Columns

ഗൂഢാലോചനകള്‍ പുറത്തുവരുമ്പോള്‍

സത്യമപ്രിയം - ജി.കെ. സുരേഷ് ബാബു

ഒരു രാജ്യത്തെയും അതിലെ പൗരന്മാരെയും മാത്രമല്ല, രാജ്യതാല്പര്യത്തെയും ജനങ്ങളുടെ ഹിതത്തെപ്പോലും എങ്ങനെയാണ് കോണ്‍ഗ്രസ്സ് സ്വന്തം കാര്യത്തിനുവേണ്ടി ഉപയോഗിക്കുന്നതെന്ന് കാട്ടുന്നതാണ് അടുത്തിടെ നടന്ന വിവരസാങ്കേതികവിദ്യാ സംവിധാനത്തിലെ ചോര്‍ച്ചകള്‍. അന്താരാഷ്ട്രതലത്തില്‍ ഇതൊരു പുതിയ സംഭവമല്ല. 2016 ലെ അമേരിക്കയിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഫെയ്‌സ്ബുക്കിന്റെ വിവരങ്ങള്‍ സമാഹരിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തു. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് അനലറ്റിക്ക എന്ന സ്ഥാപനമാണ് ഇത് ചെയ്തത്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ അലക്‌സാണ്ടര്‍ കോഗന്‍ നടത്തിയ ഒരു ക്വിസ് പരിപാടിയില്‍ ഏതാണ്ട് മൂന്നുലക്ഷം പേരാണ് പങ്കെടുത്തിരുന്നത്. ‘ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ്’ എന്ന പരിപാടിയില്‍ പങ്കെടുത്ത മൂന്നുലക്ഷത്തോളം ഫെയ്‌സ്ബുക്ക് അംഗങ്ങളുടെ സുഹൃത്തുക്കളായ അഞ്ച് കോടിയിലേറെ പേരുടെ വ്യക്തിഗത വിവരങ്ങളാണ് ഇങ്ങനെ ചോര്‍ത്തിയത്. ഈ വിവരങ്ങള്‍ ഒരു ആപ് വഴി സമാഹരിക്കുകയും അത് ട്രംപിന് അനുകൂലമായി ജനവികാരം സൃഷ്ടിക്കാന്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു.

കേംബ്രിഡ്ജ് അനലറ്റിക്കയിലെ ഉദ്യോഗസ്ഥനും പൊതു വിവരാവകാശ പ്രവര്‍ത്തകനുമായ ക്രിസ്റ്റഫര്‍ വെയ്‌ലി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ അമേരിക്കയിലെ തിരഞ്ഞെടുപ്പ് ഇടപെടലും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിടാനുള്ള ബ്രിട്ടന്റെ തീരുമാനത്തെ അനുകൂലിക്കാന്‍ വേണ്ടി നടത്തിയ ഇടപെടലിന്റെയും വിശദാംശങ്ങള്‍ പുറത്തുവിട്ടു. ഇതോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പല രാജ്യങ്ങളിലും തിരഞ്ഞെടുപ്പിനിടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ചെയ്തിട്ടുള്ള എല്ലാ അഭ്യാസങ്ങളുടെയും വിശദാംശങ്ങളും പുറത്തുവിട്ടിരുന്നു. കെനിയ, ഇന്തോനേഷ്യ, തായ്‌ലന്റ്, ഇന്ത്യ എന്നീ രാജ്യങ്ങളിലെ പല രാഷ്ട്രീയ നേതാക്കള്‍ക്കും തങ്ങള്‍ നല്‍കിയിട്ടുള്ള സേവനത്തിന്റെ വിശദാംശങ്ങളാണ് പുറത്തുവിട്ടത്. അതിന് തൊട്ടു മുന്‍പുവരെ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമാണ് ഇത്തരം സേവനദാതാക്കളുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നതെന്നാണ് കോണ്‍ഗ്രസ്സ് ആരോപിച്ചിരുന്നത്.

എന്നാല്‍ വെയ്‌ലിയുടെ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ്സിന്റെ പേര് പുറത്തുവന്നതോടെ അവര്‍ പ്രതിരോധത്തിലായി. കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ 2014 ന് ശേഷം പല സംസ്ഥാനങ്ങളിലും തങ്ങളാണ് നടത്തിയതെന്ന് വെയ്‌ലി സാക്ഷ്യപ്പെടുത്തി. കേംബ്രിഡ്ജ് അനലറ്റിക്കയുടെ മാതൃസ്ഥാപനമായ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍ ലബോറട്ടറീസിന്റെ രാഹുലുമായുള്ള ബന്ധം വെയ്‌ലി മറച്ചുവച്ചില്ല. രാഹുല്‍ഗാന്ധിയുടെ സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകളും പ്രചാരണപ്രവര്‍ത്തനങ്ങളും നടത്തുന്നത് കൂടാതെ ബീഹാര്‍, യു.പി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളടക്കം തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപവത്കരിച്ചതിന്റെ വിശദാംശങ്ങളും വെയ്‌ലി പുറത്തുവിട്ടു. ഇതോടൊപ്പം കോണ്‍ഗ്രസ്സിന്റെ കൈപ്പത്തി അടയാളമുള്ള തിരഞ്ഞെടുപ്പ് പോസ്റ്റര്‍ കേംബ്രിഡ്ജ് അനലറ്റിക്കയുടെ ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിരുന്നതും പുറത്തുവന്നു.

വിഘടനതന്ത്രം അനലറ്റിക്കയുടേത്

കേംബ്രിഡ്ജ് അനലറ്റിക്ക പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രാഹുലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സിനെ സ്വന്തം കാലില്‍ നിര്‍ത്താനാകുന്നില്ല. ഇതിനിടെ ഫെയ്‌സ്ബുക്ക് മേധാവി സക്കര്‍ ബര്‍ഗ് വിവരങ്ങള്‍ ചോര്‍ന്നതില്‍ ലോകത്തോട് മാപ്പു പറയുകയും ഇനി ഉണ്ടാകാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കേംബ്രിഡ്ജ് അനലറ്റിക്കയുടെ ഇന്ത്യാ ബന്ധത്തിനും ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ സ്വാധീനിക്കാനുള്ള ശ്രമത്തിനും എതിരെ സക്കര്‍ ബര്‍ഗിനും മറ്റും കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു. ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ പെരുമാറ്റത്തിലും പ്രതികരണത്തിലും വരുന്ന മാറ്റങ്ങള്‍ വിലയിരുത്തി അത് തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്ന രീതിയില്‍ പ്രചാരണ തന്ത്രത്തില്‍ മാറ്റം വരുത്തുകയായിരുന്നു ചെയ്തിരുന്നത്. ഇതിന് ആവശ്യമായ വിവരങ്ങള്‍ എല്ലാംതന്നെ ഇവര്‍ നല്‍കുകയായിരുന്നു. കേംബ്രിഡ്ജ് അനലറ്റിക്കയുടെ സി.ഇ.ഒ അലക്‌സാണ്ടര്‍ നിക്‌സും ചീഫ് ഡേറ്റ ഓഫീസര്‍ അലക്‌സ് ടെയ്‌ലറുമാണ് ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചത്.

ഇന്ത്യയിലെ കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും രാഹുല്‍ഗാന്ധിയുടെ ഫെയ്‌സ്ബുക്കും ട്വിറ്ററും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളുടെ പ്രവര്‍ത്തനവും നിയന്ത്രിച്ചിരുന്നത് കേംബ്രിഡ്ജ് അനലറ്റിക്കയുടെ ഘടകമായ ഓവ്‌ലിനോ ബിസിനസ് ഇന്റലിജന്‍സ് എന്ന സ്ഥാപനമായിരുന്നു. മൂന്ന് തരത്തിലുള്ള പ്രവര്‍ത്തനമാണ് ഓവ്‌ലിനോ രാഹുലിനും കോണ്‍ഗ്രസ്സിനുമായി രൂപകല്പന ചെയ്തത്. ഒന്ന്, കോണ്‍ഗ്രസ്സിന്റെ മുഖ്യ രാഷ്ട്രീയ എതിരാളിയായ ബി.ജെ.പിയുടെ രാഷ്ട്രീയ അടിത്തറയില്‍ വിള്ളലുണ്ടാക്കുക. രണ്ട്, വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുക. മൂന്ന്, ജനവിശ്വാസത്തില്‍ ഇടിവുണ്ടാക്കുന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുക. ഈ മൂന്നിന പദ്ധതിയില്‍ ആദ്യത്തെ ഇനമാണ് ബി.ജെ.പിയുടെ രാഷ്ട്രീയ അടിത്തറയായ ഹിന്ദു സമൂഹത്തില്‍ ജാതിയുടെയും സംവരണത്തിന്റെയും പേരില്‍ ഭിന്നിപ്പും ചേരിപ്പോരും ഉണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങള്‍.

ഗുജറാത്തില്‍ ജിഗ്‌നേഷ് മേവാനിയും ഹാര്‍ദിക് പട്ടേലും അവതരിച്ചത് ഈ ദേശവിരുദ്ധ ശക്തികളുടെ അജണ്ടയുടെ ഭാഗമായിരുന്നു. മഹാരാഷ്ട്രയിലും രാജസ്ഥാനിലും ബീഹാറിലും കര്‍ണ്ണാടകത്തിലും ഒക്കെത്തന്നെ ഹിന്ദു സമൂഹത്തെ പരസ്പരം പോരടിപ്പിക്കാനുള്ള ശ്രമത്തിന്റെ പിന്നിലും കോണ്‍ഗ്രസ്സിന്റെ ഈ രാഷ്ട്രീയ ദുഷ്ടലാക്ക് തന്നെയാണ്. ഓരോ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലും ഫ്രണ്ട്‌സ് നല്‍കുന്ന സന്ദേശങ്ങളും പ്രതികരണങ്ങളും വിലയിരുത്തി ഓരോ മണ്ഡലത്തിലും ചര്‍ച്ചാവിഷയം എന്താണെന്നും ഏത് പാര്‍ട്ടിക്കാണ് മുന്‍തൂക്കം എന്നും എന്താണ് പ്രധാന ചര്‍ച്ചാവിഷയമെന്നും ഒക്കെ കേംബ്രിഡ്ജ് അനലറ്റിക്ക വിവരം നല്‍കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓരോ സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്.

ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ മനോവിചാരങ്ങളെ സ്വാധീനിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനമാണ് ഇവര്‍ കാഴ്ചവെയ്ക്കുന്നത്. നേരത്തെ ഒരു ബന്ധവുമില്ല എന്നു പറഞ്ഞിരുന്ന കോണ്‍ഗ്രസ്സ് ഇന്ന് പ്രതിരോധത്തിലേക്ക് പോയിരിക്കുന്നു. 2019 ലെ തിരഞ്ഞെടുപ്പിന് വേണ്ടിയാണ് തങ്ങള്‍ കേംബ്രിഡ്ജ് അനലറ്റിക്കയുടെ സഹായം തേടിയതെന്നാണ് കോണ്‍ഗ്രസ്സ് ഇപ്പോള്‍ പറയുന്നത്.

ഗുജറാത്തിലെ വ്യവസായ വത്കരണത്തിനായി ജര്‍മ്മന്‍-അമേരിക്കന്‍ സ്ഥാപനമായ ആപ്‌കൊയുമായി ധാരണയുണ്ടാക്കിയിരുന്നത് ചൂണ്ടിക്കാട്ടി രക്ഷപ്പെടാനായിരുന്നു കോണ്‍ഗ്രസ്സിന്റെ ശ്രമം. ലോകമെമ്പാടുമുള്ള സര്‍ക്കാരുകളും രാഷ്ട്രീയ നേതാക്കളും പാര്‍ലമെന്റ് അംഗങ്ങളും ഫെയ്‌സ്ബുക്കിനും കേംബ്രിഡ്ജ് അനലറ്റിക്കയ്ക്ക് എതിരെ നിലപാട് എടുത്തതോടെ ഇന്ന് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. രാഹുല്‍ഗാന്ധിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ക്ക് അധികപ്രചാരണം കിട്ടാന്‍ വേണ്ടി സ്വകാര്യ സ്ഥാപനങ്ങളെ ഏല്‍പ്പിച്ചതടക്കം ഒട്ടനവധി ആരോപണങ്ങളാണ് ഇന്ന് നേരിടുന്നത്.

ഒരു അഴിമതി ആരോപണം പോലും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് എതിരെ ഉന്നയിക്കാന്‍ കഴിയാതിരുന്നിട്ടും പാര്‍ലമെന്റ് സ്തംഭനം അടക്കമുള്ള വേഷം കെട്ടലുകള്‍ നടത്തുന്നതിനു പിന്നിലും കേംബ്രിഡ്ജ് അനലറ്റിക്ക അടക്കമുള്ള സ്ഥാപനങ്ങളാണെന്നാണ് സൂചന. ഭാരതം ലോകഗുരു ആകണമെന്ന ഈശ്വരീയ ദൗത്യമാണ് നരേന്ദ്രമോദിയെ നയിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം അപഭ്രംശങ്ങള്‍ തരിമ്പുപോലും ഏല്‍ക്കാതെ ഉദിച്ചുയര്‍ന്ന സൂര്യനെപ്പോലെ മോദി നടന്നു നീങ്ങുന്നു. ഭാരതത്തിന്റെ പരിവര്‍ത്തനം മാത്രമാണ് ആ ജൈത്രയാത്രയുടെ ലക്ഷ്യം.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close