Columns

ബ്ളാക്ക് ഹ്യൂമ‍ർ അഥവാ ഇരുണ്ട തമാശ

രേണുക മേനോൻ

ബ്ളാക്ക് ഹ്യൂമർ എന്ന വാക്കിന് മലയാള ഭാഷയിൽ അർത്ഥപൂർണ്ണമായ പരിഭാഷ നൽകാൻ പദങ്ങളില്ല എന്നുതന്നെ തോന്നുന്നു .ദുരന്തങ്ങൾക്ക് നടുവിൽ നിൽക്കുമ്പോഴും ആ ദുരന്തത്തെ തമാശയായി കാണാനുള്ള മനുഷ്യന്‍റെ കഴിവിനെ കറുത്ത ഹാസ്യം എന്ന് പരിഭാഷപ്പെടുത്തിയാൽ, അർത്ഥം പൂർണ്ണമാകുമോ എന്നും സംശയം. ആക്ഷേപഹാസ്യം എന്ന പദവും അതിന് യോജിക്കില്ല. വേണമെങ്കിൽ ഇരുണ്ട തമാശ എന്ന് പറയാമെന്ന് തോന്നുന്നു .

ഇപ്പോൾ ഈ പരിഭാഷാവിഷയം എഴുതേണ്ടി വന്നത്,ഒരു താരസംഘടന നടത്തിയ മെഗാഷോയിൽ കുറെ നടിമാർ ചേർന്ന് നടത്തിയ ബ്ളാക്ക് ഹ്യൂമർ കാണേണ്ടി വന്നപ്പോഴാണ് .
ഒരു വാട്ട്സ് അപ് കൂട്ടായ്മയുടെ വാർഷികത്തിന് കുറെ വനിതകൾ ഒത്തുചേരുന്നതും സ്വാഗത പ്രസംഗം, അദ്ധ്യക്ഷ പ്രസംഗം തുടങ്ങി അവർക്കറിയാൻ വയ്യാത്ത പണി ചെയ്യേണ്ടി വരുമ്പോഴുണ്ടാകുന്ന അക്കിടികളുമാണ് സ്കിറ്റിന്‍റെ മുഖ്യപ്രമേയം .

അത്യാവശ്യം തമാശയൊപ്പിക്കാൻ വേണ്ട പശ്ചാത്തലമുണ്ടായിട്ടും എന്തുകൊണ്ട് അതിൽ നിന്ന് ഒരു തമാശയുണ്ടായില്ല എന്നാലോചിക്കുമ്പോഴാണ് അപകടകരമായ ഒരു സന്ദേശം അതിന്‍റെ പിന്നാമ്പുറങ്ങളിൽ പതിയിരിക്കുന്നു എന്ന സത്യം നാം ഒരു ഞെട്ടലോടെ അറിയുന്നത് ..തങ്ങളുടെ സംഘടനയിലെ തന്നെ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച പശ്ചാത്തലം നിലനിൽക്കുമ്പോൾ ഈ സ്കിറ്റിന് ഒരുപാട് അർത്ഥതലങ്ങൾ ഉണ്ടാകുന്നു. ആക്രമണത്തിന് പിന്നിലാര് എന്ന ചോദ്യത്തിനപ്പുറം, ഈ ആക്രമണം ഒരു തമാശയ്ക്ക് വിഷയമായതെങ്ങനെ എന്നതാണ് മനസ്സിലാകാതിരുന്നത് .

അൽപ്പം കൂടി വിശദമാക്കാം.

ഇതിൽ അദ്ധ്യക്ഷ പ്രാസംഗികയായി വന്ന മഞ്ജു പിള്ള പ്രസംഗം തുടരാനാകാതെ വിഷമിക്കുമ്പോൾ തൊട്ടടുത്തുനിന്ന സുരഭി ലക്ഷ്മി പ്രോൽസാഹിപ്പിക്കുമ്പോൾ പറയുന്ന ഡയലോഗ് ഇങ്ങനെ. “എങ്കിൽ നീ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിനെ കുറിച്ച് സംസാരിക്ക് “. പതുങ്ങി നിൽക്കുന്ന മഞ്ജു പിള്ളയോട് വീണ്ടും ” എങ്കിൽ വിമാനം തട്ടിക്കൊണ്ടു പോകുന്നതിനെക്കുറിച്ച് സംസാരിക്ക്. ..അത് സ്ത്രീവിരുദ്ധമാണ് .” മുകളിൽ വിവരിച്ച ഈ ഡയലോഗുകളിൽ എവിടെയാണ് തമാശ?അതോ,ഇതാണോ കറുത്ത ഹാസ്യം എന്ന് അവർ തെറ്റിദ്ധരിച്ചത്?

The Great Dictator എന്ന ചിത്രത്തിൽ ഹിറ്റ്ലർ ആയി അഭിനയിച്ച ചാർലി ചാപ്ളിൻ ഭൂഗോളത്തെ അമ്മാനമാടുന്നത് നമ്മൾ ആസ്വദിച്ചിട്ടുണ്ട്. തന്നെ ചെളി തെറിപ്പിച്ചു കടന്നുപോയ വാഹനത്തെ അത്ഭുതത്തോടെ നോക്കി “എന്തൊരു സ്പീഡ്” എന്നുപറഞ്ഞ കൊടിയേറ്റത്തിലെ നായകനേയും നമ്മൾ ആസ്വദിച്ചിട്ടുണ്ട്.

സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തെ ഹാസ്യരൂപേണ അവതരിപ്പിക്കുന്ന മുൻഷി എത്ര വർഷമായി നാം ആസ്വദിക്കുന്നു. എന്തിന്…ഊരിപ്പിടിച്ച വാളുകൾക്ക് നടുവിലൂടെ ലവലേശം ഭയമില്ലാതെ നടന്നു നീങ്ങിയിരുന്ന ഇരട്ടച്ചങ്കൻ, മൽസ്യത്തൊഴിലാളി സ്ത്രീകളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്നതിന്‍റെ യഥാർത്ഥ ദൃശ്യങ്ങളും നമ്മളിൽ ചിരി പടർത്തിയിട്ടുണ്ട്.പക്ഷേ,ഇത് ഇത്തിരി കടന്ന കയ്യായിപ്പോയി.

സുരഭി ലക്ഷ്മി, കുക്കു പരമേശ്വരൻ തുടങ്ങിയവരെയൊക്ക കലാരംഗത്തെ ഗൗരവമായ പഠനങ്ങൾ കഴിഞ്ഞാണ് ഈരംഗത്ത് നിലയുറപ്പിച്ചതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.അവർക്കെങ്കിലും ഇതിലെ തമാശ പിടികിട്ടിയോ? സ്ത്രീയുടെ ശത്രു സ്ത്രീയാണെന്ന പാരമ്പര്യവാദത്തെ അരക്കിട്ടുറപ്പിക്കാൻ കുറെ സ്ത്രീകൾ തന്നെ മുന്നോട്ടുവന്നു എന്നതാണ് ഇതിൽ നിന്ന് ഞാൻ മനസ്സിലാക്കിയ ബ്ളാക്ക് ഹ്യൂമർ.

രേണുക മേനോൻ

ചീഫ് സബ് എഡിറ്റർ – ജനം ടിവി

151 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close