Columns

ജ്ഞാന പൗർണമിയുടെ മയിൽപ്പീലി സ്പർശം

ബിന്ദു.ടി

മാനവ സമൂഹം സാമൂഹ്യ വിവേചനമാകുന്ന ചതുപ്പിൽ കിടന്ന് ഒരടി പോലും മുന്നോട്ട് വയ്ക്കാൻ കഴിയാത്ത സന്ദർഭങ്ങളിലെല്ലാം ഭാരതം മഹാപുരുഷന്മാർക്ക് ജന്മം നൽകിയിട്ടുണ്ട്. ചരൈവേതി മന്ത്രം ജപിച്ച് ആ ചെളിക്കുണ്ടിലേക്കിറങ്ങിയാണ് അവർ മനുഷ്യനെ കൈപിടിച്ചുയർത്തിയതും മുന്നോട്ടു നയിച്ചതും. അസമത്വങ്ങളിലും അനാചാരങ്ങളിലും പെട്ട് ആടിയുലയുന്ന മാനവ നൗകയെ കരയ്ക്കിരുന്നു കണ്ടവരല്ല അവർ . തിരമാലകളിലേക്കിറങ്ങി ആ നൗകയെ നിയന്ത്രിക്കുക മാത്രമല്ല നയിക്കുകയും ചെയ്തു

അവരിൽ പണ്ഡിതനുണ്ട് പരിഷ്കർത്താവുമുണ്ട് , കവിയും ദാർശനികനും സന്യാസിയുമെല്ലാമുണ്ട് . പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ പിറന്ന നാരായണനെന്ന് പേരും നാണുവെന്ന് വിളിപ്പേരുമുള്ളയാൾ മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ഇതെല്ലാമായിരുന്നു. ലാളിത്യമാർന്ന ദാർശനികനും കവിയും സന്യാസിയും സാമൂഹ്യപരിഷ്കർത്താവും വിദ്യാഭ്യാസ വിചക്ഷണനും എല്ലാമായിരുന്ന ആ മഹാപുരുഷൻ അനുഗ്രഹവും അനുകമ്പയും ചൊരിഞ്ഞ് മനുഷ്യനെ മനനം ചെയ്യുന്നവനാക്കി.

Loading...

ആ പുണ്യപുരുഷനെപ്പറ്റിയുള്ള കഥകളും ചരിത്രങ്ങളും കവിതകളും മലയാളത്തിൽ നിരവധിയുണ്ട്. പി. പരമേശ്വരനും പി.കെ ബാലകൃഷ്ണനും മൂർക്കോത്തു കുമാരനുമടക്കം നിരവധി പേർ ആ ജീവിതത്തെ വരച്ചു കാട്ടിയിട്ടുണ്ട്. കവിതയായും കഥയായുമൊക്കെ ആ സ്നേഹമയന്റെ ജീവിതം അനുവാചക ഹൃദയങ്ങളെ ധന്യമാക്കിയിട്ടുണ്ട്. അതിൽ മലയാളികളെ മയിൽപ്പീലി സ്പർശം കൊണ്ട് അനുഗൃഹീതമാക്കിയ കവിതയാണ് എസ്.രമേശൻ നായരുടെ ഗുരു പൗർണമി..

ഗുരുദേവന്റെ ജനനവും അവധൂത ജീവിതവും സാമൂഹ്യ പരിഷ്കരണവും സമന്വയത്തിന്റെ ഭാഷയും ലളിതവും ഹൃദ്യവുമായി പകർന്നുവച്ചു രമേശൻ നായർ. ആ സാമൂഹ്യ വിപ്ലവത്തെ മനസാ നമിച്ചു കൊണ്ട് “ഒരു നൂറ്റാണ്ടിനെപ്പെറ്റൊ- രമ്മയെ, ഗ്രാമനന്മയെ കുമ്പിടുന്നൂവരുംകാലം ചെമ്പഴന്തിയെ, ധന്യയെ “ എന്നെഴുതിയപ്പോൾ അത് മലയാളിയുടെ മനസ്സ് തന്നെയായി.

ശ്രീനാരായണ ഗുരുവോ ചട്ടമ്പി സ്വാമികളോ ആരാണ് ഗുരു ആരാണ് ശിഷ്യൻ എന്ന ചോദ്യവും തർക്കവും ഒരു കാലത്ത് മലയാളത്തിൽ നിറഞ്ഞു നിന്നിരുന്നു. അതിനു മറുപടി തന്റെ ത്രിവേണി സംഗമം എന്ന ഭാഗത്ത് കവി നൽകുന്നുണ്ട്.

“ഭട്ടാരകപദസ്ഥന്‍ ശ്രീ ചട്ടമ്പിസ്വാമിയാണൊരാള്‍; അപരന്‍ നാരായണാഖ്യന്‍ അദ്വൈതാംബയ്ക്കിരട്ടകള്‍ പുഷ്പവും ഗന്ധവുംപോലെ പരസ്പ്പരമിണങ്ങിയോര്‍, ഇതിലാര്‍, ഗുരുവാര്‍ ശിഷ്യന്‍? ഇവരീശ്വര ശിഷ്യരാം! ധ്യാനയോഗ മഹാസിദ്ധ- ജ്ഞാനിയാമൊരു യോഗിയെ തൈക്കാട്ടയ്യാവിനെ കാണ്‍കെ തളിര്‍ത്താരവര്‍ മൂവരും!”

ആത്മസാക്ഷാത്കാരം നേടിയ മഹാജ്ഞാനികളിൽ ആരു ഗുരു ആരു ശിഷ്യൻ എന്ന തർക്കത്തിന് സ്ഥാനമില്ലെന്നും അവർ ഈശ്വരന്റെ ശിഷ്യരാണെന്നും കവി പറഞ്ഞുവയ്ക്കുന്നു.

രമണമഹർഷി , ടാഗോർ, ഗാന്ധിജി ഇവരുമായുള്ള ഗുരുവിന്റെ കൂടിക്കാഴ്ച്ചകളും കവി വിവരിക്കുന്നുണ്ട്. ശ്രീലങ്കൻ സന്ദർശനവും ശിവഗിരി തീർത്ഥാടനവുമൊക്കെ തനിമ ചോരാത്ത വരികളായി ഗുരു പൗർണമി അനുവാചകനു നൽകുന്നു.

നവോത്ഥാനത്തിന്റെ പ്രവാചകനായ ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം മലയാളിക്ക് നൽകിയ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പി.പരമേശ്വരൻ ഗുരു പൗർണമിയെക്കുറിച്ച് പറഞ്ഞതിങ്ങനെ..

“ഗുരു പൗർണമി വെറുമൊരു കാവ്യമല്ല ജീർണ്ണാവസ്ഥയിൽ നിന്ന് വർത്തമാന സമൂഹത്തെ തട്ടിയുണർത്താനുള്ള ആഹ്വാനമാണ് . അദ്വൈത വേദാന്തത്തിന്റെ അതിലളിതവും പ്രായോഗികവുമായ ആവിഷ്ക്കാരമാണ് . സർവ്വോപരി ഈ കാലഘട്ടത്തിന്റെ ആവശ്യവുമാണ് “

ഈ നൂറ്റാണ്ടിന്റെയല്ല വരുന്ന നൂറ്റാണ്ടുകളുടേയും മഹാകാവ്യമാണ് ഗുരുപൗർണമിയെന്ന് മഹാകവി അക്കിത്തവും കൃതിയെ അഭിനന്ദിക്കുന്നുണ്ട്.

ഗുരുദേവന്റെ മഹത്വം വർണ്ണിക്കുന്ന ഇരുപത്തിയഞ്ച് അദ്ധ്യായങ്ങളായി പടർന്നൊഴുകുകയാണ് ഈ കാവ്യസൗരഭം . ഇതൊരു സ്വർണ നാണയമാണെങ്കിൽ അതും ഗുരുവിന് , കള്ളനാണയമാണെങ്കിൽ അതും ഗുരുവിന് എന്റെ കയ്യിൽ ഇതേ ഉണ്ടായിരുന്നുള്ളൂ എന്ന് കവി വിനയാന്വിതനാകുമെങ്കിലും ഗുരുപൗർണമി കൈരളിക്കെന്നുമൊരു കുളിർനിലാവായി ശോഭിക്കുക തന്നെ ചെയ്യും .

ബിന്ദു.ടി

496 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close