Columns

വിട വാങ്ങിയത് മാദ്ധ്യമ രംഗത്തെ കുലപതി

ജി.കെ സുരേഷ് ബാബു

ടി.വി.ആര്‍ ഷേണായി എന്ന മാധ്യമ കുലപതി വിടവാങ്ങുമ്പോള്‍ നഷ്ടമാകുന്നത് ആദര്‍ശ പത്രപ്രവര്‍ത്തനത്തിന്റെ ധീരോദാത്തമായ മുഖമാണ്. ഭാരതത്തിലെ രാഷ്ട്രീയരംഗത്തെ പരിവര്‍ത്തനത്തെയും വരാന്‍ പോകുന്ന കൊടുങ്കാറ്റിന് സമാനമായ മാറ്റത്തെ കുറിച്ചും ഒരു വഴികാട്ടിയെ പോലെ, ദാര്‍ശനികനെ പോലെ പ്രവചിച്ചതും ടി.വി.ആര്‍ ഷേണായി ആയിരുന്നു.

മലയാള മനോരമ ദിനപ്പത്രത്തിലും പിന്നീട് ഇംഗ്ലീഷ് വാരികയായ വീക്കിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജുമായി പ്രവര്‍ത്തിച്ച അദ്ദേഹം ഭാരതത്തിലെ വ്യത്യസ്ത രാഷ്ട്രീയ നേതാക്കളുമായി ഉറ്റ സൗഹൃദവും വ്യക്തിബന്ധവും പുലര്‍ത്തിയിരുന്നു. ഇന്ദിരാഗാന്ധി, മൊറാര്‍ജി ദേശായി, പി.വി. നരസിംഹറാവു, അടല്‍ ബിഹാരി വാജ്‌പേയി എന്നീ മുന്‍ പ്രധാനമന്ത്രിമാരും, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഷേണായിക്ക് ഉറ്റ സൗഹൃദം ഉണ്ടായിരുന്നു. മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയുമായി അദ്ദേഹത്തിന്റെ ബന്ധം കുടുംബസുഹൃത്തിന്റേതായിരുന്നു. ഏ.കെ. ആന്റണി അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും ഉറ്റ സൗഹൃദമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

രണ്ടു സീറ്റുമായി ബി.ജെ.പി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒതുങ്ങിയപ്പോള്‍ വരാന്‍ പോകുന്ന രാഷ്ട്രീയം ഹിന്ദുത്വത്തിന്റെയും ഭാരതത്തിന്റെയും ഭാരതീയ ജനതാപാര്‍ട്ടിയുടെയും ആയിരിക്കുമെന്ന് ഒരു പ്രവാചകനെ പോലെ ടി.വി.ആര്‍ ഷേണായി പ്രവചിച്ചപ്പോള്‍ അദ്ദേഹമായതുകൊണ്ടു മാത്രം തള്ളിക്കളയാതെ സ്വീകരിച്ചു. പിന്നീടുള്ള ബി.ജെ.പിയുടെ വളര്‍ച്ചയും അധികാരത്തിലേക്കുള്ള പടികളും ചരിത്രം.

രാജ്യസഭാംഗത്വം അടക്കം പല ഉന്നത സ്ഥാനങ്ങളും രാഷ്ട്രീയത്തിലെ സുഹൃത്തുക്കള്‍ നല്‍കാന്‍ ഒരുങ്ങിയെങ്കിലും എല്ലാം നിസ്സംഗതയോടെ ത്യജിച്ച അദ്ദേഹം പത്രപ്രവര്‍ത്തകനായി മാത്രം ജീവിക്കാനാണ് ആഗ്രഹിച്ചത്. സത്യസന്ധമായ ആദര്‍ശത്തിന്റെ തീക്ഷണത ഉള്‍ക്കൊണ്ട, ആര്‍ക്കും കീഴടങ്ങാത്ത, ആര്‍ക്കും മുന്നില്‍ അഭിമാനം അടിയറ വെയ്ക്കാത്ത, നട്ടെല്ലുള്ള പത്രപ്രവര്‍ത്തകന്‍! ജീവിതത്തിലുടനീളം ഒരിക്കല്‍പോലും വൈരനിര്യാതന ബുദ്ധി അദ്ദേഹം പ്രകടിപ്പിച്ചില്ല.

സത്യത്തെ മാത്രം നെഞ്ചോടു ചേര്‍ത്ത് നീതിയുടെയും സമൂഹത്തിനോടുള്ള പ്രതിബദ്ധതയുടെയും കാവലാളായി അദ്ദേഹം പത്രപ്രവര്‍ത്തനം നടത്തി. 2003 ല്‍ രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസിലൂടെയാണ് അദ്ദേഹം പത്രപ്രവര്‍ത്തനം തുടങ്ങിയത്. സാമ്പത്തിക കാര്യത്തിലും രാഷ്ട്രീയ കാര്യങ്ങളിലും ആണ് കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. സംഘപക്ഷത്തിന്റെ സഹയാത്രികനായി എന്നും അദ്ദേഹമുണ്ടായിരുന്നു.

തലമുറകളുടെ വിടവ് ഒരിക്കലും ബാധിക്കാതെ പുതിയ തലമുറയിലുള്ളവരോടു പോലും പ്രായവ്യത്യാസമില്ലാതെ സംവദിക്കാനും അവരെ കൈപിടിച്ച് ഉയര്‍ത്താനും നയിക്കാനും അദ്ദേഹം ഒരിക്കലും മടികാട്ടിയില്ല. ഭാരതത്തിലെ രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയ ചരിത്രത്തെ കുറിച്ചും എപ്പോഴും സഞ്ചരിക്കുന്ന ഒരു വിജ്ഞാന ഭണ്ഡാഗാരമായി, ഒരു എന്‍സൈക്ലോപീഡിയ പോലെ പിന്‍തലമുറയ്ക്കു മുന്നില്‍ അദ്ദേഹമുണ്ടായിരുന്നു. എപ്പോഴും ആര്‍ക്കും സമീപിക്കാവുന്ന പ്രാപ്തനായ ഗുരുവായി, വഴികാട്ടിയായി. ഗുരുതുല്യനായ ഈ മഹാപ്രതിഭ കാലയവനികയ്ക്കുള്ളിലേക്ക് മറയുമ്പോള്‍ നഷ്ടമാകുന്നത് ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണ്.

301 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close