MovieEntertainment

‘എന്തോ എന്നെ ഇഷ്ടമാണ് ആളുകൾക്ക്‘ മലയാളിയുടെ തീരാ പ്രണയമായി മോഹൻലാൽ

എന്തോ എന്നെ ഇഷ്ടമാണ് ആളുകൾക്ക് , കടലും,ആനയും പോലെ മലയാളിയുടെ തീരാ പ്രണയം , മോഹൻലാൽ .

‘ഗുഡ് ഈവനിംഗ് മിസിസ് പ്രഭാ നരേന്ദ്രൻ‘ തോള് ചരിച്ച് ആ ഡയലോഗ് പറഞ്ഞ വില്ലൻ പിന്നെ വെള്ളിത്തിരയിൽ കാട്ടിത്തന്ന അദ്ഭുതങ്ങൾ കണ്ണു ചിമ്മാതെ നോക്കിനിന്നവരാണ് ഓരോ മലയാളിയും.

അല്പം നാണത്തോടെ തമാശ പറയുന്ന, ചിരിച്ചു കൊണ്ട് കരയുന്ന ലാലേട്ടൻ മാനറിസങ്ങൾ പല ചിത്രങ്ങളിലും കണ്ടു. മലയാളിയുടെ വില്ലത്തരവും നര്‍മവും ഹീറോയിസവും നിഷ്‌കളങ്കതയും നിസ്സഹായതയും ശൃംഗാരവുമെല്ലാം പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് മോഹൻലാൽ എന്ന വിസ്മയം.

1980ല്‍ പ്രതിനായകത്വത്തില്‍ ആരംഭിച്ച അഭിനയ മഹാപ്രയാണം കേവല ഹാസ്യവും ഹീറോയിസവും തീവ്രവൈകാരികതയും അതിമാനുഷിക നായകത്വവുമെല്ലാം കടന്ന് ഓരോ ദിവസത്തിന്റെയും സജീവ സാന്നിദ്ധ്യമായി മാറി.

മോഹന്‍ലാല്‍ അഭിനയിച്ച് ഫലിപ്പിച്ച കള്ളകാമുകന്മാരെല്ലാം മലയാളിക്ക് പ്രിയപ്പെട്ടതാണ്. എങ്കിലും കൂടുതൽ അടുപ്പം തോന്നുന്ന മൂന്ന് നായകന്മാരാണ് സുഖമോ ദേവിയിലെ സണ്ണിയും, തുവാനത്തുമ്പികളിലെ ജയകൃഷ്ണനും, ചിത്രത്തിലെ വിഷ്ണുവും.

ബാറിലിരുന്ന് പ്രേമിക്കാൻ ചങ്കൂറ്റമുള്ള സണ്ണി,ചാര്‍മിനാര്‍ സിഗററ്റിന്റെ ഗന്ധമാണ് ആ കാമുകന്. ആര് എതിര്‍ത്താലും സണ്ണിയെന്ന പോക്കിരി, താരയെന്ന സുന്ദരിയെ കെട്ടുമെന്ന് പ്രഖ്യാപിച്ച പൗരുഷത്തിന്റെ മൂർത്തിമത്ഭാവം . ചെറുപ്പം ചെറുപ്പകാലത്ത് തന്നെ ജീവിച്ചു തീർത്ത സൈമണിലേക്ക് പരകായ പ്രവേശം നടത്താൻ വേണു നാഗവള്ളി കണ്ടെത്തിയ തെരഞ്ഞെടുപ്പായിരുന്നു മോഹൻലാൽ.

എവിടെയോ ഒളിപ്പിച്ച് വച്ച പ്രേമത്തിന്റെ നുറുങ്ങുകൂട്ടുകൾ ക്ലാരയുടെ കാതിലോതുന്ന ജയകൃഷ്ണൻ , മഴപോലെ നിര്‍മലമായ പ്രണയം അതായിരുന്നു ജയകൃഷ്ണന്റേത്. മഴയിൽ വെറുതെ പുറത്തേക്ക് നോക്കിയിരിക്കുന്ന ഏത് യുവാവും ആഗ്രഹിക്കും മറ്റൊരു ജയകൃഷ്ണനായെങ്കിലെന്ന്.

തൂക്കുകയറിനു മുന്നിൽ നിന്ന് ജീവിതത്തിന്റെ പ്രണയത്തിലേക്ക് കടന്നുവന്ന നായകൻ ചിത്രത്തിലെ വിഷ്ണു. ജയിൽ ചാടി എത്തിയ വിഷ്ണു തന്നെ കൂട്ടിക്കൊണ്ട് പോകാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ കണ്ണീരണിഞ്ഞത് കേരളക്കരയാകെയാണ്.

അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ. രാജാവിന്റെ മകനിലെ വിൻസന്റ് ഗോമസിനെ കണ്ടതോടെ അധോലോക നായകന്മാരുടെ ആരാധകരായി മാറിയ മലയാളികൾ.അതങ്ങനെ നീണ്ടു ഭൂമിയിലെ രാജാക്കന്മാര്‍, നാടുവാഴികള്‍, ആര്യന്‍, അഭിമന്യു അങ്ങനെ . നീതിയുടെയും ധാര്‍മികതയുടെയും സാമൂഹ്യനന്മയുടെയും ഭാഗത്തു നില്‍ക്കുന്ന സവിശേഷ വ്യക്തികളായിരുന്നു മോഹൻലാലിന്റെ അധോലോക നായകന്മാർ , അത് തിയേറ്ററുകളെ ഇളക്കി മറിക്കുകയും ചെയ്തു.

പിന്നീട് മീശ പിരിച്ചെത്തുന്ന തമ്പുരാൻ മോഹൻലാലിനെയും കണ്ടു മലയാളി. ദേവാസുരത്തിലെ നീലകണ്ഠന്‍ എന്ന വീരനായക കഥാപാത്രം മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഗംഭീര കഥാപാത്രമാണ്. കുറിക്കു കൊള്ളുന്ന ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും മലയാളി പ്രേക്ഷകരെ ഹരംകൊള്ളിച്ചു.

അതിമാനുഷിക കഥാപാത്രങ്ങൾക്കൊപ്പം സ്പിരിറ്റ്,ദൃശ്യം തുടങ്ങി സാധാരണക്കാരന്റെ ചിത്രങ്ങളിലും മോഹൻലാൽ സാന്നിദ്ധ്യമറിയിച്ചു.

താൻ എങ്ങനെയാകണമെന്ന് ഒരു മലയാളി ആഗ്രഹിച്ചുവോ അങ്ങനെയൊക്കെ പരകായ പ്രവേശം നടത്തി , മോഹൻലാൽ നമുക്ക് മുന്നിൽ ഒരു വിസ്മയം ആകുകയായിരുന്നു , കടൽ പോലെ ഒരു വിസ്മയം.

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close