Columns

ഇത് കുട്ടിക്കളിയായി കാണാനാവില്ല; സത്യങ്ങൾ തമസ്കരിക്കാനുള്ളതല്ല. ഞങ്ങൾ പൂർവാധികം ഭംഗിയായി വാസ്തവം വിളിച്ചു പറയുക തന്നെ ചെയ്യും

ജനം ടിവി കോ-ഓഡിനേറ്റിംഗ് ന്യൂസ് എഡിറ്റർ അനിൽ നമ്പ്യാർ എഴുതുന്നു

വർക്കല സിഎച്ച്എംഎം കോളേജിലെ ആനുവൽ ഡേ ആഘോഷത്തിന്റെ ഭാഗമായി ഒരു പറ്റം വിദ്യാർത്ഥികൾ നിരോധിത ഭീകര സംഘടനയായ അൽ ഖ്വയ്ദയുടെ പതാകയേന്തിയും ഭീകരരുടെ വേഷമണിഞ്ഞും ബൈക്ക് റാലി നടത്തിയത് റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ജനം ടിവിക്കെതിരെ ചിലർ സംഘടിത സൈബർ ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ്.

ഇത് പ്രച്ഛന്നവേഷമായും കുട്ടിക്കളിയായും കണ്ടാൽ മതിയെന്നാണ് ജനം ടിവിയെ തെറി വിളിക്കുന്നവരുടെ വാദം.വിദ്യാർത്ഥി സമൂഹത്തെ മുഴുവൻ തീവ്രവാദികളാക്കിയെന്നതാണ് ഞങ്ങൾ ചെയ്ത അപരാധമത്രെ ! അതുകൊണ്ട് ഈ തെറ്റ് പൊറുക്കാനാവില്ല.ജനം ടിവിക്ക് പരസ്യം നൽകുന്നവർ ഒന്നടങ്കം അത് നിർത്തി ചാനലിനെ ഒറ്റപ്പെടുത്തണമെന്നും പ്രച്ഛന്നവേഷധാരികളും തീർത്തും നിഷ്കളങ്കരുമായ കുട്ടികളുടെ വക്കാലത്തേറ്റെടുത്തവർ ആഹ്വാനം ചെയ്യുന്നു.

Loading...

അതായത് ജനം ടിവിയെ സാമൂഹ്യ മായി ബഹിഷ്കരിക്കണം.അങ്ങിനെ വരുമ്പോൾ ജനമറിയേണ്ടത് തടയാനാവും. വോട്ട്ബാങ്കിന് വേണ്ടിയുള്ള നാണം കെട്ട കളികൾ നിർബാധം തുടരുകയും ചെയ്യാം. ഒരു വെടിക്ക് എത്ര പക്ഷികളെ കൊല്ലാമെന്നാണ് സൈബർ ഇടത്തിൽ മലർന്ന് കിടന്ന് തുപ്പുന്നവരുടെ ഗവേഷണം.

രണ്ട് വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നിന്നും യുവാക്കളെ ഐ എസ്സിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന വാർത്ത ജനം ടിവി സംപ്രേഷണം ചെയ്തപ്പോൾ മുഖ്യധാരാ മാദ്ധ്യമങ്ങളെന്ന് അവകാശപ്പെടുന്നവർക്ക് പരിഹാസമായിരുന്നു. ഞങ്ങൾ മതതീവ്രവാദത്തിന്റെ അടിവേരുകൾ തപ്പി കാസർഗോഡും കണ്ണൂരും മലപ്പുറത്തും പാലക്കാടുമൊക്കെ നടത്തിയ അന്വേഷണങ്ങളാണ് നിമിഷയെ പോലെയുള്ള നിരവധി വിദ്യാർത്ഥികളുടെ തിരോധാനത്തിലേക്ക് വിരൽ ചൂണ്ടിയത്.

കഴിഞ്ഞയാഴ്ചയും കണ്ണൂരിൽ നിന്നൊരു കുടുംബം സിറിയയിലേക്ക് കടന്നു. ഭീകരവാദത്തിന്റെ കാണാച്ചരടുകളിലേക്കുള്ള ജനം ടിവിയുടെ അന്വേഷണം ദേശീയ വാർത്താമാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് മലയാളത്തിലെ വാർത്താ പടുക്കൾക്ക് അനക്കം വെച്ചത്. ഞങ്ങൾ വെളിപ്പെടുത്തിയതെല്ലാം വാസ്തവമായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് നിങ്ങളൊക്കെ പിള്ളേര് കളിയായി നിസ്സാരവത്കരിച്ച വർക്കല കോളേജിലെ റോഡ് ഷോയെ ഞങ്ങൾ ഗൗരവത്തോടെ സമീപിച്ചത്.

സിറിയയിലും അഫ്ഘാനിസ്ഥാനിലുമൊക്കെ ഐഎസ്സുകാർ നടത്തുന്ന റോഡ് ഷോ അൽ ജസീറയിലും മറ്റും കണ്ടിട്ടാവും നിഷ്കളങ്ക പൈതങ്ങൾ ആവേശഭരിതരായിട്ടുണ്ടാവുക. ക്യാമ്പസിലെ ഒരു തലച്ചോറാവും ബുദ്ധി കേന്ദ്രം.അതുമതി കോളേജിനെ മുഴുവൻ വിഴുങ്ങാൻ.

നടൻ സലിം കുമാർ മുഖ്യാതിഥിയായ കോളേജ് ഡേ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രച്ഛന്നവേഷധാരികളുടെ ഇരുചക്രറാലി. സലിം കുമാറിനോട് കറുത്ത വേഷമണിഞ്ഞ് ചടങ്ങിൽ പങ്കെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. പതിനഞ്ച് വർഷം മുമ്പ് അദ്ദേഹം ഒരു മാനസിക രോഗിയുടെ വേഷത്തിലെത്തിയ CID മൂസ എന്ന ചിത്രത്തിലെ രംഗം പുന:രാവിഷ്കരിക്കുകയായിരുന്നുവത്രെ ഉദ്ദേശ്യം.

അൽ ഖ്വയ്ദയായിട്ടൊന്നും ആ കഥാപാത്രത്തിന് യാതൊരു ബന്ധവുമില്ലെന്നിരിക്കെ വേഷപ്രച്ഛന്നരുടേത് സദുദ്ദേശ്യമായിരുന്നില്ലെന്ന് നിസ്സംശയം പറയാം. ഒരു തീമായിട്ടാണ് ബൈക്ക് റാലി അവതരിപ്പിച്ചതെന്നാണ് ഭാഷ്യം. അങ്ങിനെയെങ്കിൽ ബാത്റൂമിലെ ചുവരെഴുത്ത് എന്തിനായിരുന്നു?

അൽ ഖ്വയ്ദ എന്ന് കോറിയിട്ടതും ലാദന്റെ ചിത്രം വരച്ചതും കളിതമാശയായി ഞങ്ങൾക്ക് കാണാനാവില്ല. ഈ വിവാദത്തിൽ പെട്ടുപോയതിന്റെ ജാള്യതയിലാണ് സലിം കുമാർ. അദ്ദേഹത്തിന് മുന്നിൽ വിദ്യാർത്ഥികൾ അച്ചടക്കത്തിലായിരുന്നു. സലിം കുമാർ ക്യാമ്പസിൽ എത്തുന്നതിന് മുമ്പായിരുന്നു പുറത്തെ കോപ്രായങ്ങൾ എന്നതുകൊണ്ട് തന്നെ അദ്ദേഹം അജ്ഞനായിരുന്നെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. വിദ്യാർത്ഥികൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കണമെന്നും സലിം കുമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഡിസംബർ 24നും ക്രിസ്തുമസ് ആഘോഷത്തിന്റെ പേരിൽ ക്യാമ്പസിന് പുറത്ത് ഒരു പറ്റം വിദ്യാർത്ഥികൾ അഴിഞ്ഞാടി. ഇവരുടെ അഴിഞ്ഞാട്ടത്തെപ്പറ്റി പരിസരവാദികളോട് ചോദിച്ചാൽ വിശദാംശങ്ങൾ പറഞ്ഞ് തരും. മത്സരയോട്ടത്തിൽ സഹപാഠിയെ കാറിടിച്ച് കൊന്നതും കുട്ടിക്കളിയായി കണ്ടാൽ മതിയോ? ക്യാമ്പസിനകത്തും പുറത്തും പരിപാടികൾ സംഘടിപ്പിക്കുമ്പോൾ വിദ്യാർത്ഥികൾ പാലിക്കേണ്ട മര്യാദകൾ സംബന്ധിച്ച സർക്കാർ ഉത്തരവ് നിലവിലിരിക്കെ അത് കാറ്റിൽപ്പറത്തി ഒരാഗോളഭീകര സംഘടനയെ മഹത്വവത്കരിച്ചു കൊണ്ടുള്ള പ്രവർത്തനം ആര് നടത്തിയാലും നിയമവിരുദ്ധമാണെന്ന ബോധ്യത്തിൽ നിന്നുടലെടുത്തതാണീ വാർത്ത. അത് ഏതെങ്കിലും മതവിഭാഗത്തെ ഇകഴ്ത്താനോ ഇടിച്ച് താഴ്ത്താനോ അല്ല.

വിദ്യാർത്ഥി സമൂഹത്തെ മൊത്തത്തിൽ തീവ്രവാദികളായി ചിത്രീകരിക്കാനും വാർത്തയിലൂടെ ഞങ്ങൾ ശ്രമിച്ചിട്ടില്ല. മറിച്ച് വഴി തെറ്റുന്ന യുവതയ്ക്ക് ദിശാബോധം നൽകേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഞങ്ങൾ സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്. അല്ലെങ്കിൽ പാർലമെന്റാക്രമണക്കേസിൽ ശിക്ഷിക്കപ്പെട്ട അഫ്സൽ ഗുരുവിനെ അനുസ്മരിച്ചത് പോലുള്ള ചടങ്ങുകൾക്ക് കേരളത്തിലെ ക്യാമ്പസുകളും താമസിയാതെ വേദിയാകും.

പൊലീസന്വേഷണം നടക്കുകയാണ്. ഞങ്ങൾ കാണിച്ച ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം പുറത്തു വരട്ടെ. നിജസ്ഥിതി ജനങ്ങൾ അറിയട്ടെ. മാർച്ച് മാസത്തിൽ ഇത്തരമൊരു പരിപാടി നടന്നിട്ടും പൊലീസ് അറിഞ്ഞില്ല എന്ന് വിശ്വസിക്കാൻ മാത്രം ഞങ്ങൾ മൂഢരല്ല. എന്തായാലും ജനം ടിവി, വാർത്ത പുറത്ത് വിടുന്നതിന് ഒരു ദിവസം മുമ്പ് തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ പ്രതികരിച്ചിട്ടുണ്ട്. അന്വേഷിക്കേണ്ട ഗൗരവ സ്വഭാവം ഈ വിഷയത്തിനില്ലായിരുന്നുവെങ്കിൽ ഒരു എഡിജിപിയെത്തന്നെ ചുമതലപ്പെടുത്തുമായിരുന്നോ?

കേരളത്തിൽ നിന്നും യുവാക്കളെയും യുവതികളെയും മതം മാറ്റി ഐ എസ്സിലേക്ക് റിക്രൂട്ട് ചെയ്തത് അറിയാതെ പോയ നമ്മുടെ ഇൻറലിജൻസ് സംവിധാനങ്ങൾ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിച്ചാലേ ക്യാമ്പസിലെ ഉറങ്ങുന്ന സെല്ലുകളുടെ നടത്തിപ്പുകാരെ പിടികൂടാനാവൂ.

മാദ്ധ്യമങ്ങളുടെ സാമൂഹിക പ്രതിബദ്ധത എക്കാലത്തും സജീവമായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ അത് ദഹിക്കാത്തവർ സ്വാഭാവികമായും വിമർശനങ്ങളുടെ അമ്പെയ്യും. ഞങ്ങളുടെ സദുദ്ദേശ്യത്തെ താറടിക്കാനായി അതിന് വർഗീയതയുടെ നിറം നൽകും. എത്ര തെറി വിളിച്ചാലും പരിഹസിച്ചാലും അപഹസിച്ചാലും ജനം ടി വി യെ തളർത്താനോ തകർക്കാനോ ആവില്ല.

സത്യത്തെ ഭയക്കുന്നവരാണ് സൈബറിടത്തിൽ കയറിയിരുന്ന് പുലഭ്യം പറയുന്നത്. അതുകൊണ്ട് നിങ്ങൾക്ക് അറിയാവുന്ന ഒരേയൊരു കർമ്മം തുടരുക. ഞങ്ങളുടെ ഊർജ്ജം പതിന്മടങ്ങ് വർദ്ധിക്കാൻ ഇതും പ്രേരകമാവും. സത്യങ്ങൾ തമസ്കരിക്കാനുള്ളതല്ല. ഞങ്ങൾ പൂർവാധികം ഭംഗിയായി വാസ്തവം വിളിച്ചു പറയുക തന്നെ ചെയ്യും.

വർക്കല സിഎച്ച്എംഎം കോളേജിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെങ്കിലും ഈ വാർത്തയ്ക്ക് പിറകിലെ വാസ്തവം തിരിച്ചറിയുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. നിങ്ങളുടെ മക്കൾ ദേശദ്രോഹികളാകരുതെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. കൗമാര ചാപല്യങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളോട് കർക്കശമായി പ്രതികരിക്കേണ്ടത് നിങ്ങളാണ്. തിരുത്തേണ്ടതിനെ ഒട്ടും അമാന്തം കാണിക്കാതെ തിരുത്താനുള്ള ആർജ്ജവം കോളേജ് മാനേജ്മെൻറിനുണ്ടാവണം. അതിനാൽ വലിയ ദുരന്തങ്ങൾ ഒഴിവാക്കാനുള്ള ഒരു ചെറിയ മുന്നറിയിപ്പായി ഈ വാർത്തയെ കണ്ടാൽ മതി. ക്യാമ്പസുകൾ നന്മയുടെ വിളയിടങ്ങളായി മാറട്ടെ.

അനിൽ നമ്പ്യാർ

ജനം ടിവി കോ-ഓഡിനേറ്റിംഗ് ന്യൂസ് എഡിറ്റർ

18K Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close