Columns

മാപ്പിള ലഹളയിലെ ക്രൂരതകൾ ലോകത്തോട് വിളിച്ചു പറഞ്ഞ അംബേദ്കർ

വായുജിത്

“മലബാറിലെ മുസ്ലിങ്ങൾ ഹിന്ദുക്കൾക്കെതിരായി ചെയ്ത കൃത്യങ്ങൾ അമ്പരപ്പിക്കുന്നതായിരുന്നു. മുസ്ലിങ്ങളുടെ കയ്യിൽ നിന്ന് ഹിന്ദുക്കൾക്ക് നേരിടേണ്ടി വന്നത് ശോചനീയമായ ദുർവിധിയാണ്. കൂട്ടക്കൊലപാതകങ്ങൾ , ബലം പ്രയോഗിച്ചുള്ള മതപരിവർത്തനങ്ങൾ, ക്ഷേത്ര ധ്വംസനങ്ങൾ , ഗർഭിണികളെ വെട്ടിക്കീറുക തുടങ്ങി സ്ത്രീകൾക്ക് നേരേയുള്ള ഹീനമായ ക്രൂരകൃത്യങ്ങൾ , കൊള്ളയും തീവയ്പ്പും നശീകരണവും –

ഇങ്ങനെ ചുരുക്കത്തിൽ നിഷ്ഠുരവും അനിയന്ത്രിതമായ കിരാത വാഴ്ചയുടെ ഭാഗമായി നടക്കാവുന്നതെല്ലാം മുസ്ലിങ്ങൾ ഹിന്ദുക്കൾക്കു നേരേ നിർബാധം നടത്തി. ഒരു ഹിന്ദു മുസ്ലിം ലഹളയായിരുന്നില്ല ഇത് . വെറുമൊരു കൂട്ടക്കൊലയായിരുന്നു. വധിക്കപ്പെടുകയോ , മുറിവേൽപ്പിക്കയോ , മതപരിവർത്തനത്തിനു വിധേയരാക്കുകയോ ചെയ്ത ഹിന്ദുക്കളുടെ സംഖ്യ അജ്ഞാതമാണ് . എങ്കിലും അവരുടെ എണ്ണം വളരെ വലുതായിരിക്കണം ”

(പാകിസ്ഥാൻ അഥവാ ഇന്ത്യാ വിഭജനം പേജ് – 167 )

1921 ലെ മലബാർ കലാപത്തെപ്പറ്റി അംബേദ്കറിന്റെ വാക്കുകളാണിവ . ഇടതുപക്ഷ ചരിത്രകാരന്മാർ ജന്മി വിരുദ്ധ കലാപമെന്നും കാർഷിക കലാപമെന്നും പേരു കൊടുത്ത് വെള്ള പൂശിയ ഒരു കൂട്ടക്കൊലയുടെ യഥാർത്ഥ ചിത്രമായിരുന്നു അംബേദ്കർ മുന്നോട്ടു വച്ചത് . ഹിന്ദു -മുസ്ളിം ഐക്യത്തിനു വേണ്ടി ഗാന്ധിജി മുന്നോട്ടു വച്ച പല കാര്യങ്ങളും ഹിന്ദുക്കൾക്ക് തികച്ചും ആത്മഹത്യാപരമാണെന്ന് പറയാനും അദ്ദേഹം മടി കാണിച്ചില്ല . ചരിത്രത്തിലെ ക്രൂരതകളെ ആരെയെങ്കിലും പ്രീണിപ്പിക്കാൻ വേണ്ടി വെള്ള പൂശാൻ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല.

മുസ്ലിങ്ങളുടെ അക്രമങ്ങളും അതിനോടുള്ള കോൺഗ്രസിന്റെ സമീപനത്തിലെ മണ്ടത്തരവും അംബേദ്കർ കൃത്യമായി നിരീക്ഷിച്ചു. പാകിസ്ഥാൻ സാദ്ധ്യമാകേണ്ടതാണെന്ന് അംബേദ്കർ അഭിപ്രായപ്പെട്ടിരുന്നു . പക്ഷേ അതൊരിക്കലും മുസ്ളിം ലീഗോ കമ്യൂണിസ്റ്റ് പാർട്ടികളോ മുന്നോട്ടു വച്ച ന്യായങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ല . പാകിസ്ഥാൻ ഉണ്ടാകുന്നതാണ് ഹിന്ദുക്കൾക്ക് കൂടുതൽ ആശ്വാസം നൽകുന്നതെന്ന് അദ്ദേഹം പ്രവചിച്ചു. മുസ്ളിം പ്രീണനം കൊണ്ട് കണ്ണു കാണാതായ കോൺഗ്രസിനു മനസ്സിലാക്കാൻ കഴിയാതിരുന്ന രണ്ടു കാര്യങ്ങളെപ്പറ്റി അദ്ദേഹം നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്.

“ രണ്ടു കാര്യങ്ങൾ മനസ്സിലാക്കാൻ കോൺഗ്രസിനു കഴിഞ്ഞിട്ടില്ലെന്ന് എനിക്കു തോന്നുന്നു. പ്രീണനത്തിനും ഒത്തുതീർപ്പിനും തമ്മിൽ വ്യത്യാസമുണ്ടെന്നും ആ വ്യത്യാസം സാരമായിട്ടുള്ളതാണെന്നുമുള്ള വസ്തുതയാണ് ആദ്യത്തേത്.ആക്രമണകാരിയുടെ അപ്രീതിക്ക് പാത്രമായിട്ടുള്ള നിരപരാധികളായ ആളുകൾക്കെതിരായ കൊല, ബലാത്സംഗം,കൊള്ളിവെപ്പ് എന്നീ കൃത്യങ്ങളോട് തത്കാലം അനുകൂലിച്ച് നിന്ന് അയാളെ കയ്യിലെടുക്കുക എന്നതാണ് പ്രീണനത്തിന്റെ അർത്ഥം.ആക്രമണകാരിയുടെ അവകാശവാദങ്ങൾക്കും അഭിലാഷങ്ങൾക്കും യാതൊരു പരിധിയും പ്രീണനനയം കൽപ്പിക്കുന്നില്ല.

നേരെ മറിച്ച് ഒത്തുതീർപ്പാകട്ടെ അതിലെ കക്ഷികളാരും അതിലംഘിക്കാൻ പാടില്ലാത്ത അതിരുകൾ നിർദ്ദേശിക്കുന്നു. വിട്ടുവീഴ്ചകൾ ചെയ്യുന്ന നയം മുസ്ളിങ്ങളുടെ ആക്രമവാസന വളർത്തുന്നു എന്നും അതിനേക്കാൾ പ്രധാനമായി ഈ വിട്ടുവീഴ്ച്ചകളെ ഹിന്ദുക്കളുടെ പക്ഷത്തുള്ള പരാജയബോധത്തിന്റെ അടയാളമായും ചെറുത്തു നിൽക്കാനുള്ള ഇച്ഛാശക്തിയുടെ അഭാവമായും മുസ്ലിങ്ങൾ വ്യാഖ്യാനിക്കുന്നു എന്നുമുള്ള വസ്തുതയാണ് കോൺഗ്രസുകാർക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത രണ്ടാമത്തെ കാര്യം. പ്രീണനനയം അതിനെ കൂടുതൽ മൂർച്ഛിപ്പിക്കും. പാകിസ്ഥാൻ ഒരു ഒത്തുതീർപ്പാകുമെങ്കിൽ അത് പരിഗണന അർഹിക്കുന്ന നിർദ്ദേശമാണ് “

(പാകിസ്ഥാൻ അഥവാ ഇന്ത്യാ വിഭജനം പേജ് – 277 )

പ്രീണനനയം എങ്ങനെ അപകടമാകുന്നുവെന്ന കൃത്യമായ നിരീക്ഷണമാണ് അംബേദ്കർ നടത്തിയത്. ഇത് വർത്തമാന കാലത്തും പ്രസക്തിയുള്ള അഭിപ്രായം തന്നെയാണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല.

ഹിന്ദു -മുസ്ളിം ഐക്യത്തിനു വേണ്ടി എന്തു വിട്ടുവീഴ്ച്ചക്കും തയ്യാറായ ഗാന്ധിജിയെ അദ്ദേഹം നിശിതമായി വിമർശിച്ചു. ഖിലാഫത്ത് സമര കാലത്ത് അഫ്ഗാനിലെ അമീറിനൊപ്പം ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ട മുസ്ലിം നേതാക്കളോട് ഗാന്ധിജി പുലർത്തിയ അനുകൂല സമീപനത്തെ ഭ്രാന്തെന്ന് തുറന്നു പറയാൻ അംബേദ്കർ മടിച്ചില്ല. ഹിന്ദു – മുസ്ളിം ഐക്യത്തിനു വേണ്ടി ഇത്രത്തോളം പോകാൻ സ്വബോധമുള്ള ആർക്കെങ്കിലും കഴിയുമോ എന്നദ്ദേഹം ചോദിച്ചു.

ഇത്രയൊക്കെ ചെയ്തിട്ടും മുസ്ളിം അനുകൂല നിലപാട് സ്വീകരിച്ചിട്ടും മുസ്ളിം ലീഗിന്റെ സ്ഥാപക നേതാവും ഖിലാഫത്ത് സമരനായകനുമൊക്കെയായിരുന്ന മൗലാന മുഹമ്മദലി ജോഹർ ഗാന്ധിജിയെപ്പറ്റി പറഞ്ഞതും അദ്ദേഹം തന്റെ കൃതികളിൽ എടുത്തു പറഞ്ഞിട്ടുണ്ട്.

ഗാന്ധിജിയുടെ സ്വഭാവം എത്രമാത്രം വിശുദ്ധമായിരുന്നാലും മതപരമായ വീക്ഷണ കോണിലൂടെ നോക്കുമ്പോൾ യാതൊരു സ്വഭാവ ഗുണവുമില്ലാത്ത ഒരു മുസൽമാനെ അപേക്ഷിച്ച് അദ്ദേഹം താണനിലയിലുള്ള ആളാണെന്ന് എനിക്ക് കരുതേണ്ടിയിരിക്കുന്നുവെന്ന് മുഹമ്മദലി പറഞ്ഞെന്ന് അംബേദ്കർ ചൂണ്ടിക്കാട്ടുന്നു.ഈ പ്രസ്താവന വലിയ ഒച്ചപ്പാടുണ്ടാക്കിയപ്പോൾ ലഖ്നൗവിലെ ആമിനാബാദ് പാർക്കിൽ നടന്ന യോഗത്തിൽ സംസാരിക്കവേ മുഹമ്മദലിയോട് ഇത് ശരിയാണോയെന്ന് ചിലർ ചോദിച്ചു.

തന്റെ അഭിപ്രായത്തിൽ മുഹമ്മദലി ഉറച്ചു നിന്നെന്ന് അംബേദ്കർ വ്യക്തമാക്കുന്നു.

അതേ , എന്റെ മതവും വിശ്വാസ പ്രമാണവും അനുസരിച്ച് ഹീനചിത്തനും അധകൃതനുമായ ഒരു മുസ്ളിം മി. ഗാന്ധിയെക്കാൾ മെച്ചപ്പെട്ടവൻ ആണെന്ന് ഞാൻ യഥാർത്ഥത്തിൽ വിശ്വസിക്കുന്നുവെന്നായിരുന്നു മൗലാന ആവർത്തിച്ചത്.

ഇതുകൊണ്ടൊക്കെയാകാം,  കഠിനമായ ജാതിവിവേചനം മൂലം മതം മാറാൻ തീരുമാനിച്ചപ്പോഴും രാഷ്ട്രത്തിനും അതിന്റെ സംസ്കാരത്തിനും വിഘാതമായി വരുന്ന ഒന്നും അദ്ദേഹം സ്വീകരിച്ചില്ല. 1956 ഒക്ടോബർ 13 ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു.

“ബുദ്ധമതം ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ്. എന്റെ മതപരിവർത്തനം ഈ നാടിന്റെ പാരമ്പര്യത്തിനും സംസ്കാരത്തിനും ചരിത്രത്തിനും നാശമുണ്ടാക്കുന്നതാകരുത് എന്ന് എനിക്ക് നിർബന്ധമുണ്ട് “

അടിച്ചമർത്തപ്പെട്ട ജനതയോടുള്ള സ്നേഹവും അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നുള്ള കരുതലിനുമൊപ്പം അചഞ്ചലമായ രാഷ്ട്രസ്നേഹവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.

1949 നവംബർ 29 ന് ഭരണഘടനാ ചർച്ചയിൽ നടത്തിയ ചരിത്രപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ സുവർണലിപികളിൽ എഴുതപ്പെടേണ്ടതാണ് . ഓരോ ഭാരതീയനും ദിവസം ഒരുവട്ടമെങ്കിലും ഉരുക്കഴിക്കേണ്ടതാണ് .

“ഈ സ്വാതന്ത്ര്യം ഭാവിയിലെന്താവും. ? ഭാരതം ഈ സ്വാതന്ത്ര്യം നിലനിർത്തുമോ അതോ നഷ്ടപ്പെടുത്തുമോ ? എന്റെ മനസ്സിനെ നിരന്തരം അലട്ടുന്ന ഒരു പ്രശ്നമാണിത് .ഭാരതം എന്നും അസ്വതന്ത്രമായിരുന്നു എന്നല്ല . എന്നാൽ ഒരിക്കൽ അത് സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ് . ഇനിയും അത് ആവർത്തിക്കുമോ ?

ഭാവിയെപ്പറ്റി എനിക്കുള്ള ആശങ്ക അതാണ് .എനിക്കു വിഷമം ഭാരതം മുമ്പൊരിക്കൽ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി എന്നത് മാത്രമല്ല . ഭാരതീയർ തന്നെ നഷ്ടപ്പെടുത്തി എന്നതാണ്. മുഹമ്മദ് ബിൻ കാസിം സിന്ധ് ആക്രമിച്ചപ്പോൾ ദാഹിറിന്റെ സൈന്യാധിപൻ കൈക്കൂലി വാങ്ങി യുദ്ധം ചെയ്യാതെ ഒഴിഞ്ഞുമാറി. പൃഥ്വീരാജിനെതിരെ യുദ്ധം ചെയ്യാൻ മുഹമ്മദ് ഘോറിയെ വിളിച്ചു ജയചന്ദ്. ഹിന്ദുക്കൾക്കു വേണ്ടി ശിവാജി പോരാടുമ്പോൾ മുഗളർക്കു വേണ്ടി മറാഠികളും രജപുത്രരും യുദ്ധം ചെയ്തു. 1857 ഇൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാതെ സിഖുകാർ മാത്രം മൂകപ്രേക്ഷകരായി . ഈ ചരിത്രം ആവർത്തിക്കുമോ ?

എനിക്കുള്ള മനോവ്യഥ ഇതുമാത്രമാണ്. ഈ വ്യഥയ്ക്കു കാരണം നമ്മുടെ ഇടയിലുള്ള ജാതിമത വിദ്വേഷങ്ങൾ മാത്രമല്ല , ഇപ്പോൾ അതോട് ചേർന്നിരിക്കുന്ന വിഭിന്നവും പരസ്പര ദ്വേഷികളുമായ രാഷ്ട്രീയ കക്ഷികളും കൂടിയാണ്.. ഭാരതജന സമൂഹത്തിന് രാഷ്ട്രമോ അതോ രാഷ്ട്രീയകക്ഷികളോ വലുത് ? എനിക്കു ചിന്തിക്കാൻ തന്നെ ഭയംതോന്നുന്നു .

രാഷ്ട്രീയകക്ഷികൾ തങ്ങളുടെ രാഷ്ട്രത്തെക്കാൾ പ്രധാനമായി തങ്ങളെത്തന്നെ കരുതിയാൽ നമ്മുടെ സ്വാതന്ത്ര്യം രണ്ടാംതവണയും അപകടത്തിലാവുമെന്നു മാത്രമല്ല അത് ശാശ്വതമായി നഷ്ടപ്പെടുകയും ചെയ്യും .എന്തൊക്കെയായാലും ഇത്തരമൊരു ദുസ്ഥിതി വരാതിരിക്കാൻ നാം ശ്രദ്ധിക്കണം . നമ്മുടെ രക്തത്തിൽ അവസാന തുള്ളിവരെ നമ്മൾ സ്വാതന്ത്ര്യരക്ഷയ്ക്കു വേണ്ടി പോരാടണം !!! “

(1949 നവംബർ 26 – ഭരണഘടന ചർച്ചയിൽ നടത്തിയ പ്രസംഗം )

എന്ത് മഹത്തായ രാഷ്ട്രബോധം , എന്ത് ഉത്കൃഷ്ടമായ ദേശസ്നേഹം . ഇങ്ങനെയൊരാൾ ജനിച്ച സമൂഹത്തെയൊക്കെയാണ് അസ്പൃശ്യതയെന്ന മഹാവിപത്ത് കാലങ്ങളോളം മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തിയിരുന്നത് . ഈ രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും ഒന്നാമത്തെ ശത്രു അസ്പൃശ്യതയായിരുന്നെന്ന് പറയാൻ ഇതിലും വലിയൊരു ഉദാഹരണം വേറെ വേണ്ട. അസ്പൃശ്യതകാരണം അവഗണയുടെ അടിത്തട്ടിൽ അമർന്ന എത്ര അംബേദ്കർമാരുണ്ടായിരിക്കാമെന്നുകൂടി നാം ഈയവസരത്തിൽ ചിന്തിക്കേണ്ടതാണ്.

അതുകൊണ്ടുതന്നെ മഹാത്മാ ഭീം റാവു റാംജി അംബേദ്കറിന്റെ നൂറ്റിയിരുപത്തേഴാം ജന്മവാർഷിക ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം . രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്ക് വേണ്ടി , ജാതിവിവേചനത്തിനെതിരെ ,സമാജത്തെ ഒരുമിപ്പിക്കാൻ , സമരസതയോടെ …

ജയ് ഭീം .. വന്ദേ മാതരം !

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close