Columns

സംസാരിക്കുന്ന ബാലനും സംസാരിക്കാത്ത ബാലനും

രേണുക മേനോന്‍

ഒടുവിൽ മോഹൻലാൽ അവാർഡ് നിശയിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായി. കേരളാ ഗവൺമെൻറിന്റെ ക്ഷണം സ്വീകരിച്ച് മോഹൻലാൽ ചടങ്ങിൽ മുഖ്യാതിഥി ആയി എത്തും എന്നു തന്നെയാണ് ഏറ്റവും അവസാനത്തെ വാർത്തകളും പറയുന്നത്

ചോദ്യം ഇതൊന്നുമല്ല

മോഹൻലാലിനെപ്പോലെ മികച്ച ഒരു കലാകാരനെ ഈ രീതിയിൽ അപമാനിച്ച് ആദരിക്കേണ്ട കാര്യമുണ്ടായിരുന്നോ ? ഇങ്ങനെ അപമാനിക്കപ്പെടാൻ എന്തു തെറ്റാണ് മോഹൻലാൽ ചെയ്തത് ? ഒരു ജനപ്രിയ കലാകാരനായിപ്പോയി എന്നത് ഇത്ര വലിയ കുറ്റമാണോ ?

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകൾ നൽകിയ ഉന്നത ബിരുദത്തിന്റെയോ പാരമ്പര്യമായിക്കിട്ടിയ സിനിമാബന്ധങ്ങളുടെയോ പിൻബലത്തിലല്ല മോഹൻലാൽ മോഹൻലാലായത്. കഥാപാത്രങ്ങളിൽ നിന്ന് കഥാപാത്രങ്ങളിലേക്ക് പകർന്നാടാൻ കിട്ടിയ ദൈവികമായ സിദ്ധി ഓരോ നിമിഷവും വികസിപ്പിച്ച് ഈ കൊച്ചു മലയാളത്തിന്റെ പൂമുഖത്ത് ആണത്തത്തിന്റെയും അഭിമാനത്തിന്റെയും ആൾരൂപമായി ഇതുപോലൊരാൾ എത്തണമെങ്കിൽ അതിന് ആ മനുഷ്യൻ ഒഴുക്കിയ വിയർപ്പ് ചെറുതായിരിക്കില്ല. കച്ചവട സിനിമയിലെ ഏറ്റവും വിലപ്പെട്ട താരമായി വളർന്നപ്പോഴും ഗൗരവമാർന്ന സിനിമകൾക്കായി സ്വയം അർപ്പിക്കാനുള്ള ഒരു മനസ് ഈ മനുഷ്യനുണ്ടായിരുന്നു .കർണ്ണഭാരം ,ഛായാമുഖി തുടങ്ങിയ നാടകാവതരണങ്ങളിലൂടെ സാധാരണ താരങ്ങൾക്ക് സ്വപ്നം പോലും കാണാൻ വയ്യാത്ത ഉയരത്തിൽ എത്തിയ ഈ കലാകാരനെ കാണാതെ പോയാൽ അത് ഒരു കലാകാരനോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത തന്നെയാകും (മോഹൻലാൽ എന്ന നടന്റെ ഇതുവരെയുള്ള സിനിമാ കഥാപാത്രങ്ങളെല്ലാം കൂട്ടി വച്ചാലും ഛായാമുഖിയിലെ ഭീമനോളം വരില്ല എന്നാണ് വ്യക്തിപരമായ എന്റെ അഭിപ്രായം.ചലനങ്ങളിൽ ,ശബ്ദ നിയന്തണത്തിൽ ,ഭാവാഭിനയത്തിൽ അരങ്ങിലെ ഭീമൻ ഒരു അത്ഭുതം തന്നെയായിരുന്നു)

മോഹൻലാലിന്റെ സാന്നിധ്യം ചടങ്ങിന്റെ ശോഭ കെടുത്തും എന്നു ഒരു കൂട്ടം ആർത്തു വിളിച്ചപ്പോൾ നഷ്ടപ്പെട്ടത് ഓരോ കലാകാരൻെറയും ആത്മവിശ്വാസം തന്നെയാണ് . ജനപ്രിയ നായ മുഖ്യാതിഥിയുടെ സാന്നിധ്യം ചടങ്ങിന്റെ ശോഭ കെടുത്തും എന്ന് ഭയന്ന് മുഖ്യാതിഥിയെ മാറ്റണമെന്നു വാശി പിടിക്കുന്ന ലോകത്തെ ഒരേയൊരു നാട് ഈ കേരളം മാത്രമായിരിക്കും

ഏറ്റവും അത്ഭുതം മെമ്മോറാണ്ടത്തിൽ ഒപ്പിട്ടിരിക്കുന്നവരൊന്നും ചില്ലറക്കാരല്ല എന്നതാണ് .സാഹിത്യകാരന്മാർ ,സിനിമാ പ്രവർത്തകർ ,ചിന്തകന്മാർ… പട്ടിക നീളുകയാണ് .മനസ്സിലാകാത്ത ഒരു കാര്യം, ഈ പ്രമുഖരൊക്കെ അവരവരുടെ മേഖലയിൽ ഒരു മോഹൻലാൽ തന്നെയാണ് എന്നതാണ് .തങ്ങളുടെ സാന്നിധ്യം ശോഭ കെടുത്തും എന്നു ഭയന്ന് അവർ അവരുടെ മേഖലകളിലെ ചടങ്ങുകളിൽ നിന്ന് സ്വയം പിന്മാറുമോ ?

സാഹിത്യ അക്കാദമി നടത്തുന്ന ശില്പശാലയിൽ യുവ എഴുത്തുകാരോടൊപ്പം എൻ എസ് മാധവൻ പങ്കെടുത്താൽ ആ ചടങ്ങിന്റെ ശോഭ കെട്ടുപോകുമോ ?

സമകാലിക വിഷയങ്ങൾ പരാമർശിക്കപ്പെടുന്ന ഒരു ചർച്ചാ വേദിയിൽ എം എൻ കാരാശ്ശേരി മാഷിന്റെ സാന്നിധ്യം ആ ചടങ്ങിന്റെ ശോഭ കെടുത്തുമോ ?

യുവകവികൾ പങ്കെടുക്കുന്ന കവി സമ്മേളനത്തിൽ സച്ചിദാനന്ദന്റെ സാന്നിധ്യം അതിന്റെ ശോഭ കെടുത്തുമോ ? സംഘടനാ പ്രശ്നങ്ങളിൽ പ്രസിഡൻറ് എന്ന നിലയിൽ എടുത്ത ചില തീരുമാനങ്ങളിൽ അതൃപ്തി ഉള്ളത് കൊണ്ടാണ് മോഹൻലാലിന്റെ സാന്നിധ്യം അവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയത് എന്നൊരു വാദവും ഇടയ്ക്ക് കേട്ടു .അങ്ങനെയെങ്കിൽ അവർ ആദ്യം ബോയ്കോട്ട് ചെയ്യേണ്ടത് മുഖ്യമന്ത്രിയെ തന്നെയല്ലേ ? പുരസ്ക്കാര ജേതാക്കളായ എല്ലാവർക്കും ഒരുപോലെ സ്വീകാര്യനാകണമെന്നില്ലല്ലോ മുഖ്യമന്ത്രി .വിരുദ്ധമായ രാഷ്ടീയ അഭിപ്രായങ്ങളും സമകാലീന പ്രശ്നങ്ങളിൽ മുഖ്യമന്ത്രി എന്ന നിലയിൽ എടുത്തിട്ടുള്ള തീരുമാനങ്ങളിൽ അതൃപ്തിയുള്ളവരും ആ കൂട്ടത്തിൽ ഇല്ല എന്ന് തറപ്പിച്ച് പറയാൻ പറ്റില്ലല്ലോ .ഈ മെമ്മോറാണ്ടത്തിൽ ഒപ്പിട്ടവരൊന്നും മുഖ്യമന്ത്രിയെക്കുറിച്ച് ഒരു നല്ല വാക്ക് ഇത് വരെ പറഞ്ഞ് കേട്ടിട്ടുമില്ല.

അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം വരുന്നു .ശരിക്കും ഈ വിഷയത്തിന്റെ ശോഭ കെടുത്തിയതാരാണ് ?
ഒറ്റ ഉത്തരമേയുള്ളൂ
നമ്മുടെ സാംസ്ക്കാരിക മന്ത്രി

സാംസ്ക്കാരിക മന്ത്രിയുമായി സദുദ്ദേശ്യത്തോടെയുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് ശേഷം വാക്കാലുള്ള ക്ഷണത്തിന് സമ്മതം മൂളിയപ്പോൾ ഇത്തരമൊരു അപകടത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത് എന്നു മോഹൻ ലാൽ അറിഞ്ഞിരിക്കില്ല .കേട്ടത് പാതി കേൾക്കാത്തത് പാതി മോഹൻലാലിന്റെ ഡേറ്റ് കിട്ടിയ പുതുമുഖ നിർമ്മാതാവിനെപ്പോലെ മന്ത്രി അക്കാദമിയുടെ അവലോകന മീറ്റിംഗിൽ തന്നെ കഴിവു പ്രദർശിപ്പിക്കുന്നു .മീററിംഗ് കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് തനിക്ക് എട്ടിന്റെ പണി കിട്ടിയ കാര്യം മന്ത്രി അറിയുന്നത് .
മുഖ്യമന്ത്രിയാണ് മുഖ്യാതിഥി .മുഖ്യാതിഥിക്ക് മുകളിൽ മറ്റൊരു മുഖ്യാതിഥിയോ ?
മുഖ്യമന്ത്രിയുടെ ഓഫീസ് എങ്ങനെ പ്രതികരിക്കും ?മുഖ്യമന്തി ഒ കെ പറഞ്ഞാലും ഉപദേശകന്മാർ സമ്മതിക്കുമോ ?പലവിധ ചിന്തകളാൽ സാംസ്കാരിക മന്ത്രി വളരെ വേഗം ഒരു നിശ്ശബ്ദചിത്രമായി .മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുകൂല സന്ദേശം കിട്ടുന്നതു വരെ പാവം സാംസ്കാരിക മന്ത്രി ഒരു ആർട്ട് സിനിമയിലെ നായകനായിപ്പോയി .ശബ്ദമില്ല ,പ്രതികരണമില്ല ,തീർത്തും അലസനും ഒറ്റപ്പെട്ടവനും .

പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു സാംസ്ക്കാരിക മന്ത്രിയുടെ കുറ്റകരമായ നിശ്ശബ്ദതയാണ് ഈ പ്രശ്നത്തെ ഇത്രയും രൂക്ഷമാക്കിയത് .അതാണ് സത്യം .താനെടുത്ത ഒരു തീരുമാനം ,തനിക്ക് ഉത്തമ ബോധ്യമുളള ഒരു തീരുമാനം സത്യസന്ധമായി അവതരിപ്പിക്കാനുള്ള ചങ്കൂറ്റം ആണ് ആദ്യം ഒരു മന്ത്രിക്ക് വേണ്ടത്.

മലയാളത്തിന്റെ ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രത്തിന്റെ പേരും അവശ്യഘട്ടത്തിൽ സംസാരിക്കാത്ത മന്ത്രിയുടെയും പേര് ഒന്നായത് കാലത്തിന്റെ മറ്റൊരു കാവ്യനീതി

230 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close