Columns

ഐ.എൻ.എ ഭടന്മാരെ ഒറ്റുകൊടുത്ത കമ്യൂണിസ്റ്റുകളെ ചരിത്ര രേഖകളിൽ നിന്ന് വലിച്ച് പുറത്തിടുമ്പോൾ

വായുജിത്

“നമ്മുടെ മരണം മറ്റു അനേകം പേരുടെ ജനനത്തിന് വഴിയൊരുക്കും. എണ്ണമറ്റവീരന്മാർ, മഹാത്മാക്കളായ ഭാരതപുത്രൻമാർ, മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി സർവ്വവും ത്യജിച്ചവർ, ഇതിനകം ഈ ലോകത്തോട് വിടപറഞ്ഞിട്ടുണ്ട്. അവരോട് താരതമ്യപ്പെടുത്തിയാൽ നമ്മൾ പൂർണ്ണ ചന്ദ്രന്റെ മുമ്പിലെ വെറും മെഴുകുതിരികൾ, നമ്മുടെ ലക്ഷ്യത്തിൽ പുറപ്പാടിലേതന്നെ നാം പരാജയപ്പെട്ടു. നമുക്കൊന്നും ചെയ്യാൻ കഴിയാതെ പോയതും വെറും ദൗർഭാഗ്യമായിപ്പോയി.

സാരമില്ല. വേണ്ടുവോളം ധീരൻമാരും ധാരാളം സമയവും നമുക്ക് മുന്നിൽ ഇനിയുമുണ്ട്. ഇൻഡ്യൻ നാഷണലിസ്റ് ടീമും ബ്രിട്ടീഷ് പാരിയലിസ്റ് ടീമും ആയുള്ള അവസാനകളിയിൽ നാം തന്നെ ഗോളടിക്കുമെന്ന്‌ എനിക്കുറപ്പുണ്ട്. ഒരു സ്വതന്ത്ര ഭാരതപുത്രനാകാൻ, സ്വാതന്ത്ര്യമാതാവിന്റെ കൈകളാൽ ആലിംഗനം ചെയ്യപ്പെടാൻ നിങ്ങൾക്ക് ഇടവരട്ടെ!”

ഓർക്കുന്നുണ്ടോ നിങ്ങൾ വക്കം അബ്ദുൾ ഖാദറിനെ ? മറന്നു പോയിട്ടുണ്ടാകണം . അല്ലെങ്കിൽ ഒരു പക്ഷേ അറിയുക പോലുമുണ്ടാകില്ല . ബ്രിട്ടീഷ്കാരന്‍റെ കൊലമരത്തിലേയ്ക്ക് നടന്നടുക്കുമ്പോള്‍ ‘ഭാരതമാതാ കീ ജയ്’ എന്ന് മുദ്രാവാക്യം മുഴക്കി, ‘വന്ദേമാതരം’ പാടിക്കൊണ്ട് പുഞ്ചിരിയോടെ രക്തസാക്ഷിത്വം വരിച്ച ധീരനായ ദേശാഭിമാനി വക്കം അബ്ദുൾ ഖാദർ സഹപ്രവർത്തകനായ ബോണിഫേസ് പെരേരക്കെഴുതിയ കത്തിലെ വരികളാണ് മുകളിൽ ഉദ്ധരിച്ചത്.

പെനാങ്കിലെ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം നേടിയ വക്കം ഖാദറിനെ ബ്രിട്ടീഷ് ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലെത്തി രഹസ്യ പ്രവർത്തനം നടത്താൻ ഐ.എൻ.എ നിയോഗിച്ചു. അതിന്റെ ഭാഗമായി 1942 സെപ്റ്റംബർ 18 നു അദ്ദേഹം ജപ്പാൻ കപ്പലിൽ ഇന്ത്യയിലേക്ക് തിരിച്ചു. താനൂരിനടുത്ത് നങ്കൂരമിട്ട കപ്പലിൽ നിന്നും ഡിങ്കിയിൽ ( വായു നിറച്ച ചെറു വഞ്ചി) കയറി അദ്ദേഹമുൾപ്പെടെയുള്ള അഞ്ചു പേർ കടപ്പുറത്തിറങ്ങി.

എന്നാൽ ഈ ധീരദേശാഭിമാനികളെ നയവഞ്ചകരായ ചിലർ പിടികൂടി മലബാർ സ്പെഷ്യൽ പൊലീസിൽ ഏൽപ്പിച്ചു. കഠിനമായ മർദ്ദനങ്ങൾക്കും ക്രൂരതകൾക്കും ശേഷം രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലിട്ടു. ഖാദറിന്റെ ശരീരത്ത് മർദ്ദനമേറ്റ് നുറുങ്ങാത്ത ഒരിഞ്ചു പോലുമുണ്ടായിരുന്നില്ല. കോടതിയിൽ വധശിക്ഷ വിധിച്ച ജഡ്ജിയോട് ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്റെ മാതൃഭൂമിക്കു വേണ്ടി പ്രവർത്തിക്കും എന്ന് പറയുകയല്ല അലറുകയായിരുന്നു ആ ധീരദേശാഭിമാനി.

ഒടുവിൽ 1943 സെപ്റ്റംബർ 10 ന് വക്കം അബ്ദുൾ ഖാദറെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി . ഭാരത് മാതാ കീ ജയ് വിളിച്ച് വന്ദേമാതര ഗാനം പാടി ആ യുവകോമളൻ അനശ്വരനായി ..കേരളത്തിന്റെ ഭഗത് സിംഗായി.

എന്തുകൊണ്ടാണ് കേരളത്തിന്റെ ചരിത്രം വക്കം ഖാദറെ തമസ്കരിച്ചത് ? അദ്ദേഹത്തിന് ഉചിതമായ ഒരു സ്മാരകമില്ലാത്തത് ? ഇന്ത്യൻ നാഷണൽ ആർമിയിൽ ചേർന്ന് ബ്രിട്ടീഷുകാരാൽ തൂക്കിലേറ്റപ്പെട്ട ആ ധീര യോദ്ധാവിനെ മലയാളം മറന്നത് എന്തു കൊണ്ടാവും ?

ഒരു കൊടും ചതിയുടെ രേഖകൾ അന്വേഷിക്കേണ്ടി വന്നത് ഈ ചോദ്യത്തിൽ നിന്നാണ്.

ബോംബെ ഖേത്വാദി മെയിൻ റോഡിലെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് 1943 മാർച്ച് 15 തീയതി വച്ച് ബ്രിട്ടീഷ് വൈസ്രോയി കൗൺസിലിലെ ആഭ്യന്തര അംഗം റജിനാൾഡ് മാക്സ്വെല്ലിനു സമർപ്പിച്ച റിപ്പോർട്ടിലുണ്ട് ആ നയവഞ്ചനയുടെ രൂപരേഖകൾ . പാർട്ടി ജനറൽ സെക്രട്ടറി പുരൺ ചന്ദ് ജോഷി നേരിട്ട് ഒപ്പിട്ട് കൊടുത്ത ആ റിപ്പോർട്ടിലാണ് എന്തുകൊണ്ട് വക്കം ഖാദർ വിസ്മരിക്കപ്പെട്ടവനായി എന്നതിന്റെ ഉത്തരമുള്ളത്.

ഭാരതത്തിലെ ഓരോ പ്രവിശ്യയിലും ക്വിറ്റ് ഇന്ത്യ സമരത്തെ തകർക്കാൻ , പണിമുടക്കിനെ തോൽപ്പിക്കാൻ , സുഭാഷ് ബോസിന്റെ ഐ.എൻ.എയെ പൊലീസിനു കാട്ടിക്കൊടുക്കാൻ ബ്രിട്ടീഷുകാരന്റെ സൈന്യത്തിന്റെ കൂടെ നിന്ന് തങ്ങൾ എന്തൊക്കെ ചെയ്തു എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടായിരുന്നു അത്.

അതിൽ കേരളത്തിൽ ബ്രിട്ടീഷുകാർക്കു വേണ്ടി എന്തൊക്കെ ചെയ്തു ബ്രിട്ടീഷ് ദാസന്മാരായ കമ്യൂണിസ്റ്റുകാർ അക്കമിട്ടു നിരത്തിയിട്ടുണ്ട് . അതിലൊരു ഭാഗം ഇങ്ങനെ.

“ഏകതവാര പ്രതിജ്ഞ എന്ന പേരിൽ രണ്ടായിരം കോപ്പികൾ ഞങ്ങൾ അച്ചടിച്ച് വിതരണം ചെയ്തു. ഈ പ്രതിജ്ഞയുടെ ഭാഗമായി ഒപ്പു ശേഖരണം നടത്തി. ഒപ്പിട്ടവരെല്ലാം രാജ്യത്തെ ( ബ്രിട്ടീഷ് ഇന്ത്യയെ ) ജാപ്പ് ഫാസിസ്റ്റുകളിൽ നിന്ന് രക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. ബ്രിട്ടീഷ് സൈന്യത്തോടൊപ്പം മുന്നിൽ നിന്ന് സഹകരിക്കും. രഹസ്യമായി കടപ്പുറത്ത് വന്നിറങ്ങുന്ന അഞ്ചാം പത്തികളെ വേട്ടയാടി പിടിച്ച് അധികൃതരെ ഏൽപ്പിക്കുമെന്നും പ്രതിജ്ഞ ചെയ്തു “
ഇനി ആരാണ് ഈ അഞ്ചാം പത്തിക്കാർ ?

സംശയമെന്ത് ഐ.എൻ.എ ഭടന്മാർ തന്നെ .നമ്മുടെ നേതാവല്ലീച്ചെറ്റ ജപ്പാൻകാരുടെ കാൽ നക്കി എന്ന് സുഭാഷ് ചന്ദ്രബോസിനെ വിളിച്ച ചെറുകാട് ഗോവിന്ദ പിഷാരടി കമ്യൂണിസ്റ്റുകാരനായിരുന്നു. അവരാണവരാണഞ്ചാം പത്തികൾ ജാപ്പിൻകൂട്ടക്കാർ. അവരാണഞ്ചാംപത്തിത്തലവൻ ബോസിൻ കൂട്ടക്കാർ” എന്ന് എഴുതിച്ചതും കമ്യൂണിസ്റ്റുകാരായിരുന്നു.

ഐഎൻഎ ക്കാർക്ക് നൽകിയ പേര് അഞ്ചാം പത്തികൾ , സായുധ സ്വാതന്ത്ര്യ സമര സേനാനികൾക്ക് നൽകിയ പേര് വഴിതെറ്റിയ ദേശാഭിമാനികൾ ..ക്വിറ്റിന്ത്യ സമര ഭടന്മാർക്ക് നൽകിയ പേര് സ്ട്രഗിൾ വാലാസ് .ബ്രിട്ടീഷ് സൈന്യത്തിന്റെ അപദാനങ്ങൾ പാടി കോളങ്ങൾ എഴുതാമെന്ന് സമ്മതിച്ച് പേപ്പർ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത് മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ദേശാഭിമാനിക്കു വേണ്ടി.

കമ്യൂണിസ്റ്റുകാരെ ഐ.എൻ.എക്കാർ വിളിച്ചത് സ്വരാജ്യ ദ്രോഹികൾ എന്നായിരുന്നു. ആ സ്വരാജ്യ ദ്രോഹികളായ കമ്യൂണിസ്റ്റുകാരാണ് വക്കം അബ്ദുൾ ഖാദറെന്ന ധീര ദേശാഭിമാനിയെ ബ്രിട്ടീഷുകാർക്ക് ഒറ്റിക്കൊടുത്തത്. അഞ്ചാം പത്തികളെന്ന് പേരിട്ട് ഐ.എൻ.എക്കാരെ ഒറ്റിക്കൊടുക്കാൻ പ്രതിജ്ഞയെടുത്തെന്ന റിപ്പോർട്ട് ബ്രിട്ടീഷുകാർക്ക് കൊടുത്തത്.

ജയിലിൽ കിടക്കുന്ന എല്ലാ പാർട്ടി നേതാക്കളെയും അംഗങ്ങളേയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്‌ ഈ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. എ കെ ഗോപാലനും , ഇ കെ നായനാരും എ.വി കുഞ്ഞമ്പുവും , ഇമ്പിച്ചിബാവയുമെല്ലാം പട്ടികയിലുണ്ട്. തിരുവിതാം‌കൂറിൽ ദേശാഭിമാനിയുടെ വിലക്ക് നീക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. വിലക്കില്ലാത്തയിടങ്ങളിൽ ദേശാഭിമാനി ബ്രിട്ടീഷുകാർക്കു വേണ്ടി ചെയ്ത കൃത്യങ്ങൾ അക്കമിട്ടു നിരത്തുന്നുമുണ്ട്.

ഈ സ്വരാജ്യദ്രോഹികളുടെ പിന്മുറക്കാരാണ് ‌ഇന്ന് മറ്റുള്ളവരെ കള്ളനെന്ന് വിളിച്ച് പിറകെ ഓടുന്നത് ..അഹോ കഷ്ടം … ഇങ്ങനെയും ഒറ്റുകാരുണ്ടോ .. കൊടും ചതിയന്മാരുണ്ടോ ? നയവഞ്ചകരുണ്ടോ ?

വായുജിത്

ചീഫ് സബ്‌ എഡിറ്റർ – ജനം ടിവി

Facebook

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close