കൊച്ചി: മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തുവെന്ന കേസില്‍ രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പമ്പ സ്റ്റേഷന് പരിധിയില്‍ രണ്ട് മാസത്തേക്ക് കയറരുത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റുകള്‍ ഇടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
നവംബര്‍ 28നാണ് രഹ്ന ഫാത്തിമയെ പത്തനംതിട്ട പൊലീസ് മതസ്പര്‍ദ്ധ ഉണ്ടാക്കിയെന്ന കേസില്‍ അറസ്റ്റ് ചെയ്തത്. കേസില്‍ രഹ്ന ഫാത്തിമ ഇപ്പോള്‍ റിമാന്‍ഡിലാണുള്ളത്. ഇവരുടെ ജാമ്യാപേക്ഷ നേരത്തെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് ഫേസ്ബുക്കിലിട്ട കമന്റും പത്താം തീയതി രഹ്നയുടെ തന്നെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും എഴുത്തുകളുമാണ് കേസിന് ആസ്പദമായത്. ഇത് സംബന്ധിച്ച് ഒക്ടോബര്‍ 20ന് ആണ് പത്തനംതിട്ട പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.