KeralaColumns

രാജര്‍ഷി പദവിയിലേക്ക് കുമ്മനം

ജി കെ സുരേഷ് ബാബു

കേരള രാഷ്ട്രീയത്തിലെ വഴിതെറ്റിവന്ന സൗമ്യ ദീപ്ത മുഖമാണ് കുമ്മനം രാജശേഖരന്‍. മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് കുമ്മനം നിയോഗിക്കപ്പെടുമ്പോള്‍ ഭാരതരാഷ്ട്രീയത്തില്‍ അത് കാര്യമായ മാറ്റമുണ്ടാക്കുന്നതല്ല. പക്ഷേ, ആ നിയോഗം ഒരു പ്രതീകമാണ്. ജീവിതത്തിലെ വിലപ്പെട്ടതെല്ലാം വലിച്ചെറിഞ്ഞ് ഭാരതത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുവേണ്ടി സ്വന്തം ജീവിതം സന്യാസതുല്യം അടിയറവെച്ച സംഘ പ്രചാരകന് കിട്ടുന്ന അംഗീകാരം. അതുകൊണ്ടുതന്നെ കുമ്മനം രാജശേഖരനെ തേടിയെത്തുന്ന ഓരോ പദവിയും ആര്‍.എസ്.എസ്സിന്റെ പ്രചാരകന്മാര്‍ക്കും സംഘ സ്വയംസേവകര്‍ക്കും ലഭിക്കുന്ന അംഗീകാരമാണ്.

രാഷ്ട്രീയക്കാരുടെ പതിവായ ജാഡകളോ, ചിരിക്കാത്ത (എയര്‍ പിടിക്കുക എന്ന് പത്രഭാഷ), പറഞ്ഞത് പ്രവര്‍ത്തിക്കാതിരിക്കുകയും പ്രവര്‍ത്തിക്കുന്നത് പറയാതിരിക്കുകയും ചെയ്യുന്ന രീതിയായിരുന്നില്ല കുമ്മനത്തിന്റേത്. സാധാരണക്കാര്‍ക്കൊപ്പം തോളില്‍ കൈയിട്ട് അവരുടെ വികാരങ്ങളും വിചാരങ്ങളും അറിഞ്ഞ്, കുടിലും കൊട്ടാരവും ഒരേ മനസ്സോടെ കയറിയിറങ്ങുന്ന കുമ്മനത്തിന്റെ രീതി രാഷ്ട്രീയക്കാരുടേതുമായിരുന്നില്ല. രാഷ്ട്രീയത്തിന് കുമ്മനത്തെപ്പോലെ ഒരാളെ ഉള്‍ക്കൊള്ളുക ബുദ്ധിമുട്ടായിരുന്നു. കാരണം അദ്ദേഹത്തിന്റെ സത്യസന്ധതയും നിഷ്‌കളങ്കതയും രാഷ്ട്രീയത്തിന് അനുസൃതമായിരുന്നില്ല. പ്രത്യേകിച്ചും കേന്ദ്രഭരണം കിട്ടിയതോടെ ഒഴുകിയെത്തിയ ഭൈമീ കാമുകന്മാരുടെ തിരക്കില്‍ പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന്റെ രീതികള്‍ക്ക് കഴിയുമായിരുന്നില്ല. രാഷ്ട്രീയത്തിലെ ജീര്‍ണ്ണതകള്‍ക്കെതിരെ പോരാട്ടത്തിന്റെ മുഖം തുറന്ന ഋഷിതുല്യമായ ജീവിതമാണ് അദ്ദേഹം നയിക്കുന്നത്.

ദത്തോപാന്ത് ഠേംഗ്ഡിജി സംഘപ്രചാരകനായി കേരളത്തിലെത്തുമ്പോള്‍ ആ പരിപ്പ് ഇവിടെ വേവില്ല എന്ന് വീറോടെ മുദ്രാവാക്യം വിളിച്ച സി.പി.എംകാര്‍ക്കു മുന്നില്‍ കേരളത്തിലെ സംഘപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുടെ പ്രതീകമാണ് കുമ്മനം. നിലയ്ക്കല്‍ മുതല്‍ ആറന്മുള വരെയുള്ള ഹിന്ദു മുന്നേറ്റങ്ങളുടെയും സമരങ്ങളുടെയും നടുനായകത്വം വഹിച്ച കുമ്മനം സജീവരാഷ്ട്രീയത്തില്‍ നിന്ന് ഭരണതലത്തിലേക്ക് നീങ്ങുമ്പോള്‍ നഷ്ടമാകുന്നത് ഒരു പോരാളിയെ മാത്രമല്ല, പോരാട്ടങ്ങള്‍ക്ക് നടുവില്‍ നിന്ന് ചിന്തിയ ചോര ശ്രദ്ധിക്കാതെ സാധാരണക്കാര്‍ക്കൊപ്പം നിന്ന പോരാട്ടത്തിന്റെ ക്ഷാത്രവീര്യത്തെയാണ്.

പ്രധാനമന്ത്രി വരുമ്പോള്‍ പോലും സംസ്ഥാന പ്രസിഡണ്ട് എന്ന നിലയില്‍ കുമ്മനത്തിന് ക്ഷണക്കത്ത് പോലും കൊടുക്കാത്ത ധാര്‍ഷ്ട്യ രാഷ്ട്രീയത്തിന്റെ പ്രതീകമായ പിണറായിയുടെ മുഖത്തുള്ള ഒരടി കൂടിയാണ് പ്രോട്ടോക്കോളില്‍ മുകളിലുള്ള കുമ്മനം. അദ്ദേഹം പക്ഷേ, അതൊന്നും കാട്ടില്ല. കാരണം അത് അദ്ദേഹത്തിന്റെ, വളര്‍ത്തിയെടുത്ത പ്രസ്ഥാനത്തിന്റെ രീതിശാസ്ത്രമല്ല. തീര്‍ച്ചയായും മിസോറം രാജ്ഭവന് കുമ്മനം ഒരു പുതിയ അനുഭവമായിരിക്കും. ഏഴുതിരിയിട്ട നിലവിളക്കു പോലെ ഐശ്വര്യത്തിന്റെയും കുലീനതയുടെയും പ്രതീകമായി അദ്ദേഹം ശോഭിക്കും. രാജര്‍ഷിക്ക് തുല്യമായ ആ ലളിതജീവിതം സൃഷ്ടിക്കുന്നത് ഒരു പുതിയ മാതൃകയായിരിക്കും. സംഘപ്രചാരകന്റെ നിഷ്ഠാപൂര്‍ണ്ണമായ ലളിതജീവിതത്തിന്റെ, ആത്മാര്‍ത്ഥതയുടെയും സത്യസന്ധതയുടെയും മാതൃക.

6K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close