാവി ബി. ശ്രീവത്സയും പുറത്തുവിട്ടത്. മാതൃഭൂമി വാര്‍ത്തയില്‍ ഒരിടത്തുപോലും ശ്രീവത്സ വാര്‍ത്ത പുറത്തുവിട്ട വിവരമോ വിശദാംശങ്ങളോ പറഞ്ഞിട്ടില്ല. ആകെ പറഞ്ഞിട്ടുള്ളത് ബി.ജെ.പി നേതാവ് വാര്‍ത്ത പുറത്തുവിട്ട സംഭവം മാത്രമാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ പങ്ക് മൂടിവെയ്ക്കാന്‍ തത്രപ്പാട് കാട്ടിയ മാതൃഭൂമി ബി.ജെ.പി ക്ക് എതിരെ നടപടി വേണമെന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന കൊടുത്തിട്ടുമുണ്ട്.

‘ബി.ജെ.പി സൂപ്പര്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് മാളവ്യക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ ശ്രീവത്സയും തീയതി മുന്‍പെ പ്രഖ്യാപിച്ചെന്ന് വ്യക്തമായതോടെ കോണ്‍ഗ്രസ്സും പ്രതിരോധത്തിലായി. താനും ടി.വി വാര്‍ത്തയെ ആണ് ആശ്രയിച്ചതെന്ന് പിന്നീട് ശ്രീവത്സയും ട്വീറ്റ് ചെയ്തു.’ ഇത് മനോരമയുടെ ഒന്നാംപേജില്‍ തന്നെയുള്ള വാര്‍ത്തയാണ്. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിക്കു വേണ്ടി പ്രവര്‍ത്തിച്ചു എന്നു വരുത്താനാണ് മാതൃഭൂമി ശ്രമിച്ചത്.

ആ പക്ഷപാതം ഒന്നുകൂടി ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലയുടെ പ്രസ്താവനയും കൊടുത്തിട്ടുണ്ട്. ഒരു സംഭവം എങ്ങനെ വളച്ചൊടിക്കാമെന്നും മുതലാളിമാരുടെ രാഷ്ട്രീയ ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് ഏകപക്ഷീയവും അസത്യ-അബദ്ധജഡിലവും ആക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ വാര്‍ത്ത. മാതൃഭൂമി അടിയന്തിരമായി സത്യം-സമത്വം-സ്വാതന്ത്ര്യം എന്നീ വാക്കുകള്‍ മുഖപ്രസംഗത്തിന്റെ മുകളില്‍നിന്ന് നീക്കം ചെയ്യണം. ഈ വാക്കുകളൊന്നും ഇന്നത്തെ മാധ്യമ അഭിസാരികയ്ക്ക് ചേര്‍ന്നതല്ല.

നല്ല മനുഷ്യര്‍ ഇരുന്നിരുന്ന കസേരകളെ ഓര്‍ത്ത് സാംസ്‌കാരിക കേരളം ലജ്ജിക്കുന്നു.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close