Columns

നിഷ്കാമ കർമ്മത്തിന്റെ ആൾരൂപം

പ്രകാശ് വെള്ളയൂർ

ലാളിത്യത്തിന്‍റെ , സാമൂഹിക പ്രതിബദ്ധതയുടെ, സേവനത്തിന്റെ , സന്ദേശം പകര്‍ന്നു നല്കി തന്‍റെ നിഷ്കാമ കര്‍മ്മം തുടര്‍ന്ന അവധൂതന്‍, ഡോക്ടര്‍ പി രാമന്‍ . രാമന്‍ ഡോക്ടറെ കുറിച്ച് ഇത്രയൊന്നും പറഞ്ഞാല്‍ പോര എന്നത് ആ മനുഷ്യനെ നേരില്‍ അറിയാവുന്നവര്‍ക്ക് മനസിലാകും.

1945 ല്‍ കാളികാവിനടുത്ത് പുല്ലങ്കോട് എന്ന മലയോര റബര്‍ കര്‍ഷക മേഖലയില്‍ ജനനം. ജാതി അയിത്തങ്ങള്‍ സമൂഹത്തില്‍ ശക്തമായി നിലനിന്നിരുന്ന കാലം. പുലയ സമുദായത്തിൽ ജനനം. കഠിന പരിശ്രമം കൊണ്ട് അദ്ദേഹം എം ബി ബി എസ് പാസായി . ത്വക് രോഗ വിദഗ്ധന്‍ , ലൈംഗിക രോഗ വിദഗ്ധന്‍ എന്നീ നിലയില്‍ പ്രശസ്തന്‍ . കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്‍റ് പ്രൊഫെസര്‍ 2000 മാര്‍ച്ചില്‍ സര്‍വീസില്‍ നിന്നും വിരമിച്ചു.

അവിവാഹിതനായ ഡോക്ടര്‍ ജീവിതവും , സമ്പാദ്യവും സമാജ സേവനത്തിനായി നീക്കിവെച്ചു . സ്വന്തം പണമുപയോഗിച്ച് മരുന്നുമായി ബസില്‍ കയറി മുട്ടിലില്‍ ഇറങ്ങി നടന്നു വരുന്ന ഡോക്ടറുടെ മുഖം എന്‍റെ മനസില്‍ തെളിവോടെയുണ്ട്. രോഗികളോട് കുശലം പറഞ്ഞു , പരിശോധിച്ചു കൈവശം കരുതിയ മരുന്നും നല്കി . എല്ലാവരോടും സൌമ്യമായി ചിരിച്ചു സംസാരിക്കുകയും ഓരോരുത്തരുടെയും വിഷമങ്ങള്‍ ചോദിച്ചു മനസിലാക്കി അവര്‍ക്ക് ഉപദേശങ്ങള്‍ നല്കുകയും ചെയ്യുന്ന ഡോക്ടറോട് ഞാന്‍ ചോദിച്ച ആദ്യ സംശയം . എന്താണ് ഡോക്ടര്‍ ” സമയം ” എന്നതിന്‍റെ ഡെഫിനിഷന്‍ ?.

അത് വരെ ഈ ചോദ്യം കുറെയധികം ആളുകളോട് ചോദിച്ചിരുന്നു എങ്കിലും സംതൃപ്തി നല്കിയ മറുപടി ലഭിച്ചിരുന്നില്ല . ചോദ്യം തീരുന്നതിന് മുന്നേ ഉത്തരം വന്നു . ” രണ്ടു അനുഭവങ്ങള്‍ക്കിടയിലെ ദൈര്‍ഘ്യമാണ് സമയം ” അതിനായി ശിവ പുരാണത്തില്‍ നിന്നു ഒരു കഥയും . ആ ബന്ധം വളർന്നു . ഞങ്ങള്‍ നാട്ടുകാര്‍ കൂടിയായിരുന്നു എന്നത് അതിനു മാറ്റ് കൂട്ടി . ഡോക്ടര്‍ നല്ല പ്രഭാഷകന്‍ കൂടിയാണ് . ഗീതാ സ്വാദ്ധ്യായ സമിതി പ്രവര്‍ത്തകന്‍ .

എല്ലാമാസവും മുന്‍ കൂട്ടി വ്യവസ്ഥ ചെയ്തത് പ്രകാരം സേവനത്തിനായി സ്വാമി മെഡിക്കല്‍ മിഷന്‍ വയനാട് , അമൃത ഹോസ്പിറ്റല്‍ കൈനാട്ടി , എറണാകുളം അമൃത ഹോസ്പിറ്റല്‍ ഇങ്ങനെ നിരവധി സ്ഥാപനങ്ങളില്‍ സ്വന്തം പെന്‍ഷന്‍ പണമുപയോഗിച്ച് ഒരു പ്രതിഫലവും വാങ്ങാതെ ഡോക്ടര്‍ സേവനം ചെയ്തുകൊണ്ടേയിരിക്കുന്നു.

ഡോക്ടറോട് ഒരിക്കല്‍ ഞാന്‍ ചോദിച്ചു . എന്താണ് ഡോക്ടറുടെ ജീവിതത്തിലെ ഏറ്റവും പ്രാധാനപ്പെട്ട ആഗ്രഹം ? മറുപടി എന്നെ അമ്പരപ്പിച്ചു . ഹിമാലയത്തില്‍ പോകണം എന്നതായിരുന്നു എനിക്കു ജീവിതത്തില്‍ തോന്നിയ ഒരേ ഒരു ആഗ്രഹം .അദ്ദേഹം കോഴിക്കോടുള്ള ഒരു ആശ്രമം പേരു ഓര്‍ക്കുന്നില്ല വഴിയാണ് ആദ്യമായി ഹിമാലയത്തിലേക്ക് പോകുന്നത് , അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുവെത്രേ ഹിമാലയ യാത്ര . എന്നാല്‍ പിന്നീട് ഒരു പാട് സംഘങ്ങൾക്കൊപ്പം ഹിമാലയ യാത്ര ചെയ്തു . എന്നാല്‍ ഇപ്പോള്‍ ഹിമാലയ യാത്രയോടും വിരക്തി തോന്നി തുടങ്ങിയിരിക്കുന്നു . എങ്കിലും ഫിസിഷ്യന്‍ ആയി എല്ലാ വര്‍ഷവും ആ ആശ്രമത്തിനൊപ്പം ഹിമാലയ യാത്ര ചെയ്യുന്നു . ഡോക്ടര്‍ കൂടെ വേണം എന്ന അവരുടെ ആഗ്രഹത്തിന് മുന്നില്‍ ഒന്നിന്നും നോ എന്ന്‍ പറയുവാന്‍ അറിയാത്ത അദ്ദേഹം സമ്മതിക്കുന്നു.

എന്നെ ഡോക്ടര്‍ ഒരു പാട് തവണ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഡോക്ടറുടെ ശുപാര്‍ശയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയപ്പോള്‍ കണ്ടത് , ഓര്‍ത്തോ &പ്രോസ്തെറ്റിക്കിലെ ശ്രീകുമാര്‍ സാര്‍ ചുമരിലേക്ക് വിരല്‍ ചൂണ്ടി. രാമന്‍ ഡോക്ടറുടെ വചനങ്ങള്‍ പോസ്റ്ററാക്കി ഓഫീസ് മുറിയില്‍ തൂക്കിയിരിക്കുന്നു.

ഫോട്ടോ എടുത്തപ്പോള്‍ പറഞ്ഞു ഫേസ്ബുക്കിൽ  ഇടല്ലേ എന്നു … ഞാന്‍ തിരിച്ചു പറഞ്ഞു ഈ കാര്യത്തില്‍ ഉറപ്പ് പറഞ്ഞാല്‍ ഞാന്‍ ലംഘിക്കും ..ഡോക്ടറെ കുറിച്ചെല്ലാം സമൂഹം അറിയണം എന്ന്‍ . അപ്പോള്‍ മറുപടിയായി പറഞ്ഞു നമ്മള്‍ ചെയ്യുന്നതൊന്നും ആരെയും അറിയിക്കുവാന്‍ വേണ്ടിയല്ല , സംഘം അതല്ല നമ്മെ പഠിപ്പിച്ചത് .

രാമൻ ഡോക്ടർ യാത്രയായി . ഡോക്ടർ എന്ന നിലയിൽ മനുഷ്യ ജീവനെ രക്ഷിച്ചു എന്നത് മാത്രമല്ല അദ്ദേഹത്തിന്റെ പ്രസക്തി . എങ്ങനെ ജീവിക്കണമെന്ന് നമ്മളെ പഠിപ്പിക്കുക കൂടി ചെയ്തു അദ്ദേഹം .. പ്രണാമങ്ങൾ

പ്രകാശ് വെള്ളയൂർ

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close