Columnsസത്യമപ്രിയം

നീതിപീഠത്തിലെ പ്രകാശഗോപുരം പടിയിറങ്ങുമ്പോള്‍

സത്യമപ്രിയം ജി.കെ. സുരേഷ് ബാബു

നീതിപീഠത്തില്‍ എന്നും ജസ്റ്റിസ് കെമാല്‍ പാഷ വെടിക്കെട്ടായിരുന്നു. സത്യത്തിന്റെയും അസത്യത്തിന്റെയും തുലാസില്‍ കണ്ണുകെട്ടി നീതി നിശ്ചയിക്കുന്ന ധര്‍മ്മത്തിന്റെയും സത്യത്തിന്റെയും പ്രതീകമായാണ് കെമാല്‍ പാഷയെ സാധാരണക്കാര്‍ കണ്ടത്. കൊലക്കേസുകളിലും മറ്റും എങ്ങനെയും ഒരാളെ തൂക്കി കൊല്ലാതിരിക്കാന്‍ ജഡ്ജിമാര്‍ ശ്രമിക്കുമ്പോള്‍ തൂക്കുകയറിന് അര്‍ഹതയുണ്ടെങ്കില്‍ തൂക്കുകയര്‍ നല്‍കി വിധിയെഴുതിയ പേന കുത്തിയൊടിച്ച് ചവറ്റുകുട്ടയില്‍ വലിച്ചെറിഞ്ഞ് ഇറങ്ങിയിരുന്ന കെമാല്‍ പാഷയ്ക്ക് സ്വകാര്യമായെങ്കിലും അഭിഭാഷകര്‍ കൊടുത്ത പേര് തൂക്കു ജഡ്ജി എന്നായിരുന്നു. ഭയഭക്തി ബഹുമാനങ്ങളും സ്ഥാനമാനങ്ങളും ഭയവും ലോപവും ഒന്നും തന്നെ ആ വഴിത്താരയില്‍ വിലങ്ങുതടിയായില്ല. നിയമത്തിന്റെ തലനാരിഴ കീറി പരിഗണിക്കുമ്പോള്‍ അധികാരസ്ഥാനങ്ങളോ രാഷ്ട്രീയ സ്വാധീനമോ മതത്തിന്റെ ദുഃസ്വാധീനങ്ങളോ അദ്ദേഹത്തെ വശീകരിച്ചില്ല.

എന്നും തല ഉയര്‍ത്തിപ്പിടിച്ച് നിര്‍ഭയമായി, നിയമവാഴ്ച ഉറപ്പാക്കി, ആരെയും കൂസാതെ, പലരെയും തൃണതുല്യം അവഗണിച്ച് കഴിഞ്ഞദിവസം പടിയിറങ്ങുമ്പോള്‍ നീതിപീഠത്തിന്റെ നിഷ്പക്ഷതയിലും ആര്‍ജ്ജവത്തിലും കരിനിഴല്‍ വീശിയ അനാശാസ്യ പ്രവണതകള്‍ക്കെതിരെ സുധീരം ആഞ്ഞടിച്ചു. സമൂഹത്തിലെ ജീര്‍ണ്ണതകള്‍ നീതിപീഠത്തിലും എത്തിയിരിക്കാമെന്ന ആശ്വാസത്തോടെ അവഗണിക്കാവുന്ന വാക്കുകള്‍ ആയിരുന്നില്ല കെമാല്‍ പാഷ ഉതിര്‍ത്തത്. ഹൈക്കോടതിയുടെ എല്ലാ നിലകളെയും മന്ദിരത്തെയും അത് പ്രകമ്പനം കൊള്ളിച്ചു. പല പ്രതീകങ്ങളും വിഗ്രഹങ്ങളും തകര്‍ന്നുവീണു. കോടതിയുടെ, നീതിയുടെ നിഷ്പക്ഷ മുഖമായ നീതിദേവതയുടെ തുലാസ് തകര്‍ന്നു. മതത്തിന്റെയും ജാതിയുടെയും പറകള്‍ക്കു മുന്നില്‍ നീതി അടിയറവെച്ച ഏഴാംകൂലികള്‍ക്കുള്ള താക്കീതായിരുന്നു കെമാല്‍ പാഷയുടെ വിടവാങ്ങല്‍ പ്രസംഗം ഉന്നത നീതിപീഠങ്ങളിലും അതിന്റെ സത്യസന്ധതയിലും ആര്‍ജ്ജവത്തിലും വിശ്വസിക്കുന്നവരുണ്ടെങ്കില്‍ അവരുടെ അവസാന കച്ചിത്തുരുമ്പ്.

രണ്ട് കാര്യങ്ങളാണ് അദ്ദേഹം പ്രധാനമായും ഊന്നിയത്. റിട്ട് ഹര്‍ജി കേള്‍ക്കുന്ന ബഞ്ചില്‍ നിന്ന് എല്ലാ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ച് അദ്ദേഹത്തെ അടുത്തിടെ നീക്കം ചെയ്തത് ആരുടെയൊക്കെയോ അപ്രീതിയാണെന്ന സത്യം അദ്ദേഹം തുറന്നടിച്ചു. ജഡ്ജി നിയമനത്തിനു വേണ്ടി ഹൈക്കോടതി കൊളീജിയം അടുത്തിടെ നടത്തിയ നീക്കങ്ങളും കെമാല്‍ പാഷയുടെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പ്രതിധ്വനിച്ചു. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലല്ല ജഡ്ജിമാരുടെ നിയമനം നടത്തേണ്ടത്. ഹൈക്കോടതിയിലെ അഭിഭാഷകരില്‍ ചിലരുടെ പേരുകള്‍ ജഡ്ജി നിയമനത്തിന് പരിഗണിക്കുന്നുണ്ടെന്ന് വാര്‍ത്തകളില്‍ നിന്ന് അറിഞ്ഞു. കേള്‍ക്കുന്ന പേരുകള്‍ ശരിയാണെങ്കില്‍ അവരില്‍ പലരുടെയും മുഖം കോടതി മുറികളില്‍ കാണാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലെന്ന് പറയേണ്ടി വരും. യോഗ്യരല്ലാത്തവരെ തിരഞ്ഞെടുക്കുന്നത് സംവിധാനത്തിന്റെ (കൊളീജിയം) അപാകതകൊണ്ടാണ്. ജഡ്ജിമാര്‍ വിരമിച്ച് മൂന്നുവര്‍ഷത്തേക്കെങ്കിലും സര്‍ക്കാരിന്റെ കീഴില്‍ ചുമതലകള്‍ ഏറ്റെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് വാര്‍ത്താ മാധ്യമങ്ങള്‍ക്കും പത്രങ്ങള്‍ക്കും നല്‍കിയ അഭിമുഖത്തില്‍ കുറച്ചുകൂടി കടത്തിപ്പറഞ്ഞു. കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ കേസ് എടുക്കാനുള്ള തന്റെ ഉത്തരവ് അസാധുവാക്കപ്പെട്ടതും വിധിയുടെ തൊട്ടു പിന്നാലെ ബെഞ്ച് മാറ്റിക്കൊണ്ട് ഭരണവിഭാഗം ഉത്തരവ് പുറപ്പെടുവിച്ചതും അദ്ദേഹം പരാമര്‍ശിച്ചു. കര്‍ദിനാള്‍ ഇന്ത്യന്‍ നിയമത്തിന് വിധേയനല്ലെന്നും കാനോന്‍ നിയമത്തിന്റെ മാത്രം കീഴില്‍ വരുന്നതാണെന്നുമുള്ള വാദം കെമാല്‍ പാഷ തള്ളിയിരുന്നു. ഇന്ത്യന്‍ പൗരനാണെങ്കില്‍ ഇന്ത്യന്‍ നിയമത്തിന്റെ കീഴിലാണ് ഏതു മതവിശ്വാസിയും എന്ന ഉറച്ച നിലപാടാണ് തനിക്ക് ഉള്ളതെന്ന് നിയമവും ഭരണഘടനയും ഉദ്ധരിച്ചു തന്നെ അദ്ദേഹം വ്യക്തമാക്കുന്നു. നീതിപീഠത്തിന്റെ നിഷ്പക്ഷതയ്ക്കു മേല്‍ മതം കരിനിഴല്‍ വീഴ്ത്തിയ സംഭവമായിരുന്നു കെമാല്‍ പാഷയുടെ സ്ഥലംമാറ്റം. എല്ലാ കീഴ്‌വഴക്കങ്ങളും ലംഘിച്ച് അനവസരത്തില്‍ തന്നെ സ്ഥലം മാറ്റിയത് ബാഹ്യപ്രേരണകള്‍ക്ക് വിധേയനായി ചീഫ് ജസ്റ്റിസ് ചെയ്തതായിരിക്കാമെന്ന് ഒരഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

മംഗലാപുരത്ത് ക്രൈസ്തവ പള്ളിക്കാരുടെ സ്വീകരണത്തില്‍ പങ്കെടുത്ത ജഡ്ജി തന്റെ സഭയോടും പള്ളിയോടുമുള്ള കൂറ് അവിടെ വ്യക്തമാക്കിയിരുന്നു. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്തെ മാസ്‌ക്കറ്റ് ഹോട്ടലില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവും അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. കേരളത്തിലെ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷപദവിയിലേക്ക് ഈ ജഡ്ജിയുടെ പേര് ശുപാര്‍ശ ചെയ്യാന്‍ മുഖ്യമന്ത്രിയുമായി ധാരണയുണ്ടാക്കിയെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വന്ന ട്രോള്‍. അതിനുവേണ്ടി ചില പ്രത്യേക കേസുകള്‍ സര്‍ക്കാരിന് അനുകൂലമായി വിധിക്കാമെന്നും ധാരണയുണ്ടെന്നായിരുന്നു തിരുവനന്തപുരത്ത് മാസ്‌ക്കറ്റ് ഹോട്ടലിന് ചുറ്റുമുള്ള വഴികളില്‍ പ്രചാരണം ഉയര്‍ന്നത്. വിരമിക്കുന്ന ജഡ്ജിമാര്‍ ഇത്തരം ചുമതലകള്‍ ഏറ്റെടുക്കരുതെന്ന് കെമാല്‍ പാഷ പറഞ്ഞതിന്റെ പൊരുളും അതുതന്നെയായിരുന്നു.

ഉന്നത നീതിപീഠങ്ങളിലേക്ക് എത്തുമ്പോള്‍ സമൂഹത്തോടുള്ള പ്രതിബദ്ധത വേണം. പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതിരിക്കാനുള്ള ഉള്‍ക്കരുത്ത് വേണം. പള്ളിക്കാരുടെ സ്വാധീനത്തിന് വഴങ്ങുന്ന, അവര്‍ക്കുവേണ്ടി ജീവിതം പണയപ്പണ്ടമാക്കിയ ജഡ്ജിമാര്‍ നീതിപീഠത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള അന്തസ്സാണ് കാട്ടേണ്ടത്. കേരളചരിത്രത്തില്‍ ആദ്യമായി വിശ്വാസ വഞ്ചനക്കേസില്‍ പ്രതിയായി കോടതി കേറിയ ആര്‍ച്ച് ബിഷപ് മാര്‍ ആലഞ്ചേരിയെ രക്ഷപ്പെടുത്തേണ്ടത് സമുദായത്തിലെ തന്നെ ഒരുവിഭാഗത്തിന്റെ ബാധ്യതയായിരുന്നു. ”സീസറിന്റെ ഭാര്യ സംശത്തിന് അതീതയായിരിക്കണ”മെന്ന ഷേക്‌സ്പിയര്‍ വചനം ഇന്ന് ഏറ്റവും കൂടുതല്‍ ഉചിതമാവുക നമ്മുടെ സംസ്ഥാനത്തിന്റെ നീതിന്യായ വ്യവസ്ഥയ്ക്കു തന്നെയാണ്. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആകാന്‍ ഉന്നത നീതിപീഠത്തിലുള്ള ഒരാള്‍ സത്യപ്രജിജ്ഞാ ലംഘനം നടത്തി സര്‍ക്കാരിന് അനുകൂലമായി കേസുകള്‍ തീര്‍പ്പാക്കി എന്ന ആരോപണം ഒരിക്കലും ആശാസ്യമല്ല.

ഇക്കാര്യം നീതിപീഠത്തിലിരിക്കുമ്പോള്‍ തുറന്നുപറയാന്‍ കഴിയാത്തതുകൊണ്ടാകും വിരമിക്കുന്ന ദിവസം എല്ലാവരുടെയും സാന്നിധ്യത്തില്‍ തുറന്നുപറഞ്ഞത്. ഏതാനും ദിവസങ്ങള്‍ക്കകം മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പദവിയിലേക്കുള്ള നിയമനം നടക്കും. ആരോപണ വിധേയനായ ചീഫ് ജസ്റ്റിസാണ് അവിടേക്ക് വരുന്നതെങ്കില്‍ തീര്‍ച്ചയായും വിരമിക്കുന്നതിനു മുന്‍പ് അദ്ദേഹം നടത്തിയ വിധിന്യായങ്ങളും സംശയത്തിന്റെ കരിനിഴലിലാകും. ഒരിക്കലും ഇതുണ്ടാകാന്‍ പാടില്ലായിരുന്നു. അത് സാധാരണക്കാരുടെ വിശ്വാസത്തിന്റെ അവസാന ആലയത്തെക്കൂടി അപ്രാപ്യമാക്കുകയാണ്. ഇപ്പോള്‍ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന സന്ദേശങ്ങള്‍ ജനവികാരം പ്രകടമാക്കുന്നതാണ്. നേരത്തെ തന്നെ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് സിറിയക് ജോസഫ് ഏത് പദവിയേക്കാളും തനിക്ക് വലുത് തന്റെ സഭയാണെന്ന് പരസ്യമായി പറഞ്ഞത് വിവാദമായിരുന്നു. അതിന് പിന്നാലെ തന്റെ മതതാല്പര്യത്തിനു വേണ്ടി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിനെതിരെ കത്തെഴുതിയ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നടപടിയും വിവാദമായിരുന്നു. ഇതൊക്കെ ബാധിക്കുന്നത് നീതിപീഠത്തിന്റെ നിഷ്പക്ഷതയെയും വിശ്വാസ്യതയെയും തന്നെയാണ്.

പതിനെട്ടു വര്‍ഷം ജില്ലാ ജഡ്ജിയായിരിക്കേ ഏറ്റവും കൂടുതല്‍ തൂക്കുകയര്‍ വിധിച്ച കെമാല്‍ പാഷ വിരമിക്കുമ്പോള്‍ തൂക്കുകയര്‍ വിധിച്ചത് അന്യായത്തിന്റെയും അധര്‍മ്മത്തിന്റെയും പക്ഷം ചേര്‍ന്ന നീതിപീഠത്തിലെ ജീര്‍ണ്ണതകള്‍ക്കു തന്നെയായിരുന്നു. ആരും പറയാത്ത, പറയാന്‍ ധൈര്യം കാട്ടാത്ത കാര്യങ്ങളാണ് കെമാല്‍ പാഷ തുറന്നടിച്ചത്. അഭിമാനിക്കുന്നു. നീതിപീഠത്തിന്റെ സത്യസന്ധതയും ആര്‍ജ്ജവവും മനസ്സിലാകാത്ത ഏഴാംകൂലികള്‍ക്ക് ക്ലാസ്സെടുത്ത് ഇറങ്ങിയപ്പോള്‍ സന്തോഷിച്ചത് നീതിദേവതയാണ്, നീതിപീഠത്തിന്റെ വിശ്വാസ്യതയും സത്യസന്ധതയും വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായേ കെമാല്‍ പാഷയുടെ വാക്കുകളെ കാണാനാകൂ. അത് അനുസരിക്കാനുള്ള ബാധ്യത ഇനിയെങ്കിലും മറ്റു ജഡ്ജിമാര്‍ കാട്ടണം. മതം ഒരിക്കലും അദ്ദേഹത്തെ സ്വാധീനിച്ചില്ല. അറിവിന്റെ ദേവതയായ സരസ്വതിയെ ഭാരതത്തിന്റെ പ്രതീകമായി ആരാധിച്ച എ.പി.ജെ. അബ്ദുള്‍കലാമിനും ആദ്യമായി ഞാനൊരു ഭാരതീയനും ഹിന്ദുവുമാണ്. ആരാധനയില്‍ മാത്രം മുസ്ലീമുമാണെന്ന് പറഞ്ഞ ജസ്റ്റിസ് എം.സി. ഛഗ്ലയുടെയും ഒപ്പം ആ ദേശീയ പുരുഷന്മാര്‍ക്കൊപ്പമാണ് കെമാല്‍ പാഷയുടെ സ്ഥാനം.

വഹിക്കുന്ന സ്ഥാനത്തേക്കാള്‍ അതെങ്ങനെ, എത്രമാത്രം സത്യസന്ധമായി, നിര്‍മമതയോടെ ചെയ്തു എന്നതാണ് കാര്യം. ഭാരതത്തിന്റെ നീതിന്യായ ചരിത്രത്തില്‍ സുവര്‍ണ്ണലിപികളിലാണ് കെമാല്‍ പാഷയുടെ പേര് ചരിത്രം രേഖപ്പെടുത്തുക. തീര്‍ച്ചയായും ഘനാന്ധകാരത്തിന്റെ സ്വാധീനത്തിലേക്ക് നീങ്ങുന്ന, ജാതിയുടെയും മതത്തിന്റെയും വിരമിച്ചാല്‍ കിട്ടാന്‍ പോകുന്ന ഉന്നത പദവികളുടെയും പേരില്‍ നീതിന്യായ വ്യവസ്ഥയെ പിച്ചിച്ചീന്താന്‍ ശ്രമിക്കുന്ന, ഇരുട്ടിന്റെ ശക്തികള്‍ക്കിടയിലെ പ്രകാശഗോപുരമാണ് കെമാല്‍ പാഷ.

998 Shares

Please scroll down for comments

Close
Close